കേരളത്തിൽ മാദ്ധ്യമ പ്രവർത്തന രംഗത്ത് അധികം സ്ത്രീകൾക്കൊന്നും ഇതുവരെ ശോഭിക്കാൻ അവസരം ഉണ്ടായിട്ടില്ല. ചാനലുകളുടെ വരവോടെയാണ് ഈ സ്ഥിതിക്ക് കുറച്ചെങ്കിലും മാറ്റം ഉണ്ടായത്. ചാനലുകളിലൂടെ മാത്രം വനിതാ പത്രപ്രവർത്തകർ അറിയപ്പെടുമ്പോൾ അച്ചടിക്കുന്ന ഒരു പത്രത്തിൽ ജോലി ചെയ്തു കൊണ്ട് എല്ലാവരേയും അതിശയിപ്പിക്കാൻ സാധിക്കുന്ന അപൂർവ്വം വനിതാ പത്രപ്രവർത്തകരിൽ ഒരാളാണ് ജിഷ എലിസബത്ത് എന്ന മാദ്ധ്യമം ലേഖിക. ചെറിയ പ്രായത്തിൽ തന്നെ സാമൂഹിക ഉത്തരവാദിത്തമുള്ള ചില മികച്ച വാർത്തകൾ കണ്ടെത്തി എന്നതു മാത്രമല്ല ജിഷയുടെ പ്രത്യേകത, സ്വതന്ത്രമായി ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായം പറയുന്ന ജിഷയുടെ ഫെയ്‌സ്ബുക്ക് പേജിന് 50,000 ഫോളോവേഴ്‌സ് ഉണ്ട്. മോദിയുടെ ശിവഗിരി സന്ദർശനവുമായി ബന്ധപ്പെട്ട് ജിഷ ഒരു പോസ്റ്റ് ഇട്ടിരുന്നു. മാദ്ധ്യമത്തിൽ ജോലി ചെയ്യുന്ന ഒരു പത്രപ്രവർത്തക എന്തായാലും മോദിയെ അനുകൂലിച്ച് അഭിപ്രായം പറയും എന്ന് നമുക്ക് ഊഹിക്കാൻ കഴിയാത്തതുകൊണ്ട് ജിഷയുടെ അഭിപ്രായം മോദി വിരുദ്ധമായതിനാൽ കുറ്റം പറയാൻ സാധിക്കില്ല. എന്നാൽ ചർച്ച ചൂടുപിടിച്ചപ്പോൾ ഒരാൾ ഒരു ചോദ്യം ചോദിച്ചു. ഈ മോദി പ്രധാനമന്ത്രിയായാൽ മോദി വിരുദ്ധർ എല്ലാം കൂടി എന്തു ചെയ്യുമെന്ന്. ആവേശപൂർവ്വം ജിഷ നൽകിയ മറുപടി ഇതായിരുന്നു: 'മൂപ്പര് പ്രധാനമാത്രി ആയാൽ ഇവിടെ ജീവിക്കേണ്ടി വരില്ല. ഒന്നുകിൽ എല്ലാവരും മതം മാറണം, അല്ലെങ്കിൽ ചാകണം, കൊല്ലപ്പെടണം, അടിമയാകണം, അതുമല്ലെങ്കിൽ നാടു വിട്ടു പോകുക.

തികച്ചും വ്യത്യസ്ഥവും നിഷ്പക്ഷവുമായ നിലപാട് പുലർത്തുന്ന ജിഷ എടുത്ത ഈ നിലപാട് വാസ്തവത്തിൽ ഫെയ്‌സ്ബുക്കിൽ പ്രചരിക്കുന്ന ഒറ്റപ്പെട്ട ഒരു നിലപാടല്ല. ലോകത്തെ ഏറ്റവും വലിയ ക്രിമിനലും കുറ്റവാളിയും ഭീകരനും മോശക്കാരനുമാണ് മോദി എന്ന തരത്തിലുള്ള പ്രചരണം സോഷ്യൽ നെറ്റുവർക്കുകളിൽ സജീവമാണ്. മന്ത്രി ഷിബു ബേബിജോൺ മോദിയെ കണ്ടതും മോദിയെ ശിവഗിരിയിൽ ക്ഷണിച്ചതും ഒക്കെ ഇങ്ങനെയാണ് വിവാദമായത്. മന്ത്രി എന്ന നിലയിൽ ഷിബു ബേബി ജോൺ മോദിയുമായി കൂടിക്കാഴ്ച നടത്തിയതിൽ ഒരു തെറ്റുമില്ല എന്ന് പരിപൂർണ്ണമായി വിശ്വസിക്കുന്നതുകൊണ്ടാണ് ഷിബുവിനെ അനുകൂലിച്ചുകൊണ്ട് ഞങ്ങൾ ഒരു എഡിറ്റോറിയൽ എഴുതുകയുണ്ടായത്. എന്നാൽ ശിവഗിരി സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റുപല തലങ്ങളും ഉള്ളതുകൊണ്ട് എതിർത്തോ അനുകൂലിച്ചോ ഒരു നിലപാട് പ്രഖ്യാപിക്കേണ്ട എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.

