രാഷ്ട്രീയ നേതാക്കളുടെ ജാഥകളും പദയാത്രകളും ഇന്ത്യയിൽ എല്ലായിടത്തും വളരെ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ഒന്നാണ്. അതിന് പല കാരണങ്ങൾ ഉണ്ട്. എന്തെങ്കിലും ഒക്കെ ചെയ്യാൻ ആഗ്രഹിക്കുന്ന സാധാരണ പാർട്ടി പ്രവർത്തകർക്ക് ഒരു ഓർമ്മപ്പെടുത്തലും ആഘോഷവുമായി ഇതു മാറുന്നു എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ഒരു സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലും ഒരു പ്രത്യേക സന്ദേശം എത്തിക്കാൻ കഴിയുന്നു എന്നതാണ് രണ്ടാമത്തെ ഗുണം. ഈ യോഗങ്ങളിൽ എന്താണ് നേതാക്കൾ പറയുന്നത് എന്നറിയാൻ ശത്രുക്കൾ പോലും കാതോർക്കും. വലിയ തോതിലുള്ള മാധ്യമ ശ്രദ്ധ ലഭിക്കുന്നതുകൊണ്ട് ജാഥ നടത്തുന്നായളുടെ പാർട്ടി ചർച്ചയാകുന്നു എന്നതാണ് അടുത്ത നേട്ടം. ഇതിനൊക്കെയൊപ്പം പാർട്ടിയുടെ മുകൾ തട്ടു മുതൽ താഴത്തെ തട്ടു വരെ ഫണ്ട് ശേഖരണം നടത്താനും ജാഥകൾ വഴി കഴിയുന്നു.

പിണറായി വിജയനും ഉമ്മൻ ചാണ്ടിയും വി എം സുധീരനും ഒക്കെ ഇത്തരം ജനകീയ ജാഥകൾ നടത്തി ലക്ഷ്യം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു ജാഥ ആയിരുന്നു ബിജെപി പ്രസിഡന്റ് ശ്രീ കുമ്മനം രാജശേഖരൻ നടത്തിയത്. വളരെയേറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ലക്ഷ്യം കൊണ്ടു ആകപ്പാടെ തകർന്നടിഞ്ഞ ഒരു ജാഥ ആയിരുന്നു ഇതെന്നു പറയാതിരിക്കാൻ സാധിക്കില്ല. ഒരുപക്ഷ കേരളത്തിലെ ജാഥ ലക്ഷ്യം ഇട്ടവരുടെ അതിശക്തമായ പ്രതിരോധം ആയിരിക്കാം ഇതിന്റെ കാരണം എങ്കിലും ജാഥയ്ക്ക് പറ്റിയ ചില അടിസ്ഥാനപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടാതിരിക്കാൻ പറ്റില്ല.

ഈ ജാഥയുടെ ഏറ്റവും പ്രഥമികമായ ലക്ഷ്യം ആകേണ്ടി ഇരുന്നത് എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് ബദലായി എന്തുകൊണ്ടു ബിജെപിയെ ഉയർത്തിക്കാട്ടണം എന്ന ചോദ്യത്തിന് ശക്തവും യുക്തവുമായ വിശദീകരണം നൽകുക ആയിരിക്കണമായിരുന്നു. ബിജെപി ഉന്നയിക്കുന്ന വിഷയങ്ങൾ കേരളം മുഴുവൻ ചർച്ച ചെയ്യാനായി എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും എത്തി ചേരുന്ന ഒരു യഥാർത്ഥ പാദയാത്ര തന്നെ ആവണമായിരുന്നു ഇത്. നിർഭാഗ്യവശാൽ ജിഹാദി ചുവപ്പ് ഭീകരത എന്ന ഒരു ഉട്ടോപ്യൻ ശത്രുവിനെ സൃഷ്ടിച്ച് അതിന് പിന്നാലെ മാത്രം ജാഥ നടത്തി ആദ്യം തന്നെ നേതാക്കൾ ലക്ഷ്യം തകർത്തു.

