- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എടപ്പാൾ ഓട്ടം, ഇനി മേൽപ്പാലത്തിലൂടെ..'യെന്ന് വി.ശിവൻകുട്ടി; 'ഓടാം ഇനി കൂടുതൽ ഉയരത്തിൽ, വണ്ടിയായാലും സംഘിയായാലു'മെന്ന് എം.എം. മണി; ചിരി പടർത്തി ട്രോളുകൾ; എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ 'എടപ്പാൾ ഓട്ടത്തിന്റെ'ട്രോളുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും മുൻ മന്ത്രി എം.എം. മണിയും.
'ഓടാം ഇനി കൂടുതൽ ഉയരത്തിൽ, വണ്ടിയായാലും സംഘിയായാലും.. എടപ്പാൾ പാലം.' എന്നാണ് മേൽപ്പാലത്തിന്റെ ഉദ്ഘാടന പോസ്റ്റർ പങ്കുവച്ച് കൊണ്ട് എംഎം മണി പറഞ്ഞത്.
സാമൂഹ്യ മാധ്യമങ്ങളിൽ ചിരിപടർത്തിയ എടപ്പാൾ ഓട്ടത്തെ പരിഹസിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. 'എടപ്പാൾ ഓട്ടം ഇനി മേൽപ്പാലത്തിലൂടെ..' എന്നാണ് മേൽപ്പാലം നാളെ നാടിന് സമർപ്പിക്കുമെന്ന് അറിയിപ്പിലൂടെ മന്ത്രി ശിവൻകുട്ടി ട്രോളിയത്.
റോഡിലൂടെ ഓടിയ യുവാവിനെ മേൽപ്പാലത്തിൽ കയറ്റി ഓടിച്ചാണ് മന്ത്രിയുടെ വേറിട്ട പോസ്റ്റ്. 'എടപ്പാൾ ഓട്ടം, ഇനി മേൽപ്പാലത്തിലൂടെ' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തിയ ഹർത്താലിനിടെയാണ് എടപ്പാൾ ഓട്ടം വൈറലായത്. എടപ്പാൾ ജംഗ്ഷനിൽ സംഘപരിവാറുകാരെ നാട്ടുകാർ തടഞ്ഞതും പിന്നീട് ബൈക്കുകളും ഉപേക്ഷിച്ച് പ്രവർത്തകർ നടത്തിയ ഓട്ടത്തെയാണ് എടപ്പാൾ ഓട്ടം എന്ന പേരിൽ സോഷ്യൽമീഡിയ ആഘോഷിച്ചത്. ഓരോ വർഷത്തിലും എടപ്പാൾ ഓട്ടത്തിന്റെ വാർഷികവും സോഷ്യൽമീഡിയ ആഘോഷിക്കുന്നുണ്ട്.
അന്ന് സംഘപരിവാർ പ്രവർത്തകർ ഉപേക്ഷിച്ചു പോയതും പൊലീസ് പിടിച്ചെടുത്തതുമായ ബൈക്കുകൾ ഏറെ നാളാണ് പൊന്നാനി, ചങ്ങരകുളം പൊലീസ് സ്റ്റേഷനുകളിലായി കിടന്നത്. ബൈക്കുകളുടെ നമ്പർ പരിശോധിച്ച പൊലീസ് ഉടമകളെ തിരിച്ചറിഞ്ഞെങ്കിലും പലരും ബൈക്ക് പോയിക്കോട്ടെയെന്ന നിലപാടിലായിരുന്നു. ബൈക്ക് സ്റ്റേഷനിൽ സുരക്ഷിതമായി കസ്റ്റഡിയിലുണ്ടെന്ന് ഉറപ്പിച്ചെങ്കിലും അന്ന് ചിലർ നേരിട്ട് പോയിട്ടുമില്ലായിരുന്നു.
ശനിയാഴ്ചയാണ് എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനം. രാവിലെ 10ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാട മുറിച്ച് ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ വി.അബ്ദുറഹിമാൻ, കെ.എൻ.ബാലഗോപാൽ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ കെ.ടി.ജലീൽ, പി.നന്ദകുമാർ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയ ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ കക്ഷി തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പങ്കാളികളാകും.
പൊലീസ് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണമടക്കം മിക്ക പണികളും പൂർത്തിയായിട്ടുണ്ട്. പാലത്തിന് വൈദ്യുതി കണക്ഷനും ലഭ്യമായിട്ടുണ്ട്. 13.6 കോടി രൂപ ചെലവിലാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്.
ഗതാഗത പരിഷ്കാരം ഉൾപ്പെടെയുള്ളവ പാലം തുറന്ന ശേഷം പൂർണ തോതിൽ നടപ്പിലാക്കാൻ ആണ് പൊലീസ് തീരുമാനം. തൃശൂർ കുറ്റിപ്പുറം റോഡുകളിൽ പാലത്തിന് സമാന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കാൻ വട്ടംകുളം പഞ്ചായത്തും ശ്രമം തുടങ്ങി 3 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുതുവർഷത്തിൽ പാലം തുറക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ന്യൂസ് ഡെസ്ക്