- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർപിതയുടെ വീട്ടിൽ നിന്നും ഇ.ഡി. കണ്ടെടുത്തത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറി?; 40 പേജുകളിലായി അദ്ധ്യാപക നിയമനത്തിലെ നിർണായക വിവരങ്ങൾ; മിന്നൽ റെയ്ഡിൽ പിടികൂടിയത് കൈക്കൂലി പണമെന്നും മൊഴി; കുരുക്കുകൾ മുറുക്കി അന്വേഷണ സംഘം
കൊൽക്കത്ത: പശ്ചിമബംഗാളിൽ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ അന്വേഷണം തുടരുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർഥ ചാറ്റർജിയുടെ സഹായിയുടെ ഡയറി ഇഡി കണ്ടെടുത്തു. പശ്ചിമ ബംഗാൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഡയറിയെന്നാണ് റിപ്പോർട്ടുകൾ. പാർഥയുടെ സഹായി അർപിത മുഖർജിയുടെ വീട്ടിൽ ഇ.ഡി. നടത്തിയ റെയ്ഡിലാണ് ഡയറി കണ്ടെടുത്തത്.
അദ്ധ്യാപക നിയമന അഴിമതിക്കേസിൽ വെളിച്ചം വിശുന്ന ഒട്ടേറെ വിവരങ്ങൾ ഡയറിയിലെ 40 പേജുകളിലായുണ്ടെന്നാണ് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. അർപിതയുടെ വീട്ടിൽ നിന്ന് പിടികൂടിയ പണം കൈക്കൂലി പണമാണെന്ന് ചോദ്യം ചെയ്യലിൽ അർപിത സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
കോഴയായി സ്വീകരിച്ച കോടിക്കണക്കിനുരൂപ വീട്ടിൽനിന്ന് മാറ്റാൻ തീരുമാനിച്ചിരിക്കെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധന ഉണ്ടായതെന്ന് അറസ്റ്റിലായ നടി അർപ്പിത മുഖർജി മൊഴി നൽകിയെന്നും സൂചനയുണ്ട്. താനുമായി ബന്ധമുള്ള കമ്പനികളിൽ നിക്ഷേപിക്കാനായിരുന്നു ലക്ഷ്യമെന്നും മന്ത്രി പാർഥ ചാറ്റർജിയുമായി അടുത്തബന്ധമുള്ള അർപ്പിത പറഞ്ഞതായി ഇഡി വൃത്തങ്ങൾ പറയുന്നു.
അർപിത മുഖർജിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ മിന്നിൽ റെയ്ഡിൽ 20 കോടിയുടെ നോട്ടുകെട്ടുകൾ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർഥ ചാറ്റർജിയെയും അർപിത മുഖർജിയേയും ഇഡി അറസ്റ്റ് ചെയ്തത്. 20 മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. അർപിതയുടെ വീട്ടിൽ നിന്ന് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്താൻ ബാങ്ക് ജീവനക്കാരുടെ സഹായം തേടേണ്ടിവന്നിരുന്നു.
പശ്ചിമബംഗാൾ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തിയ അദ്ധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് 26 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പാർഥ ചാറ്റർജിയുടെ അറസ്റ്റ്. പാർഥ ചാറ്റർജി നിലവിൽ പശ്ചിമ ബംഗാൾ വ്യവസായ-വാണിജ്യ മന്ത്രിയാണ്. അഴിമതി ആരോപണം നടക്കുമ്പോൾ ഇയാൾ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂൽ ഫണ്ട് ശേഖരണത്തിന്റെ പ്രധാന ചുമതല പാർഥ ചാറ്റർജിക്കായിരുന്നു. 700 കോടിയിലധികം രൂപയാണ് പിരിച്ചത്. ഏഴു വർഷത്തോളം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ചാറ്റർജി അദ്ധ്യാപക നിയമന തട്ടിപ്പിൽ കോടികളാണ് സമാഹരിച്ചത്. തന്റെ പേരിലേക്ക് വെളിപ്പെടുത്തൽ എത്തുമോയെന്ന ഭയത്തിലാണ് മമത ബാനർജി. അഴിമതി അംഗീകരിക്കില്ലെന്നുമാത്രമാണ് ദിവസങ്ങൾ വൈകിയുള്ള പ്രതികരണം.
ന്യൂസ് ഡെസ്ക്