ജിഹാദി ചുവപ്പ് ഭീകരത എന്നു പറഞ്ഞാൽ കടുത്ത സംഘപരിവാർ വിശ്വാസികൾ അല്ലാതെ ആരും കണ്ണടച്ചു വിശ്വസിക്കില്ല എന്നു മനസ്സിലാക്കാൻ ബിജെപി നേതാക്കൾക്ക് സാധിക്കാതെ പോയി. ഒരു ചെറിയ വിഭാഗം വരുന്ന ഇസ്ലാമിക മൗലിക വാദികൾ നടത്തുന്ന കൊലയെ മുഴുവൻ ഇസ്ലാമിക വിശ്വാസികൾക്കുമെതിരായ മുദ്രാവാക്യമാക്കി മാറ്റാൻ ശ്രമിച്ചാൽ ഇവിടുത്തെ സാധാരണക്കാരായ ഹിന്ദുക്കൾ അതു സമ്മതിക്കില്ല എന്ന അടിസ്ഥാന കാരണമാണ് ഈ മുദ്രാവാക്യം സൃഷ്ടിച്ച നേതാക്കൾ മറന്നത്. അഖില ആതിര വിഷയങ്ങൾ ഒന്നും പൊതു സമൂഹത്തെ കാര്യമായി ഇനിയും സ്വാധീനിച്ചിട്ടില്ല എന്ന വസ്തുത ഈ നേതാക്കൾ സൗകര്യപൂർവ്വം മറന്നു.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് രാഷ്ട്രീയ കൊലപാതകങ്ങൾ എന്നു കരുതുന്നവർ പോലും അതിന് സിപിഎമ്മിനെ മാത്രം കുറ്റം പറയുന്നു ആശയത്തോടു യോജിക്കില്ല. കേരളത്തിലെ അക്രമരാഷ്ട്രീയത്തിലും രാഷ്‌രീയ കൊലപാതകത്തിനും സിപിഎമ്മും ബിജെപിയും ഒരുപോലെ ഉത്തരവാദികൾ ആണ് എന്നു വിശ്വസിക്കുന്നവരാണ് മലയാളികൾ. സി.പി.എം പുറത്ത് വിടുന്ന കണക്കനുസരിച്ച് അവരുടെ പ്രവർത്തകരാണ് ബിജെപി പ്രവർത്തകരേക്കാൾ കൂടുതൽ കൊല്ലപ്പെട്ടിരിക്കുന്നത്. അതുകൊണ്ടൊക്കെ തന്നെ അക്രമ രാഷ്ട്രീയത്തിനെതിരെ ബിജെപി ശബ്ദിച്ചാൽ അതിന് പൊതു സമൂഹം കാര്യമായ വിലകൊടുക്കുകയില്ല എന്നതാണ് സത്യം.

[BLURB#1-VL]ജാഥയ്ക്ക് ദേശീയ തലത്തിൽ വലിയ പ്രാധാന്യം കിട്ടുകയും കേരളത്തിലെ സി.പി.എം ആക്രമണങ്ങൾ ചർച്ചയാവുകയും ചെയ്തു എന്നത് സത്യമാണ്. ഉത്തരേന്ത്യയിലെ ജനങ്ങളുടെ മുഴുവൻ ഇപ്പോഴത്തെ ധാരണ വഴിയെ നടക്കുന്ന സാധാരണക്കാരായ ബിജെപി ആർഎസ്എസ്‌കാർ കേരളത്തിൽ നിഷ്‌കരുണം കൊല്ലപ്പെടുകയാണ് എന്നാണ്. അത്തരം ഒരു മോശം ഇമേജ് സിപിഎമ്മിന് ദേശീയ തലത്തിൽ ഉണ്ടാവുന്നതുകൊണ്ട് ഇപ്പോൾ ഒരു പ്രാദേശിക പാർട്ടിയുടെ മാത്രം സ്വഭാവം കാണിക്കുന്ന സിപിഎമ്മിന് എന്തു സംഭവിക്കും എന്നാണ് ഇവർ കരുതുന്നത്. കേരളത്തിലും തൃപുരയിലും മാത്രമാണ് ഇപ്പോൾ സിപിഎമ്മിന് എന്തെങ്കിലും സ്വാധീനമുള്ളത്. ഈ രണ്ടിടത്തും ഈ മാധ്യമ പ്രചരണം കൊണ്ട് ഒരു നഷ്ടവും ഉണ്ടാക്കാൻ സാധിക്കില്ല എന്നതാണ് സത്യം.

അതേ സമയം ഈ പ്രചരണം കൊണ്ട് കുറെ നേട്ടങ്ങൾ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ബിജിപെയെ നേരിടാൻ ഏറ്റവും ചങ്കുറപ്പുള്ള പാർട്ടിയാണ് സി.പി.എം എന്നൊരു തോന്നൽ ദേശീയ തലത്തിൽ രൂപപ്പെട്ടു കഴിഞ്ഞു. മൂലായം ആണെങ്കിലും ലാലു ആണെങ്കിലും രാഹുൽ ഗാന്ധി ആണെങ്കിലും ശരി ഇനി സിപിഎമ്മിനെ കൂടാതെ ഒരു മോദി വിരുദ്ധ മുന്നണിക്ക് രംഗത്തറിറങ്ങാനാവുകയില്ല എന്നതാണ് സത്യം. കേരളത്തിലെ സി.പി.എംകാരുടെ മാത്രം നേതാവായിരുന്ന പിണറായി വിജയൻ മോദി വിരുദ്ധരുടെ മൊത്തം ദേശീയ നേതാവായി മാറുവാനും ഇതു കാരണമായി. സി.പി.എം എന്നു കേട്ടിട്ടുപോലുമില്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാർ പിണറായി വിജയന്റെ പേര് പറഞ്ഞു നടത്തുന്ന കൊലവിളി തന്നെയാണ് ഇതിന് ഉദാഹരണം.

