- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു കൊല്ലം ഭരിച്ചു എല്ലാം ശരിയാക്കാൻ ആണ് സഖാവേ ഞങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്തത്; സാന്റിയാഗോ മാർട്ടിന്മാരുടെയും കശുവണ്ടി കള്ളന്മാരുടെയും വക്കാലത്തേറ്റെടുത്ത എം കെ ദാമോദരനെ പടിയടച്ച് പിണ്ഡം വച്ചില്ലെങ്കിൽ ചരിത്രം താങ്കളോട് പൊറുക്കില്ല മിസ്റ്റർ പിണറായി
വളരെ ഏറെ പ്രതീക്ഷയോടെയാണ് പിണറായി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചത്. അഴിമതിയും പെൺവിഷയങ്ങളും വർഗ്ഗീയ പ്രീണനവും വ്യാജ വികസന അവകാശവാദങ്ങളുമായി അഞ്ചു കൊല്ലം ഭരിച്ച യുഡിഎഫ് സർക്കാരിൽ നിന്നും ഒരു മോചനം മോഹിച്ചാണ് ജനങ്ങൾ ഇടത് പക്ഷത്തിന് വോട്ട് ചെയ്തത്. ഭരണത്തിന്റെ ആദ്യ നാളുകൾ ആശാവാഹമായിരുന്നു എന്ന് പറയാതെ വയ്യ. ഉദ്യോഗസ്ഥ വൃന്തങ്ങളുടെ സമീപനത്തെ ചോദ്യം ചെയ്തുള്ള തുടക്കവും വികസന പദ്ധതികൾക്ക് വേണ്ടിയുള്ള ചർച്ചകളും നട്ടെല്ല് വളക്കാത്ത ധീരമായ പ്രഖ്യാപനങ്ങളും പ്രീണനങ്ങൾ ഇല്ലാത്ത ബജറ്റും ഒക്കെ ആ പ്രതീക്ഷ നിലനിർത്തി. മന്ത്രി ജി സുധാകരനും സുനിൽകുമാറും തെല്ലൊന്നുമല്ല പ്രതീക്ഷ ഉയർത്തിയത്. എന്നാൽ ഭരണം രണ്ട് മാസം പിന്നിടുമ്പോഴേക്കും പിണറായി സർക്കാരിൽ നിന്നും സാധാരണക്കാർ ഒട്ടും പ്രതീക്ഷിക്കാത്ത നടപടികൾ പലതും ഉണ്ടാവുന്നു എന്നത് ഖേദകരമാണ്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് എന്ന വെള്ളാനയെ പിരിച്ചു വിട്ടു ലക്ഷങ്ങൾ ലാഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് ഏറെ കൈയടി കിട്ടിയെങ്കിലും എൻഎസ്എസിന്റെ താൽപ്പര്യം ഹ
വളരെ ഏറെ പ്രതീക്ഷയോടെയാണ് പിണറായി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചത്. അഴിമതിയും പെൺവിഷയങ്ങളും വർഗ്ഗീയ പ്രീണനവും വ്യാജ വികസന അവകാശവാദങ്ങളുമായി അഞ്ചു കൊല്ലം ഭരിച്ച യുഡിഎഫ് സർക്കാരിൽ നിന്നും ഒരു മോചനം മോഹിച്ചാണ് ജനങ്ങൾ ഇടത് പക്ഷത്തിന് വോട്ട് ചെയ്തത്. ഭരണത്തിന്റെ ആദ്യ നാളുകൾ ആശാവാഹമായിരുന്നു എന്ന് പറയാതെ വയ്യ. ഉദ്യോഗസ്ഥ വൃന്തങ്ങളുടെ സമീപനത്തെ ചോദ്യം ചെയ്തുള്ള തുടക്കവും വികസന പദ്ധതികൾക്ക് വേണ്ടിയുള്ള ചർച്ചകളും നട്ടെല്ല് വളക്കാത്ത ധീരമായ പ്രഖ്യാപനങ്ങളും പ്രീണനങ്ങൾ ഇല്ലാത്ത ബജറ്റും ഒക്കെ ആ പ്രതീക്ഷ നിലനിർത്തി. മന്ത്രി ജി സുധാകരനും സുനിൽകുമാറും തെല്ലൊന്നുമല്ല പ്രതീക്ഷ ഉയർത്തിയത്.
