പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം സമാപിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറുടെ തെരഞ്ഞെടുപ്പ് എന്നീ രണ്ട് കാര്യങ്ങൾ മാത്രം അജണ്ടയിലുള്ള ഈ സമ്മേളനം നിയമസഭയുടെ ചരിത്രത്തിൽ എന്തെങ്കിലും പ്രാധാന്യം ഉള്ള ഒന്നായിരുന്നില്ല. എന്നാൽ രണ്ട് ദിവസത്തെ യാന്ത്രികമായ സമ്മേളനത്തിൽ ദൃശ്യമായ ചില സൂചനകൾ ഉണ്ട്. അത് വരുന്ന അഞ്ച് വർഷം കേരളം എങ്ങനെ ആയിരിക്കും എന്നതിനുള്ള അടയാളമാണ് എന്ന് പറയാതെ വയ്യ.

ഈ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധേയമായത് സ്വതന്ത്ര എംഎൽഎ ആയ പിസി ജോർജും ബിജെപി എംഎൽഎ ആയ ഒ രാജഗോപാലുമാണ്. ഇവർ രണ്ടാമായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം എന്നതുകൊണ്ട് തന്നെ അവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതിൽ അത്ഭുതമില്ല. ഇടത് അല്ലെങ്കിൽ വലത് എന്ന സംവിധാനത്തിന് പുറത്ത് ആദ്യമായി രണ്ട് എംഎൽഎമാർ ഉണ്ടാവുന്നത് ഇപ്പോൾ ആയതിനാൽ ഇവർക്ക് ലഭിക്കുന്ന ശ്രദ്ധയും ശ്രദ്ധേയമാണ്. ജോർജ് ശ്രദ്ധേയമായത് ഒരു പരിധി വരെ തന്റെ സ്വതസിദ്ധമായ വ്യത്യസ്തത കൊണ്ടാണെങ്കിൽ രാജഗോപാൽ ശ്രദ്ധേയനായത് ബിജെപിയുടെ കേരള ചരിത്രത്തിലെ ആദ്യ എംഎൽഎ എന്ന നിലയിലും മാന്യവും കൃത്യവുമായ നിലപാടിന്റെയും പേരിലാണ്.

പ്രത്യേകിച്ച് റോളുകൾ ഒന്നും ഇല്ലാതിരുന്നിട്ടും രാജഗോപാലിന്റെ സൗമ്യമായ പെരുമാറ്റവും വ്യക്തമായ അഭിപ്രായവും വ്യക്തമാക്കുന്നത് നേമത്തെ ജനങ്ങളുടെ വോട്ട് പാഴായില്ല എന്നുതന്നെയാണ്. ഇടത് പക്ഷവും വലതുപക്ഷവും തൊട്ടുകൂടാത്തവരായി പ്രഖ്യാപിച്ച ബിജെപിയുടെ സ്ഥാനാർത്ഥിയായി വിജയിച്ച രാജഗോപാൽ ആദ്യ ദിവസം നിയമസഭയിലെ കാരണവരെപ്പോലെയാണ് ആളുകളുമായി ഇടപെട്ടത്. രണ്ടാം ദിവസം സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ തനിക്ക് ലഭിച്ച വോട്ടവകാശം പാഴാക്കാതിരിക്കാനുള്ള വിവേകം അദ്ദേഹം കാണിച്ചു. യുഡിഎഫ് നാമമാത്രമായി നിർത്തിയ വി പി സജീന്ദ്രനെക്കാളും എന്തുകൊണ്ടും അർഹനായ ശ്രീരാമകൃഷ്ണന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധമാണ് രാജഗോപാൽ വോട്ട് ചെയ്തത്.

യുഡിഎഫ് സ്ഥാനാർത്ഥിക്ക് രാജഗോപാലിന്റെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് മുൻകൂട്ടി പ്രഖ്യാപിച്ചതുകൊണ്ട് തന്നെ അങ്ങനെ ഒരു കാര്യം ആലോചിക്കേണ്ട കാര്യമില്ല. സ്പീക്കർ ആകാൻ എന്തുകൊണ്ടും യോഗ്യനായ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതും അത് പരസ്യമായി പറഞ്ഞതും രാജപോപാലിന്റെ മാന്യതയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ നിയമസഭയുടെ മീഡിയ റൂമിൽ പത്രസമ്മേളനം നടത്തി അർത്ഥശങ്കയില്ലാതെ കൃത്യവും വ്യക്തവുമായി തന്നെ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് എന്തുകൊണ്ട് എന്നു രാജഗോപാൽ വ്യക്തമാക്കുകയായിരുന്നു. വിഷയാടിസ്ഥാനം ആയിരിക്കും തന്റെ സമീപനം എന്നും അനുസരിച്ച് ശ്രീരാമകൃഷ്ണൻ സ്പീക്കർ ആകാൻ അർഹനാണെന്നും രാജഗോപാൽ വ്യക്തമാക്കി.[BLURB#1-H]

