ന്ത്യാ മഹാരാജ്യത്തെ ജനങ്ങൾ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരൊക്കെ ജയിലിൽ കിടക്കണം, ആരൊക്കെ തല്ലുകൊള്ളണം എന്നൊക്കെ തീരുമാനം എടുക്കാൻ ജനശക്തിയുടെ വെറും 0 .0000004525 ശതമാനം മാത്രം വരുന്ന ആളുകളെ തെരഞ്ഞെടുക്കുന്ന സുദിനമാണ് നാളെ. നമ്മുടെ ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ട് പോകണം എന്നു തീരുമാനിക്കാനുള്ള അധികാരം ഈ 543 പേർക്ക് നമ്മൾ കൈമാറുകയാണ്. അഞ്ച് വർഷം കൂടുമ്പോൾ ഒരിക്കൽ മാത്രമാണ് നമുക്ക് അതിനുള്ള അധികാരം ലഭിക്കുന്നത്. 120 കോടി ജനങ്ങൾക്കിടയിലെ വെറും ഒരാളായ നമ്മുടെ വോട്ടിന് എന്ത് വില എന്നു പലപ്പോഴും ചിന്തിക്കാറുണ്ട്. ഈ ചിന്തയാണ് യഥാർത്ഥ രോഗം. എല്ലാവരും അവരുടെ ജീവിതാവസ്ഥയുടെ ബാക്കി പത്രങ്ങൾ നോക്കി തീരുമാനം എടുത്താൽ മാറിമറിയുന്നത് നമ്മുടെ ജീവിതം തന്നെയാകും.

വോട്ട് ചെയ്യാൻ പോകുന്ന ആൾ ആലോചിക്കേണ്ട അനേകം കാര്യങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനം ഏത് നയം പുലർത്തുന്ന സർക്കാരായിരിക്കണം നമ്മളെ ഭരിക്കുക എന്നതാണ്. നമ്മുടെ മുമ്പിലുള്ള പരിമിതമായ സാഹചര്യത്തിൽ മൂന്നു സാധ്യതകൾ മാത്രമേ നമുക്കുള്ളൂ. ശ്രീ നരേന്ദ്രമോദി ലക്ഷ്യമിടുന്ന തീവ്രവലതുപക്ഷ നിലപാടുകളുടെ സർക്കാർ!, ശ്രീ രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന വലതുപക്ഷ സർക്കാർ, പ്രാദേശിക പാർട്ടികൾ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി എന്നിവയാണ് ഇത്. മൂന്നാം മുന്നണി പരീക്ഷണം വിജയിക്കണമെങ്കിൽ നേതൃത്വം നൽകാൻ ഒരു പാർട്ടി ഉണ്ടാകണം. അങ്ങനെ ഒരു പാർട്ടി ഉണ്ടായിരുന്നിട്ട് കൂടി ഈ പരീക്ഷണം ഇന്ത്യയിൽ എല്ലാക്കാലത്തും പരാജയപ്പെടുകയായിരുന്നു. അവസാനം നേതൃത്വം നൽകിയ ജനതാദൾ ഛിന്നഭിന്നമായി പോകുകയും സിപിഐ(എം) ദുർബലമാകുകയും ചെയ്ത സാഹചര്യത്തിൽ അങ്ങനെ ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നതിൽ അർത്ഥമില്ല.

പ്രാദേശിക കക്ഷികൾ ചേർന്ന് ഒരു മുന്നണി ഉണ്ടാക്കിയാൽ ഒരു പക്ഷേ, ഇത്തവണയും അതിനിർണ്ണായക ഘടകമായി മാറുമെന്ന വസ്തുത വിസ്മരിച്ചുകൊണ്ടല്ല പറയുന്നത്. മോദി മുന്നണിക്കോ രാഹുൽ മുന്നണിക്കോ ഒപ്പം നിൽക്കാൻ മാത്രമേ ഇവർക്ക് സാധിക്കൂ എന്നതാണ് സത്യം. അതുകൊണ്ട് നമുക്ക് മൂന്നാം മുന്നണി എന്ന മോഹം ആദ്യമേ ഉപേക്ഷിക്കാം. അഥവാ ഇവർ ഒന്നിച്ച് നിന്നാൽ ഓരോ പാർട്ടിയും അവരുടെ സംസ്ഥാനത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുകയും ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥ തന്നെ അപകടത്തിൽ ആകുകയും ചെയ്യുമെന്ന് പറയേണ്ടി ഇരിക്കുന്നു.

