- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ പൂട്ടിയതിന്റെ വേദനയിൽ കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കാൻ വെള്ളാപ്പള്ളിയെ അനുവദിക്കരുത്; വീഞ്ഞ് ഒഴിവാക്കിയാൽ യേശു ക്രിസ്തു പിണങ്ങുമോ എന്ന് കത്തോലിക്ക സഭയും ചിന്തിച്ച് നോക്കട്ടെ
വി എം സുധീരനും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള മല്പിടിത്തത്തിൽ കേരളം ജയിച്ച കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. അപ്രതീക്ഷിതമായി കേരളത്തിൽ ഭാഗികമായി മദ്യനിരോധനം നിലവിൽ വന്നിരിക്കുകയാണ്. ഇത് നടപ്പിലാക്കിയ രീതിയെക്കുറിച്ചും ഇതിന്റെ പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചും ഇതിന്റെ ക്രെഡിറ്റ് ആർക്കാണ് ലഭിക്കുന്നത് എന്നതിനെക്കുറിച്ചും ഒക
വി എം സുധീരനും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള മല്പിടിത്തത്തിൽ കേരളം ജയിച്ച കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. അപ്രതീക്ഷിതമായി കേരളത്തിൽ ഭാഗികമായി മദ്യനിരോധനം നിലവിൽ വന്നിരിക്കുകയാണ്. ഇത് നടപ്പിലാക്കിയ രീതിയെക്കുറിച്ചും ഇതിന്റെ പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചും ഇതിന്റെ ക്രെഡിറ്റ് ആർക്കാണ് ലഭിക്കുന്നത് എന്നതിനെക്കുറിച്ചും ഒക്കെ തർക്കങ്ങളും വിതർക്കങ്ങളും തുടരുകയാണ്. ശ്രദ്ധേയമായ കാര്യം പല കാര്യങ്ങളിലും തർക്കം ഉണ്ടെങ്കിലും പൊതുവെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പൊതു സമൂഹത്തിൽ വലിയ കൈയടിയാണ് ലഭിക്കുന്നത് എന്നതാണ്. പ്രതിപക്ഷത്തിന് പോലും എതിർത്ത് പറയാൻ വയ്യാത്ത സാഹചര്യം, കോടതിക്ക് പോലും ഇടപെടാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കേണ്ട അവസ്ഥ ഒക്കെ കേരളത്തിൽ ഏറെ ശ്രദ്ധേയമായ കാര്യമാണ്.
കേരളീയ സമൂഹത്തെ നേർ വഴിക്ക് നയിക്കാൻ ഉതകുന്ന തീരുമാനങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. എല്ലാ നിർണ്ണായക തീരുമാനങ്ങൾക്കും ചില ദോഷവശങ്ങൾ ഉള്ളതുകൊണ്ട് ഇതിന്റെ ദോഷത്തേക്കാൾ നമുക്ക് ചർച്ച ചെയ്യാൻ സാധിക്കുക ഗുണം തന്നെ ആകും. മദ്യം ലഭ്യമല്ലാതെ വരുമ്പോൾ അടിമകളായവരും വേറെ ലഹരി മാർഗ്ഗങ്ങൾ തിരയുമെന്നും അത് മദ്യത്തേക്കാൾ അപകടകാരിയാവുമെന്നതുമാണ് പ്രധാന ദോഷം. എന്നാൽ ലഭ്യമല്ലാതെ വരുമ്പോൾ മഹാ ഭൂരിപക്ഷം പേരും മദ്യം ഉപേക്ഷിക്കുമെന്നും അതുവഴി കുടുംബ സമാധാനം, പോഷകാഹാരത്തിന്റെ ഉപയോഗത്തിലെ വർദ്ധന, രോഗങ്ങൾക്ക് കുറവ്, മദ്യപിച്ച് വണ്ടി ഓടിക്കുന്നതടക്കമുള്ള അപകടങ്ങളുടെ കുറവ് തുടങ്ങിയ അനേകം സാമൂഹ്യഗുണങ്ങളും ഉണ്ടാവും. ഈ ഗുണകരമായ തീരുമാനത്തിന്റെ ക്രെഡിറ്റിന് ഏറ്റവും അധികം അർഹൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്നെയാണ് എന്നും നിസംശയം പറയാൻ സാധിക്കും. സുധീരന്റെ കടന്നുകയറ്റത്തിന് കടിഞ്ഞാൺ ഇടാൻ വേണ്ടി ആണെങ്കിലും ഇത്തരം ഒരു ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അഭിനന്ദനം അർഹിക്കുന്നു.