വളരെയേറെ പ്രതീക്ഷാനിർഭരമായിരുന്നു രാജഗോപാലിന്റെ നിലപാട്. വാസ്തവത്തിൽ പ്രതിപക്ഷത്തിന്റെ ചുമതല എന്ന് പറയുന്നത് എല്ലാത്തിനെയും കണ്ണുമടച്ച് എതിർക്കുകയല്ല, നേരെ മറിച്ച് വിഷയാധിഷ്ടിതമായ നിലപാട് സ്വീകരിക്കുകയാണ്. നിർഭാഗ്യവശാൽ കാലാകാലങ്ങളായി നമ്മുടെ പ്രതിപക്ഷങ്ങൾ സ്വീകരിച്ച് പോരുന്നത് വിദ്വേഷം കലർന്ന എതിർപ്പിന്റെ രാഷ്ടീയമാണ്. നിയമസഭയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധി അതിൽ നിന്നും മാറി സമൂഹത്തിന്റെ താൽപ്പര്യം മാത്രം കണക്കിലെടുത്ത് നിലപാട് എടുക്കുന്നു എന്നത് ഏതൊരു കേരളീയനെയും ആഹ്ലാദിപ്പിക്കുന്നതാണ്.

അതേസമയം പ്രധാന പ്രതിപക്ഷമായ യുഡിഎഫിന്റെ നിലപാട് തുടക്കത്തിലേ നിരാശാജനകമാണ് എന്ന് പറയാതെ വയ്യ. പ്രതിപക്ഷം എന്നാൽ ഭരണപക്ഷം ചെയ്യുന്ന എല്ലാത്തിനെയും കുറ്റം പറയണം എന്നുള്ള ചിന്തയാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നത് എന്ന് വ്യക്തമാകുന്നത് ആയിരുന്നു ആദ്യ ദിവസത്തെ പ്രകടനം. ഒ രാജഗോപാൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത് ബിജെപി - സിപിഐ(എം) ബന്ധത്തിന്റെ അടയാളമാണെന്ന് പറയാൻ വേണ്ടിയാണ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ പത്രസമ്മേളനം വിളിച്ചത് എന്നോർക്കണം.[BLURB#2-VL]

91 എംഎൽഎമാരുള്ള എൽഡിഎഫിന് ഒരു കാരണവശാലും ബിജെപിയുടെ ഒരു വോട്ടിന്റെ ആവശ്യം ഇല്ലെന്നും അതിനു വേണ്ടി ഒരു തരത്തിലുള്ള സഖ്യത്തിനും ശ്രമിക്കില്ലെന്നും സാമാന്യ ബോധമുള്ള ആർക്കുമറിയം. എന്നാൽ, പ്രതിപക്ഷ നേതാവിനെ പോലെ അഹങ്കാരികൾ അല്ലാത്തതിനാൽ ഒരു വോട്ടും തങ്ങൾക്ക് വേണ്ട എന്നും അവർ പറഞ്ഞില്ല. അതുകൊണ്ട് അത് ബിജെപി ബന്ധത്തിന്റെ അടയാളമാണ് എന്ന് പറയുന്നത് കോൺഗ്രസ്സുകാർ പോലും വിശ്വസിക്കാത്ത വാദം ആണ് എന്നറിഞ്ഞെന്നും അതു പറയുന്നു എന്നു പറയുമ്പോൾ അറിയാം പ്രതിപക്ഷം എത്ര പാപ്പരായ സമീപനമാണ് എടുക്കുന്നത് എന്ന്. സത്യം അല്ല എന്നറിഞ്ഞിട്ടും പരിതപിക്കാത്തിന്റെ കടമ ഇതാണ് എന്ന് വിശ്വസിച്ച് നുണകൾ പറയുന്നതും അനാവശ്യമായി എതിർപ്പ് പ്രഖ്യാപിക്കുന്നതും അധാർമ്മികമാണ് എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

