- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ അജ്ഞതയെ സദാചാരം എന്ന ചാക്കിൽ കെട്ടി ഈ നാട് മലീമസമാക്കരുത്; ചുംബന സമരത്തിൽ അശ്ലീലം കണ്ടെത്തുന്ന വാനരന്മാരോടും ഹനുമാന്മാരോടും പറയാനുള്ളത്
കൊച്ചിയിൽ നടന്ന കിസ് ഓഫ് ലവ് എന്ന ചുംബനകൂട്ടായ്മയെക്കുറിച്ച് ആദ്യം വാർത്ത എഴുതുന്ന മാദ്ധ്യമം മറുനാടൻ മലയാളി ആയിരുന്നു. ഇങ്ങനെ ഒരു ആലോചന പുരോഗമനവാദികളായ ചിലരുടെ മനസ്സിൽ തെളിയുകയും അതവർ സൗഹൃദ കൂട്ടായ്മയുമായി പങ്ക് വയ്ക്കുകയും ചെയ്ത് കിസ് ഓഫ് ലൗ എന്നൊരു ഫേസ്‌ബുക്ക് കൂട്ടായ്മയ്ക്ക് രൂപം നൽകുകയും ചെയ്ത സമയത്ത് തന്നെ ഞങ്ങൾ അത് റിപ്
കൊച്ചിയിൽ നടന്ന കിസ് ഓഫ് ലവ് എന്ന ചുംബനകൂട്ടായ്മയെക്കുറിച്ച് ആദ്യം വാർത്ത എഴുതുന്ന മാദ്ധ്യമം മറുനാടൻ മലയാളി ആയിരുന്നു. ഇങ്ങനെ ഒരു ആലോചന പുരോഗമനവാദികളായ ചിലരുടെ മനസ്സിൽ തെളിയുകയും അതവർ സൗഹൃദ കൂട്ടായ്മയുമായി പങ്ക് വയ്ക്കുകയും ചെയ്ത് കിസ് ഓഫ് ലൗ എന്നൊരു ഫേസ്‌ബുക്ക് കൂട്ടായ്മയ്ക്ക് രൂപം നൽകുകയും ചെയ്ത സമയത്ത് തന്നെ ഞങ്ങൾ അത് റിപ്പോർട്ട് ചെയ്തു. തുടർന്ന് ചാനലുകളും മുഖ്യധാരാ മാദ്ധ്യമങ്ങളും ഇതേറ്റെടുത്തതോടെ കിസ് ഓഫ് ലവ് ഒരു വലിയ തരംഗമായി മാറി. കൊച്ചിയിൽ നടന്ന കിസ് ഓഫ് ലവ് വിജയിച്ചത് അതിൽ പങ്കെടുത്തവരുടെ എണ്ണം കൊണ്ടായിരുന്നില്ല. അത് കാണാൻ എത്തിയ ലൈംഗിക ദാഹികളായ സദാചാര വാദികളെ കൊണ്ടും സോഷ്യൽ നെറ്റുവർക്കിൽ ഇരുന്ന് കല്ലെറിഞ്ഞ കപടസദാചാരവാദികളെക്കൊണ്ടും ആയിരുന്നു.
അതിനിർണ്ണായകമായ വിഷയങ്ങളിൽ മറക്കാതെ എഡിറ്റോറിയൽ എഴുതുന്ന മറുനാടൻ മലയാളി എന്തുകൊണ്ട് ചുംബന സമരത്തെക്കുറിച്ച് എഡിറ്റോറിയൽ എഴുതിയില്ല എന്നു ചോദിച്ച് കൊണ്ടും ആ സമര രീതിയെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും പറഞ്ഞ് കൊണ്ട് കുറേ വായനക്കാർ സമീപിച്ചിരുന്നു. സംഭവിക്കുന്നത് റിപ്പോർട്ട് ചെയ്യുക എന്നതിനപ്പുറം ഒരു നിലപാട് എടുക്കേണ്ട പ്രധാനപ്പെട്ട കാര്യമായി ഞങ്ങൾ ഇതിനെ കണ്ടിരുന്നില്ല. ഈ ഭൂമിയുടെ അവകാശികളായ ആദിവാസികൾ കയറി കിടക്കാനൊരിടം തേടി സെക്രട്ടറിയേറ്റിന് മുമ്പിൽ നില്പ് സമരം നടത്തുന്നതുപോലെയുള്ള ഒട്ടേറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ നിലനിൽക്കുമ്പോൾ അത്രയേറെ പ്രധാനമാണ് ചുംബിക്കാനുള്ള അവകാശം എന്ന വിശ്വാസം ഇല്ലാതിരുന്നതുകൊണ്ടാണ് കേവലം റിപ്പോർട്ടിങ്ങിന് അപ്പുറം ഒരു നിലപാട് വ്യക്തമാക്കേണ്ട എന്നു ഞങ്ങൾ തീരുമാനിച്ചത്.
