പിണറായി സർക്കാർ അധികാരമേറ്റിട്ട് ഒരു ആഴ്‌ച്ച തികയാൻ ഇനിയുമുണ്ട് രണ്ട് ദിവസങ്ങൾ കൂടി. അതിനിടയിൽ എന്തുകൊണ്ടാണ് ഇത്രയധികം വിവാദങ്ങൾ ഈ സർക്കാരിനെ തേടി എത്തിയത്? അത് പ്രതിപക്ഷത്തിന്റെ പ്രശ്‌നമാണ് എന്ന് പറയാൻ വയ്യ. അപ്പോൾ തീർച്ചയായും വിവാദങ്ങളുടെ ഉത്തരവാദിത്വം സർക്കാരിന് തന്നെയാണ്. ഈ വിവാദങ്ങൾ ഒക്കെ സർക്കാർ മനഃപൂർവ്വം വിളിച്ചു വരുത്തുന്നതാണ് എന്ന് ഓരോ വിവാദത്തെക്കുറിച്ചും വ്യക്തതയോടെ മുഖ്യമന്ത്രി പ്രതികരിക്കുമ്പോൾ ബോധ്യമാകും. മുല്ലപ്പെരിയാർ മുതൽ ആതിരപ്പള്ളി വരെയുള്ള വിഷയങ്ങളിൽ പിണറായി വിജയൻ നടത്തിയത് വ്യക്തമായ പ്രതികരണമാണ്. ഈ വ്യക്തതതയും സത്യസന്ധതയും ആദരിക്കപ്പെടേണ്ടത് തന്നെയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇല്ലാതിരുന്നതും ഇതുതന്നൊയിരുന്നു. ങേ..ങേ.. എന്ന് വിക്കിക്കൊണ്ട് വിഷയം മാറ്റാൻ വിദഗ്ദ്ധൻ ആയിരുന്നു ഉമ്മൻ ചാണ്ടി.

പ്രകടന പത്രിക എന്നത് കള്ളം പറയാനുള്ള ഇടമാണോ?

മുല്ലപ്പെരിയാർ വിഷയത്തിൽ ആയിരുന്നു പിണറായി വിജയന്റെ ഈ കൃത്യത ഏറ്റവും ശക്തമായി പ്രതിഫലിച്ചത്. ഇന്നുവരെ കേരളം ഉയർത്തിപ്പിടിച്ച നിലപാടിൽ നിന്നുള്ള ഒരു മാറ്റം ആയിരുന്നു പിണറായിയുടേത്. നമ്മൾ ദുർബലമെന്നും അവർ ശക്തമാണെന്നും പറയുന്ന അണക്കെട്ട് എന്ന വിശേഷണം തന്നെ പതിറ്റാണ്ടുകളായി കേരളം ഉയർത്തിപ്പിടിച്ച നിലപാടിനെ ദുർബലമാക്കി. മാദ്ധ്യമങ്ങൾ അതൊരു വലിയ വിവാദമാക്കി മാറ്റിയപ്പോൾ വിശദീകരണവുമായി എത്തിയ പിണറായി ഞാൻ ഇന്നലെ പറഞ്ഞിടത്ത് തന്നെയാണ് ഇന്നും നിൽക്കുന്നത് എന്നു പറഞ്ഞാണ് നിലപാട് വ്യക്തമാക്കിയത്. പഴയ സർക്കാരുകളുടെ അതേ നിലപാട് തന്നെ പുതിയ സർക്കാർ എല്ലാ വിഷയത്തിലും എടുക്കണമെന്നില്ല. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് മാറിയതിനെ കുറ്റം പറയാൻ സാധിക്കില്ല. എന്ന് മാത്രമല്ല ഇതുവരെ നമ്മൾ എടുത്ത നിലപാടുകൾ കൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടാകാത്ത സ്ഥിതിക്ക് ഒരു നിലപാട് മാറ്റം നല്ലതാണ്. ഡാം സുരക്ഷിതം ആണെങ്കിൽ പിന്നെ അത് പുതിയ ഡാം പണിയണം എന്ന ആവശ്യം തന്നെ അപ്രസക്തമാണ്.