എന്നാൽ മോദി സന്ദർശനം കഴിഞ്ഞ് മടങ്ങി മൂന്നു ദിവസം കഴിഞ്ഞിട്ടും ഈ ചർച്ച ചൂടുപിടിച്ച് നിൽക്കുന്നതുകൊണ്ടും ജിഷയെപ്പോലെയുള്ള ബഹുമാന്യരായ വ്യക്തികൾ ഇത്രയും രൂക്ഷമായ അഭിപ്രായം പറയുന്നതുകൊണ്ടും നിലപാട് വ്യക്തമാക്കാതിരിക്കാൻ തരമില്ല എന്ന അവസ്ഥയിലാണ് ഞങ്ങൾ. ഈ വിവാദം കൊണ്ട് ആത്യന്തികമായി നേട്ടം ഉണ്ടായത് മോദിക്ക് തന്നെയാണ് എന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് മോദിയുടെ സന്ദർശനം ഒരുകാരണവശാലും ഇത്രയധികം വിവാദമാക്കേണ്ട വിഷയമായിരുന്നില്ല എന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിനു മുമ്പ് ഔദ്യോഗിക ആവശ്യത്തിനായി മുഖ്യമന്ത്രിയും തിരുമേനിമാരും മതമേലദ്ധ്യക്ഷന്മാരും ഒക്കെ മോദിയെ കണ്ടിട്ടുണ്ട് എന്ന വസ്തുതയും ഇതിന് മുമ്പ് എൽ കെ അധ്വാനി അടക്കം സർവ്വ മതത്തിലും പെട്ടവർ ശിവഗിരി സന്ദർശിച്ചിട്ടുണ്ട് എന്ന കാര്യവും മനപൂർവ്വം ഇത് വിവാദമാക്കിയവർ വിസ്മരിച്ചതാണോ എന്നതാണ് ഉയരുന്ന ചോദ്യം.

ഗുജറാത്ത് കലാപത്തിന് പരോക്ഷമായ പിന്തുണ കൊടുത്തയാൾ എന്നതാണ് മോദിക്കെതിരെയുള്ള ആരോപണം. നിരപരാധികളായ അനേകം മുസ്ലീം സഹോരന്മാർ കുരുതികഴിക്കപ്പെട്ട ഗുജറാത്ത് കലാപത്തെ അത്രവേഗം മറക്കാൻ ആർക്കും കഴിയില്ല. അതിന് മോദി സൂത്രധാരനായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതിന് മോദി തീർച്ചയായും ശിക്ഷിക്കപ്പെടേണ്ടതും അപമാനിക്കപ്പെടേണ്ടതുമാണ്. എന്നാൽ ഇന്നേവരെ നമ്മുടെ നിയമവ്യവസ്ഥ മോദിയെ കുറ്റക്കാരനായി കണ്ടെത്തുകയോ അതിന്റെ പേരിൽ വിചാരണ ചെയ്യപ്പെടണം എന്നു പോലും ആവശ്യപ്പെട്ടിട്ടില്ല. ഈ സ്ഥിതിക്ക് മോദിയോട് രാഷ്ട്രീയ തൊട്ടുകൂടായ്മ കാണിക്കുന്നത് ഏത് തരത്തിലാണ് നീതീകരിക്കാൻ സാധിക്കുന്നത്? മോദിയുടെ ഭരണത്തിൻ കീഴിൽ ഗുജറാത്ത് കലാപത്തിന് ശേഷം ഒരു കലാപവും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇടയ്ക്കിടെ വർഗ്ഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ചരിത്രമുള്ള ഗുജറാത്തിൽ ഇങ്ങനെ ഒരു മാറ്റം വരുന്നതിന് മോദിക്കുള്ള പങ്ക് എങ്ങനെയാണ് വിസ്മരിക്കപ്പെടുക.