ഈ സാഹചര്യത്തിൽ നമ്മുടെ മുമ്പിൽ രണ്ട് വഴികൾ മാത്രമേ ഉള്ളൂ. മോദിയുടെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിനേയോ രാഹുലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനേയോ പിന്തുണയ്ക്കുക എന്നതാണ്. ഈ മുന്നണി സംവിധാനം കേരളത്തിന് ബാധകം അല്ലാത്തതിനാൽ ഇതനുസരിച്ച് വോട്ട് നിശ്ചയിക്കാൻ നമുക്ക് മാത്രം സാധിക്കില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ ദുരന്തം. കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് യുഡിഎഫിന് വോട്ട് ചെയ്യാം. മോദി സർക്കാരിനെ അധികാരത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കോ? ഇതാണ് കേരളത്തിലെ ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി. യുഡിഎഫിന് വോട്ട് ചെയ്താലും എൽഡിഎഫിന് വോട്ട് ചെയ്താലും ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്ന കാര്യത്തിൽ ഒരേ റിസൽട്ട് ആണ് എന്നത് നമ്മുടെ തെരഞ്ഞെടുക്കാനുള്ള സാഹചര്യം വീണ്ടും ചുരുക്കുകയാണ്.

അതുകൊണ്ട് തന്നെ നമ്മൾ നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ജനപ്രതിനിധി എന്ന നിലയിൽ ഏത് തരം മൂല്യബോധമാണ് ഈ സ്ഥാനാർത്ഥികൾ ഇതുവരെ മുറുകെപിടിച്ചത് എന്നതായിരിക്കണം. ഇവരുടെ രാഷ്ട്രീയ നിലപാടുകൾ, വോട്ടർമാരോടുള്ള സമീപനം, വികസന കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഓരോ വ്യക്തിക്കും അവരവരുടെ രാഷ്ട്രീയ ബോധം അനുസരിച്ച് തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തിയുണ്ട് എന്ന് തിരിച്ചറിയുമ്പോൾ തന്നെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടാതെ വയ്യ. ചില സ്ഥാനാർത്ഥികൾ എങ്കിലും തോൽക്കപ്പെടേണ്ടവരും ചില സ്ഥാനാർത്ഥികൾ എങ്കിലും ജയിക്കപ്പെടേണ്ടവരാണ് എന്നതാണ് ഇത്. ഇങ്ങനെ ഒരു നിർദ്ദേശവും വൈകുന്നത് വ്യക്തമായ കാര്യങ്ങൾ കൊണ്ടാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ആരുടെയെങ്കിലും പേരെടുത്ത് പറഞ്ഞ് വോട്ട് ചെയ്യണമെന്നോ ചെയ്യണ്ടെന്നോ പറയുന്നത് യുക്തിസഹമായതിനാൽ അത്തരക്കാരെ കണ്ടെത്തുന്നതിലേക്ക് നയിക്കാവുന്ന ചില സൂചനകൾ നൽകാം. ആദ്യം തൊട്ടുചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് തോൽക്കേണ്ടവരെക്കുറിച്ചാണ്.

ഏറ്റവും നിർബന്ധമായും തോൽക്കേണ്ടത് ജാതിയും മതവും മാത്രം യോഗ്യതയാക്കി സ്ഥാനാർത്ഥിത്വം ലഭിച്ച പുങ്കവന്മാരാണ്. ഇരുമുന്നണികളിലും ഉണ്ട് ഇക്കൂട്ടർ!. നിർഭാഗ്യവശാൽ ജാതിയുടെ മാത്രം അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിത്വം ലഭിച്ചവരിൽ ഭൂരിപക്ഷം ഇടതുപക്ഷത്താണ്. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വോട്ട് ലക്ഷ്യമാക്കി മത്സരരംഗത്തിറങ്ങിയവരെ തിരിച്ചറിയാൻ പ്രബുദ്ധരായ വോട്ടർമാർക്ക് പ്രയാസമില്ല. ആ ഒറ്റക്കാരണം കൊണ്ടുതന്നെ മറ്റ് സമുദായക്കാർ ഇത്തരം സ്ഥാനാർത്ഥികളെ തോൽപ്പിക്കേണ്ടിയിരിക്കുന്നു. സ്ഥാനാർത്ഥിയുടെ സമുദായത്തിൽപ്പെട്ട ആത്മാഭിമാനം ഉള്ളവരും ഇത് ചെയ്യണം. ജാതിയുടെ പേരിൽ മാത്രം മന്ത്രിസ്ഥാനം ലഭിച്ചവർ ഭരിക്കുന്ന നാടാണ് കേരളം. ആ ജാതി സമവാക്യത്തിന് കൊടുക്കുന്ന ശക്തമായ തിരിച്ചടി ആ.യിരിക്കണം ഈ തെരഞ്ഞെടുപ്പിലെ ജനവിധി.