എന്നാൽ ഇവിടെ ഒരു വലിയ പ്രശ്‌നം അവശേഷിക്കുന്നുണ്ട്. പ്രതിപക്ഷത്തിരുന്നപ്പോൾ വിദഗ്ദ്ധ സമിതി റിപ്പോർട്ട് അംഗീകരിക്കാൻ പറ്റില്ലെന്നും മുല്ലപ്പെരിയാറിൻ തീരത്തെ ജനങ്ങളുടെ ജീവൻ അപകടത്തിൽ ആണെന്നും പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനം എന്തായിരുന്നു? മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് എൽഡിഎഫ് പ്രകടന പത്രികയിൽ ചേർത്തത് ഇതേക്കുറിച്ചൊന്നും വായിക്കുകയോ പഠിക്കുകയോ ചെയ്യാതെ ആയിരുന്നോ? അതോ പ്രകടന പത്രിക എന്നത് ഒരു വെറും തട്ടിപ്പാണ് എന്നും അതൊന്നും ആരും കാര്യമാക്കേണ്ടതില്ല എന്നും പരസ്യമായി പറയുകയാണോ ഇതുവഴി ചെയ്യുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ നടത്തുന്ന സമരങ്ങൾ ആത്മാർത്ഥതയില്ലാതെയുള്ള കടമ നിറവേറ്റലും ജനങ്ങളുടെ കണ്ണിൽ പൊടിയിടലുമാണ് എന്ന ആരോപണത്തിന് അടിവരയിടുകയാണ് ഈ നിലപാട് മാറ്റം. ഈ അവസ്ഥ ജനാധിപത്യത്തിന് ഒട്ടും ഭൂഷണം അല്ല എന്നും ഒരു തരത്തിലുള്ള ജനവഞ്ചനയാണ് എന്നും പറയാതെ വയ്യ.[BLURB#1-H]

അധികാരത്തിൽ എത്തി രണ്ടാമത്തെ ദിവസം തന്നെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട ഒരു നിലപാട് തള്ളിക്കളയുന്നത് ആ പ്രകടന പത്രികയുടെ വെളിച്ചത്തിൽ അധികാരത്തിൽ എത്തിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്ന് പറയാതെ വയ്യ. ഇത്ര കൃത്യതയോടും ഇത്ര ഉറപ്പായും ഒരു നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ എന്തുകൊണ്ട് അതിന് വ്യത്യസ്തമായ നിലപാട് പ്രകടന പത്രികയിൽ എഴുതി ചേർത്തു എന്ന് വിശദീകരിക്കേണ്ട ചുമതലയുണ്ട്. സത്യസന്ധത എന്നത് ഒരു നല്ല ഭരണാധികാരിയുടെ മികച്ച ലക്ഷണം ആയി കണക്കാക്കേണ്ടതിനാൽ ഇനി മേൽ പ്രകടന പത്രിക ആരും ഗൗരവത്തോടെ എടുക്കരുതെന്നും അതൊരു തമാശ മാത്രം ആയിരുന്നു എന്നും പ്രഖ്യാപിക്കാനുള്ള മര്യാദ എങ്കിലും പിണറായി വിജയൻ കാണിക്കേണ്ടതാണ്.

പൊലീസിൽ രാഷ്ട്രീയം കലർത്തി കുട്ടിക്കുരങ്ങന്മാരാക്കരുത്

[BLURB#2-VL]ഇന്നത്തെ പ്രധാന ചർച്ചാ വിഷയം ഡിജിപി സ്ഥാനത്ത് നിന്നുള്ള സെൻകുമാറിന്റെ സ്ഥാനചലനം ആണ്. യുഡിഎഫ് സർക്കാർ മൂലക്കിരുത്തിയ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കി നിയമിച്ചത് രാഷ്ട്രീയമായി നടത്തിയെന്ന് പറയുമ്പോഴും സെൻകുമാറിന്റെ കാര്യത്തിൽ കാട്ടിയത് അങ്ങേയറ്റം നീതി നിഷേധമാണ്. സാങ്കേതികമായി അതിനുള്ള അവകാശം സർക്കാരിന് ഉണ്ടായെന്ന് വരാം. പക്ഷെ അത് കീഴ്‌വഴക്കങ്ങളുടെ ലംഘനവും പൊലീസിനെ രാഷ്ട്രീയവൽക്കരിച്ചു കൊണ്ടുള്ള ചെന്നിത്തല മോഡൽ പൊലീസ് ഭരണത്തിന്റെ ആവർത്തനവുമാണ് എന്ന് പറയാതെ വയ്യ. ഭരണ നിർവ്വഹണ ചുമതലയുള്ള ഡിജിപിയായി നിയമിക്കാൻ സീനിയോറിറ്റിയും കാര്യക്ഷമതയും ഒരുപോലെ പരിഗണിക്കേണ്ടതാണ്. അതിൽ തന്നെ സീനിയോറിറ്റിക്ക് ആയിരിക്കണം മുൻഗണന നൽകേണ്ടത്. അല്ലെങ്കിൽ ഒഴിവാക്കപ്പെടുന്നയാളുടെ ട്രാക്ക് റെക്കോർഡിൽ നിയമം ലംഘനമോ അഴിമതിയോ ഒക്കെ ചൂണ്ടിക്കാട്ടാൻ കഴിയണം.