എന്നാൽ ഭരണം രണ്ട് മാസം പിന്നിടുമ്പോഴേക്കും പിണറായി സർക്കാരിൽ നിന്നും സാധാരണക്കാർ ഒട്ടും പ്രതീക്ഷിക്കാത്ത നടപടികൾ പലതും ഉണ്ടാവുന്നു എന്നത് ഖേദകരമാണ്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് എന്ന വെള്ളാനയെ പിരിച്ചു വിട്ടു ലക്ഷങ്ങൾ ലാഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് ഏറെ കൈയടി കിട്ടിയെങ്കിലും എൻഎസ്എസിന്റെ താൽപ്പര്യം ഹനിക്കപ്പെടാതിരിക്കാൻ വേണ്ടി ആ ശ്രമം ഉപേക്ഷിച്ചതായാണ് ഏറ്റവും ആദ്യം കേട്ട മോശം വാർത്ത. വെള്ളാപ്പള്ളി നടേശനെതിരെ എന്തെങ്കിലും നടപടി ഉണ്ടാവുമോ എന്ന കാര്യത്തിലെ അനിശ്ചിതത്വം ചില്ലറയൊന്നുമല്ല അസ്വസ്ഥത ഉണ്ടാക്കുന്നത്.
ഐസ് ക്രീം കേസിലെയും ബാർ കോഴ കേസിലെയും വ്യാജ ലോട്ടറി കേസിലെയും കശുവണ്ടി കോപ്പറേഷന്റെ അഴിമതി കേസിലെയും ഒക്കെ സർക്കാർ സമീപനങ്ങൾ ഇടത് അനുഭാവികളെ പോലും ഞെട്ടിക്കുന്നതാണ് എന്ന് പറയാതെ വയ്യ. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ് ക്രീം കേസ് എങ്ങനെയാണ് ഒതുക്കി തീർത്തത് എന്ന് എല്ലാവർക്കും അറിയാം. രണ്ട് പെൺകുട്ടികളുടെ മരണത്തോടെ തുടങ്ങിയ ഐസ്‌ക്രീം കേസിൽ നടന്ന സാമ്പത്തിക തിരിമറികളും അഴിമതികളും സ്ത്രീശരീര വിൽപ്പനയും ഒക്കെ അതിഭീതിതം ആയിട്ടും അത് ഒതുക്കി തീർക്കപ്പെട്ടു. അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച വി എസ് അച്യുതാനന്ദനെതിരെ സർക്കാർ നിലപാട് എടുത്തത് കുഞ്ഞാലിക്കുട്ടിയെ സഹായിക്കാൻ ആയിരുന്നു എന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്?
ഇന്നലെ ഉണ്ടായ ബാർ കോഴ കേസിലെ സമീപനം ആണ് ഈ അടുത്ത കാലത്ത് ഇടതുപക്ഷ അനുഭാവികളെ ഏറ്റവും അധികം ഞെട്ടിച്ചത്. കെ എം മാണിക്കെതിരെ രണ്ട് വർഷത്തോളം സമരങ്ങൾ നടത്തുകയും വിജിലൻസും പൊലീസും ഒക്കെ മാണിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്നു നിരന്തരമായി പ്രചരിപ്പിക്കുകയും ചെയ്ത ഇടത് പാർട്ടികൾ ഭരിക്കുമ്പോൾ വിജിലൻസും പൊലീസും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അതേ നിലപാട് സ്വീകരിക്കുന്നു എന്നത് ആരെയാണ് ഞെട്ടിക്കാത്തത്? മാണിക്കെതിരെ വേറെ അന്വേഷണം വേണ്ടെന്നും മാണി കുറ്റക്കാരൻ അല്ലെന്നും വിജിലൻസ് കരുതുന്നതായാണ് കോടതിയിൽ പറഞ്ഞത്. അപ്പോൾ മാണിക്കെതിരെ ഇന്നലെ വരെ പറഞ്ഞതും പ്രചരിപ്പിച്ചതും എല്ലാം അബദ്ധമായിരുന്നു എന്ന് സമ്മതിക്കുന്നു എന്നർത്ഥം.
ഇതിനേക്കാൾ ഒക്കെ ഹൃദയഭേദകവും ഇടത് അനുഭാവികളെ പോലും വേദനിപ്പിച്ചതുമായ ആ നിലപാടാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം. കെ. ദാമോദരന്റേത്. കേരളം കണ്ട് ഏറ്റവും വലിയ അഴിമതികളിൽ ഒന്നായ വ്യാജ ലോട്ടറി കേസിൽ കേന്ദ്ര സർക്കാർ അറ്റാച്ച് ചെയ്ത് സാന്റിയാഗോ മാർട്ടിൻ എന്ന വ്യാജ ലോട്ടറി വിൽപ്പനക്കാരന്റെ സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ കോടതിയിൽ ഹാജരായത് ശ്രീ ദാമോദരനായിരുന്നു എന്നത് എത്ര ഭയാനകമായ ഒരു യാഥാർത്ഥ്യമാണ്. അതിന്റെ ഞെട്ടൽ മാറും മുൻപ് വിമർശകരെ പല്ലിളിച്ച് കാട്ടികൊണ്ടും കമ്മ്യൂണിസ്റ്റ് പാരമ്പര്യങ്ങളെ അപഹസിച്ചു കൊണ്ടും കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവ് കൂടിയായ ആർ ചന്ദ്രശേഖരന്റെ കശുവണ്ടി മോഷണ കേസിലും ദാമോദരൻ ഹാജരായി.
