കൊല്ലം: സിപിഎം ഏരിയ കമ്മിറ്റിയംഗവും ഇടമുളയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എസ്.രവീന്ദ്രൻ പിള്ളയ്ക്കു വെട്ടേറ്റ സംഭവം വീണ്ടും വിവാദത്തിൽ. രവീന്ദ്രൻ പിള്ള മരിച്ചു മൂന്നു വർഷം പിന്നിടുമ്പോഴാണു സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണം ഉയരുന്നത്. കേസുമായി മുന്നോട്ടുപോകാതിരിക്കാൻ രവീന്ദ്രൻ പിള്ളയുടെ കുടുംബത്തെ ചിലർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അഞ്ചൽ നെട്ടയത്ത് ഐഎൻടിയുസി നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ പാർട്ടി നേതാക്കൾ അടക്കം പ്രതികളായതോടെ വെട്ടിലായതിനു പിന്നാലെയാണു പാർട്ടിയെ പ്രതിരോധത്തിലാക്കി രവീന്ദ്രൻ പിള്ള ആക്രമണക്കേസ് സംബന്ധിച്ച വിവാദം. പ്രാദേശിക സിപിഎം നേതാക്കൾക്കെതിരെയാണ് ആരോപണം.

രവീന്ദ്രൻപിള്ളയ്ക്ക് എതിരായ അക്രമത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ലോക്കൽ പൊലീസ് അറസ്റ്റു ചെയ്ത അഞ്ചുപേർ യഥാർഥ പ്രതികളാണെന്ന് ഉറപ്പാക്കാനും ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കഴിഞ്ഞിരുന്നില്ല. സിപിഎം ഇടമുളയ്ക്കൽ ലോക്കൽ സെക്രട്ടറിയായിരിക്കെ, 2008 ജനുവരി മൂന്നിനു രാത്രി വീടിനു സമീപം വച്ചാണു രവീന്ദ്രൻ പിള്ളയ്ക്കു വെട്ടേറ്റത്. ഒരു വർഷം നീണ്ട ചികിൽസയ്ക്കു ശേഷം പാർട്ടിയിൽ വീണ്ടും സജീവമായ രവീന്ദ്രൻപിള്ള പിന്നീട് അഞ്ചൽ ഏരിയ കമ്മിറ്റിയംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. വൃക്കകൾ തകരാറിലായതിനെ തുടർന്നു 2015ൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ രവീന്ദ്രൻപിള്ള ആ വർഷം മാർച്ച് 13നു മരിച്ചു. ആക്രമണത്തിനിരയായി ചികിൽസയിലിരിക്കെ കഴിച്ച വീര്യം കൂടിയ മരുന്നുകളാണു വൃക്കകൾ തകരാറിലാക്കിയതെന്നാണ് വിലയിരുത്തൽ.

പിള്ളയ്ക്കു വെട്ടേറ്റ സംഭവത്തിൽ കണ്ണനല്ലൂർ മുസ്ലിം പള്ളിക്കു സമീപം ഷെമീർ മൻസിലിൽ നുജുമുദ്ദീൻ (48), നെടുമ്പന മുകളുവിള പുത്തൻവീട്ടിൽ ജോസ് പ്രകാശ് (36), നെടുമ്പന കുളപ്പാടം ഇടയിൽതുണ്ടു വീട്ടിൽ കമറുദ്ദീൻ (29), പള്ളിമൺ മുടിയിച്ചിറ പുത്തൻ നട ചരുവിള പുത്തൻവീട്ടിൽ ഷെമീർ (25), പള്ളിമൺ മുട്ടയ്ക്കാവ് പുത്തൻകട കാഷ്യൂ ഫാക്ടറിക്കു സമീപം ഷെഹീർ മൻസിലിൽ ഷെമീർ (23) എന്നിവരെയാണു ചടയമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. ഇവർ വാടക ഗുണ്ടകളായിരുന്നു. ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ചതുമില്ല. മറ്റാരുടെയോ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു ലോക്കൽ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. ആക്രമണത്തിനു നേതൃത്വം നൽകിയവരെക്കുറിച്ച് നേരത്തെ തന്നെ സംശയം ഉയർന്നിരുന്നു. യഥാർഥ പ്രതികളല്ല അറസ്റ്റിലായതെന്നു ചൂണ്ടിക്കാട്ടി രവീന്ദ്രൻപിള്ള തന്നെ പരാതിയുമായി രംഗത്തെത്തി.

വി എസ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും രവീന്ദ്രൻ പിള്ളയെ സന്ദർശിക്കുകയും വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. ആക്രമണ കാരണം കണ്ടെത്താനായിട്ടില്ലെന്നു ക്രൈംബ്രാഞ്ച് എസിപി ജോസി ചെറിയാൻ പറയുന്നു. ലോക്കൽ പൊലീസ് അറസ്റ്റു ചെയ്തവർ യഥാർഥ പ്രതികളല്ലെന്നതിനു തെളിവ് ലഭിച്ചിട്ടില്ലെന്നും വൈകാതെ അന്വേഷണം പൂർത്തിയാകുമെന്നും എസിപി പറഞ്ഞു. അതിനിടെയാണ് ആക്രമണത്തിനു പിന്നിൽ പാർട്ടി ജില്ലാ നേതൃത്വത്തിലെ ചിലർക്കു പങ്കുണ്ടെന്ന ആരോപണം ഉയരുന്നത്.

