- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല; പൊലീസും എൻസിബിയും രജിസ്റ്റർ ചെയ്ത 14 കേസുകളിലെ വിവരങ്ങൾ കാരണമായി; കള്ളപ്പണം വെളുപ്പിക്കലിനു പിന്നിൽ വിദേശികൾ ഉൾപ്പടെ വലിയ റാക്കറ്റുണ്ടെന്നും ഇ ഡി കോടതിയിൽ
ബംഗളൂരു: ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. സംസ്ഥാന പൊലീസും എൻസിബിയും രജിസ്റ്റർ ചെയ്ത 14 കേസുകളിലെ വിവരങ്ങൾ ഇഡി കേസിന് കാരണമായിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനു പിന്നിൽ വിദേശികൾ ഉൾപ്പടെ വലിയ റാക്കറ്റ് തന്നെയുണ്ടെന്നും ഇഡി കോടതിയിൽ പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗം വാദം തെറ്റാണെന്നും ഇഡി വ്യക്തമാക്കി. ആ കാർഡുപയോഗിച്ചു ഇടപാടുകളും നടന്നിട്ടുണ്ടെന്നു ഇഡി കോടതിയിൽ പറഞ്ഞു.
അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിനു പിൻവശത്തുള്ള ആ ഒപ്പ് തന്റേതാണെന്ന് ബിനീഷ് കോടിയേരി സമ്മതിച്ചിരുന്നു. ഇതോടെ ലഹരിക്കേസിൽ കുരുക്ക് മുറുകുകയാണ്. പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിനു പിൻവശത്ത്, കസ്റ്റഡിയിലിരിക്കെ തന്നെക്കൊണ്ടു നിർബന്ധപൂർവം ഒപ്പുവയ്പിച്ചതാണെന്നാണ് ബിനീഷ് കോടിയേരി ആരോപിച്ചത്. ഇതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി)നെ വെട്ടിലാക്കാമെന്നായിരുന്നു ബിനീഷിന്റെ പ്രതീക്ഷ. എന്നാൽ ഇത് കൂടുതൽ കുരുക്കാകുമെന്നാണ് നിലവിൽ ഇഡിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.
ലഹരി ബന്ധം സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യവാദത്തിനിടെയാണ് ഇഡിക്ക് എതിരെയുള്ള ഗുരുതര ആരോപണം ഉന്നയിച്ചത്. തിരുവനന്തപുരത്തെ തന്റെ വീട്ടിൽ നടന്ന റെയ്ഡിൽ അനൂപിന്റെ കാർഡ് പിടിച്ചെടുത്തത് ആസൂത്രിത നാടകമാണെന്നു കഴിഞ്ഞദിവസം ബിനീഷ് വാദിച്ചിരുന്നു. ഇഡിയുടെ മറുപടിവാദം ആരംഭിക്കാനിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. 2020 ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ഇഡിയുടെ വാദങ്ങൾ കേസിൽ എറെ നിർണ്ണായകമാകും.
മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഡെബിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ഈ ഡെബിറ്റ് കാർഡ് കിട്ടിയതെന്നും എൻഫോഴ്സ്മെന്റ് അഭിഭാഷകൻ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
കസ്റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി ബിനീഷിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്. പ്രവർത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും വാദിച്ചിരുന്നു. അന്നൊന്നും ഉയർത്താത്ത വാദമാണ് ബലപ്രയോഗത്തിലൂടെയുള്ള ഒപ്പിടിക്കൽ.
ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ക്രെഡിറ്റ് കാർഡ് അല്ല ഡെബിറ്റ് കാർഡെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. ഈ കാർഡിനെ കേന്ദ്രീകരിച്ചായിരുന്നു തുടർന്നുള്ള അന്വേഷണം. ബിനീഷിന്റെ വീട്ടിലെ റെയ്ഡിനിടെ കണ്ടെടുത്തതായി വെളിപ്പെടുത്തിയ ഡെബിറ്റ് കാർഡിൽ നടന്ന മുഴുവൻ ഇടപാടുകളും ഇഡി പരിശോധിച്ചിരുന്നു. അനൂപ് ബെംഗളൂരുവിലായിരിക്കെ ഈ കാർഡിന്റെ ഉപയോഗം തിരുവനന്തപുരത്തു നടന്നിട്ടുണ്ടെന്നും കണ്ടെത്തി. ഇക്കാര്യമാണ് ഇഡി വാദത്തിൽ ഉന്നയിച്ചത്. കാർഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കളഞ്ഞാണ് ഇടപാടുകൾ തിരുവനന്തപുരത്തും നടന്നെന്ന് വ്യക്തമാക്കിയത്.
ഡെബിറ്റ് കാർഡ് ബിനിനസ് ആവശ്യത്തിന് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ഡെബിറ്റ് കാർഡ് പിടിച്ചെടുത്തത് അനൂപ് മുഹമ്മദിന് ബിനീഷുമായുള്ള ബന്ധത്തിന് തെളിവെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അനൂപ് ബെംഗളൂരുവിൽ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലുള്ളതാണ് ഡെബിറ്റ് കാർഡ്. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടായിരുന്നു.
ബിനീഷിന്റെ വീട്ടിൽ നിന്നും ചില ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഡിവൈസുകളിൽ നിന്ന് വിവരങ്ങൾ മായ്ച്ച നിലയിലാണെന്നും ഇത് വീണ്ടെടുക്കുമെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികൾ പ്രവർത്തിച്ചത് വ്യാജ വിലാസത്തിലാണ്. ഈ കമ്പനികളുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ബിനീഷിന്റെ നിർദ്ദേശം അനുസരിച്ചാണ് ലഹരി വ്യാപാരം നടത്തിയതെന്ന് അനൂപ് സമ്മതിച്ചെന്നും ബിനീഷ് വലിയ തുക പല അക്കൗണ്ടുകളിലൂടെ അനൂപിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്.
ബിനീഷ് കോടിയേരിക്ക് ഗോവയിലും ബെംഗളൂരുവിലും ഉണ്ടായിരുന്ന ബിസിനസ് ബന്ധങ്ങൾ, 2006 മുതൽ ആരോഗ്യവകുപ്പിനു മരുന്നു വിതരണം ചെയ്ത കമ്പനികളുടെ ബെനാമി ബന്ധങ്ങൾ എന്നിവ ഇഡി പരിശോധിച്ചിരുന്നു.
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരുകയാണ്. പതിനഞ്ചാം തവണയാണ് ഹർജി കോടതിക്ക് മുന്നിൽ എത്തുന്നത്.
ന്യൂസ് ഡെസ്ക്