- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുകുമാരൻ നായരെ പാഠംപഠിപ്പിച്ച് സുധീരന്റെ സമദൂരത്തിന് തുടക്കം; പണികിട്ടാതിരിക്കാൻ വാപൂട്ടി വെള്ളാപ്പള്ളി: പിണറായി-സുധീര സഖ്യം ഈ നാടിനെ സമുദായ മാലിന്യങ്ങളിൽ നിന്ന് കാക്കട്ടെ
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ ശേഷം കേരളത്തിനുണ്ടായ ഏറ്റവും വലിയ ഗതികേട് സാമുദായികമായ ധ്രുവീകരണത്തിന്റെ വ്യാപ്തി കൂടി എന്നതാണ്. വികസന പ്രവർത്തനങ്ങളുടെ ശോഭ കെടുത്തിക്കൊണ്ട് വിവാദങ്ങൾ കെട്ടഴിയുന്നതിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മഹാ ദുരന്തമാണിത്. മന്ത്രിസഭാ രൂപീകരണം മുതൽ ഈ വിഷപാമ്പ് യുഡിഎഫ് രാ
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ ശേഷം കേരളത്തിനുണ്ടായ ഏറ്റവും വലിയ ഗതികേട് സാമുദായികമായ ധ്രുവീകരണത്തിന്റെ വ്യാപ്തി കൂടി എന്നതാണ്. വികസന പ്രവർത്തനങ്ങളുടെ ശോഭ കെടുത്തിക്കൊണ്ട് വിവാദങ്ങൾ കെട്ടഴിയുന്നതിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മഹാ ദുരന്തമാണിത്.
മന്ത്രിസഭാ രൂപീകരണം മുതൽ ഈ വിഷപാമ്പ് യുഡിഎഫ് രാഷ്ട്രീയത്തെ ചുറ്റിവരിഞ്ഞ് മുറുക്കുന്നു. രാഷ്ട്രീയ പാരമ്പര്യം, പ്രതിഭ എന്നിവയെക്കാൾ ഒക്കെ കൂടുതൽ മന്ത്രിസഭാ രൂപീകരണത്തിൽ പരിഗണിക്കപ്പെട്ടത് സമുദായിക പരിഗണനകൾ ആയിരുന്നു. നായന്മാർക്കും ഈഴവർക്കും കോൺഗ്രസ്സിലെ മുസ്ലീമിനും കോൺഗ്രസിലെ ക്രിസ്ത്യാനിക്കും ഒക്കെ ഇവിടെ മന്ത്രി സ്ഥാനങ്ങൾ വീതിച്ചു നൽകുകയായിരുന്നു. കേരള കോൺഗ്രസ് ക്രിസ്ത്യാനികൾക്കും ലീഗ് മുസ്ലിമിനും പ്രാതിനിധ്യം ഉറപ്പിച്ചതുകൊണ്ടാണ് കോൺഗ്രസിലെ മുസ്ലിമും കോൺഗ്രസിലെ ഈഴവനും ഒക്കെ പരിഗണിക്കപ്പെട്ടത്.
അന്നുമുതൽ ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ച 1000 ദിവസവും സാമുദായിക സംതുലനാവസ്ഥ എന്ന ഓമനപ്പേരിൽ ഇവിടെ നടന്നത് നഗ്നമായ വർഗീയത ആയിരുന്നു. അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ട് ലീഗ് നടത്തിയ ഇടപെടലുകളും ഉമ്മൻ ചാണ്ടി നടത്തിയ കീഴടങ്ങലും യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പദവിയിൽ വരെ നടക്കുന്ന വർഗീയമായ വീതം വയ്പ്പുകളും സുകുമാരൻ നായരും വെള്ളാപള്ളിയും നടത്തിയ ഇടപെടലുകളും ബിഷപ്പുമാർ നടത്തിയ വിലപേശലുകളും എന്തിനേറെ ഇപ്പോൾ നിലമ്പൂർ സംഭവത്തിന്റെ പേരിൽ ആര്യാടൻ മുഹമദിനെ പുറത്താക്കി പകരം കോൺഗ്രസിലെ മുസ്ലിം മന്ത്രി ആകാൻ വർക്കല കഹാർ നടത്തുന്ന നീക്കങ്ങളും വരെ ഈ നാണം കെട്ട വർഗീയ നാടകങ്ങളുടെ അടയാളങ്ങളാണ്.
