തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു നടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു വഴിയിൽ ഇറക്കി വിട്ട സംഭവം ഉണ്ടായത് കേരളം പോലൊരു നാട്ടിൽ ആണ് എന്നത് ആരെയാണ് ആശങ്കപ്പെടുത്താത്തത്? ആരു കണ്ടാലും തിരിച്ചറിയാൻ കഴിയുന്ന പ്രശസ്തയായ ഒരു നടിക്കായിരുന്നു ഈ ദുരന്തം എന്നറിയുമ്പോൾ ആശങ്കയുടെ വ്യാപ്തി കൂടുകയാണ്. അതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു അതിപ്രശസ്തയായ നായിക നടി ഒരു ഹോട്ടൽ മുറിയിൽ വച്ചു പീഡിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. ലോകത്തിന്റെ ബലാംത്സഗ ക്യാപിറ്റലായി ഇന്ത്യ ചിത്രീകരിക്കപ്പെടുന്ന സമയത്ത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇങ്ങനെ ഒക്കെ അരങ്ങേറുന്നത് നിർഭാഗ്യകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജിഷ എന്ന പെൺകുട്ടി അതിക്രൂരമായി ബലാംത്സഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ അനുരണനം ഇനിയും കേരളത്തിൽ നിന്നും മാറിയിട്ടില്ല. സൗമ്യ എന്നൊരു പെൺകുട്ടിയെ ട്രെയിനിൽ നിന്നു പിടിച്ചു തള്ളിയിട്ടു ബലാംത്സഗം ചെയ്തതിന്റെ ഷോക്ക് മാറും മുൻപായിരുന്നു ജിഷയുടെ കൊലപാതകം. ജിഷയെയും സൗമ്യയെയും പോലെ അനേകം പേർ പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും ഇരയാകുന്നതിന്റെ തുടർച്ചയായാണ് നടിയുടെ ദുരന്തവും വാർത്തയായത്. ജിഷയുടെ കൊലപാതകം ഉമ്മൻ ചാണ്ടി സർക്കാരിന്റെ പിടിപ്പുകേടിനുള്ള ഉദാഹരണമായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ആരോപിച്ചവർ ഇന്നു ഭരിക്കുമ്പോൾ ഒരു നടി പോലും പീഡനത്തിന് ഇരയാകുന്നു എന്നത് ഏറെ ആശങ്കാജനകമാണ്.

ജിഷയുടെ മരണത്തിന് ഉമ്മൻ ചാണ്ടി ഉത്തരവാദി ആണെങ്കിൽ നടിയുടെ ദുരന്തത്തിന് പിണറായി വിജയനും ഉത്തരവാദി തന്നെയാണ് എന്നു പറയാതെ വയ്യ. ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു റെയിൽവേ മന്ത്രി സ്ഥാനം രാജി വച്ച മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. രാജി വച്ചില്ലെങ്കിലും ഇത്തരം ക്രിമിനൽ പ്രവർത്തികളിൽ പങ്കാളികളാകുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ നമുക്ക് സാധിക്കണം. കേരളത്തിൽ ഇന്നേ വരെ നടന്നിട്ടുള്ള ഇത്തരം കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളുടെ ഒക്കെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടു വാരൻ സാധിക്കുന്നില്ല എന്നതാണ് ഇതു ആവർത്തിക്കപ്പെടാനുള്ള പ്രധാന കാരണം.

പോൾ മുത്തൂറ്റ് വധക്കേസ് ആണെങ്കിലും ടിപി വധക്കേസ് ആണെങ്കിലും ജിഷ വധക്കേസ് ആണെങ്കിലും ഒക്കെ യഥാർത്ഥ പ്രതികൾ അല്ല പിടിക്കപ്പെടുന്നത് എന്ന സംശയം ജനങ്ങൾക്കിടയിൽ ഉണ്ട് എന്നത് സത്യമാണ്. ഇത്തരം കേസുകൾ ഉണ്ടാകുമ്പോൾ ഒട്ടേറെ പ്രമുഖരുടെ പേരുകൾ അതുമായി ബന്ധപ്പെട്ടു ഉയർന്നു വരും. അത്തരം വാർത്തകൾ പലതും വിശ്വസനീയമാണെങ്കിൽ പോലും പിന്നീട് അതേക്കുറിച്ചൊന്നും കേൾക്കാറില്ല എന്നതാണ് സത്യം. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കിയേ മതിയാവൂ. ഇങ്ങനെ ഉയർന്നു വരുന്ന പേരുകാർക്ക് എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അതു അന്വേഷിച്ചു വെളിയിൽ കൊണ്ടു വരേണ്ടതുണ്ട്. അങ്ങനെയല്ല അടിസ്ഥാന രഹിതമായാണ് ഇത്തരം പേരുകൾ വരുന്നതെങ്കിലും അവരെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴക്കപ്പെടുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാവേണ്ടതുണ്ട്.

