മലപ്പുറം: തൃത്താല സ്വദേശിയും വ്യവസായിയുമായ കൺകുന്നത്ത് മൊയ്തീൻകുട്ടിയെക്കെതിരെ മലപ്പുറത്ത് പ്രതിഷേധം വ്യാപിക്കുകയാണ്. എടപ്പാളിലെ സിനിമാ തിയേറ്ററിൽ പത്തു വയസ്സുകാരിയെയും അമ്മയെയും ഒരേസമയം ലൈംഗികമായി പീഡിപ്പിച്ചയാളുടെ വികൃതികൾ കേട്ട് ഞെട്ടുകയാണ് മലയാളികൾ. പൺകുട്ടിയെ പീഡിപ്പിച്ചത് സ്ത്രീയുടെ മൗനാനുവാദത്തോടെയാണെന്നാണ് ദൃശ്യങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. തിയേറ്ററിലെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് മൊയ്തീനെ കുടുക്കിയത്. മൊയ്തീൻകുട്ടിയുടെയും സ്ത്രീയുടെയും പേരിൽ പോക്സോ പ്രകാരം കേസെടുക്കുമെന്നാണ് വിവരം. അതായത് അമ്മയും ജയിലിലാകും.

ഏപ്രിൽ 18-ന് നടന്ന സംഭവത്തിൽ തിയേറ്റർ ഉടമകൾ ചൈൽഡ്ലൈൻ മുഖേന പൊലീസിൽ പരാതിനൽകിയിരുന്നെങ്കിലും ഇയാൾക്കെതിരേ കേസെടുക്കാൻപോലും തയ്യാറായിരുന്നില്ല. സംഭവത്തിൽ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്‌ഐ. കെ.ജെ. ബേബിയെ അന്വേഷണവിധേയമായി തൃശ്ശൂർ റെയ്ഞ്ച് ഐ.ജി. എം.കെ. അജിത്കുമാർ സസ്പെൻഡ് ചെയ്തു. വാർത്ത പുറത്തുവന്ന ശേഷം മൂന്നുമണിക്കൂർ ഇയാളെ കണ്ടെത്താനുള്ള കഠിനശ്രമത്തിലായിരുന്നു പൊലീസ്. വൈകുന്നേരത്തോടെ ഇയാളെ ഷൊർണൂരിൽനിന്ന് പിടികൂടി. വാർത്തവരുമ്പോൾ ഇയാൾ തൃത്താലയിലായിരുന്നു. സംഭവമറിഞ്ഞ് മുങ്ങിയ പ്രതി ഷൊർണൂരിൽ അഭിഭാഷകനെ കാണാൻ പോയി. കീഴടങ്ങാനായിരുന്നു നിർദ്ദേശം. അതിനുമുൻപേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് സംഭവത്തിലെ ചുരുൾ അഴിഞ്ഞത്.

ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി. റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ഇയാളുടെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന ഈ സ്ത്രീയുമായി കുറേക്കാലമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ക്വാർട്ടേഴ്‌സിലെ താമസത്തിന് വാടക കൊടുക്കുന്നില്ലെന്നും സൂചനയുണ്ട്. ക്വാർട്ടേഴ്‌സിലെ വാടക വേണ്ടെന്ന് വച്ചതിന് പ്രത്യുപകാരമായിരുന്നു മുതലാളിയുമായി അമ്മയുടെ സിനിമയ്ക്ക് പോകൽ. മകളെ പീഡിപ്പിക്കാനും അവസരമൊരുക്കി. ഇക്കാര്യമെല്ലാം പൊലീസിനോട് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ചങ്ങരംകുളം പൊലീസിന് കൈമാറി. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പൊന്നാനി പൊലീസ് സ്റ്റേഷനിലാണ് ഇയാളെ ഹാജരാക്കിയത്. ഞായറാഴ്ച മഞ്ചേരി സെഷൻസ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.