ഇത്തരം നാടകങ്ങളിൽ ഏറ്റവും ഭീതിദമായിരുന്നു എൻഎസ്എസ് പ്രസിഡന്റ് സുകുമാരൻ നായർ നടത്തിയ കടന്നാക്രമണവും ശാസിക്കാനും ശിക്ഷിക്കാനും അധികാരം ഉണ്ടെന്ന മട്ടിൽ രമേശ് ചെന്നിത്തല നടത്തിയ പ്രതികരണങ്ങളും. പെരുന്നയിൽ കയറിയിറങ്ങി കേന്ദ്രമന്ത്രിയായ വേണുഗോപാലും ആഭ്യന്തര മന്ത്രിയായ ചെന്നിത്തലയും ഇതിന്റെ ഉപോൽപന്നങ്ങളാണ്. ചെന്നിത്തലയെ ആഭ്യന്തര മന്ത്രി ആക്കുന്നത് തടയാൻ തിരുവഞ്ചൂരിന് ആ പദവി കൊടുത്തതും ഇതേ ജാതി രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു.
മന്ത്രി ആകാൻ മാത്രമല്ല കെപിസിസി പ്രസിഡന്റ് ആകാൻ പോലും സമുദായ നേതാക്കളുടെ കത്ത് വാങ്ങിയ നാണം കെട്ട കളികൾ ഈ നാളുകളിൽ നമ്മൾ കണ്ടു. അവരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ഒരു നിയമനമായിരുന്നു വിഎം സുധീരന്റെ സ്ഥാനലബ്ധി. സുധീരന്റെ നിയമനത്തിൽ ഞെട്ടിപ്പോയ പലരും നിശബ്ദത പാലിച്ചപ്പോൾ ഇതുവരെ കേരളത്തെ വർഗ്ഗീയമായ മലീമസമാക്കാൻ മുഖ്യ പങ്കുവഹിച്ചവരിൽ ഒരാളായ വെള്ളാപ്പള്ളി നടേശൻ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു ശ്രമം നടത്തി. സുധീരസ്തുതികൾ ഏൽക്കുന്നില്ലെന്നു കണ്ട് വിമർശിച്ചു നോക്കിയെങ്കിലും പ്രയോജനമൊന്നും കാണാതെവന്നപ്പോൾ വെള്ളാപ്പള്ളി വാപൂട്ടി വീട്ടിൽ ഇരിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്.
കണിച്ചുകുളങ്ങരയിൽ പോകാൻ മടിച്ച സുധീരൻ സമുദായത്തോടല്ല സമുദായ നേതൃത്വത്തോടാണ് വിയോജിപ്പ് എന്നു വ്യക്തമായ സന്ദേശം നൽകിക്കൊണ്ടാണ് ശിവഗിരിയിൽ പോയി സമാധിയിൽ പ്രാർത്ഥന നടത്തി മടങ്ങിയത്. അതേ സന്ദേശം നൽകാൻ ഉദ്ദേശിച്ചുതന്നെ ആയിരുന്നു മന്നം സമാധിയിൽ പോയെങ്കിലും സുകുമാരൻ നായരെ ഓഫീസിൽ പോയി കാണാൻ കൂട്ടാക്കാതെ സുധീരൻ മടങ്ങിയത്. തന്റെ പ്രമാണിത്ത്വം നിലനിർത്തണമെന്ന് ആഗ്രഹിച്ചിരുന്നതുകൊണ്ടാണ് സുധീരൻ വരുന്നതിനു മുമ്പു സമാധി വിട്ട് നായർ മുറിയിലേക്ക് പോയത്. നായരെ വീട്ടിൽ പോയി കാണാതെ മടങ്ങിയത് ആ അഹന്തക്കേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു.