ഉദാഹരണത്തിന് നടിക്കുണ്ടായ ദുരന്തത്തിന്റെ കഥ മാത്രം എടുക്കുക. ഗൂഢാലോചനക്കാരനായി ഒരു സൂപ്പർ സ്റ്റാറിലേക്കാണ് മാദ്ധ്യമ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്. മാദ്ധ്യമങ്ങൾ ഒന്നും ആ സൂപ്പർ സ്റ്റാറിന്റെ പേരു പറയുന്നില്ലെങ്കിലും വായനക്കാർക്കെല്ലാം അറിയാം ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന്. ആ നടന്റെ പേര് ഏതെങ്കലും ഗാഢാലോചനാസംഘം ഉണ്ടാക്കിയെടുത്തതല്ല. അന്വേഷണ സംഘം നൽകുന്ന സൂചനകളും സംഭവവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ചേർത്തു വച്ചു സൃഷ്ടിക്കപ്പെടുന്നതാണ്. എന്നാൽ നടന്റെ പേരു പറയാൻ പറ്റിയ തെളിവുകൾ ഇല്ലാത്തതു കൊണ്ട് മാദ്ധ്യമങ്ങൾ പേരു പറയുന്നില്ല എന്നു മാത്രം.

[BLURB#1-VL]ഇത്രയധികം ആരോപണങ്ങൾ ആ നടന്റെ പേരിൽ ഉയർന്ന സ്ഥിതിക്ക് അതേക്കുറിച്ചു അന്വേഷിക്കുകയും നടനു എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ ഇല്ലയോ എന്നുറപ്പു വരുത്തുകയും ചെയ്യേണ്ടത് പൊലീസാണ്. അപമാനിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും തമ്മിലുള്ള പ്രശ്‌നങ്ങളും നടിയുടെ മൊഴിയും നടനു പ്രതികൂലമായുള്ള ബന്ധവും ഒക്കെ പൊലീസ് അന്വേഷിക്കേണ്ടതാണ്. അങ്ങനെ അന്വേഷിച്ച ശേഷം യാതൊരു ബന്ധവും നടനു ഇല്ലെങ്കിൽ അതു വ്യക്തമാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കേണ്ട ചുമതല പൊലീസിനാണ്. അനാവശ്യമായി ആരെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് ഉചിതമല്ല.

ഈ നടനും കുറ്റവാളി എന്നു പൊലീസ് സംശയിക്കുന്ന പൾസർ സുനിയും തമ്മിലുള്ള ബന്ധവും എങ്ങനെയാണ് നടിക്കു ഇഷ്ടമല്ലാതിരുന്നിട്ടും പൾസർ സുനി നടിയുടെ ഡ്രൈവറായത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷ വിധേയമാക്കേണ്ടതുണ്ട്. വാസ്തവത്തിൽ പൊലീസിന്റെ അന്വേഷണം തുടങ്ങേണ്ടത് നടൻ ലാലിൽ നിന്നാകണം. ലാലിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ ഈ നടി അഭിനയിക്കുന്ന സിനിമയുടെ ഡ്രൈവറായിരുന്നു പൾസർ സുനി എന്നത് ചെറിയ കാര്യമല്ല. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സുനി ഈ നടിയിൽ നിന്നും 50 ലക്ഷം രൂപ ഈടാക്കും എന്നു പലരോടും പറഞ്ഞതായും തെളിവുകൾ ഉണ്ട്. എന്നിട്ടും എങ്ങനെ ഇയാൾ നടിയുടെ ഡ്രൈവറായി എന്നത് കണ്ടു പിടിക്കണം എങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് ലാലിനെയാണ്.

