- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷിത താമസ സൗകര്യം ഏർപ്പെടുത്താതെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും ഇറക്കിവിട്ടാൽ വിഷം കഴിച്ച് ഞങ്ങൾ ആത്മഹത്യ ചെയ്യും; വനം വകുപ്പ് നിലപാടിനെതിരെ നിലപാട് വ്യക്തമാക്കി അറാക്കപ്പ് ആദിവാസി കോളനി നിവാസികൾ; ആദിവാസികളുടെ അതിജീവന പോരാട്ടത്തോട് മുഖം തിരിച്ച് സർക്കാറും
കോതമംഗലം: സുരക്ഷിതമായ താമസ സൗകര്യം ഏർപ്പെടുത്താതെ താമസിച്ചുവരുന്ന ട്രൈബൽ ഹോസ്റ്റലിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചാൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനാണ് തീരുമാനമെന്ന് ആദിവാസികൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് വനംവകുപ്പ് അധികൃതർ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിപ്പിച്ചിട്ടുള്ള അറാക്കപ്പ് ആദിവാസി കോളനി നിവാസികളാണ് ഇടക്കിവിടൽ നീക്കത്തിനെതിരെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.11 കുടുംബങ്ങളിലായി 30-ൽപ്പരം പേർ ഇവിടെ താമസിക്കുന്നുണ്ട്.
സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ ഉടൻ ഇവിടെ നിന്നും താമസം മാറണമെന്നാവശ്യപ്പെട്ട് ഡ്രൈബൽ വകുപ്പ് ജീവനക്കാർ കോളനിവാസികൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സുരക്ഷിതമായ താമസ സൗകര്യം ഏർപ്പെടുത്താതെ ഹോസ്റ്റലിൽ നിന്നും മാറില്ലന്ന ഉറച്ച നിലപാടിലാണ് താമസക്കാർ. ഉരുൾപൊട്ടലും വന്യമൃഗ ശല്യവും മൂലമാണ് ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് അറക്കപ്പിൽ നിന്നും ഇവിടേയ്ക്കെത്തിയതെന്നും പന്തപ്രയിൽ താമസയോഗ്യമായ സ്ഥലം ഉണ്ടെന്നും ഇത് അനുവദിച്ചുതരാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
സ്ഥലം അനുവദിച്ചുതരാതെ ഇറക്കിവിടാൻ നീക്കം നടന്നാൽ വിഷം വാങ്ങിത്തിന്ന് ഇവിടെ കിടക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഊരുമൂപ്പൻ തങ്കപ്പൻ പാഞ്ചൻ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ആരെയും ബുദ്ധിമുട്ടിക്കണമെന്നില്ലന്നും മറ്റ് മാർഗ്ഗമില്ലാത്തതിനാണ് തങ്ങൾ ഹോസ്റ്റലിൽ തുടരുന്നതെന്നും സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിയ്്ക്കുന്നതെന്നും മൂപ്പൻ പറഞ്ഞു. അതിജീവനത്തിനായുള്ള ആദിവാസികളുടെ പോരാട്ടത്തിനുനേരെ സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടാവുന്നതിന് മുമ്പ് വിഷയം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും സ്ഥലം സന്ദർശിച്ച യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
ഇടമലയാർ വൈശാലി ഗുഹയ്ക്ക് സമീപം കുടിൽക്കെട്ടി താമസിക്കുന്നതിനായി എത്തിയ അറാക്കപ്പ് കോളനിവാസികളെ സുരക്ഷകാരണങ്ങൾ ചൂണ്ടിക്കാട്ടി വനംവകുപ്പധികൃതർ ഇവിടെ നിന്നും മാറ്റുകയായിരുന്നു.കോളനിയിലേയ്ക്ക് മടങ്ങില്ലന്നും സുരക്ഷതമായ താമസസൗകര്യം വേണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിന്ന കോളനിവാസികളെ വനംവകുപ്പ് അധികൃതർ ഇടപെട്ട് ട്രൈബൽ ഹോസ്റ്റലിൽ താമസിപ്പിക്കുകയായിരുന്നു.
സ്കൂൾ തുറക്കുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഹോസ്റ്റലിൽ നിന്നും ഇറങ്ങണമെന്നാവശ്യപ്പെട്ട് കോളനിവാസികൾക്ക് ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരിക്കുന്നത്.ആവശ്യം അംഗീകരിക്കാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ലന്ന് കോളനിവാസികൾ വ്യക്തമാക്കിക്കഴിഞ്ഞു. ഹോസ്റ്റൽ വിട്ടുകിട്ടാതെ സ്കൂളിന്റെ പ്രവർത്തനം സുഗമമായി നടത്താനാവില്ലന്നതാണ് നിലവിലെ സ്ഥിതി.അനുനയ നീക്കം ഫലിച്ചില്ലങ്കിൽ കോളനിവാസികളുടെ ഭാഗത്തുനിന്നും വികാരപരമായ നീക്കം ഉണ്ടായേക്കാമെന്നും ഇത് ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.
മറുനാടന് മലയാളി ലേഖകന്.