സിപിഎമ്മിന്റെ ബിജെപി ബന്ധത്തെക്കാൾ പ്രധാനമായും ചർച്ച ചെയ്യുന്നത് സ്വന്തം പോക്കറ്റിലെ ഒരു വോട്ട് എങ്ങനെ ചോർന്നു എന്നത് തന്നെ് ചെന്നിത്തല വിസ്മരിച്ചു. ആരും മനഃപൂർവ്വം ചെയ്തതല്ലെന്നും ആദ്യമായി സഭയിൽ എത്തിയ ആർക്കെങ്കിലും പരിചയക്കുറവ് മൂലം സംഭവിച്ച അബദ്ധം ആകാം എന്നുമാണ് ചെന്നിത്തല നൽകുന്ന വിശദീകരണം. ആകെ രണ്ട് സ്ഥാനാർത്ഥികൾ മത്സരിക്കുകയും ഗുണന ചിഹ്നം ഇട്ടു വോട്ടു ചെയ്യുകയും ചെയ്യേണ്ട ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോലും അറിയാത്ത ഏതോ ഒരു മണ്ടനെ കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തു അവരുടെ ജനപ്രതിനിധി ആക്കിയിരിക്കുന്നു എന്ന നാണക്കേടാണ് ഈ പ്രഖ്യാപനം വഴി ചെന്നിത്തല സ്വയം ഏറ്റെടുത്തത്. ആ മണ്ടൻ ആരാണെന്ന് കണ്ടെത്തി അടുത്ത തവണ സീറ്റ് കൊടുക്കാതിരിക്കാനുള്ള വകതിരിവ് കോൺഗ്രസ്സ് കാട്ടണം.

മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ ചെന്നിത്തലയ്ക്ക് ഭാഗ്യം കൊണ്ട് ലഭിച്ച പദവിയാണ് പ്രതിപക്ഷ നേതാവിന്റേത്. ക്രിയാത്മ പ്രതിപക്ഷം എന്നൊക്കെ പറഞ്ഞ് പേരെടുക്കാൻ ശ്രമിച്ചെങ്കിലും ആദ്യദിനം തന്നെ എടുത്ത നിലപാടുകൾ ഒട്ടും ആശാവഹമല്ല. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം ഉണ്ടായ പരസ്യധൂർത്തു മുതൽ അദ്ധ്യാപകന്റെ പ്രൊമോഷൻ വരെയുള്ള വിഷയങ്ങളെ കുറിച്ച് മൗനംപാലിച്ച ചെന്നിത്തല ബിജെപി ബന്ധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് പറയുമ്പോൾ അറിയാം അദ്ദേഹം എത്രമാത്രം പരാജയപ്പെട്ടുവെന്ന്. ഈ അവസ്ഥയിലാണ് ഇദ്ദേഹം പ്രതിപക്ഷത്തെ നയിക്കാൻ പോകുന്നതെങ്കിൽ പിണറായി വിജയന് തുടർഭരണം ഉറപ്പാക്കുകയായിരിക്കും ചെയ്യുക എന്ന് പ്രത്യേകം പറയേണ്ടതില്ല.[BLURB#3-VR]

എന്നുമാത്രമല്ല കേരളത്തിൽ ഈ അഞ്ച് വർഷക്കാലം കൊണ്ട് ബിജെപിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കി കൊടുക്കാനും ചെന്നിത്തലയുടെ പ്രതിപക്ഷ ഭരണത്തിന് സാധിക്കും. രാജഗോപാലിനെ പോലെ സൗമ്യനും ശക്തനുമായ ഒരാളുടെ നിയമസഭ പ്രാതിനിധ്യം മാത്രം മതിയാവും ബിജെപിയുടെ അടിത്തറ വളരാൻ. അതുകൊണ്ടാണ് പി ടി തോമസിനെയും, വി ടി ബൽറാമിനെയും, വി ഡി സതീശനെയും പോലെയുള്ളവർ എത്രയും വേഗം രംഗത്തിറങ്ങി പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഞങ്ങൾക്ക് നിർദ്ദേശിക്കാനുള്ളത്. എല്ലാം പ്രതിപക്ഷ നേതാവ് ചെയ്യും എന്ന് കരുതി മിണ്ടാതിരുന്നാൽ അടുത്ത തവണ പ്രതിപക്ഷത്തു പോലും ഇരിക്കാൻ കോൺഗ്രസിന് കഴിഞ്ഞെന്നു വരില്ലെന്ന് മറക്കരുത്. കേന്ദ്രത്തിൽ കോൺഗ്രസിന് പറ്റിയ അതേഅബദ്ധം കേരളത്തിലും ആവർത്തിക്കാതിരിക്കാൻ നേതൃത്വം ഉടൻ നടപടി എടുക്കേണ്ടിയിരിക്കുന്നു.