ഇത്രയധികം ആരോപണ വിധേയനായ ഒരാളെ ജോലിക്കു വച്ചത് തന്നെ സംശയാസ്പദമാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട നടിയെ ലാലിന്റെ വീടിനു മുൻപിൽ കൊണ്ടു വിട്ടതും അന്വേഷണ വിധേയാമാക്കണം. ലാലിനു എന്തെങ്കിലും തരത്തിലുള്ള ബന്ധം ഈ കേസുമായി ഉണ്ട് എന്നല്ല പറഞ്ഞു വരുന്നത്. എന്നാൽ സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആയതിനാൽ അന്വേഷണം ആരംഭിക്കേണ്ടത് ലാലിൽ നിന്നു തന്നെയാണ്. എങ്കിൽ മാത്രമേ അന്വേഷണത്തിനു വിശ്വാസ്യത ഉണ്ടാകൂ. അല്ലെങ്കിൽ ജിഷാ വധക്കേസ് പോലെ ആരുടെയോ പുറത്തു കെട്ടി വച്ചു ഒഴിഞ്ഞതായി ജനങ്ങൾ ആശങ്കപ്പെട്ടെന്നു വരാം. പൾസർ സുനി കൊള്ള നടത്താൻ വേണ്ടി ഒരുക്കിയ ഒരു കെണി മാത്രമായി തീർത്തു കേസ് അവസാനിപ്പിക്കാനുള്ള സാധ്യത ശക്തമാണ്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ എല്ലാം പരിഗണിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ പൊലീസിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാവുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുകയും ചെയ്യൂ.

[BLURB#2-VR]ഉറച്ച നിലപാടുകളും തീരുമാനങ്ങളും ഉള്ള മുഖ്യമന്ത്രി പക്ഷേ, വിവാദ വിഷയങ്ങളിൽ ഒന്നും ജനമനസിനോടൊപ്പമല്ല എന്നൊരു തോന്നൽ ഉണ്ട്. ലോ അക്കാദമി വിഷയം ആണെങ്കിലും ശരി, നെഹ്രു കോളജ് വിഷയം ആണെങ്കിലും ശരി മുഖ്യമന്ത്രിയുടെ നിലപാട് ജനപക്ഷത്ത് ആയിരുന്നില്ല. അതിന് അദ്ദേഹത്തിന്റെ കാര്യങ്ങൾ ഉണ്ടാവാം. എങ്കിലും ജനവികാരത്തെ പാടേ തമസ്‌കരിച്ചുകൊണ്ട് എത്ര പ്രഗത്ഭനായ ഒരു ഭരണാധികാരിക്കും മുൻപോട്ട് പോകാൻ പറ്റില്ല. ലക്ഷ്മി നായർ വിവാദം അടക്കമുള്ള വിഷയങ്ങളിൽ തിളക്കം നഷ്ടപ്പെട്ട പിണറായി സർക്കാരിന് മുഖം മിനുക്കാനുള്ള സുവർണ്ണാവസരമായി ഇതിനെ കരുതുക. ആർക്കൊക്കെ എതിരെ ആരോപണം ഉയരുന്നുവോ അവരെയൊക്കെ വിളിച്ച് ചോദ്യം ചെയ്തുവേണം ഈ തിളക്കം ഉറപ്പിക്കാൻ. എന്നിട്ട് അവർ നിരപരാധികൾ ആണെങ്കിൽ എന്തുകൊണ്ട് അവർ നിരപരാധികൾ ആണെന്ന് പരസ്യമായി പറയട്ടെ. മാദ്ധ്യമങ്ങൾ ആരോപിക്കുന്ന പോലെ ഗൂഢാലോചന അവരുടെ ഭാഗത്ത് നിന്നുണ്ടായെങ്കിൽ മുഖം നോക്കാതെ നടപടിയും എടുക്കട്ടെ. പ്രത്യേകിച്ച് സിപിഎമ്മുമായി ചേർന്ന് നിൽക്കുന്ന ഒരു സിനിമാതാരത്തിന്റെ പങ്കിനെ കുറിച്ച് സംശയപരമായ ചില വിവരങ്ങൾ പുറത്തുവരുമ്പോൾ അതായിരിക്കും ഏറ്റവും ഉചിതം.

ഈ വിഷയവുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോർട്ടിങ്ങിനെ കുറിച്ചു രണ്ടു വാക്കു പറയാതെ എഡിറ്റോറിയൽ അവസാനിപ്പിക്കാൻ സാധ്യമല്ല. നടിയുടെ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ട രീതിയാണ് ഏറെ വിമർശനങ്ങൾക്ക് ഇടയായത്. പതിവു പോലെ ചാനലുകളാണ് ഈ സംഭവം ആദ്യം ബ്രേക്ക് ചെയ്തത്. തൊട്ടു പിന്നാലെ ഓൺലൈൻ പത്രങ്ങളും സോഷ്യൽ മീഡിയായും വാർത്തകൾക്കായി മത്സരിച്ചു. തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു എന്നതായാരിന്നു വിഷയം എന്നിരുന്നാലും ഇര ഒരു നടി ആയിരുന്നതിനാലും പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകൾ നിമിഷ നേരം കൊണ്ടു വളർന്നു.