അഞ്ചൽ-ആയൂർ മേഖലയിൽ സിപിഎമ്മിന്റെ പ്രമുഖനേതാക്കളിൽ ഒരാളായിരുന്ന ഇടമുളയ്ക്കൽ രവീന്ദ്രൻ പിള്ള. എന്റെ ഭർത്താവിനെ ആക്രമിച്ചതിനു പിന്നിൽ ആരാണെന്നു മരിക്കുന്നതിനു മുൻപെങ്കിലും എനിക്ക് അറിയണം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഈ കേസ് തെളിയണം. - രവീന്ദ്രൻ പിള്ളയുടെ ഭാര്യ അദ്ധ്യാപികയായ എസ്.ബിന്ദു പറയുന്നു. വെട്ടിയത് ക്വട്ടേഷൻ സംഘമാണ്. എന്നാൽ കാരണം അറിയില്ല. ഇതായിരുന്നു കേസിൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ തുടക്കംമുതലേ ശ്രമം നടന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലോടെ കേസന്വേഷണം പൂർണമായി നിലച്ചു. കൊലപാതകത്തിനുപിന്നിലെ ഗൂഢശക്തികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ബിന്ദു പറഞ്ഞു.

'രവീന്ദ്രനെ ഇല്ലാതാക്കിയതു പാർട്ടി തന്നെയാണ്. യഥാർഥ പ്രതികളെ പിടികൂടുകയും ഗൂഢാലോചന പുറത്തുവരികയും ചെയ്താൽ ആരൊക്കെ വെട്ടിലാകുമെന്നു പാർട്ടിക്കറിയാം. ഭയം കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. വെട്ടിയതു ക്വട്ടേഷൻ സംഘമാണ് പക്ഷേ കാരണം അറിയില്ല എന്നായിരുന്നു കേസിൽ ക്രൈംബ്രാഞ്ചിന്റെ നിഗമനം. അഞ്ചുപേരെ പ്രതിചേർത്തെങ്കിലും അവരല്ല ആക്രമിച്ചതെന്നു രവീന്ദ്രൻ പിള്ള തിരിച്ചറിഞ്ഞു. അതിനുശേഷം അന്വേഷണം പൂർണമായി നിലച്ചു'- എസ്.ബിന്ദു പറഞ്ഞു.

2008 ജനുവരി മൂന്നിന് രാത്രി 10നാണ് വീടിനു മുന്നിൽ വച്ച് രവീന്ദ്രൻപിള്ളയെ ഒരുസംഘം വെട്ടിയത്. രാത്രി വീടിനു മുന്നിൽ കേടായ വാഹനത്തിനു വെളിച്ചം നൽകാനായി ടോർച്ചുമായി ചെന്ന രവീന്ദ്രൻപിള്ളയെ വാഹനത്തിൽ ഉണ്ടായിരുന്നവർ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൈയ്ക്കും തലയ്ക്കും വൃക്കയ്ക്കും ആഴത്തിൽ മുറിവേറ്റു. മാരകമായി പരിക്കേറ്റ ഇദ്ദേഹം സുഖംപ്രാപിച്ചെങ്കിലും ആന്തരികാവയവങ്ങൾക്കേറ്റ പരിക്കുമൂലം പൂർണ ആരോഗ്യവാനായില്ല. 2015 മാർച്ച് 13ന് രവീന്ദ്രൻ പിള്ള മരിച്ചു. ഇദ്ദേഹത്തെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് സിപിഎം തന്നെയെന്ന് അന്നുതന്നെ സംശയം ഉയർന്നിരുന്നു. എന്നാൽ അന്വേഷണം നീങ്ങിയത് ആർ എസ് എസിനെതിരെയായിരുന്നു. സ്ഥലത്ത് കാവിത്തോർത്ത് കണ്ടെത്തിയതാണ് ഇതിന് കാരണം. പിന്നീട് അന്വേഷണം സിപിഎമ്മിലേക്ക് തിരിയുകയായിരുന്നു.

സംഭവം നടന്ന് പതിറ്റാണ്ടിനു ശേഷം ഇപ്പോഴാണ് രവീന്ദ്രൻപിള്ളയുടെ വിധവ, അദ്ധ്യാപികയായ ബിന്ദു സിപിഎം നേതാക്കൾക്ക് എതിരെ രംഗത്തുവന്നത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഭർത്താവിനെ വെട്ടിക്കൊല്ലാൻ മുതിർന്നതെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. രവീന്ദ്രന് മാനസികരോഗമാെണന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ്ജ് മാത്യു പറഞ്ഞത് കുടുംബത്തെ വേദനിപ്പിച്ചു. മക്കളെ ഇല്ലാതാക്കുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി മൂലമാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും ബിന്ദു പറഞ്ഞു.