ത്മാഭിമാനം ഉള്ള മലയാളിയുടെ ഒക്കെ തൊലി ഉരിഞ്ഞു പോകുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പിജെ കുര്യൻ തന്നെ പീഡിപ്പിച്ചു എന്ന് 17 വർഷം മുമ്പ് സൂര്യനെല്ലി പെൺകുട്ടി പറഞ്ഞ ആരോപണം ഇപ്പോഴത്തെ മാറിയ സാഹര്യത്തിൽ ആ പെൺകുട്ടി വീണ്ടും ആവർത്തിച്ചതാണ് ഈ പൊല്ലാപ്പിന്റെയൊക്കെ തുടക്കം. ദൈവത്തിന്റെ സ്വന്തം നാടെന്നും വിപ്ലവങ്ങളുടെ പറുദീസ എന്നും അറിവിന്റെ മഹാസ്ഥലി എന്നും ഒക്കെ നാം വെറുതേ വിശ്വസിച്ച് പോരുന്ന ഈ കൊച്ചു കേരളം ഇത്രമേൽ സ്ത്രീ വിരുദ്ധവും ആഭാസന്മാർ തേരോടുന്ന നാടെണെന്നും തിരിച്ചറിഞ്ഞാൽ ഞെട്ടാത്ത ആരാണ് ഉള്ളത്? കൂട്ട ബലാൽസംഗത്തെ ഒരു വിനോധോപാദിയാക്കിയ സമൂഹം ഇതാ ഇപ്പോൾ മത്സരിച്ച് സ്ത്രീയെ ആക്ഷേപിക്കുന്നതിന് കൂട്ടു നിൽക്കുന്നു.

  • 'നാടു നീളെ നടന്ന് വ്യഭിചരിച്ച് കാശും പാരിതോഷികവും വാങ്ങിന'; സൂര്യനെല്ലി പെൺകുട്ടിയെ അധിക്ഷേപിച്ച് കെ സുധാകരനും
  • വനിതാ മാദ്ധ്യമപ്രവർത്തകയോടു മര്യാദ വിട്ടു സംസാരിച്ച് വയലാർ രവി; വെളിയിൽ വരുന്നത് മന്ത്രിയുടെ സ്ത്രീവിരുദ്ധ കാഴ്ച്ചപാട്
  • ഒരിക്കലും അവസാനിക്കാത്ത യാതന; സൂര്യനെല്ലി പെൺകുട്ടി ബാലവേശ്യ എന്ന് പ്രതികളെ വെറുതെ വിട്ട ജഡ്ജി
  • സൂര്യനെല്ലി പെൺകുട്ടി എന്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചില്ല? സ്വന്തം ഇഷ്ടപ്രകാരം നടന്ന ഈ വേശ്യാവൃത്തി എങ്ങനെ പീഡനമാകും?
  • ഈ ധീരതയ്ക്ക് കൊടുക്കാം ഒരു കൈയ്യടി; തട്ടുകടയിൽ വച്ച് അപമാനിച്ച നാല് യുവാക്കളെ കാരാട്ടെക്കാരിയായ പെൺകുട്ടി അടിച്ചോടിച്ചു
  • നമ്മുടെ നേതാക്കൾ എല്ലാവരും സ്ത്രീ വിരുദ്ധരോ? ആണും പെണ്ണും ഒരുമിച്ച് കാപ്പി കുടിക്കുന്നതും അൽപ്പവസ്ത്രം ധരിക്കുന്നതും പീഡന കാരണമെന്ന് മുരളീധരൻ


കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സംഭവിച്ച തികച്ചും സ്ത്രീ വിരുദ്ധമായ സംഭവങ്ങളുടെയും സംഭാഷണങ്ങളുടെയും ഏറ്റവും ഒടുവിലത്തെ പ്രതിനായകനാണ് കെ സുധാകരൻ. പീഡനത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന തരത്തിലോ മോശക്കാരിയാക്കുന്ന തരത്തിലോ എന്തെങ്കിലും പരാമർശം നടത്തിയാൽ അത് ചെയ്യുന്ന മാദ്ധ്യമങ്ങളുടെ പേരിൽ പോലും കേസ് എടുക്കാൻ ഉദ്ദേശിച്ച് നിയമപരിഷ്‌കാരം കൊണ്ടു വരുന്നതിനിടയിലാണ് സുധാകരൻ എന്ന ജനപ്രതിനിധി ആ പെൺകുട്ടിയെ ഭീതിതമായി ആക്ഷേപിച്ച് കൊണ്ട് രംഗത്ത് ഇറങ്ങിയത്. സൂര്യനെല്ലി പെൺകുട്ടി പണത്തിനു വേണ്ടി കൊണ്ടുനടന്ന് ശരീരം വിറ്റ വേശ്യ ആണ് എന്നാണ് സുധാകരന്റെ ഭാഷ്യം.