കൊച്ചിയിലെ സമരത്തിൽ എടുത്ത് പറയാനുണ്ടായിരുന്ന ഒരേയൊരു കാര്യം ലൈംഗിക ദാരിദ്യം മുറ്റിയ സദാചാര വാദികളുടെ തള്ളിക്കയറ്റമായിരുന്നു. ഒപ്പം കല്ലും കുറുവടിയുമായി എത്തിയ ഫാസിസ്റ്റ് സംഘടനകളുടെ കടന്നുകയറ്റവും. ഇത് രണ്ടും അപകടകരമായ രോഗമായി നിലനിൽക്കുകയാണെന്നും രണ്ടും കൂടുതൽ ശക്തമാവുകയും സജീവമായി വളരുകയാണെന്നും കോഴിക്കോട്ടെ സമരം തെളിയിച്ചു. കൊച്ചിയിലെ പൊലീസുകാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ശ്രമിച്ചതെങ്കിൽ കോഴിക്കോട്ടെ പൊലീസ് ഈ കപടസദാചാര വാദികളുടെ കുഴലൂത്തുകാരായി മാറുന്ന കാഴ്‌ച്ചയാണ് കണ്ടത്. പ്രതിഷേധിക്കാനെത്തിയവരെ അക്രമിക്കുകയും അവരെ പൊലീസ് സ്റ്റേഷനിൽ അടയ്ക്കുകയും മാംസദാഹികളായ വാനര സ്‌നേഹികളുടെ കയ്യിലേയ്ക്ക് മർദ്ദിക്കാനായി അവരെ വിട്ടുകൊടുക്കകയും ചെയ്തു.
അതിനെക്കാൾ ഭീതിതമായ കാഴ്ച കണ്ടാൽ കടിച്ച് കീറാൻ നടക്കുന്ന ഹിന്ദു-മുസ്ലിം മൗലികവാദ സംഘടനകളും അതിന്റെ നേതാക്കളും ഭിന്നത മറന്ന് ഒരുമിച്ച് ചേർന്ന് വ്യത്യസ്തമായ രീതിയിൽ സമരം നടത്താൻ ശ്രമിച്ചവരെ അടിച്ചോടിക്കാൻ കൂട്ട് നിന്നു എന്നതാണ്, തരം കിട്ടിയാൽ കടിച്ച് കീറി തിന്നാൻ നടക്കുന്ന ചില താലിബാൻ സംഘമാണ് ഇവിടെ ഒരുമിച്ചത്. കോഴിക്കോട് ഡൗൺ ടൗൺ കഫേയിലെ ആക്രമണം മുതൽ സദാചാര സംരക്ഷകർക്കായി മുമ്പിൽ എത്തിയ സംഘപരിവാർ സംഘടനകൾക്ക് പിന്തുണ നൽകിയത് ഇസ്ലാമിക മൗലികവാദ സംഘടനകൾ തന്നെയായിരുന്നു. ഫേസ്‌ബുക്കിലും മറ്റും നടക്കുന്ന ചർച്ചകളിൽ ഇവർ തമ്മിൽ ഏറ്റുമുട്ടാത്ത ഒരേ ഒരു വിഷയമാണ് ഈ ചുംബനം, ചുംബനസമരത്തെ അനുകൂലിക്കുന്നവരെല്ലാം മാവോയിസ്റ്റുകളുമാണെന്ന് മുദ്ര കുത്തപ്പെട്ട് കഴിഞ്ഞു. എന്നുവച്ചാൽ ഞങ്ങൾ മതമൗലികവാദികൾ ഇന്ത്യൻ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നവരാണെന്നും നിങ്ങൾ അരാജകവാദികൾ ആ സംസ്‌ക്കാരം
ഇല്ലാതാക്കുന്നവരാണെന്നും അർത്ഥം.[BLURB#1-H]
ഈ വൃത്തികെട്ട മനോഭാവത്തിന്റെ അഴിഞ്ഞാട്ടമാണ് കുറേ ദിവസങ്ങളായി സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ. മാന്യരെന്നും ആശയ ദാരിദ്ര്യമുള്ള