കേരളത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാതെ പൂർണ്ണമായും ദേശീയ നേതാക്കളുടെ തെറ്റിദ്ധാരണകളുടെ പുറത്ത് രൂപം നൽകിയ അർത്ഥമില്ലാത്ത ഒരു ജാഥയായി ഇതു മാറി പോവുക ആയിരുന്നു. ആരൊക്കെയാണ് ജാഥയിൽ പങ്കെടുക്കുന്നത് എന്നു പോലും തലേ ദിവസമാണ് ജാഥ ക്യാപ്റ്റൻ പോലും അറിഞ്ഞിരുന്നത്. കണ്ണൂരിലും മറ്റും ബഹളം വച്ചു നടത്തിയ ജാഥ അവിടം വിട്ടതോടെ ചടങ്ങായി മാറുകയും പേരിന് എല്ലാ ജില്ലകളിലും മുഖം കാണിച്ചു അവസാനിപ്പിക്കുകയും ആയിരുന്നു. കണ്ണൂരിന് ശേഷം ഇമേജിന്റെയല്ല ഇത്തരം ഒരു ജാഥയെ കുറിച്ച് പലരും ഓർക്കുന്നത് തുരുവനന്തപുരത്ത് എത്തുമ്പോൾ ആണ്.

[BLURB#2-VR]സിപിഎമ്മിനെ വെല്ലു വിളിച്ചു മസിൽ കരുത്ത് കാട്ടി കയ്യടി നേടാൻ ശ്രമിച്ചതിന് പകരം കേരളത്തിലെ ഓരോ മുക്കിനും മൂലയിലും നടന്നു ചെന്ന്, അവിടുത്തെ ജനങ്ങളമായി സംവദിച്ചു, അവരുമായി സഹകരിച്ചു, പദ്ധതികൾ ആവിഷ്‌കരിച്ചു, അവരോടൊപ്പം ഉറങ്ങി, രണ്ടോ മൂന്നോ മാസം കൊണ്ട് ബിജെപി എന്ന ബദൽ രാഷ്ട്രീയ പാർട്ടി മുൻപോട്ട് വയ്ക്കുന്ന വിഷയങ്ങൾ ചർച്ച ആക്കിയിരുന്നെങ്കിൽ റാലിയുടെ ഫലം മാറ്റൊന്നായേനെ. അതുവഴി എല്ലായിടത്തും പാർട്ടിക്ക് ബ്രാഞ്ചുകൾ ഉണ്ടാകുകയും ഫണ്ട് ശേഖരിക്കുകയും ആശയ പ്രചാരണങ്ങൾ നടത്തുകയും ഒക്കെ ചെയ്യാമായിരുന്നു. അതിനുള്ള സുവർണ്ണാവസരമാണ് കുമ്മനവും സംഘവും കളഞ്ഞ് കുളിച്ചത്. ജാഥക്കിടയിൽ വോട്ടു കുറഞ്ഞു കൊണ്ടുള്ള വേങ്ങര ഫലം കൂടി പുറത്ത് വന്നതോടെ ജാഥ ഒരു പരാജയമാണ് എന്നു ഔദ്യോഗികമായി സമ്മതിക്കേണ്ട അവസ്ഥയും സംജാതമായി.

ഈ ജാഥകൊണ്ട് നേട്ടം ഉണ്ടായത് സിപിഎമ്മിനാണ് എന്നു കൂടി പറഞ്ഞാലെ ഈ വിലയിരുത്തൽ പൂർണ്ണമാകൂ. മുൻപ് സൂചിപ്പിച്ച പോലെ പിണറായിയെ ഒരു ദേശീയ നേതാവാക്കുക മാത്രമല്ല ഈ ജാഥ ചെയ്തത്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് പിണറായി അല്ലാതെ മറ്റൊരു രക്ഷകൻ ഇല്ല എന്ന തോന്നലും ഇതു ശക്തമാക്കി. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്നിരുന്ന ഒട്ടേറെ മുസ്ലിം വോട്ടുകൾ കുമ്മനത്തിന്റെ ജാഥക്ക് ശേഷം സിപിഎമ്മിലേക്ക് തിരിഞ്ഞാൽ അത്ഭുതമൊന്നുമില്ല. അതാണ് വേങ്ങര തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയും. മോദിക്കും അമിത് ഷായ്ക്കും സംഘപരിവാറിനും എതിരെ കടുത്ത നിലപാട് എടുക്കാൻ ഒരേയൊരു പിണറായി മാത്രമേയുള്ളൂ എന്ന തോന്നലാണ് ഈ ജാഥ സൃഷ്ടിക്കുന്നത്. വിഎസിന്റെ ഇമേജിലാണ് പിണറായി ഇക്കുറി അധികാരം പിടിച്ചിരിക്കുന്നതെങ്കിലും സ്വന്തം ഇമേജിൽ തന്നെ അടുത്ത തവണ അധികാരത്തിൽ എത്താനുള്ള കളമാണ് കുമ്മനവും കൂട്ടരും ഒരിക്കൽ നൽകിയിരുന്നത്.