അന്നു സന്ധ്യ ആയപ്പോഴേക്കും സംഭവത്തിന്റെ പ്രധാന്യത്തെ കുറിച്ചു കുറച്ചു കൂടി വ്യക്തത വന്നു. തുടർന്നു ചാനലുകളും പിറ്റേന്നത്തെ ഒട്ടു മിക്ക പത്രങ്ങളും പേരുകൾ പിൻവലിച്ചു. എന്നാൽ ഓൺലൈൻ പത്രങ്ങളോ സോഷ്യൽ മീഡിയായോ മംഗളം പോലെയുള്ള പത്രങ്ങളോ തിരുത്താൻ തയ്യാറായില്ല. അതിനൊരു കാരണം മഞ്ജു വാര്യർ പൃഥ്വിരാജ് തുടങ്ങിയ പ്രമുഖരെല്ലാം നടിയുടെ പേരു പറഞ്ഞു തന്നെയായിരുന്നു പ്രതികരണങ്ങൾ നടത്തിയത്. ഇന്നലെയാണ് പൊലീസ് വിഷയത്തിൽ ഗൗരവമായി ഇടപെട്ടത്. തുടർന്നാണ് ഓൺലൈൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയായും പേരുകളും ചിത്രങ്ങളും പിൻവലിച്ചത്.

[BLURB#3-VL]പ്രശ്‌നത്തിന്റെ ഗൗരവം ആഴത്തിൽ മനസ്സിലായിട്ടും പേരു ഒഴിവാക്കാനോ ചിത്രങ്ങൾ പിൻവലിക്കാനോ തയ്യാറാകാതെ ചില ഓൺലൈൻ പത്രങ്ങൾ നിയമ വ്യവസ്ഥയെ വെല്ലു വിളിക്കുന്നുണ്ട്. ഷെയറും ലൈക്കും മാത്രം ലക്ഷ്യമിട്ടു എന്തു നുണയും വാർത്തയാക്കുന്ന ഇത്തരക്കാർക്കെതിരെ നിയമ നടപടി എടുക്കേണ്ടതാണ്. മാത്രമല്ല ഇവരിൽ ചിലർ ഇരയായ നടിയെ വളരെ മോശക്കാരിയാക്കുന്ന ചില വാർത്തകളും പ്രസിദ്ധീകരിച്ചത് കണ്ടു. വളരെ ഹൃദയഭേദകമായ ഒരവസ്ഥയാണിത്. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന ഈ അവസ്ഥക്ക് അറുതി വരുത്തേണ്ടത് തന്നെയാണ്. ഇരയെ പേരെടുത്തു പറഞ്ഞു അപമാനിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിട്ടു കൂടൂ.

അതേ സമയം ഒരു വലിയ ധാർമ്മിക പ്രശ്‌നം അവശേഷിക്കുന്നുണ്ട്. വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചു എന്ന ആരോപണം ഉണ്ടായപ്പോൾ പേരുകൾ കൊടുത്ത മാദ്ധ്യമങ്ങൾ അതു പിൻവലിച്ചതുകൊണ്ട് മാത്രം ഇരയുടെ പേരു രഹസ്യമായി വയ്ക്കുക എന്ന ഉദ്ദേശം നടക്കുമോ എന്ന ചോദ്യമാണത്. ഇരയുടെ പേരു എല്ലാവരും തന്നെ ചർച്ച ചെയ്തതിനാൽ പേരു തുടരാൻ അനുവദിച്ചു കൊണ്ടു തന്നെ ലൈംഗികമായ ആക്രമത്തെ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുന്നതായിരുന്നില്ലേ ഉചിതം എന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു. നിയമം ഇരകളെ രക്ഷിക്കാനുള്ളതാണ് എന്ന സങ്കൽപ്പം വച്ചു നോക്കുമ്പോൾ പേരുകൾ വെളിപ്പെട്ട സ്ഥിതിക്ക് ഇരകളുടെ പേരു ഒഴിവാക്കുന്നതിനേക്കാൾ മുൻഗണന നൽകേണ്ടത് ലൈംഗിക ആക്രമണം ഇല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുക ആയിരുന്നു. അത്തരത്തിൽ നിയമം മാറ്റി എഴുതിയാൽ മാത്രമേ നിയമത്തിന്റെ ഉദ്ദേശശുദ്ധി സഫലമാകൂ.