- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡി ഉദ്യോഗസ്ഥരെ നിയമസഭാ സമിതിക്ക് മുന്നിൽ വിളിച്ചു വരുത്തി വിരട്ടാമെന്ന നീക്കത്തിന് കിട്ടിയത് ഡബിൾ ലോക്ക്! ലൈഫ് മിഷന്റെ മുഴുവൻ കരാറുകളും സംശയകരമെന്ന് കോടതിയെ അറിയിച്ച് ഇഡി; 26 കരാറും ലഭിച്ചത് രണ്ട് പേർക്ക്; പദ്ധതിയെ തട്ടിപ്പുകൾക്ക് സ്വപ്നയും ശിവശങ്കറും മറയാക്കിയെന്നും റിപ്പോർട്ട്; ഇഡിയെ വിരട്ടിയ സർക്കാറിന് എട്ടിന്റെ പണി
കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് പരിശോധന തുടങ്ങിയപ്പോൾ അതിനെ രാഷ്ട്രീയമായി നേരിടാൻ ഇറങ്ങിയ സർക്കാറിന് എട്ടിന്റെ പണി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളെല്ലാം സംശയകരമാണെന്ന റിപ്പോർട്ടാണ് ഇഡി കോടതിക്ക് മുമ്പാകെ നൽകിയത്. ഇത് സർക്കാറിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണ്. ഇതോടെ എൻഫോഴ്സ്മെന്റ് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ലൈഫ് മിഷന്റെ മുഴുവൻ കരാറുമായി ബന്ധപ്പെട്ട 36 പ്രൊജക്ടുകളിൽ 26 പദ്ധതികളും രണ്ട് പേർക്ക് മാത്രമാണ് ലഭിച്ചത്. ശിവശങ്കരനും സ്വപ്നയും ലൈഫ് മിഷൻ പദ്ധതികളെ തങ്ങളുടെ തട്ടിപ്പുകൾക്ക് മറയാക്കിയെന്ന സൂചനയാണ് ലഭിക്കുന്നത്. ഇക്കാര്യം സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് ഇഡി കോടതിയിൽ നൽകിയതും. ടെൻഡർ നൽകുന്നതിന് മുമ്പ് തന്നെ ഈ രഹസ്യവിവരങ്ങൾ സ്വപ്നയ്ക്ക് ശിവശങ്കർ കൈമാറിയെന്നും ഇഡി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ഈ രഹസ്യവിവരങ്ങൾ ഉപയോഗിച്ചാണ് സ്വപ്ന കോടികൾ കൈപ്പറ്റിയതെന്നും ഇഡി പറയുന്നു.
ലൈഫ് മിഷൻ പദ്ധതിയിൽ വലിയ രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന സംശയമാണ് ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി കൊച്ചിയിൽ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഗുരുതര ആരോപണം ഉള്ളത്.
ലൈഫ് മിഷൻ കരാറുകൾ സംശയകരമാണ്. കോഴ ഇടപാടിന്റെ ഒരു ഗുണഭോക്താവാണ് എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ് ജയിലിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ലൈഫ് പദ്ധതി കെ ഫോൺ അടക്കം പല പദ്ധതികളിലും സ്വപ്നയെ ശിവശങ്കർ ഇടപെടുത്തിയിട്ടുണ്ട്. കെ ഫോണിന്റെ കാര്യത്തിലും വിവരങ്ങൾ സ്വപ്നയ്ക്ക് കൈമാറിക്കൊടുത്തു. വലിയ തരത്തിൽ വേരൂന്നിയ ഗൂഢാലോചനയുണ്ട്. പൊതുജനവിശ്വാസം സൂക്ഷിക്കേണ്ട ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിക്കൊടുത്തത് ഗൗരവമായി കാണണം. ലൈഫ്, കെ ഫോൺ പദ്ധതികളിലെ അഴിമതിയെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകൾ സ്വപ്ന ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
വടക്കാഞ്ചേരി പദ്ധതിയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈഫ്മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. എം.ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നത്. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നിയമസഭാസമിതിയുടെ നോട്ടീസ് നൽകിയിരുന്നു. ലൈഫ് പദ്ധതി ഫയലുകൾ വിളിച്ചുവരുത്തിയത് നിയമവിരുദ്ധമാണെന്ന പരാതിയിലാണ് നോട്ടീസ്. പദ്ധതി തടസപ്പെടുത്തുന്നുവെന്ന പരാതിയിൽ ഒരാഴ്ചയ്ക്ക് അകം മറുപടി നൽകണം. നോട്ടീസിന് പിന്നിൽ അന്വേഷണം തടസപ്പെടുത്തുക എന്ന ലക്ഷ്യമില്ലെന്ന് നിയമസഭാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
ഇഡി അന്വേഷണത്തിന്റെ ഭാഗമായി പദ്ധതി തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പരാതി. ജെയിംസ് മാത്യൂ എംഎൽഎ ആണ് സ്പീക്കർക്ക് പരാതി നൽകിയത്. വടക്കാഞ്ചേരി പദ്ധതിയിൽ മാത്രമാണ് ആരോപണം ഉള്ളത്. അതിന് പകരമായി സംസ്ഥാന വ്യാപകമായി പദ്ധതി തടസപ്പെടുത്തുകയും മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കാതിരിക്കാൻ ഇഡി ഇടപെടുകയും ചെയ്തുവെന്നാണ് ജയിംസ് മാത്യുവിന്റെ പരാതി.
ഈ പരാതി പരിഗണിച്ച എത്തിക്സ് കമ്മിറ്റി ഇഡിയോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. വിശദീകരണം ലഭിച്ചുകഴിഞ്ഞാൽ നിയമസഭാ സെക്രട്ടറി അത് വീണ്ടും പരിഗണിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഇഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്ന നടപടിയിലേക്ക് കടക്കാനും ഇരിക്കയായിരുന്നു. ഇതിനിടെയാണ് സർക്കാരിന് തിരിച്ചടിയാകുന്ന റിപ്പോർട്ട് എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