ചെന്നൈ: കയ്യാങ്കളിക്കും ബഹളത്തിനും ഒടുവിൽ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി വിശ്വാസവോട്ട് നേടി. പ്രതിപക്ഷാംഗങ്ങളെയെല്ലാം പുറത്താക്കിയ ശേഷമാണ് സഭയിൽ എടപ്പാടി പളനി സ്വാമി വിശ്വാസവോട്ട് തേടിയത്. 122 അംഗങ്ങൾ പളനിസ്വാമിയെ പിന്തുണച്ച് വോട്ട് ചെയ്തപ്പോൾ 11 പേർ എതിർത്ത് വോട്ടു ചെയ്തു. ബഹളം മൂലം രണ്ട് തവണ നിർത്തിവച്ച നിയമസഭ മൂന്നാം തവണ ചേർന്നപ്പോഴാണ് പ്രതിപക്ഷാംഗങ്ങളെയെല്ലാം പുറത്താക്കിയ ശേഷം വിശ്വാസ വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷ നേതാവ് സ്റ്റാലിൻ അടക്കമുള്ളവരെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ വലിച്ചിഴച്ചു കൊണ്ടുപോയി. സ്പീക്കറുടെ നിർദ്ദേശ പ്രകാരമാണ് പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയത്.

പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കറുടെ നിർദ്ദേശപ്രകാരം സുരക്ഷാ ജീവനക്കാർ ബലം പ്രയോഗിച്ചു നീക്കിയ ശേഷമാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് - ലീഗ് അംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതോടെ എഐഎഡിഎംകെ അംഗങ്ങൾ മാത്രമായിരുന്നു സഭയിൽ. 122 അംഗങ്ങൾ പളനിസ്വാമിയെ അനുകൂലിച്ചപ്പോൾ എതിർത്ത 11 പേരും ഒ പനീർശെൽവം പക്ഷത്തുള്ളവരായിരുന്നു. പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പനീർശെൽവവും എം കെ സ്റ്റാലിനും ആരോപിച്ചു. സ്പീക്കറുടെ നടപടിയിൽ ഡിഎംകെ വർക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിൻ ഗവർണർക്ക് പരാതി നൽകി. ഇതോടെ നിയമ പോരാട്ടത്തിലേക്കും കാര്യങ്ങളെത്തുമെന്ന കാര്യം ഉറപ്പായി. ഇതോടെ ഭാവിയിലെ കാര്യങ്ങൾ ഗവർണറുടെ കൈയിലാണ്.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാവിലെ സഭ നിർത്തിവച്ചിരുന്നു. ഒരു മണിക്ക് വീണ്ടും ചേർന്നപ്പോഴും ഡിഎംകെ അംഗങ്ങൾ ബഹളം തുടരുകയായിരുന്നു. ഇതേത്തുടർന്ന് ഡിഎംകെ എംഎൽഎമാരെ സ്പീക്കർ ധനപാലൻ സഭയിൽ നിന്ന് പുറത്താക്കിയത്. സഭയിൽ നിന്ന് പുറത്തുപോകാൻ വിസമ്മതിച്ച ഡിഎംകെ എംഎൽഎമാരെ ബലം പ്രയോഗിച്ചാണ് പുറത്താക്കിയത്. സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ ഗവർണറെ കണ്ടു. രാവിലെ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ഡിഎംകെ അംഗങ്ങൾ സ്പീക്കറുടെ മേശ തകർത്തു. മൈക്ക് വലിച്ചെറിഞ്ഞു. സീറ്റിൽ കയറി കടലാസുകൾ കീറിയെറിഞ്ഞ ഡിഎംകെ അംഗം പൂങ്കോതൈ ആലാഡി അരുണ മുദ്രാവാക്യം വിളിച്ചു.

അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്നതിനിടെ ഡിഎംകെ അംഗം കെ.കെ. ശെൽവം സ്പീക്കറുടെ കസേരയിൽ കയറി ഇരുന്നു. ബഹളം നിയന്ത്രണാതീതമായതോടെ ഒരു മണിവരെ സഭ നിർത്തിവെക്കുന്നതായി അറിയിച്ച് സ്പീക്കർ സഭ വിടുകയായിരുന്നു. സംഘർഷത്തിനിടെ ഒരു വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