ഫെയ്‌സ്ബുക്കിൽ മോദിക്കെതിരെ കൊലവിളി നടത്തുന്നവർ മറന്നു പോകുന്ന ഒരു കാര്യം ഏറ്റവും കൂടുതൽ മുസ്ലീമുകൾ ജീവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത് എന്നതാണ്. മോദി പ്രധാനമന്ത്രിയായാൽ ഒന്നുകിൽ എല്ലാവരും മതം മാറണം, അല്ലെങ്കിൽചാകണം, കൊല്ലപ്പെടണം, അടിമയാകണം, അല്ലെങ്കില് നാട് വിട്ടു പോകണം എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു മാദ്ധ്യമ പ്രവർത്തക പറയുമ്പോൾ ഗുജറാത്തിലെ എല്ലാ മുസ്ലീമുകളും മറ്റ് ന്യൂനപക്ഷങ്ങളും മതം മാറിക്കഴിഞ്ഞോ എന്ന ചോദ്യം ഉയരുകയാണ്. അല്ലെങ്കിൽ അവരെല്ലാം അടിമകളാണോ? അതുമല്ലെങ്കിൽ അവരൊക്കെ നാടു വിട്ട് പോയോ?

മോദിയെ ഒരു വിശുദ്ധനാക്കുക എന്ന ഉദ്ദേശം ഈ ലേഖനത്തിനില്ല. നിയമത്തിന്റെ സാങ്കേതികതയിൽ മോദി പ്രതിചേർക്കപ്പെട്ടില്ലെങ്കിലും മുസ്ലീമുകളെ കൂട്ടക്കൊല ചെയ്തതിൽ ഉള്ള ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്നും മോദിക്ക് മാറിനിൽക്കാൻ സാധിക്കില്ല എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. എന്നാൽ അത്തരം ഒരു ധാർമ്മിക ഉത്തരവാദിത്തം ആണ് പ്രശ്‌നം എങ്കിലും സിഖ് കൂട്ടക്കൊലയും ബാബറി മസ്ജിദിന്റെ തകർച്ചയും അടക്കം ഹൃദയ ഭേദകമായ അനേകം ഇന്ത്യൻ ദുരന്തങ്ങളിൽ നിന്നു എങ്ങനെ കോൺഗ്രസ്സ് പാർട്ടിക്കും അതിന്റെ നേതാക്കൾക്കും മാറി നിൽക്കാൻ സാധിക്കും. അടിയന്തിരാവസ്ഥക്കാലത്ത് മുറിച്ചെറിയപ്പെട്ട അനേകം പുരുഷത്വങ്ങളുടെ വിലയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാന മന്ത്രിയായ ഇന്ദിരാ ഗാന്ധിക്ക് എങ്ങനെ മാറി നിൽക്കാൻ സാധിക്കും? അതൊക്കെ മറക്കാവുന്ന തെറ്റാണെന്നും എന്നാൽ മോദിയുടെ തെറ്റ് മാത്രം മറക്കാൻ സാധിക്കില്ല എന്നും പറയുന്നത് ചരിത്ര നിഷേധമാണ്.

വാസ്തവത്തിൽ അന്ധമായ ഈ മോദി വിരുദ്ധത മോദിക്കും മോദിയുടെ നിലപാടുകൾക്കും സ്വീകാര്യത നൽകുകയാണ്. കേവലം വോട്ട് ബാങ്കിനെ ലക്ഷ്യമാക്കിയാണ് ഈ കപടസദാചാരം പറച്ചിൽ എന്ന് മനസ്സിലാക്കാനുള്ള വിവേകം സാധാരണ ജനങ്ങൾക്കുണ്ട്. മോദിയുടെ ഭൂതകാലം എത്ര മോശമാണെങ്കിലും മോദി മുമ്പോട്ട് വയ്ക്കുന്ന വികസന സങ്കൽപ്പവും ഉറച്ച തീരുമാനങ്ങളും രാജ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കുന്നവരാണ് അധികം പേരും. അവരുടെ ചിന്തയെ അംഗീകരിക്കുകയും അവരെ കൂടുതൽ മോദി ഭക്തർ ആക്കി മാറ്റുകയുമാണ് ഈ അന്ധമായ പ്രചാരണം വഴി. മലയാള മനോരമ എന്ന പ്രസ്ഥാനം ഒരുനൂറ്റാണ്ടിൽ അധികമായി നിരന്തരമായി പോരാടിയിട്ടും സിപിഐ(എം) എന്ന പാർട്ടിക്ക് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല എന്നത് മാത്രം മതി എതിർ പ്രചാരണങ്ങളുടെ നിഷ്പ്രയോജനം വ്യക്തമാകാൻ.