വരെന്നും നമ്മൾ കരുതുന്ന പലരും ഈ കപടസദാചാര ദാഹത്തിന്റെ ആളുകളായി മാറിയിരിക്കുന്നു. ഇത്തരക്കാർക്കാണ് ഒരു ആണും പെണ്ണും ഒരുമിച്ച് നടന്നാൽ വഴിയിൽ തടയുന്നതും ബഹളം ഉണ്ടാക്കുന്നതും. എന്താണ് ഇവർ പറയുന്ന ഈ സദാചാരം' തനിക്ക് ലഭിക്കാത്തത് വേറൊരാൾക്ക് കിട്ടുമ്പോൾ ഉണ്ടാകുന്ന അസൂയ മാത്രമല്ലേ ഇത്? വിവാഹത്തിന് പുറത്തോ വിവാഹത്തിന് മുമ്പോ ഒരിക്കലെങ്കിലും ലൈംഗിക മോഹത്തോടെ ഒന്നു ചുംബിക്കുക പോലും ചെയ്യാത്ത എത്ര പേരുണ്ടാകും ഈ നാട്ടിൽ? ഹനുമാൻ സേനയെന്നും വാനരസേനയെന്നും ഒക്കെ പറഞ്ഞ്
തെരുവിൽ ഇറങ്ങി ആഭാസത്തരം കാണിക്കുന്ന ഈ സംഘം ആദ്യം സ്വയം ചോദിച്ച് നോക്കുക. സംഘപരിവാർ വാതോരാതെ സംസാരിക്കുന്ന ഹൈന്ദവ സംസ്‌കാരത്തിൽ ലൈംഗികതയും സ്ത്രീയും ഒക്കെ നല്ലവണ്ണം നിർവ്വചിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇവർക്കറിയാത്തതു കൊണ്ടാണോ? പുരാതന ക്ഷേത്രങ്ങളിൽ മുഴുവൻ നഗ്നദേവതകളുടെ രതിബന്ധങ്ങളുടെ ചിത്രം വരച്ച് വച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഇവരാരും ചിന്തിച്ചിരുന്നില്ലേ? സത്യസന്ധതയില്ലാത്ത മനുഷ്യരെ സത്യസന്ധമായി വിലയിരുത്തിയ മഹർഷി രജനീഷിന്റെ പുസ്തകങ്ങൾ ഇവരൊക്കെ ആദ്യം വായിച്ച് നോക്കട്ടെ. അപ്പോൾ തന്നെ മനസ്സിന്റെ രോഗം പാതി മാറിക്കിട്ടും.[BLURB#2-VR]
വാസ്തവത്തിൽ ചുംബന സമരം സംഘപരിവാറും താലിബാനും ആരോപിക്കുന്നത് പോലെ ഒരു ലൈംഗിക അരാജകത്വമല്ല. ഇതിനെ ന്യായീകരിക്കാൻ മുകളിലത്തെ പാരഗ്രാഫിൽ ഞങ്ങൾ സൂചിപ്പിച്ചതുപോലെ ഒരു ലൈംഗിക സ്വാതന്ത്ര്യം പ്രഖ്യാപിക്കലുമായിരുന്നില്ല. രണ്ട് പേർ തമ്മിൽ ചുംബിച്ചതിന്റെ പേരിൽ ഒരു ഹോട്ടൽ അടിച്ച് തകർക്കപ്പെട്ടതിനെ തുടർന്ന് സ്വാഭാവികമായി ജനിച്ച ഒരു പ്രതിഷേധം മാത്രമായിരുന്നു. ഇതിനെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ വിഷയമായി ഉയർത്തിക്കൊണ്ടുവന്ന ചുംബന സമരക്കാരെ എതിർക്കുന്ന താലിബാനിസ്റ്റുകൾ തന്നെയാണ്. കൊച്ചിയിലാണെങ്കിലും ശരി കോഴിക്കോട്ടെയാണെങ്കിലും ശരി ഈ സമരം ഉയർത്തിയവരാരും തങ്ങൾ പരസ്യമായി ലൈംഗിക താൽപര്യത്തോടെ ചുംബിക്കുമെന്ന് പറഞ്ഞിട്ടുമില്ല. അവരാരും അതിന് തുനിഞ്ഞിട്ടുമില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് സമീപനത്തെയും അതിനെ നേരിട്ട പൊലിസിന്റെ ദുർമാതൃകാ സമീപനത്തെയും എതിർക്കാൻ വേണ്ടി നടത്തിയ ഒരു പ്രതിഷേധം മാത്രമായിരുന്നു ഇത്. തികച്ചും സദാചാരനിഷ്ടമായ ഒരു പ്രതിഷേധത്തെ ലൈംഗിക അരാജകത്വമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചവരാണ് യഥാർത്ഥ സാമൂഹ്യ ദ്രോഹികൾ.