കേരള സർക്കാർ എന്ത് തീരുമാനം എടുത്താലും ഞൊടിയിടയിൽ അത് സാമുദായികവത്കരിക്കപ്പെടാറുണ്ട് എന്ന ദയനീയ സ്ഥിതി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിർഭാഗ്യവശാൽ അത്തരം ഒരു ചർച്ച ഈ വിഷയത്തിലും ആരംഭിച്ച് കഴിഞ്ഞു. ബാർ പൂട്ടുന്നതിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നത് ഏത് സമുദായക്കാർക്കാണ് എന്നതായിരുന്നു ആദ്യം ഉയർന്നു വന്ന ചോദ്യം. അത് ഈഴവർക്കാണ് എന്ന് വെള്ളാപ്പള്ളി നടേശൻ നിസംശയം പ്രകടിപ്പിക്കുകയും ഈ തീരുമാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച കത്തോലിക്ക സഭയിലെ മെത്രാന്മാർക്കെതിരെ ശക്തമായി വിമർശനം ഉന്നയിക്കുകയും ചെയ്തു. കത്തോലിക്കർ വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ഒഴിവാക്കണം എന്ന വെള്ളാപ്പള്ളിയുടെ നിർദ്ദേശമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.
കേരളകൗമുദിയും മറുനാടൻ മലയാളിയും ഇതിനിടയിൽ കത്തോലിക്ക സഭയ്ക്ക് വൈൻ നിർമ്മിക്കാനുള്ള ലൈസൻസിനെക്കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ വാർത്തകളെ അടിസ്ഥാനമാക്കി ശ്രീ വെള്ളാപ്പള്ളി നടേശൻ ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗുരുതരമായ ആരോപണങ്ങൾ ആണ് ഉന്നയിച്ചിരിക്കുന്നത്. കത്തോലിക്ക സഭയ്ക്ക് ബാർ ലൈസൻസ് ഉണ്ടെന്നും മദ്യം ഉണ്ടാക്കി പുറത്ത് വിൽക്കുന്നു എന്നും 16 ശതമാനം വരെ വീര്യമുള്ള മദ്യമാണ് കുർബാനയിൽ ഉപയോഗിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിക്കുകയുണ്ടായി. മറുനാടനിലോ കേരള കൗമുദിയിലോ മുൻപ് സൂചിപ്പിച്ച വാർത്ത വായിച്ച എല്ലാവർക്കും ഈ അഭിമുഖം കേൾക്കുമ്പോൾ ഒന്നു വ്യക്തമായിരുന്നു. ഏതെങ്കിലും കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ല ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കിയത് എന്ന്. [BLURB#1-H]
വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തൽ വാസ്തവത്തിൽ വലിയ തോതിലുള്ള തെറ്റിദ്ധാരണയാണ് സമൂഹത്തിൽ പടർത്തിയിരിക്കുന്നത്. ഇത്രയും വീര്യം കൂടിയ മദ്യം എന്തിന് പള്ളിയിൽ ഉപയോഗിക്കുന്നു, എന്തിന് വേണ്ടി അബ്കാരി ലൈസൻസ് എടുത്തു, എന്തുകൊണ്ട് ഇത് വിപണിയിൽ വിൽക്കുന്നു തുടങ്ങിയ അനേകം ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. ആൽക്കഹോൾ അടങ്ങിയ വീഞ്ഞ് മദ്യ നിരോധനത്തെ എതിർക്കുന്ന സഭ എന്തുകൊണ്ട് പള്ളിയിൽ വിളമ്പുന്നു എന്ന ധാർമ്മികതയുടെ ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. ഈ പ്രചാരണത്തിൽ മഹാ ഭൂരിപക്ഷവും തെറ്റിദ്ധാരണയുടെ പുറത്ത് രൂപപ്പെടുന്നതാണ് എന്നതാണ് സത്യം. അതേ സമയം സഭ ഉയർത്തി പിടിക്കുന്ന നിലപാടുകളും സഭയ്ക്ക് സ്വാധീനമുള്ള മറ്റ് രാജ്യങ്ങളിലെ നിലപാടും ഒക്കെ ധാർമ്മികതയുടെ ഒരു പ്രശ്‌നം ഉന്നയിക്കുന്നുമുണ്ട്.