സെൻ കുമാറിന്റെ കാര്യത്തിൽ അത്തരം മര്യാദകൾ ഒന്നും സർക്കാർ പാലിച്ചില്ല. സത്യസന്ധനും കാര്യക്ഷമതയുമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മികച്ച പേരെടുത്ത ഉദ്യോഗസ്ഥനാണ് സെൻകുമാർ. വളയാത്ത നലട്ടെല്ലുള്ള സെൻകുമാറിന്റെ ഇടപെടലായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പല വൻകിട അഴിമതികൾക്കും തടസ്സമായി നിന്നത്. ഓപ്പറേഷൻ കുബേര എന്ന പേരിൽ കോടിക്കണക്കിന് രൂപ ഒരു മന്ത്രിയും ചില പൊലീസ് ഉദ്യോഗസ്ഥരും കീശയിലാക്കി കൊണ്ടിരുന്നപ്പോൾ അത് തടയാൻ തന്റേടമുള്ള ഒരു പൊലീസുകാരൻ തന്നെ തലപ്പത്ത് വരണം എന്നു കൂടി കണക്കിലെടുത്താണ് സെൻകുമാർ നിയമിതനാകുന്നത്. ഓപ്പറേഷൻ കുബേര അവസാനിപ്പിച്ച് ആ കൊള്ള തടയാൻ അന്ന് സെൻകുമാറിന് സാധിച്ചിരുന്നു. ജിഷ വധക്കേസ്, പുറ്റിങ്ങൽ അപകടം മുതലായ വിഷയങ്ങളിൽ പൊലീസ് തലവൻ എന്ന നിലയിൽ ധാർമ്മിക ഉത്തരവാദിത്വം ഉണ്ടെങ്കിലും അതൊന്നും സെൻകുമാറിനെ തള്ളിപ്പറയാൻ പറ്റിയ വിഷയങ്ങൾ ആയിരുന്നില്ല. എന്നിട്ടും ഒരു കാരണവും ഇല്ലാതെ ഭരണചുമതല വഹിച്ചിരുന്ന ഒരാളെ തികച്ചും അപ്രധാനമായ പൊലീസ് കൺസ്ട്രക്ഷൻ കോപ്പറേഷൻ തലപ്പത്തേക്ക് മാറ്റിയത് അങ്ങേയറ്റം നീതികേടും രാഷ്ട്രീയവൽക്കരണവുമാണ്.

രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതെ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു പൊലീസ് ആണ് ജനങ്ങളുടെ സുരക്ഷയും സ്വത്തും സംരക്ഷിക്കാൻ അത്യാവശ്യമായി വേണ്ടത്. എന്നാൽ, ഭരിക്കുന്ന സർക്കാരുകൾക്ക് പൊലീസിന് കയറൂരി വിടുക സാധ്യവുമല്ല. എന്നിരുന്നാലും പൊലീസിന്റെ ആത്മാഭിമാനത്തിന് മുറിവേൽക്കാതെ വേണം തീരുമാനങ്ങൾ എടുക്കാൻ. ഇന്നലെ വരെ കേരളത്തിലെ പൊലീസിന്റെ തലവനായിരുന്നു ഒരാളെ യാതൊരു പ്രാധാന്യവുമില്ലാത്ത മറ്റൊരു പദവിയിൽ ഇരുത്തുകയും ഇദ്ദേഹത്തിന്റെ ജൂനിയർ ഉദ്യോഗസ്ഥനുമായ ഒരാൾ ഭരിക്കുകയും ചെയ്യുന്നത് പാലീസിന്റെ ആത്മവീര്യം കെടുത്തുമെന്ന് തീർച്ചയാണ്. മാത്രമല്ല സീനിയോറിറ്റിയിൽ രണ്ടാമനും സത്യസന്ധനുമായ ജേക്കബ് തോമസിനെയും മറികടക്കാനാണ് ലോക്‌നാഫ് ബെഹ്‌റയെ ഡിജിപിയായി സ്ഥാനകയറ്റം നൽകി നിയമിച്ചത്. സെൻകുമാറിനെ മാന്യമായി റിട്ടയർ ചെയ്യാൻ അനുവദിക്കുകയും തുടർന്നാണ് സീനിയോറിറ്റിയിൽ മൂന്നാമനായ ബെഹ്‌റയെയും ഡിജിപി ആക്കുകയായിരുന്നു അതിന്റെ മര്യാദ. ഒരുപൊലീസ് ഉദ്യോഗസ്ഥൻ അനുസരണക്കേട് കാണിച്ചാൽ അത് നിയന്ത്രിക്കാനുള്ള കഴിവ് സർക്കിന് ഉണ്ടാവേണ്ടതാണല്ലോ.[BLURB#3-H]