സമുദായ നേതാക്കളോട് നിശ്ചിത അകലംപാലിച്ച് അധികപ്രസംഗം പറയുമ്പോൾ അതു ചൂണ്ടിക്കാട്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പിണറായി വിജയന്റെ വഴി തന്നെയാണ് സുധീരനും എന്ന് വേണം ഈ സംഭവത്തിലൂടെ മനസ്സിലാക്കാൻ. സിപിഐ(എം) നേതാക്കൾ പോലും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അരമനകളിലുംമറ്റും കയറിയിറങ്ങുന്ന സാഹചര്യത്തിൽ മെത്രന്മാരെയും വെള്ളപ്പള്ളിമാരെയും സുകുമാരന്മാരെയും കയ്യകലത്തിൽ നിർത്തിയാണ് പിണറായി കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്.
രമേഷ് ചെന്നിത്തലക്കെതിരെ സുകുമാരൻ നായർ ആഞ്ഞടിച്ചപ്പോൾ മുതലെടുപ്പിന് ശ്രമിക്കാതെ, സമുദായ നേതാക്കൾ രാഷ്ട്രീയത്തിൽ ഇടപ്പെടരുതെന്ന് ശക്തമായ മുന്നറിയിപ്പ് നൽകാൻ പിണറായി വിജയനു മാത്രമാണ് സാധിച്ചത്. അമൃതാന്ദമയി വിഷയത്തിൽ സർക്കാറും നേതാക്കളും അമ്മയുടെ സ്തുതി പാഠങ്ങൾ ചൊല്ലിയപ്പോൾ പ്രതികരിക്കാൻ പിണറായി നടത്തിയ തന്റേടം അംഗീകരിക്കപ്പെടേണ്ടതാണ്. അമൃതാന്ദമയി മഠത്തിലെ സംഭവത്തിൽ വ്യക്തമായ ഒരു നിലപാട് എടുക്കാൻ സുധീരന് സാധിച്ചില്ലെങ്കിലും സുകുമാരൻ നായരുടെ അഹന്തയെ അംഗീകരിക്കാതിരുന്നതും വെള്ളാപ്പള്ളിയെ നിശബ്ദനാക്കിയതും മാതൃകാപരം തന്നെയാണ്. രാഷ്ട്രീയമായ അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിലും മതനേതാക്കളുടെ അനാവശ്യമായ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കാൻ സഖാവ് പിണറായിയും ശ്രീ വിഎം സുധീരനും ഒരുമിച്ച് നിൽക്കേണ്ട സമയമായിരിക്കുന്നു.
ഇവർ രണ്ടുപേരും ഒരുമിച്ചുനിന്നാൽ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും ഒപ്പം നിൽക്കും. മതനേതാക്കൾ സമുദായത്തിന്റെ കാര്യം മാത്രം നോക്കുകയും സമൂഹത്തിന്റെ പൊതുകാര്യം രാഷ്ട്രീയ നേതാക്കൾ നോക്കുകയും ചെയ്യുന്നൊരു വ്യവസ്ഥയാണ് ആരോഗ്യപരമായ ജനാധിപത്യത്തിൽ ആവശ്യം. സ്വാമി വിവേകാന്ദൻ പറഞ്ഞതുപോലെ മതത്തിന്റെ പേരിൽ കേരളം ഒരു ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ നേതാക്കൾ അൽപംപോലും അമാന്ത്#ിക്കാതെ ഉറച്ച കൂട്ടുകെട്ടുണ്ടാക്കട്ടെ. നീണ്ടുപരക്കുന്ന ഇരുട്ടിൽ മങ്ങിക്കത്തുന്ന വെളിച്ചമായിരിക്കും ഈ കൂട്ടുകെട്ട്. അത് ഇനി വൈകില്ല എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.