സാധാരണ വൈനിലെ വീര്യത്തിന്റെ കണക്ക് പറഞ്ഞാണ് പള്ളിയിൽ വീഞ്ഞിന്റെ വീര്യം ഇപ്പോൾ വാദിക്കപ്പെടുന്നത് എന്നതാണ് ഏറ്റവും ദൗർഭാഗ്യകരം. യഥാർത്ഥത്തിൽ വളരെ നേരിയ അളവിൽ മാത്രം മദ്യാംശം അടങ്ങിയ ഒരുതരം വീഞ്ഞാണ് വിശുദ്ധ ബലിക്കായി തയ്യാറാക്കപ്പെടുന്നത്. ഇത് നിർമ്മിക്കാൻ സഭയ്ക്ക് ലൈസൻസ് നൽകി ഇരിക്കുന്നത് അബ്കാരി ലൈസൻസോ ഡിസ്റ്റിലാരി ലൈസൻസോ ഒന്നുമല്ല. കൃത്യമായ അന്വേഷണങ്ങളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഇത് നൽകി ഇരിക്കുന്നത്. പരിശോധന കാര്യത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ അലംഭാവം കാട്ടുകയോ ഏതെങ്കിലും നിർമ്മാണ യൂണിറ്റ് സഹകരിക്കാതിരിക്കുകയോ ചെയ്താൽ തീർച്ചയായും നടപടി എടുക്കേണ്ടതാണ്. ഇന്നേവരെ വിശുദ്ധ ബലിക്ക് വേണ്ടി നിർമ്മിക്കുന്ന വീഞ്ഞ് പുറത്ത് വിറ്റതായി ആരും ആരോപണം ഉന്നയിക്കുകയോ ഏതെങ്കിലും തെളിവുകൾ പുറത്ത് വരികയോ ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു സമൂഹത്തിന്റെ വിശ്വാസത്തിന് മേൽ മറ്റൊരു സമുദായ നേതാവ് നടത്തിയ കടന്നാക്രമണം കേരളത്തിന്റെ സമുദായിക അന്തരീക്ഷത്തിന് ഒട്ടും യോജിച്ചതല്ല.
[BLURB#2-VL]കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വസത്തിന്റെ ഏറ്റവും ആഴത്തിലുള്ള അനുഭവങ്ങളിൽ ഒന്നാണ് നൂറ്റാണ്ടുകളായി അവർ ആചരിച്ച് വരുന്ന വീഞ്ഞുപയോഗം. യേശു ക്രിസ്തുവിന്റെ തിരുരക്തമായി കരുതിയാണ് കത്തോലിക്കർ വീഞ്ഞ് ഉപയോഗിക്കുന്നത്. തിരു ശരീരം ആയി കരുതുന്ന ഒരു ഗ്രാം പോലും ഇല്ലാത്ത ഒരു ചെറിയ ഗോതമ്പ് അപ്പം ഈ വീഞ്ഞിൽ മുക്കിയാണ് വിശ്വാസികളുടെ നാവിൻ തുമ്പത്ത് വയ്ക്കുന്നത്. 15 ലക്ഷത്തിൽ അധികം വരുന്ന കത്തോലിക്ക വിശ്വാസികൾക്ക് കുർബാന കാണുമ്പോൾ നൽകുന്ന ഒരു തുള്ളി പോലും ഇല്ലാത്ത ഈ വീഞ്ഞിനെ വീര്യം ആക്കുന്നവരുടെ ലക്ഷ്യം തീർച്ചയായും വേറെയാണ്. മതസൗഹാർദമുള്ള ഒരു സമൂഹം വിഭാവനം ചെയ്യുന്നവർ ഇത്തരം ദുഷ്ടലാക്കോടെയുള്ള ഇടപെടലിനെ ചെറുത്ത് തോല്പിക്കുക തന്നെ ചെയ്യണം. ഇതിനൊക്കെ ഉപരി ഒരു സമുദായത്തിന്റെ ആചാരത്തിന്റെ കാര്യത്തിൽ മറ്റൊരു സമുദായനേതാവ് ദുഷ്ടലാക്കോടെ ഇടപെടുന്നത് ധാർമ്മികമല്ല. ഇത് തെറ്റായ പ്രവണതയ്ക്ക് തുടക്കം കുറിക്കും.