അതിരപ്പള്ളി: മണ്ണിനോടും മനുഷ്യനോടുമുള്ള വെല്ലുവിളി

ഊർജ്ജാവശ്യങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾക്ക് മുൻഗണന നൽകുന്നത് മികച്ച ഭരണാധികാരിയുടെ ലക്ഷണം തന്നെയാണ്. കാരണം എല്ലാ വികസനത്തിന്റെയും അടിസ്ഥാനം ഇടവേളയില്ലാത്ത ഊർജ്ജ ലഭ്യതയാണ്. അതുകൊണ്ടു തന്നെ പരമാവധി വൈദ്യുതി ഉണ്ടാക്കാനും മറ്റ് ഊർജ്ജ ആവശ്യങ്ങൾക്ക് തടസം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും പിണറായി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണ്. എന്നാൽ അതിനുവേണ്ടി പ്രകൃതിയേയും മനുഷ്യനെയും ആദിവാസികളെയും ഒക്കെ ഒറ്റുകൊടുക്കുന്നത് ഒരു ഇടതുപക്ഷ പാർട്ടിക്ക് പറ്റിയ രീതിയല്ല. അതിരപ്പള്ളി ഉണ്ടാക്കുന്ന ദുരന്തം ഒട്ടേറെ തവണ ചർച്ച ചെയ്യപ്പെട്ടതാണ്. കേരളത്തെ ലോക പ്രശസ്തമാക്കിയ ഒരു വെള്ളച്ചാട്ടത്തിന്റെ മരണം, ആദിവാസികളും കർഷകരുമായ അനേകം പേരുടെ കുടിയിറക്ക്, 200 ഹെക്ടറിലധികം വനത്തിന്റെ നഷ്ടം തുടങ്ങിയ ഒട്ടേറെ ദുരന്തങ്ങളാണ് ഈ അണക്കെട്ട് സമ്മാനിക്കുന്നത്. അതിന് പകരമായി ലഭിക്കുന്നത് വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതിയേക്കാൾ നഷ്ടമാണ് എന്നതാണ് വിദഗ്ദ്ധർ പറയുന്നത്. എന്നിട്ടും ഈ അണക്കെട്ടിന് വേണ്ടി ഭരണമേറ്റതിന്റെ പിറ്റേന്ന് തന്നെ നിലപാട് എടുക്കുന്നത് നിരാശാജനകമാണ്.

