ബെർലിൻ: ബാലലൈംഗിക ചിത്രങ്ങളുടെ പേരിൽ വിവാദത്തിൽ പെട്ട സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്‌പിഡി) എംപി സെബാസ്റ്റ്യൻ ഇടാത്തിയെ പാർട്ടിയിൽ നിന്നു മൂന്നു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഇടാത്തിക്കു നേരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഹാനോവറിൽ കൂടിയ പാർട്ടി പ്രത്യേക സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

കഴിഞ്ഞ 15 വർഷമായി ജർമൻ എംപിയായി മികച്ച സേവനം ചെയ്ത തന്നെ പാർട്ടി കൈവിടില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇടാത്തി. ഇടാത്തി പാർട്ടിയിൽ നിന്ന് സ്വയം രാജിവച്ച് പോകണമെന്നായിരുന്നു നേരത്തെ പാർട്ടി ഉപാധ്യക്ഷൻ ഷേഫർ ഗുബൽ ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇടാത്തി അതിന് തയാറാകാതിരുന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടിയായി പാർട്ടിയിൽ നിന്നു പുറത്താക്കിയത്.
കഴിഞ്ഞ ഒന്നര  വർഷമായി ജർമൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇടാത്തി കേസിന് ഇതോടെ പരിസമാപ്തിയായിരിക്കുകയാണ്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ നഗ്ന ചിത്രങ്ങൾ കൈവശം വച്ചുവെന്നായിരുന്നു നാല്പത്തിയഞ്ചുകാരനും മലയാളിയുമായ ഇടാത്തിയുടെ പേരിലുള്ള കുറ്റം. ഇതിന്റെ പേരിൽ കോടതിവിചാരണ നേരിട്ട ഇടാത്തി കോടതിയിൽ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് 5000 യൂറോ പിഴ ചുമത്തി കേസ് അവസാനിപ്പിച്ചുവെന്ന് വെർഡൻ ജില്ലാ കോടതി അറിയിച്ചിരുന്നു.