ഈ രണ്ട് ഹാജരാകലുകളേക്കാൾ നാണം കെട്ടതും ഹൃദയഭേദകവുമായത് എം. കെ. ദാമോദരന് വക്കാലത്ത് പറഞ്ഞുകൊണ്ടുള്ള പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പത്ര സമ്മേളനം ആയിരുന്നു. അഭിഭാഷകൻ എന്ന നിലയിൽ ഏതു പ്രതിക്ക് വേണ്ടിയും ഹാജരാകാനുള്ള അവകാശം ദാമോദരന് ഉണ്ട് എന്നാണ് കോടിയേരിയുടെ വാദം. സർക്കാരിന്റെ പ്രതിഫലം കൈപ്പറ്റുന്നില്ല എന്നതാണ് കോടിയേരി പറയുന്ന ന്യായം. ദാമോദരനെപ്പോലെ ഉന്നത ബന്ധങ്ങൾ ഉള്ള അഭിഭാഷകന് സർക്കാർ കൊടുക്കുന്ന പ്രതിഫലം വെറും കടലപ്പരിപ്പിന്റെ വില പോലും ഇല്ലാത്തതാണ് എന്ന് ആർക്കാണ് അറിയാത്തത്. അതുകൊണ്ട് തന്നെ പ്രതിഫലം ഉണ്ടോ ഇല്ലയോ എന്നത് ഒട്ടും പ്രസക്തമായ ഒരു വാദമല്ല.
ഇവിടെ പ്രസക്തമായിരിക്കുന്നത് സർക്കാരിന്റെ ഔദ്യോഗിക പദവി വഹിക്കുന്ന അല്ലെങ്കിൽ സൂപ്പർ എജി എന്നു വിശേഷിപ്പിക്കുന്ന ഒരു പദവി വഹിക്കുന്ന ഒരു ഉദ്യോഗസ്ഥൻ സർക്കാർ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിലപാട് എടുക്കാമോ എന്നത് മാത്രമാണ്. സാന്റിയാഗോയുടെ കേസിൽ എതിർ ഭാഗത്ത് കേന്ദ്ര സർക്കാർ ആണ് എന്ന് പറയുന്ന കോടിയേരിയുടെ അൽപ്പത്തരം അങ്ങേയറ്റം അപലപനീയമാണ്. കേന്ദ്ര സർക്കാർ സാന്റിയാഗോക്കെതിരെ കേസ് നടത്തുന്നത് അവരുടെ വൈരാഗ്യം തീർക്കാനല്ല, പ്രത്യുത സ്റ്റേറ്റിന്റെ നിയമങ്ങൾ ലംഘിച്ചും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ലംഘിച്ചും ക്രിമിനൽ പ്രവർത്തിയിലൂടെ രാജ്യത്തിന്റെ സ്വത്തുകൊള്ളയടിച്ചതിനാണ്. കള്ള ലോട്ടറി അടിച്ചു വിൽക്കുന്നതും സമ്മാനം ഇല്ലാത്ത ലോട്ടറി അടിച്ചു വിൽക്കുന്നതുമൊക്കെ രാജ്യദ്രോഹത്തിന് സമാനമായി കരുതാവുന്ന കുറ്റമാണ്. ഈ കുറ്റം ചെയ്തയാൾക്കു വേണ്ടി സർക്കാരിന്റെ ഒദ്യോഗിക പദവി വഹിക്കുന്ന ഒരാൾ വക്കാലത്ത് പിടിക്കുന്നത് ആ ഉദ്യോഗസ്ഥൻ തന്റെ പദവിയോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്.