രഹസ്യവോട്ടെടുപ്പ് വേണമെന്ന ഒ.പനീർശെൽവം പക്ഷത്തിന്റേയും ഡിഎംകെ,കോൺഗ്രസ് പാർട്ടികളുടേയും ആവശ്യം സ്പീക്കർ തള്ളിയതോടെയാണ് ബഹളം തുടങ്ങിയത്. മുഖ്യമന്ത്രി പളനി സ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് ശേഷമായിരുന്നു ബഹളം. പനീർശെൽവത്തെ അനുകൂലിച്ച് ഡിഎംകെ അംഗങ്ങൾ നിയമസഭയിൽ മുദ്രാവാക്യം മുഴക്കി. പനീർ ശെൽവത്തിന് ആദ്യം പ്രസംഗിക്കാൻ അവസരം നൽകണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടു.രഹസ്യബാലറ്റ് ആവശ്യപ്പെട്ട് പനീർശെൽവം അനുകൂലികളും ബഹളമുണ്ടാക്കി. ഇതോടെയാണ് സഭയിൽ വീണ്ടും നാടകീയ രംഗങ്ങളുണ്ടായത്.

സഭാതലത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഡിഎംകെ അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്തേക്ക് നീക്കി. കോൺഗ്രസ് എംഎൽഎമാരേയും സഭയിൽ പ്രവേശിക്കാൻ സ്പീക്കർ അനുവദിച്ചില്ല. ഇതോടെ കോൺഗ്രസും ലീഗും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. പനീർശെൽവം പക്ഷത്തെ എംഎൽഎമാരേയും ശശികല പക്ഷത്തെ എംഎൽമാരെ വച്ച് വിശ്വാസ വോട്ട് തേടുകയാണ് ചെയ്തത്. എതിർത്ത് വോട്ട് ചെയ്യുന്നവരെ കൂറുമാറ്റ നിരോധന പ്രകാരം എംഎൽഎ സ്ഥാനത്ത് നന്ന് നീക്കാമെന്ന് കണ്ടാണ് പനീർശെൽവം പക്ഷത്തെ പുറത്താക്കാതെ പ്രബലമായ ഡിഎംകെയെ പുറത്താക്കി വിശ്വാസവോട്ടെടുപ്പ് നടത്തിയത്.

ഒരു ദിവസമെങ്കിലും വിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്പിക്കാനുള്ള തന്ത്രമാണ് ഡിഎംകെയും പനീർ ശെൽവം പക്ഷവും പയറ്റിയത്. അങ്ങനെ വന്നാൽ സഭയിൽ പളനിസ്വാമി പക്ഷത്തെ പിൻതുണയ്ക്കുന്നവരെ തങ്ങളുടെ പക്ഷത്തെത്തിക്കാമെന്നാണ് പന്നീർ ശെൽവം കണക്കുകൂട്ടൽ. ഇതറിഞ്ഞു തന്നെയായിരുന്നു ഡിഎംകെയും ഒപ്പം നിന്നത്. സഭാ സമ്മേളനം ആരംഭിച്ചതുതന്നെ നാടകീയ രംഗങ്ങളോടെയാണ്. സർക്കാരിൽ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി പളനിസ്വാമി അവതരിപ്പിച്ചത്. എന്നാൽ വോട്ടെടുപ്പ് രഹസ്യമായി വേണമെന്ന് പന്നീർ ശെൽവം പക്ഷം ആവശ്യപ്പെടുകയും ഇത് സ്പീക്കർ നിഷേധിക്കുകയും ചെയ്തതോടെ സഭയിൽ വൻ ബഹളവും നടന്നു.

റിസോർട്ടിൽ താമസിപ്പിച്ച് പുറംലോകവുമായി ബന്ധമില്ലാത്തവിധം സഭയിലെത്തിച്ച അണ്ണാഡിഎംകെ അംഗങ്ങൾക്ക് പനീർശെൽവവുമായി സംസാരിക്കാൻ അവസരമൊരുക്കാത് വിധത്തിലാണ് കാര്യങ്ങൾ നടന്നത്. സഭയ്ക്കകത്തേക്ക് അപൂർവം പത്രലേഖകരെ പുറത്താക്കുകയും ചെയ്തു. എന്തായാലും ഏറെക്കാലമായി തമിഴ്‌നാട്ടിൽ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് താൽക്കാലികമായി ഇന്ന് വിരാമമായിരിക്കയാണ്. അണ്ണാ ഡിഎംകെയിൽ പിളർപ്പുണ്ടായ 1988ലാണ് ഇതിനു മുൻപു തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎൽഎമാരെ സ്പീക്കർ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാൽ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സർക്കാരിനെ പിരിച്ചുവിട്ടു. ആ ഗതി പളനിസ്വാമി സർക്കാറിനുണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.