മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവുത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസിൽ ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച മുംബൈയിലെ ഇഡി ആസ്ഥാനത്ത് എത്തിച്ചേരണമെന്നാണ് സഞ്ജയ് റാവുത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറി നടത്താൻ നീക്കമെന്ന ആക്ഷേപം ഇതോടെ ഔദ്യോഗിക വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

1,034 കോടി രൂപയുടെ പാത്ര ചൗൽ സ്ഥലമിടാപാട് ക്രമക്കേട് കേസിലാണ് റാവുത്തിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് റാവുത്തിന്റെ സ്വത്തുവകകൾ ഏപ്രിലിൽ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുകൊണ്ടൊന്നും താൻ ഭയപ്പെടാൻ പോകുന്നില്ലെന്നും തന്റെ സ്വത്ത് പിടിച്ചെടുക്കുകയോ തനിക്ക് നേരെ വെടിവെയ്ക്കുയോ തന്നെ ജയിലേക്കയക്കുകയോ ചെയ്തോളൂവെന്നും താൻ ബാലസാഹിബ് താക്കറെയുടെ അനുയായിയും ശിവ് സൈനികാണെന്നും റാവുത്ത് അന്ന് പ്രതികരിച്ചിരുന്നു.

തന്നെ തടയുന്നതിനുള്ള ഗൂഢാലോചനയാണ് ഇഡിയുടെ നടപടിക്ക് പിന്നിലെന്ന് റാവുത്ത് പ്രതികരിച്ചു. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇഡി, സിബിഐ, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവയുടെ സമ്മർദ്ദമാണ് ഏക്നാഥ് ഷിന്ദെയുടെ കീഴിൽ അരങ്ങേറുന്ന വിമതനാടകമെന്ന് താക്കറെയുടെ ഏറ്റവും വിശ്വസ്തനായ സഞ്ജയ് റാവുത്ത് ഉൾപ്പെടെയുള്ള താക്കറെ അനുകൂല വിഭാഗത്തിന്റെ ആരോപണം.

തനിക്കെതിരെ ഇഡി നോട്ടീസയച്ച വിവരം വ്യക്തമാക്കി റാവുത്ത് പോസ്റ്റ് ചെയ്ത ട്വീറ്റിൽ തന്നെ കൊന്നാലും വിമതർ തമ്പടിച്ചിരിക്കുന്ന ഗുവാഹട്ടിയിലേക്ക് പോകാനുദ്ദേശിക്കുന്നില്ലെന്നും റാവുത്ത് പറഞ്ഞു.

അതിനിടെ ഇഡിയുടെ നോട്ടീസ് ലഭിച്ച സഞ്ജയ് റാവുത്തിന് പരിഹാസരൂപേണ ആശംസകൾ നേർന്ന് ഏക്നാഥ് ഷിന്ദെയുടെ മകൻ ശ്രീകാന്ത് ഷിന്ദെ രംഗത്തെത്തി. തങ്ങളെ അയോഗ്യരാക്കണമെന്നുള്ള കേസിൽ വിമതവിഭാഗത്തിനായിരിക്കും വിജയമെന്നും ശ്രീകാന്ത് ഷിന്ദെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും താക്കറെ വിഭാഗത്തിന് തക്കതായ മറുപടി അവർ നൽകുമെന്നും ശ്രീകാന്ത് അറിയിച്ചു. വിമതഎംഎൽഎമാർ തിങ്കളാഴ്ച യോഗം ചേരുമെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എന്താണ് നടക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാനും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

അതേ സമയം ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിൽ മറുപടി നൽകാൻ വിമത എംഎൽഎമാർക്ക് ജൂലൈ 11-ന് വൈകിട്ട് അഞ്ചര വരെ കോടതി സമയം നൽകി. അതുവരെ വിമത എംഎൽഎമാർക്ക് നേരെ നടപടി എടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്. കേസുമായി ബന്ധപ്പെട്ട അഞ്ച് കക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി അടുത്ത മാസം 12-ന് ഹർജി വീണ്ടും പരിഗണിക്കും.

എംഎൽഎമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തിനും സംരക്ഷണം നൽകാനും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് മാറിയതോടെ നാട്ടിൽ ഇവരുടെ വീടുകൾക്കും മറ്റും ശിവസേനാ പ്രവർത്തകരിൽ നിന്നും കനത്ത ഭീഷണിയാണ് നേരിടേണ്ടി വന്നത്. പലയിടത്തും എംഎൽഎമാരുടെ വീടുകളും ഓഫീസും ആക്രമിക്കപ്പെടുന്ന നിലയുണ്ടായി.

അനുനയനീക്കം ഉപേക്ഷിച്ച് ഉദ്ധവ് താക്കറെയും ശിവസേനയും തിരിച്ചടിക്കാൻ ആരംഭിച്ചതോടെ എക്‌നാഥ് ഷിൻഡേ ക്യാംപ് സമ്മർദ്ദത്തിലായിരുന്നു. ഉദ്ധവ് താക്കറെയും ആദിത്യതാക്കറെയും ഒഴികെ മുഴുവൻ മന്ത്രിമാരും ഷിൻഡേയ്‌ക്കൊപ്പം ചേർന്നെങ്കിലും പാർട്ടി പിളർത്താനാവില്ലെന്ന നിയമോപദ്ദേശമാണ് ഷിൻഡേ ക്യാംപിന് ലഭിച്ചത് മറ്റൊരു പാർട്ടിയിൽ ചേരുകയോ പുതിയ പാർട്ടി രൂപീകരിക്കുകയോ ചെയ്യണമെന്ന സ്ഥിതിയി. എന്തു വേണമെന്ന ആശയക്കുഴപ്പത്തിൽ നിൽ്ക്കുമ്പോൾ ആണ് അടുത്ത നീക്കം നടത്താൻ കോടതി ഉത്തരവിലൂടെ കുറച്ച് സമയം ഷിൻഡേ ക്യാംപിന് കിട്ടുന്നത്.