18-ന് ഫസ്റ്റ് ഷോയ്ക്കാണ് തിയേറ്ററിൽ മൊയ്തീൻകുട്ടിയും മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയും അവരുടെ പത്തുവയസ്സുകാരിയായ മകളും എത്തിയത്. ബെൻസ് കാറിലായിരുന്നു ഇവർ വന്നത്. സിനിമ തുടങ്ങിയപ്പോൾ മുതൽ ഇയാൾ സ്ത്രീയുടെയും കുട്ടിയുടെയും ദേഹത്ത് ഒരേസമയം തഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പെൺകുട്ടിയെ ഉപദ്രവിക്കുന്നത് അറിഞ്ഞിട്ടും സ്ത്രീ അനങ്ങിയില്ല. കുട്ടിയാണെങ്കിൽ സംഭവത്തിന്റെ ഗൗരവമറിയാത്ത അവസ്ഥയിലും. രണ്ടരമണിക്കൂർ മുഴുവൻ ബാലികയെ പ്രതി ഉപദ്രവിച്ചു. തിയേറ്ററിനുള്ളിലെ സി.സി.ടി.വി. ക്യാമറയിലാണ് വ്യക്തതയുള്ള ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തിയേറ്റർ ഉടമകൾ വിവരം മലപ്പുറം ചൈൽഡ്ലൈനിൽ അറിയിച്ചു. എന്നാൽ മുതലാളിയെ പിടിക്കേണ്ടെന്നായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. എന്നാൽ വാർത്ത പുറത്തുവന്നതോടെ നിൽക്കകള്ളിയില്ലാതെ മുതലാളിയെ കസ്റ്റഡിയിൽ എടുത്തു.

അമ്മയേയും കാമുകനേയും കാത്തിരിക്കുന്നത് ജീവപര്യന്തം തടവോ?

പന്ത്രണ്ടുവയസ്സിൽ കുറവുള്ള പെൺകുട്ടിയെ ഇത്തരത്തിൽ ലൈംഗികമായി ഉപദ്രവിക്കുന്നത് പോക്സോനിയമത്തിന്റെ നാലും അഞ്ചും വകുപ്പുപ്രകാരമുള്ള കുറ്റമാണ്. ഗൗരവമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണമായാണ് വകുപ്പ് ഈ കുറ്റകൃത്യത്തെ കാണുന്നത്. പത്തുവർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കഠിനതടവും പിഴയുമാണ് ഇതിനുള്ള ശിക്ഷ.

പന്ത്രണ്ടു വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടിയാണെങ്കിൽ മൂന്നുപ്രാവശ്യം ഇങ്ങനെ പീഡിപ്പിച്ചാൽ ഇതേ ശിക്ഷയ്ക്ക് വിധേയനാവും. ഈ കേസിൽ കൂടുതൽതവണ കുട്ടി പീഡനത്തിന് വിധേയയാവാൻ സാധ്യതയുണ്ടെന്നാണ് ചൈൽഡ്ലൈനിന്റെ വിലയിരുത്തൽ. കുട്ടിയുടെ കൂടെയുള്ള സ്ത്രീ അറിഞ്ഞുകൊണ്ടാണ് ഇതിനു കൂട്ടുനിൽക്കുന്നതെങ്കിൽ അവരും പോക്സോപ്രകാരം കുറ്റവാളിയാണ്. 16, 17 വകുപ്പുകൾപ്രകാരം കുറ്റകൃത്യത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ള അത്രതന്നെ തടവിനും പിഴയ്ക്കും ഇവരും അർഹയാണ്.

കുറ്റകൃത്യം നടന്നവിവരം അറിയിക്കുന്നതിലോ റെക്കോഡ് ചെയ്യുന്നതിലോ വീഴ്ചവരുത്തിയാലും ശിക്ഷയുണ്ട്. 19-ാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകൾ പ്രകാരവും 20-ാം വകുപ്പു പ്രകാരവും ആറുമാസം വരെ തടവുംപിഴയുമാണ് ശിക്ഷ.

പൊലീസുകാർക്കെതിരേയും അന്വേഷണം

സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ സി.സി.ടി.വി ദൃശ്യങ്ങൾക്കൊപ്പം രേഖാമൂലം പരാതി നൽകിയിട്ടും കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിവേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിട്ടു. സംഭവം മലപ്പുറം ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

പെൺകുട്ടിയെ പീഡിപ്പിച്ച സമ്പന്നനും പെൺകുട്ടിയെ അയാൾക്കരികിലെത്തിച്ച സ്ത്രീയും ഒരുപോലെ കുറ്റക്കാരായതിനാൽ ഇരുവരെയും പ്രതികളാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പീഡനവാർത്തയുടെ അടിസ്ഥാനത്തിൽ സ്വയമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.