[BLURB#4-VR] സോളാർ അടക്കമുള്ള പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ കണ്ടെത്തുക, ഉപഭോഗത്തിൽ അച്ചടക്കം ഉണ്ടാക്കുക, പ്രസരണ നഷ്ടം ഇല്ലാതാക്കുക, നിലവിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും പരമാവധി ഉപയോഗിക്കുക തുടങ്ങിയവയ്ക്ക് മുൻഗണന നൽകാതെ പുതുയൊരു പദ്ധതിയുമായി പോകുന്നതിന്റെ ലക്ഷ്യം ഒട്ടും നല്ലതാണെന്ന് പറയാൻ കഴിയില്ല. നിലവിലുള്ള പല അണക്കെട്ടുകളും അതിന്റെ ശേഷിയുടെ പാതി പോലും ഉപയോഗിക്കുന്നില്ല. കൂടംകുളത്തു നിന്നും കുറഞ്ഞ നിരക്കിൽ എറണാകുളത്തിന് കിട്ടുന്ന വൈദ്യുതിലൈൻ വലിക്കാൻ മടിയുള്ളതുകൊണ്ട് മാത്രം നഷ്ടമാകുന്നത്. ഗെയിൽ പൈപ്പ് ലൈൻ നിർമ്മിക്കാത്തത് മൂലം 1000 കോടിയോളം രൂപയുടെ പ്രകൃതിവാതകം നഷ്ടമാകുന്നു തുടങ്ങിയ അടിയന്തിരമായി പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങൾ ഉള്ളപ്പോൾ ആണ് പുതിയ നീക്കത്തിന് ശ്രമം നടത്തുന്നത്. ഇത്തരം ശ്രമങ്ങൾ വൈദ്യുതി ലഭ്യമാക്കുകയല്ല, നേരെ മറിച്ച് വലിയ നിർമ്മാണ പ്രവർത്തനങ്ങളുടെ കമ്മിഷൻ ലഭ്യമാക്കുകയാണ് എന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അവരെ എങ്ങനെ പഴിക്കാൻ കഴിയും?

സത്യപ്രതിജ്ഞാ ധൂർത്തും പരസ്യധൂർത്തും അഴിമതിക്കാരന്റെ പുനർനിയമനവും

ഇടത് സർക്കാർ വലിയൊരു വിവാദത്തോടെയായിരുന്നു തുടക്കം കുറിച്ചത്. സൗജന്യമായി രാജ് ഭവൻ ഉപയോഗിക്കാം എന്നിരിക്കെ പതിവ് തെറ്റിച്ച് ഒരു കോടിയോളം ഖജനാവിൽ നിന്നു മുടക്കിയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത്. അന്നത്തെ ദിവസം ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യൻ എക്സ്പ്രസ്സും ഹിന്ദുസ്ഥാൻ ടൈസും അടക്കമള്ള ഒട്ടു മിക്ക ദേശീയ പത്രങ്ങളും ഒന്നാം പേജിൽ പരസ്യം നൽകാൻ പൊടിച്ചത് കോടികൾ ആണ്. മന്ത്രി മന്ദിരങ്ങൾ മോദി പിടിപ്പിക്കില്ല എന്നു പ്രഖ്യാപിച്ചെങ്കിലും മോദി പിടിപ്പിക്കൽ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് മന്ത്രിമാരുടെ എണ്ണം ചെലവ് ചുരുക്കാൻ കുറച്ചതിന് ശേഷം വിഎസിന് കാബിനറ്റ് പദവി നൽകിയതോടെ ആ അവകാശവും പൊളിയുന്നു. ഇത്തരം ധൂർത്തുകളും അതുണ്ടാക്കുന്ന പേരുദേഷവും ഒഴിവാക്കാനുള്ള ഉത്തരവാദിത്വം സർക്കാർ കാണിക്കേണ്ടതായിരുന്നു.

കൺസ്യൂമർ ഫെഡിൽ കോടികൾ ധൂർത്തടിച്ചതിന് സസ്പെൻഷനിലായ സിഐറ്റിയു നേതാവിനെ അധികാരത്തിൽ ഏറിയ ഉടൻ തിരിച്ചെടുത്ത നടപടി ആയിരുന്നു മറ്റൊരു വിഷയം. അത് വിവാദം ആയപ്പോഴേക്കും നടപടി തിരുത്തിയെങ്കിലും ഇത്തരം അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സർക്കാർ ശ്രദ്ധിക്കണം. ഇത് സോഷ്യൽ മീഡിയായുടെ കാലമാണ്. ഒരു അഴിമതിയും മൂടി വയ്ക്കാൻ പറ്റില്ല. പിണറായി വിജയനെ പുകഴ്‌ത്തുന്ന വാർത്തകളായി മാദ്ധ്യമങ്ങൾ മത്സരിച്ചപ്പോൾ സോഷ്യൽ മീഡിയായിൽ പ്രചരിച്ച കഥകൾ മാത്രം മതി ഇതിന് ഉദാഹരണമായി. ഈ വിജുകുട്ടൻ കഥകളിൽ ഒളിഞ്ഞു കിടക്കുന്ന ഒരു കറുത്ത ഹാസ്യം ഉണ്ട്. അത് തന്നെയാവണം ഈ സർക്കാരിനുള്ള മുന്നറിയിപ്പായി എടുക്കേണ്ടത്.