ഇത്തരം ഒരു പ്രസ്താവന കേട്ടാൽ പൊട്ടിത്തെറിക്കാനാണ് സാധാരണ തോന്നുക. എന്നാൽ സുധാകരന്റെ പ്രസ്താവന കേട്ട മനുഷ്യർക്കൊക്കെ നിസ്സംഗമായി വിതുമ്പിക്കരയാനാണ് തോന്നിയത്. കാരണം ഒരു ഇരയോ ഒരു പ്രതിയെയോ പോലും ആക്ഷേപിക്കാൻ പാടില്ലാത്തത്ര നീചവും ക്രൂരവുമായ വാക്കുകളായിരുന്നു അത്. ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആകരുത് എന്നുള്ളതിനുള്ള മികച്ച ഉദാഹരണമായി മാറുകയാണ് സുധാകരൻ ഈ പ്രസ്താവനയിലൂടെ. മുൻപ് പൊലീസ് സ്റ്റേഷനിൽ കയറി സബ്ഇൻസ്‌പെക്ടറെ അസഭ്യം പറഞ്ഞും പരസ്യമായി നിയമ പീഠങ്ങളെ ആക്ഷേപിച്ചും ഒക്കെ സുധാകരൻ വില്ലൻ വേഷം കെട്ടിയിരുന്നു. എന്നാൽ ഒരു ജന്മം മുഴുവൻ ക്രൂരമായി വേട്ടയാടപ്പെട്ട ഒരു പെൺകുട്ടിയോട് സുധാകരൻ ചെയ്ത ദ്രോഹം ഏത് നരകത്തിൽ ചെന്നാലും അനുഭവിച്ച് തീരുകയില്ലെന്നു തീർച്ച.

ഇത്തരം നികൃഷ്ടന്മാർക്കെതിരെ ചെറുവിരൽ പോലും അനക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ ക്രൂരത. ഇങ്ങനെ എന്ത് വേണമെങ്കിലും പറയാം ആരും ഒന്നും ചെയ്യില്ല എന്ന ധാർഷ്ഠ്യവും അഹന്തയും നമ്മുടെ നേതാക്കളെ ഭരിക്കുന്നത്. ട്രെയിനിൽ വച്ച് മോശമായ തരത്തിൽ നോക്കി എന്ന് ഒരു പെൺകുട്ടി പരാതി കൊടുത്താൽ നോക്കിയ ആളെ പിടിച്ച് അകത്താക്കി പത്രത്തിൽ ഫോട്ടോ നൽകുന്ന സംവിധാനം നിലവിലുള്ള ഒരു സമൂഹത്തിനാണ് ഈ ഇരട്ടത്താപ്പ്.

ഒരേ കുറ്റത്തിന് രണ്ട് തരം നീതി സംവിധാനം എന്ന വ്യത്യസ്ഥത ഇവിടെ വ്യാപിക്കുകയാണ്. ജനപ്രതിനിധികൾക്കും സ്വാധീനമുള്ളവർക്കും ഒരു നിയമം, സാധാരണ കുറ്റവാളിക്ക് മറ്റൊരു നിയമം എന്നതാണ് ഇവിടെ നടക്കുന്നത്. സ്വാധീനമുള്ളവർക്ക് ഒരു നിയമം, സാധാരണ കുറ്റവാളികൾക്ക് മറ്റൊരു നിയമം എന്നതാണ് ഇവിടെ നടക്കുന്നത്.

രജിത്ത് കുമാറിന്റെ പ്രസംഗവും സ്ത്രീവിരുദ്ധമാണെന്നും അതിന്റെ പേരിൽ അദ്ദേഹത്തെ കരിമ്പട്ടികയിൽ പെടുത്തിയത് ഉചിതമാണെന്നും വിശ്വസിക്കുന്ന ആളാണ് ഈ ലേഖകൻ. എന്നാൽ ഇത് എന്തുകൊണ്ട് വയലാർ രവിക്കും കെസുധാകരനും കെ മുരളീധരനും ഒന്നും ബാധകമല്ല എന്നതാണ് ഞങ്ങൾ ഉയർത്തുന്ന ചോദ്യം. ഇതു തന്നെയാണ് പി ജെ കുര്യനെ പ്രതി ചേർക്കുന്ന കാര്യത്തിൽ പൊലീസ് നടത്തുന്ന സമീപനവും. ഒരേ പൗരന്മാർക്ക് രണ്ട് തരത്തിൽ നീതി എന്നത് ഒരു അർത്ഥത്തിലും അംഗീകരിക്കാൻ കഴിയുന്ന വസ്തുതയല്ല. സുധാകരനെതിരെ കേസ് എടുക്കാൻ സാധിക്കില്ലെങ്കിൽ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഒരാൾക്കെതിരെയും കേസ് എടുക്കാൻ പൊലീസ് മെനക്കെടരുത്.

സാമൂഹവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഇത്തരം അഭിപ്രായങ്ങൾ നാൾക്ക് നാൾ നമ്മുടെ സമൂഹത്തിൽ വളർന്ന് വരുന്നത് കൊണ്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സുധാകരൻ ഈ കണ്ണിയിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ്. ഒളിക്യാമറയ്ക്ക് പിന്നിൽ പറഞ്ഞതാണെങ്കിൽ ജസ്റ്റിസ് ബസന്ത് പറഞ്ഞത് ആർക്ക് ക്ഷമിക്കാൻ പറ്റും? സ്ത്രീപീഡന ബില്ലിനെക്കുറിച്ച് നിയമസഭയിൽ ചർച്ച നടന്നപ്പോൾ കെ മുരളീധരൻ എംഎൽഎ അടക്കം ഒട്ടേറെ ജനപ്രതിനിധികൾ തികച്ചും സ്ത്രീ വിരുദ്ധമായ പരാമർശങ്ങളാണ് നടത്തിയത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കാപ്പി കുടിക്കുന്നതും പെൺകുട്ടികൾ വസ്ത്രം ധരിക്കുന്നതിലെ കുഴപ്പമാണ് പീഡനത്തിനു കാരണം എന്നാണ് മുരളീധരൻ കണ്ടെത്തിയത്. കേന്ദ്രമന്ത്രി വയലാർ രവിആകട്ടെ ചോദ്യം ചോദിച്ച ഒരു വനിതാ പത്രപ്രവർത്തകയോട് ലൈംഗിക ച്ചുവയോടെ സംസാരിച്ചാണ് ഈ മുറിവിൽ എണ്ണ ഒഴിച്ചത്. വായപോയ കോടാലി ആയി പിസി ജോർജ്ജിന്റെ കാര്യം സംസാരിക്കുന്നതാകും ഉചിതം.

ഈ അഭിപ്രായ പ്രകടനങ്ങളിലൂടെ വെളിയിൽ വരുന്നത് നമ്മുടെ സമൂഹത്തിന്റെ വിഷലിപ്തമായ മനസ്സാണ്. സ്ത്രീയെ വെറും ചരക്കായി മാത്രം കരുതുന്ന ഒരു സാമൂഹ്യ ക്രമം ഇവിടെ വളർന്ന് വരുന്നു. അതിന് ഓശാന പാടുന്നവരാണ് നമ്മുടെ നേതാക്കൾ എല്ലാം. കെ സുധാകരനെപ്പോലെയുള്ളവരുടെ വ്യക്തി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ കൂടി ഇതിന്റെ പശ്ചാത്തലത്തിൽ പരിഗണിക്കേണ്ടിയിരിക്കുന്നു. ആ ആരോപണങ്ങളിൽ എത്രമാത്രം വാസ്തവം ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയില്ല. എന്നാൽ അത്തരം ആരോപണങ്ങൾ ശരി വയ്ക്കുന്ന അഭിപ്രായമാണ് ആ നാവിൽ നിന്നും വരുന്നത്. സ്ത്രീയെ ബഹുമാനിക്കുന്നതിന് പകരം അധികാരത്തിന്റെയും സമ്പന്നതയുടെയും ഭാഗമായുള്ള ഒരു വിനോദോപാധിയായി മാറ്റുന്നവരുടെ എണ്ണം പെരുക്കുന്നതിന്റെ പ്രതിഫലനമാണ് ഇത്. അമൃതയെപ്പോലെയുള്ള ധീരതയുടെ പ്രതീകങ്ങൾ തെരുവിൽ ഇറങ്ങി നിയമം ലംഘിച്ചും ചില പ്രയോഗങ്ങൾ നടത്തിയും സുധാകരന്മാരെ പോലെയുള്ള വിശുദ്ധ പശുക്കളെ ജയിലിൽ അടച്ചും മാത്രമേ നമുക്ക് ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കൂ.