മലപ്പുറം: പാർട്ടി പ്രവർത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായ പരാതിയിൽ സിപിഎം. എടയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ചുമതലയിൽനിന്ന് മാറ്റിയെന്ന് ആരോപണം. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് എസ്.എഫ്.ഐ മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയും നിലവിലെ എൽ.സി. സെക്രട്ടറിയുമായ കെ.എ. സക്കീറിനെതിരെ് പാർട്ടി നടപടിയെന്നാണ് ആക്ഷേപം. എന്നാൽ ഇത് സിപിഎം സ്ഥിരീകരിക്കുന്നില്ല.

പാർട്ടിപ്രവർത്തക കൂടിയായ യുവതി പാർട്ടി നേതൃത്വത്തിനാണ് പരാതി നൽകിയത് എന്ന് ജയ്ഹിന്ദ് ടിവിയാണ് റിപ്പോർട്ട് ചെയ്ത്. മുസ്ലിം ലീഗ് വനിതാ നേതാവായ നജ്മ തബ്ഷീറ അടക്കം വാർത്ത ഷെയർ ചെയ്തിട്ടുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം ഇത് വലിയ ചർച്ചായണ്. പൊലീസിൽ പരാതി കിട്ടിയിട്ടുമില്ല, അതിനിടെ എന്നാൽ പാർട്ടിക്ക് ഒരു തരത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ലെന്നും ജോലി ആവശ്യാർഥം ലക്ഷദ്വീപിലേക്ക് പോകേണ്ടതിനാൽ അവധി നൽകണമെന്നും ആവശ്യപ്പെട്ട് കെ.എ. സക്കീർ ഏരിയാ കമ്മിറ്റിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലീവ് അനുവദിക്കുകയായിരുന്നു എന്ന് പാർട്ടി നേതൃത്വം പ്രതികരിക്കുകയും ചെയ്യുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് അടിയന്തരമായി കൂടിയ വളാഞ്ചേരി ഏരിയാ കമ്മിറ്റിയാണ് സക്കീറിനെ സഥാനത്തുനിന്നും നീക്കിയതെന്നാണ് ജയ്ഹിന്ദിൽ അടക്കം വാർത്തയുള്ളത്. മങ്കട ഏരിയാ സെക്രട്ടറിയുടെ ബന്ധുവും കൂടിയായ പാർട്ടിപ്രവർത്തകയുമായ യുവതിയാണ് പരാതിക്കാരി. തിരൂർ കൂട്ടായിയിൽ നിന്നും മറ്റൊരു പാർട്ടി പ്രവർത്തകയായ യുവതിയുമായ സക്കീറിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.

ഇക്കാര്യമറിഞ്ഞ യുവതി എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ നേതാവിന് നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പാർട്ടിയുടെ നടപടി. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും സക്കീറിനെ മാറ്റി. അതേ സമയം പൊന്നാനി സ്വദേശിനി ഉൾപ്പെടെ വേറെയും പരാതികൾ സക്കീറിനെതിരെ ഉയരുന്നതായും പാർട്ടിക്കുള്ളിൽ നിന്നു തന്നെ ആരോപണങ്ങൾ ഉയരുന്നുണ്ട്.

മുസ്ലിം ലീഗ് വനിതാ നേതാവായ നജ്മ തബ്ഷീറയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

സക്കീർ എന്ന് പേരുള്ളവർക്ക് പാർട്ടിയിൽ ഇപ്പോൾ കണ്ടകശനിയാണ്. ഈ പേരുകാർക്കിനി പാർട്ടി മെമ്പർഷിപ്പ് നൽകുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു... ഒട്ടേറെ പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചത് മലപ്പുറം ജില്ലയിലെ സിപിഎം നേതാവ് സക്കീറാണ്. ഇയാളുടെ സേവ് ദി ഡേറ്റ് പോസ്റ്റർ പുറത്ത് വന്നപ്പോൾ മാത്രമാണ് ഈ പെൺകുട്ടികൾ വഞ്ചിക്കപ്പെട്ട കാര്യം അവർ അറിയുന്നതും പാർട്ടിക്ക് പരാതി നൽകുന്നതും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തമ്പടിച്ചു ഗുണ്ടാ പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു ഇയാൾ. ഇതുവരെ ഭാഗികമായെങ്കിലും ഈ വിഷയം പറയാൻ തയ്യറായവർ 6 പേരാണ്. അഭിമാനം പേടിച്ച് മിണ്ടാതിരിക്കുന്നവർ ഇതിലുമധികം ഉണ്ടാവുമെന്നുറപ്പാണ്.

പക്ഷേ പാർട്ടി പറയുന്നത് വളരെ രസകരമായ കാരണമാണ്. സക്കീറിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതല്ല, ജോലി ആവശ്യാർഥം ഗൾഫിൽ പോവാൻ സക്കീർ പാർട്ടിയോട് ലീവ് ചോദിച്ചപ്പോൾ നൽകിയതാണ് എന്നാണ് പറഞ്ഞത്. നോക്കൂ, നിലവിൽ എടയൂർ സിപിഎം ലോക്കൽ സെക്രട്ടറി, DYFI വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, sfi മുൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കഴിഞ്ഞ ഇലക്ഷനിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഇത്രേം ചെറിയ പ്രായത്തിൽ ഈ പദവികൾ ഒക്കെ കൈകാര്യം ചെയ്ത രാഷ്ട്രീയ ഭാവിയുള്ള ഒരാൾ, മാത്രമല്ല അധികാരം ഉപയോഗപ്പെടുത്തി വലിയ മോഷണ സാധ്യതകളും അത് പല നേതാക്കൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഒരു സമയത്ത് ഇത്രേം വലിയൊരു നേതാവ് പ്രാരാബ്ധങ്ങളിൽ കുടുങ്ങി പെട്ടെന്ന് ഗൾഫിലേക്ക് പോകുന്നു (മുങ്ങുന്നു) എന്ന് പാർട്ടി പറഞ്ഞാൽ നമ്മളത് വിശ്വസിക്കണം.

ഈ വ്യക്തി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കാണിച്ച ഗുണ്ടായിസങ്ങൾ നേരിട്ട് കാണാൻ ദൗർഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ നിന്നുതന്നെയുള്ള പല sfi നേതാക്കളുടെയും ഒത്താശയോടെയാണ് ഈ ക്രൂരകൃത്യം ഉണ്ടായിട്ടുള്ളത്. വെറുമൊരു സക്കീറിൽ ഒതുങ്ങേണ്ടതല്ല ഈ വാർത്ത. പേടിച്ചാണ് പല പെൺകുട്ടികളും പുറത്ത് പറയാൻ ധൈര്യപ്പെടാത്തത്. sfi യുടെയും സിപിഎമ്മിന്റെയും പല നേതാക്കൾക്കും ഈ വിഷയം അറിയാമായിരുന്നിട്ടും പെൺകുട്ടികൾ പരാതി നൽകിയപ്പോൾ മാത്രമാണ് നടപടി കൈക്കൊള്ളാൻ തയ്യാറായത്.

ഈ വിഷയത്തിന്റെ പല ഭാഗങ്ങളും നമ്മൾ അറിയുന്നത് തന്നെ കാമ്പസിലെ എസ്.എഫ്.ഐക്കാരായ പെൺകുട്ടികൾ സങ്കടത്തോടെ വ്യക്തിപരമായി പങ്കു വെച്ചപ്പോഴാണ്. ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. വനിതാ കമ്മീഷൻ ഇടപെടണം. sfi യുടെ സ്ത്രീ സംരക്ഷണ മുദ്രാവാക്യങ്ങൾ പൊള്ളയാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്.