ചുംബന സമരത്തിൽ കാമുകനും കാമുകിയും മാത്രമല്ല ഭാര്യയും ഭർത്താവും സഹോദരനും സഹോദരിയും സുഹൃത്തുക്കളും എല്ലാം ഒരുമിച്ചിരുന്നു. അതൊന്നും മനസ്സിലാക്കാതെയാണ് ചിലർ കുറുവടിയുമായി നിരത്തിലിറങ്ങിയത്. ഈ കുറുവടിക്കാർ തങ്ങളുടെ അജ്ഞതയെക്കാളും ലോകത്തെക്കുറിച്ചുള്ള അറിവില്ലായ്മയ്ക്കു പകരമായി നമ്മുടെ നാട്ടിൽ അശാന്തി വിതറുകയാണ് ചെയ്യുന്നത്. പരിഷ്‌കൃത ജീവിത വ്യവസ്ഥിതികൾ ഉള്ളിടങ്ങളിലൂടെ ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തികൾക്കെതിരെ ശ്രദ്ധേയമായ സമര പരിപാടികൾ നടത്താറുണ്ട്. ലോകത്ത് എത്രയോ തവണ പരസ്യമായ മുലയൂട്ടൽ സമരങ്ങൾ നടന്നിരിക്കുന്നു. ഒരു കടയിൽ വച്ച് കുഞ്ഞിനെ മുലയൂട്ടിയത് തടഞ്ഞതിന് പ്രതികാരമായി ആ സ്ഥാപനത്തിന്റെ ഉടമയുടെ വീട്ട് വാതിൽക്കൽ കഴിഞ്ഞ ആഴ്ചയിൽ അഞ്ഞൂറോളം യുവതികൾ പരസ്യമായി മുലയൂട്ടിയത് മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ഇത്തരത്തിലുള്ള അനേകം സമരങ്ങൾ ലോകത്തെമ്പാടും അരങ്ങേറിയിട്ടുണ്ട്. ആ സമരത്തിന്റെ പ്രത്യേകത മൂലം അവയ്ക്ക് വാർത്താ പ്രാധാന്യം കിട്ടുകയും അതുവഴി അത്തരം തെറ്റുകൾ ആവർത്തിക്കുന്ന സാഹചര്യം ഒഴിവാകുകയും ചെയ്യും. ഇത് മാത്രമാണ് ഇതിന്റെ ലക്ഷ്യം.
ഉക്രൈൻ എന്ന രാജ്യത്ത് തുടങ്ങിയ ഫെമിൻ എന്ന സ്ത്രീവിമോചന പ്രസ്താനം ലോകമെമ്പാടുമുള്ള ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ മുമ്പിൽ എത്തി മാറുമറയ്ക്കാതെ സമരം ചെയ്യുന്നത് സ്ഥിരം വാർത്തയാണ്. പോപ് ഫ്രാൻസിസിന്റെ മുമ്പിൽ പോലും ഇവർ ഈയിടെ സമരവുമായി ചെന്നിരുന്നു. എന്നിട്ടൊന്നും അവരാരും അതൊരു വലിയ ധാർമ്മിക പ്രതിഷേധമാക്കി കണക്കാക്കിയിട്ടില്ല. ഇവിടെ പക്ഷെ പരിശുദ്ധമായ ഒരു ചുംബനം പോലും സദാചാരം ഇല്ലാതാക്കുമത്രെ. ഉള്ളിൽ അടിച്ചമർത്തി വച്ചിരിക്കുന്ന വികാരങ്ങൾ നേരെ വിപരീതമായി പ്രതികരിക്കുന്ന മലയാളിയുടെ കാപട്യമാണ് ഇവിടെ തെളിയുന്നത്. ഈ കപട സദാചാരത്തിന് അറുതി വരുത്തിയില്ലെങ്കിൽ കേരളം ആർക്കും തിരിഞ്ഞുനോക്കാൻ പറ്റാത്ത ഗുണ്ടാ സാമ്രാജ്യമായി മാറും. ഈ രാജ്യത്തെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് സമരം ചെയ്യാനുള്ള അവകാശം പൊലിസ് അംഗീകരിക്കണം. അത് കാണുന്നവരുടെ മാനസിക വൈകല്യം പുറത്തെടുത്ത് ചിത്രങ്ങൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കണം. ഗുണ്ടായിസവുമായി ഇറങ്ങുന്ന മാനസിക രോഗികളെ പിടിച്ച് അകത്തിടണം. ഇങ്ങനെയൊക്കെയെ ഈ പ്രശ്‌നത്തിന് പ്രതിവിധി ഉണ്ടാക്കാൻ പറ്റു.