'കബാലി'ക്കായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങും മുമ്പുതന്നെ രജനീകാന്തിന്റെ വേഷത്തെക്കുറിച്ചും താരത്തെ സ്‌ക്രീനിൽ അവതരിപ്പിക്കുന്നത് എപ്പോഴാണെന്നതു സംബന്ധിച്ചും ചർച്ചകൾ നടന്നുകഴിഞ്ഞു.

152 മിനിറ്റാണു ചിത്രത്തിന്റെ ദൈർഘ്യമെന്ന് എഡിറ്റർ കെ എൽ പ്രവീൺ പറഞ്ഞു. കഥ ആവശ്യപ്പെടുന്നതനുസരിച്ചാണ് ഒരു സിനിമയുടെ ദൈർഘ്യം തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു ചിത്രം മൂന്ന് മണിക്കൂറാക്കി നീട്ടാൻ കഴിയില്ല. നമ്മൾ അത് ചെയ്താൽ നിരൂപകർ വിമർശനവുമായി വരും ദൈർഘ്യം കൂടിപ്പോയെന്നുപറഞ്ഞ്-പ്രവീൺ പറഞ്ഞു.

'കബാലി' ആരംഭിച്ച് 15 മിനിറ്റിന് ശേഷമാണ് രജനിയുടെ ഇൻട്രൊഡക്ഷൻ സീനെന്നും ആരാധകരിൽ അഭ്യൂഹം പടർന്നിരുന്നു. ഇതിനെക്കുറിച്ചു പ്രവീൺ പറയുന്നതിങ്ങനെ: മിക്കവാറും എല്ലാ സീനിലും രജനി സാർ ഉണ്ട്. നാല് രംഗങ്ങളിലൊഴികെ എല്ലാ ഫ്രെയ്മുകളിലും നിങ്ങൾക്ക് അദ്ദേഹത്തെ കാണാനാവും.' ചിത്രത്തിന്റെ ഫസ്റ്റ് കോപ്പിയിൽ മുഴുവൻ 'കബാലി' ടീമും തൃപ്തരാണ്.

ആരാധകരുടെ ആകാംക്ഷ അവസാനിപ്പിക്കാൻ റിലീസ് തീയതിയും നിർമ്മാതാക്കൾ പ്രഖ്യാപിച്ചു. രജനി ചിത്രത്തിനു 'യു' സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

ബോർഡിന്റെ വിലയിരുത്തലിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. ജൂലൈ 22നാണ് ചിത്രം ലോകമെമ്പാടുമുള്ള അയ്യായിരത്തോളം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തുക.

പാ. രഞ്ജിത്താണു സംവിധാനം. അവസാന ഒൻപത് രജനി ചിത്രങ്ങളിൽ 'കൊച്ചടയാൻ' ഒഴികെയുള്ളവയിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ചിത്രമാണ് 'കബാലി'.

പ്രിയ സൂപ്പർസ്റ്റാറിനെ പരമാവധി സമയം സ്‌ക്രീനിൽ കാണുക എന്നതാണ് രജനി ആരാധകരുടെ ആഗ്രഹം. മൂന്നു വർഷത്തിൽ ഒരിക്കലാണു രജനീകാന്തിന്റെ ഒരു പടം വരുന്നത് എന്നതിനാൽ തന്നെ മുഴുവൻ സമയവും അദ്ദേഹത്തെ സ്‌ക്രീനിൽ കാണാനാണ് ഫാൻസിനു താൽപര്യം.

കബാലിക്കു മുമ്പിറങ്ങിയ ലിംഗ 174 മിനിറ്റാണുണ്ടായിരുന്നത്. കൊച്ചടയാൻ- 124 മിനിറ്റ്, എന്തിരൻ- 185 മിനിറ്റ്, കുചേലൻ- 165 മിനിറ്റ്, ശിവാജി- 188 മിനിറ്റ്, ചന്ദ്രമുഖി- 164 മിനിറ്റ്, ബാബ- 178 മിനിറ്റ്, പടയപ്പ- 192 മിനിറ്റ്, അരുണാചലം- 165 മിനിറ്റ് എന്നിങ്ങനെയാണു മറ്റു ചിത്രങ്ങളുടെ ദൈർഘ്യം.