ശിവഗിരിയിലെ മോദി സന്ദർശനം ഒരു തരത്തിലും മോശമായി കാണേണ്ട കാര്യമല്ല. സർവ്വ മത വിശ്വാസികൾക്കും പ്രവേശനമുള്ള ഇടമാണ് ശിവഗിരി എന്നത് എന്തിനാണ് നമ്മൾ മറക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ യുക്തിവാദിയായ സഹോദരൻ അയ്യപ്പൻ ആയിരുന്നു ഗുരുദേവന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളെന്ന് നാം മറക്കരുത്. സർവ്വമതസ്ഥർക്കും സർവ്വ ചിന്താഗതിക്കാർക്കും പ്രവേശനം ഉള്ള ശിവഗിരിയിൽ മോദി എത്തിയതിൽ ഒരു തരത്തിലുള്ള തെറ്റും കാണേണ്ടതില്ല. ഒന്നുമല്ലെങ്കിലും മോദി ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയും ഇന്ത്യയുടെ തന്നെ പ്രധാനമന്ത്രിയാകാൻ തയ്യാറെടുക്കുന്ന വ്യക്തിയുമാണ് എന്ന കാര്യം വിസ്മരിക്കരുത്.

മോദിയെക്കുറിച്ച് എന്തെങ്കിലും നല്ലത് പറഞ്ഞാൽ ഉടൻ പണം പറ്റിക്കൊണ്ട് നടത്തുന്ന പ്രചരണം ആണെന്ന് ആരോപിക്കാൻ ഒരു സംഘം ഉണ്ട്. അവരിപ്പോൾ ഞങ്ങളുടെ മേൽ കുതിര കയറാൻ എത്തും. മോദി മഹാനായ ഭരണാധികാരിയാണെന്ന് പറയാനല്ല ഞങ്ങൾ ശ്രമിക്കുന്നത്. മോദി ഒരു യാഥാർത്ഥ്യമാണ്. അത് തമസ്‌കരിച്ചിട്ട് യാതൊരു പ്രയോജനവും ഇല്ല. ഇന്ത്യയുടെ പ്രധാനമന്ത്രി പോലും ആകാൻ സാധ്യതയുള്ള ഒരാളാണ് മോദി. അഥവാ മോദി പ്രധാനമന്ത്രിയായി മാറിയാൽ ശ്രീമാൻ ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ഒക്കെ കേരളത്തിന് വേണ്ടി എന്തെങ്കിലും ചോദിക്കാൻ ഡൽഹിക്ക് പോകുകയില്ലെന്നാണോ? മോദിയുടെ നാട്ടിൽ ജീവിക്കേണ്ട എന്നു പറഞ്ഞ് നാടുവിട്ട് പോകുമോ? മോദി ശിവഗിരിയിൽ പറഞ്ഞതുപോലെ രാഷ്ട്രീയത്തിൽ ഈ തൊട്ടുകൂടായ്മ ആകും കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ഈ എഡിറ്റോറിയൽ ചർച്ച ചെയ്യേണ്ടത് മോദിയെക്കുറിച്ചാണ്. സാന്ദർഭികമായി സൂചിപ്പിച്ച ജിഷ എലിസബത്തിനെകുറിച്ച് ചിലർ ചർച്ച നടത്തുന്നു. അത്തരം ചർച്ചകൾ എല്ലാം നീക്കം ചെയ്തിട്ടുണ്ട്. വായനക്കാർ സഹകരിക്കുമല്ലോ- എഡിറ്റർ.