അതേ സമയം ഈ വിഷയം ഒരു ധാർമ്മിക പ്രശ്‌നം കൂടി ഉയർത്തുന്നുണ്ട്. പേരിന് വേണ്ടിയാണെങ്കിൽ കൂടി മദ്യം കലർന്ന വീഞ്ഞ് തന്നെ വിശുദ്ധ ബലിക്ക് തിരു രക്തമായി നൽകണം എന്ന് സഭ ശാഠ്യം പിടിക്കുന്നത് എന്ത് കൊണ്ടാണ്? യേശു ക്രിസ്തു പ്രതീകമായി നൽകിയ അപ്പവും വീഞ്ഞും അങ്ങനെ തന്നെ ആവർത്തിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് എന്ത് കൊണ്ട്? യേശു ക്രിസ്തു ജീവിച്ചിരുന്ന കാലത്തെ പ്രധാന പാനീയം എന്ന നിലയിൽ ആയിരുന്നു അന്ന് വീഞ്ഞ് വിളമ്പിയതും എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞതും. ഇന്ത്യയിലെ സാഹചര്യത്തിൽ അത് മാറ്റി പരീക്ഷിക്കുന്നതിൽ എന്താണ് പ്രശ്‌നം ഉള്ളത്? അന്ന് യേശു ക്രിസ്തു ശരീരം എന്ന നിലയിൽ ശിഷ്യന്മാർക്ക് നൽകിയത് വലിയ ഗോതമ്പ് റൊട്ടി ആയിരുന്നെങ്കിലും ഇപ്പോൾ കടലാസ്സിന്റെ പോലും കനം ഇല്ലാത്ത ചെറിയ ഓസ്തിയാണ് നൽകുന്നത്. അന്ന് ഒലിവ് ഇലകൾ ഉപയോഗിച്ചാണ് യേശുവിന് ഓശാന പാടിയതെങ്കിൽ ഇന്ന് കുരുത്തോല ഉപയോഗിച്ചാണ് അത് ചെയ്യുന്നത്. അങ്ങനെ എങ്കിലും എന്ത് കൊണ്ട് വീഞ്ഞിന്റെ കാര്യത്തിൽ മാത്രം പിടി വാശി പുലർത്തുന്നു എന്ന ചോദ്യം പ്രസക്തമാണ്. [BLURB#3-VR]
ജീവിച്ചിരിക്കുന്ന നല്ല ഇടയന്മാരിൽ ഒന്നാമനെന്ന് വിശേഷിപ്പിക്കാവുന്ന മർത്തോമ്മ സഭയുടെ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസ്റ്റോസം പറഞ്ഞത് പോലെ എന്ത് കൊണ്ട് വീഞ്ഞിന് പകരം മുന്തിരിച്ചാറ് പരീക്ഷിച്ച് കൂട? അല്ലെങ്കിൽ മറ്റെന്തെങ്കിലും പാനീയം പരീക്ഷിച്ച് കൂട. മദ്യത്തിനെതിരെ കർക്കശമായ നിലപാട് എടുക്കുന്ന സഭ ഇതൊരു ധാർമ്മിക പ്രശ്‌നമായി കണക്കാക്കി വീഞ്ഞിൽ നിന്നും ഒരും മാറ്റം നടത്തേണ്ട സമയമായി. കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ മറ്റൊരു സമുദായക്കാരനും ഇല്ലാതിരുന്നിട്ടും അവിടെ വൻ തോതിൽ മദ്യ ഉപയോഗം നടക്കുന്നു എന്ന റിപ്പോർട്ടും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
മദ്യത്തെ ആത്മാർഥതയോട് കൂടിയാണ് എതിർക്കുന്നതെങ്കിൽ തങ്ങളുടെ ആരാധനയിൽ നിന്ന് മദ്യത്തെയൊഴിവാക്കി മാതൃക കാണിക്കാൻ സഭ തയ്യാറാവണം. മറ്റ് മതങ്ങളിൽ, പ്രത്യേകിച്ച് ഹിന്ദു മതത്തിൽ കാലഘട്ടത്തിനനുസരിച്ച് ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. മനുഷ്യക്കുരുതി നടന്നിരുന്ന ക്ഷേത്രങ്ങളുണ്ടായിരുന്നു. ഭദ്രകാളീ ക്ഷേത്രങ്ങളിൽ മൃഗബലി സർവ്വസാധാരണമായിരുന്നു. ഇപ്പോഴവിടെയെല്ലാം കുമ്പളങ്ങ മുറിച്ച് ചുവന്ന വെള്ളം കലക്കിയൊഴിക്കുന്നു. എല്ലാ ഉഗ്രമൂർത്തീക്ഷേത്രങ്ങളിലും മദ്യവും മാംസവും നിവേദ്യമായിരുന്നു. കാലം മാറിയപ്പോൾ ഹിന്ദു സമൂഹം ആ മാറ്റങ്ങളെ ഉൾക്കൊണ്ട് അനാചാരങ്ങളെ ഒഴിവാക്കി. കത്തോലിക്ക സഭയ്ക്കും ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ.
മാറ്റത്തിന് കാരണമാകാൻ ഈ വിവാദം കാരണമാകേണ്ടതുണ്ട്. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് മദ്യം കലർന്ന സർവ്വതും ബഹിഷ്‌കരിക്കാനും മദ്യപാനികളെയം മദ്യ വില്പനക്കാരെയും സഭയുടെ സജീവ പ്രചാരണങ്ങളിൽ നിന്നും മാറ്റി നിർത്താനും ഒക്കെ സഭാ നേതൃത്വം തയ്യാറായിരുന്നെങ്കിൽ സ്‌നേഹത്തിന്റെ സന്ദേശം കൂടുതൽ ഫലപ്രദം ആകുമായിരുന്നു.