മണ്ഡലത്തിലെ ജനങ്ങളോട് കാട്ടിയ അഹങ്കാരത്തിനും ധാർഷ്ഠ്യത്തിനും തിരിച്ചടി നൽകുകയാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. എംപിയായ ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കാത്തവർ, തോൽക്കുമെന്ന് ഭയന്ന് ഉന്നത സ്വാധീനം ഉപയോഗിച്ച് മണ്ഡലം മാറിയവർ, മണ്ഡലത്തിലെ സർവ്വ ജനങ്ങളും എതിർത്തിട്ടും ഉന്നത സ്വാധീനം കൊണ്ട് മാത്രം സ്ഥാനാർത്ഥിത്വം ഉറപ്പിച്ചവർ, ജനങ്ങളുടെ പ്രശ്‌നങ്ങൾ വന്നപ്പോൾ മുഖം തിരിഞ്ഞ് നിന്നവർ എന്നിവരെ തിരിച്ചറിഞ്ഞ് തോൽപ്പിക്കാൻ കേരള ജനതയ്ക്ക് കഴിയണം. സ്ഥാനാർത്ഥിത്വം ലക്ഷ്യമാക്കി നാളുകളായി ഒരു ജനസമൂഹത്തിൽ ഭീതി വളർത്തി രാഷ്ട്രീയ പാർട്ടികളെ മുൾമുനയിൽ നിർത്തിയ സമുദായ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചവരും ഉണ്ട്. അവരും തോൽക്കേണ്ടവർ തന്നെയാണ്. സോഷ്യലിസം പ്രസംഗിക്കുകയും ഭൂമാഫിയകളുടെ പിണിയാളായി പ്രവർത്തിക്കുകയും ചെയ്യുന്ന ചിലർ സ്ഥാനാർത്ഥികളായി രംഗത്തിറങ്ങിയിട്ടുമുണ്ട്. ചെറിയ വിമർശനം പോലും സ്ഥാനാർത്ഥിയോട് എടുക്കുന്ന യാതൊരു ജനാധിപത്യ ബോധവുമില്ലാത്ത ഇത്തരം ഫ്യൂഡൽ മാടമ്പികളെ തോൽപ്പിച്ച് ഓടിക്കാനുള്ള തന്റേടം ആ മണ്ഡലങ്ങളിലെ ജനങ്ങൾ കാട്ടണം.

അതേസമയം നിർബന്ധമായും വിജയിപ്പിക്കേണ്ട ചില സ്ഥാനാർത്ഥികളുണ്ട്. ലാളിത്യം, വിനയം, ജനകീയ പ്രശ്‌നങ്ങളിലുള്ള ഇടപെടൽ തുടങ്ങിയവ ആയിരിക്കണം ഇതിന്റെ പ്രധാന മാനദണ്ഡം. സ്വന്തം മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ വളരെയേറെ പരിഗണന നൽകേണ്ട വിഷയങ്ങൾ ആണ്. വിവാദങ്ങളിൽപെടാതെ മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ ഊന്നി പ്രവർത്തിച്ചവരെ നമ്മൾ വിജയിപ്പിക്കേണ്ടിയിരിക്കുന്നു.

വാസ്തവത്തിൽ നിർബന്ധമായും വിജയിപ്പിക്കണം എന്നാവശ്യപ്പെടുന്ന കേരളത്തിൽ മൂന്നോ നാലോ സ്ഥാനാർത്ഥികൾ മാത്രമേ മത്സരിക്കുന്നുള്ളൂ. അതിലൊരാൾ നിർഭാഗ്യവശാൽ രണ്ട് മുന്നണികളുടേയും ഭാഗം അല്ലാത്തതിനാൽ പരാജയപ്പെടാനാണ് സാധ്യത. ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ ഏറാൻ പോകുന്ന സർക്കാരിൽ കേരളത്തിന്റെ റോൾ എന്താകും എന്ന് ചിന്തിച്ചാൽ ചിലപ്പോൾ രാഷ്ട്രീയം മറന്ന് പോലും ഇത്തരം സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ സാധിച്ചേക്കും. ഇത്തരം കാര്യങ്ങളിൽ വിവേചനബുദ്ധി പ്രയോഗിച്ച് വേണം ഈ തെരഞ്ഞെടുപ്പിനെ നമ്മൾ നേരിടാൻ. അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അസുലഭ അവസരം വേണ്ട വിധത്തിൽ ഉപയോഗിക്കാൻ എല്ലാ വോട്ടർമാർക്കും ഈശ്വരൻ വിവേചന ബുദ്ധി നൽകട്ടെ എന്ന് മാത്രമാണ് പ്രാർത്ഥന.