കശുവണ്ടി കോപ്പറേഷൻ അഴിമതിയുടെ കാര്യം എടുക്കൂ. കോൺഗ്രസ്സിന്റെ ഉന്നതനായ ഒരു നേതാവ് പൊതു ഖജനാവ് കാലിയാക്കാൻ നടത്തിയ ഒരു തിരുമറിയാണ് ഈ കേസ്. അതിനെതിരെ ശബ്ദമുയർത്തിയും സമരങ്ങൾ നയിച്ചതും ഒക്കെ ഇപ്പോഴത്തെ ഭരണപക്ഷമായ സിപിഐ(എം) ആയിരുന്നു. ആ അഴിമതി കേസിൽ ചന്ദ്രശേഖരനും കൂട്ടാളികളും പെടുമെന്ന അവസ്ഥ വന്നപ്പോൾ സൂപ്പർ എജിയെ തന്നെ പിടിച്ചു കേസ് നടത്തിക്കാൻ ചന്ദ്രശേഖരൻ ബുദ്ധി കാണിച്ചു. ഇത്തരം ഒരു കേസ് നടത്താൻ ശമ്പളം ഇല്ലാത്ത ഒരു പദവിയിൽ ഇരുന്നു കൊണ്ട് ദോമോദരൻ വാങ്ങുന്ന പ്രതിഫലം എത്ര എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
മുഖ്യ മന്ത്രിയുടെ നിയമോപദേഷ്ടാവ് എന്നു വച്ചാൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഫയലുകളും കാണാൻ അധികാരമുള്ളയാൾ എന്നാണ്. അതിപ്പോൾ സാന്റിയാഗോ മാർട്ടിനെതിരെ ആണെങ്കിലും ശരി ആർ ചന്ദ്രശേഖരനെതിരെയാണെങ്കിലും ശരി മറ്റേത് അഴിമതിക്കാരനെതിരെ ആണെങ്കിലും ശരി, ദോമോദരന് ഫയലുകൾ ചോദിച്ചു വാങ്ങി പരിശോധിക്കാം. എതിർകക്ഷികൾക്ക് വേണ്ടി വക്കാലത്ത് പറയുന്ന ഒരു വക്കീൽ സർക്കാർ ഭാഗം ഫയലുകൾ വായിച്ചും പഠിച്ചും കേസ് നടത്തുന്ന അവസ്ഥ എത്ര ഭയാനകമാണ്. എന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ താൽപ്പര്യം സ്മരിക്കേണ്ട എജി ഈ ദാമോദരന്റെ അനുയായിയും ശിക്ഷ്യനും ആയിരിക്കെ എന്ത് തരം നീതിയായിരിക്കും അവിടെ ഉണ്ടാവുക. ഈ ചോദ്യമാണ് ഈ വിവാദത്തിന്റെ കാതൽ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
മികച്ച തുടക്കവും തന്റേടമുള്ള നിലപാടും മൂലം വലിയ പ്രതീക്ഷയോടെ കേരളം കണ്ട പിണറായി വിജയൻ ഇത്തരം നിലപാടുകളിൽ വരുത്തുന്ന വീഴ്ച സംശയാസ്പദവും നിരാശജനകവുമാണ്. അതിന് കോടിയേരി ബാലകൃഷ്ണൻ എന്തെല്ലാം ന്യായങ്ങൾ നിരത്തിയാലും അതൊന്നും സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല എന്ന് പറയാതെ വയ്യ. സഖാവ് പിണറായി വിജയൻ പത്തുകൊല്ലം ഭരിച്ച് കേരളത്തിന്റെ മൗലിക പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ദോമോദരന്മാരെയും സാന്റിയാഗോ മാർട്ടിന്മാരെയും ചുമന്നാണ് നടപ്പെങ്കിൽ അതിനുള്ള യോഗം ആർക്കും ഉണ്ടാവില്ല.
ദണ്ഡപാണി എന്ന എജി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ വിവാദനിലപാടുകൾ എല്ലാവർക്കും അറിയാവുന്നതാണ്. അതേ അവസ്ഥയിലേക്കാണ് ദോമോദരൻ കേരളത്തെ ഇപ്പോൾ നയിക്കുന്നത്. ഒരു മികച്ച വക്കീലിന് ജനങ്ങൾ എന്തു പറയുന്നു എന്നത് ഒരു വിഷയം ആയിരിക്കില്ല. എന്നാൽ നല്ല പൊതു പ്രവർത്തകന് അത് പ്രധാനമാവേണ്ടതാണ്. ആ പൊതുജനവികാരം തമസ്‌കരിക്കാൻ ആണ് പിണറായി വിജയൻ ശ്രമിക്കുന്നതെങ്കിൽ അത് കേരളത്തിന്റെ തന്നെ മഹാദുരന്തങ്ങളിൽ ഒന്നായി മാറും. അത്തരം ഒരു സഹാചര്യം ശ്രീ വിജയൻ ഒഴിവാക്കുമെന്ന് പ്രത്യാശിക്കാം. അതിന് വേണ്ടത് ശ്രീ എം. കെ. ദാമോദരന്റെ രാജി എഴുതി വാങ്ങി സർക്കാരുമായുള്ള എല്ലാ ഇടപാടുകളും അടിയന്തിരമായി അവസാനിപ്പിക്കുകയാണ്.