- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയയേയും രാഹുലിനേയും വെട്ടിലാക്കാൻ ഇഡിയുടെ സമൻസ്; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിന് പോലും സാധ്യത; കേന്ദ്ര ഏജൻസിയുടെ നീക്കം സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിൽ; കോൺഗ്രസിനെ തളർത്താൻ നാഷണൽ ഹെറാൾഡ് ആരോപണം വീണ്ടും സജീവമാക്കാൻ മോദി സർക്കാർ; പ്രതിരോധിക്കാൻ രാഷ്ട്രീയ പക ചർച്ചയാക്കാൻ പ്രതിപക്ഷ പാർട്ടികളും
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും പാർട്ടി നേതാവ് രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. അടുത്ത ബുധനാഴ്ച ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. അതേസമയം, കേന്ദ്ര സർക്കാർ രാഷ്ട്രീയവൈര്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കള്ളപ്പണ ഇടപാടിന് യാതൊരു തെളിവുമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
നാഷനൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയാണ് ഇഡി അന്വേഷിക്കുന്നത്.
2013ൽ ഡൽഹിയിലെ വിചാരണ കോടതിയിൽ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയുടെ അന്വേഷണത്തിൽ നിന്നാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ഐടി അന്വേഷണം ഉണ്ടായത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിന് പോലും സാധ്യതയുള്ള രീതിയിലാണ് കേന്ദ്ര ഏജൻസിയുടെ നീക്കം.
പത്രം ഏറ്റെടുക്കുന്നതിൽ നെഹ്‌റു കുടുംബത്തിന്റെ ഭാഗത്തുനിന്ന് വഞ്ചനയും ഫണ്ട് ദുർവിനിയോഗവും ആരോപിച്ചായിരുന്നു പരാതി. നാഷനൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ 86 ശതമാനം ഓഹരികൾ തട്ടിയെടുത്തുവെന്നാണ് ആരോപണം. 2012ൽ, സോണിയ, രാഹുൽ, മോത്തിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോഡ എന്നിവർക്കെതിരെ, ഇപ്പോൾ പ്രവർത്തനരഹിതമായ ദിനപത്രമായ നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥാവകാശം നേടിയതിൽ വഞ്ചനയും ഫണ്ട് ദുരുപയോഗവും ആരോപിച്ചാണ് സുബ്രഹ്‌മണ്യൻ സ്വാമി കേസ് ഫയൽ ചെയ്തത്.
കോടികളുടെ ആസ്തിയുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് ഇരുവരും തട്ടിയെടുത്തു എന്നാണ് സ്വാമി ആരോപിക്കുന്നത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമി പറയുന്നു. ഇത് വരുമാന നികുതി നിയമത്തിലെ 269 ടി വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപൊലീറ്റൻ മജിസ്ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2010ൽ അഞ്ചു ലക്ഷം രൂപ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തിയതു വഴി, സോണിയാ ഗാന്ധിയുടെ രാഹുൽ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നും പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
1937 നവംബർ 20 ന് ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ കമ്പനിയാണ് അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്. മൂന്നു പത്രങ്ങളാണ് അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡിനു കീഴിൽ പ്രസിദ്ധീകരിച്ചിരുന്നത്. നാഷണൽ ഹെറാൾഡ് (ഇംഗ്ലീഷ്), ഖൗമി ആവാസ് (ഉറുദു), നവജീവൻ ഹിന്ദി (ഹിന്ദി) എന്നിവ.
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പത്രമെന്ന് വാഴ്‌ത്തപ്പെട്ടിരുന്ന 'നാഷണൽ ഹെറാൾഡ്' പ്രസിദ്ധീകരണത്തിന്റെ 70ാം വർഷമായ 2008 ഏപ്രിൽ ഒന്നിനാണ് അച്ചടി നിർത്തിയത്. നാഷണൽ ഹെറാൾഡിനേക്കാൾ കൂടുതൽ കോപ്പികൾ 'ഖൗമി ആവാസി'നുണ്ടായിരുന്നു. എന്നാൽ നാഷനൽ ഹെറാൾഡിനൊപ്പം ക്വാമി ആവാസിനും പൂട്ടുവീണു.അടച്ചുപൂട്ടുന്നതിന് മുമ്പ്, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ആണ് പത്രം നടത്തിയിരുന്നത്. 2009-ൽ, പ്രവർത്തനരഹിതമായ പത്രം അടച്ചുപൂട്ടാൻ സോണിയ ഉത്തരവിടുകയായിരുന്നു .
അതേ സമയം നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലെന്നു കോൺഗ്രസ് അഭിപ്രായപ്പെട്ടു. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ബിജെപി ആക്രമിക്കുക്കയാണ്. രാഷ്ട്രീയ എതിരാളികളെ ഇ.ഡി അടക്കമുള്ള ഏജൻസികളെ കൊണ്ട് ദ്രോഹിക്കുകയാണെന്നും കോൺഗ്രസ് വിമർശിച്ചു.
കളിപ്പാവകളായ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പേടിപ്പെടുത്താനാണ് ബിജെപി. ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്വി പറഞ്ഞു.
2015-ൽ ഇ.ഡി. നാഷണൽ ഹെറാൾഡ് കേസ് അന്വേഷണം അവസാനിപ്പിച്ചതാണ്. പക്ഷെ, സർക്കാരിന് അത് ഇഷ്ടമായില്ല. മാത്രമല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റുകയും പുതിയ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി കേസ് പുനരന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. പണപ്പെരുപ്പം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും സിങ്വി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്