- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ കുടുക്കാൻ ഗൂഢാലോചന; ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്; അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ ഗൂഢാലോചനയെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാൻ കേന്ദ്ര ഏജൻസി; ഇനി പൊലീസും കേന്ദ്ര പൊലീസും തമ്മിലെ ഏറ്റുമുട്ടൽ; സ്വർണ്ണ കടത്ത് കേസിൽ ഇനി നിർണ്ണായകം കോടതി മനസ്സ്
പത്തനംതിട്ട: സ്വർണക്കടത്ത് കേസിലടക്കമുള്ള അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകും. സ്വപ്നാ സുരേഷിനെ കൊണ്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാൻ ഇഡി നിർബന്ധിച്ചുവെന്ന കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തതോടെയാണ് ഇത്. ഈ വിഷയത്തിലെ കോടതി നിലപാടാകും ഇനി കാര്യങ്ങൾ തീരുമാനിക്കുക. ക്രൈംബ്രാഞ്ച് കേസിനെ കോടതി അംഗീകരിച്ചാൽ ഇഡി ഉദ്യോഗസ്ഥർ ജയിലിനുള്ളിലാകും.
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. ഗൂഡാലോചയ്ക്കും കേസെടുത്തിട്ടുണ്ട്. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. ശബ്ദം തന്റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിർണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്.
തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇഡി തന്നെയായിരുന്നു. 20-11-2020 ന് ഇ ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇഡിക്കെതിരെ സാക്ഷിമൊഴികൾ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വിഷയം കോടതിക്ക് മുമ്പിലെത്തിക്കാൻ ഇഡിയും തയ്യാറെടുക്കുന്നത്.
മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ ഇ.ഡി. നിർബന്ധിച്ചെന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശവും ഇത് സാധൂകരിക്കുന്ന വിധത്തിൽ സന്ദീപ് നായർ എറണാകുളം സെഷൻസ് ജഡ്ജിക്കു മുന്നിൽ ജാമ്യാപേക്ഷയോടൊപ്പം സമർപ്പിച്ച മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇ.ഡിക്കെതിരേ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മുഖ്യമന്ത്രിക്കെതിരേ പറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിക്കുന്നതു കണ്ടെന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥകളുടെ മൊഴിയും സർക്കാർ ആയുധമാക്കിയിരുന്നു. ഇതെല്ലാം സ്വർണ്ണ കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് വാദം.
സ്വപ്നയുടെ ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനായിരുന്നു സർക്കാരിന്റെ ആദ്യ നീക്കം. അതിനു നിയമോപദേശം തേടിയതാണ്. എന്നാൽ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർബന്ധത്തിനു വഴങ്ങിയാണ് മൊബൈൽ ഫോണിലൂടെ ഇത് പറഞ്ഞതെന്ന് സ്വപ്ന പിന്നീട് ഇ.ഡിക്കു മൊഴി നൽകി. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമെടുത്ത ഈ മൊഴിക്ക് ശബ്ദസന്ദേശത്തേക്കാൾ സ്വീകാര്യതയുള്ളതിനാൽ സർക്കാർ കേസെടുക്കാൻ മടിച്ചു.
സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡിക്കെതിരെ കേസ് എടുക്കാനായിരുന്നു സർക്കാരിന്റെ പിന്നീടുള്ള നീക്കം. ഇതിനായി നിയമോപദേശം തേടിയെങ്കിലും കോടതിയിൽ സമർപ്പിച്ച രഹസ്യമൊഴി പൊതുരേഖയല്ലാത്തതിനാൽ കോടതിയലക്ഷ്യ നടപടി ഉണ്ടാകാനുള്ള സാധ്യത തിരിച്ചടിയായി. തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ഇ.ഡിയുടെ ഏതു നടപടിയും സർക്കാരിനെ പ്രതിരോധത്തിലാക്കും. ഇത് മനസ്സിലാക്കിയാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കേസെടുക്കൽ.
മറുനാടന് മലയാളി ബ്യൂറോ