- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി പരാമർശങ്ങൾ വാർത്തയാക്കുന്നതിനെതിരെ രോഷം കൊള്ളുന്ന ജഡ്ജിമാർ ഈ മാദ്ധ്യമവേട്ട കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ട്? കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ച സംഭവം എങ്ങനെ വിശ്വസിക്കാൻ കഴിയും?
മാധ്യമങ്ങൾക്കെതിരെയുള്ള ചെറുതായ നടപടി പോലും ലോകമെമ്പാടും വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ മാദ്ധ്യമങ്ങൾ എന്ത് തെമ്മാടിത്തരം കാണിച്ചാലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ കോടതിയോ അനങ്ങുകയില്ല എന്നതാണ് സത്യം. മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരേയും ജനം ഇതുപോലെ ഭയക്കാൻ കാരണം നിയമത്തിന്റെ ഭൂതക്കണ്ണാടി എടുത്
മാധ്യമങ്ങൾക്കെതിരെയുള്ള ചെറുതായ നടപടി പോലും ലോകമെമ്പാടും വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ മാദ്ധ്യമങ്ങൾ എന്ത് തെമ്മാടിത്തരം കാണിച്ചാലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ കോടതിയോ അനങ്ങുകയില്ല എന്നതാണ് സത്യം. മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരേയും ജനം ഇതുപോലെ ഭയക്കാൻ കാരണം നിയമത്തിന്റെ ഭൂതക്കണ്ണാടി എടുത്ത് വച്ചാൽ നൂറ് ശതമാനവും അതെല്ലാം പാലിച്ച് ജീവിക്കുന്നവരെ കണ്ടെത്താൻ പാടാണ് എന്നതാണ്. മഹാഭൂരിപക്ഷം പേരും ചെറിയ തോതിലുള്ള നിയമലംഘനം നടത്തുന്നത് ലംഘകരുടെ പ്രശ്‌നമല്ല നിയമത്തിന്റെ പ്രശ്‌നമാണ് എന്ന് തിരിച്ചറിയാത്തതുകൊണ്ടല്ല നമ്മുടെ സാമൂഹ്യക്രമത്തിൽ ചിലരുടെയൊക്കെ അധീശത്വം നിലനിർത്താൻ വേണ്ടിയാണ് അതൊക്കെ ഇങ്ങനെ തുടരുന്നത്.
ഒരാൾ ഒരു തട്ടിപ്പുകാരൻ ആണ്, അല്ലെങ്കിൽ ക്രൂരനാണെന്ന് ഒരു മാദ്ധ്യമം യാതൊരു അടിസ്ഥാനവും ഇല്ലാതെ എഴുതിയാൽ അയാൾ നല്ലവനാണെന്നു സ്ഥാപിക്കാൻ വർഷങ്ങൾ എടുക്കും. അത് തെളിയിക്കാൻ കോടതി കയറിയിറങ്ങുകയും പണം മുടക്കുകയും മറ്റ് പ്രധാന പണികൾ എല്ലാം ഉപേക്ഷിച്ചും ഇതിന്റെ പുറകേ നടക്കുകയും വേണം. ഇങ്ങനെ തെളിയിച്ചാൽ തന്നെ പ്രതിയാണ് എന്നെഴുതിയ മാദ്ധ്യമങ്ങൾ ഇവരുടെ നിരപരാധിത്വത്തെക്കുറിച്ച് എഴുതണമെന്നില്ല. ഇതിനിടയിൽ മാന്യമായി ജീവിച്ചിരുന്ന ആ വ്യക്തി ഒരു സമൂഹത്തിന്റെ മുഴുവൻ മനസ്സിൽ തട്ടിപ്പുകാരനും ക്രിമിനലും ഒക്കെയായി ചിത്രീകരിക്കപ്പെട്ടു കഴിയുന്നു. അയാളുടെ ഭാര്യയോ വളരെ അടുപ്പം ഉള്ള ചിലരൊഴികെ ബാക്കി എല്ലാവരും ക്രിമിനലായി തന്നെയായിരിക്കും കരുതുക. ഈ അപമാനം ഒക്കെ ഉണ്ടാക്കി വച്ച മാദ്ധ്യമം മറ്റ് ഇരകളെ തേടി നടക്കുകയായിരിക്കും ഇതിനിടയിൽ.
നിരപരാധികളെ കുറ്റക്കാരാക്കി ചിത്രീകരിക്കപ്പെടുന്ന അനേകം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ഇത്രയും വഷളായത് ചാനലുകൾ കൂണുപോലെ കിളുത്ത് പൊന്തിയതോടെയാണ്. ബ്രേക്കിങ് ന്യൂസുകൾ തേടിപ്പോകുന്ന ചാനലുകാർ വഴിയേ കാണുന്ന എന്തും വാർത്തയാക്കുന്നു. രാവിലെ എന്തെങ്കിലും കിട്ടാനുള്ള ഓട്ടത്തിനിടയിൽ ആദ്യം ആരുടെ കഴുത്തിൽ കുരുക്ക് വീഴുന്നു എന്നത് മാത്രമാണ് വിഷയം. ഏതെങ്കിലും ഒരു ചാനൽ കൊള്ളാവുന്ന ഒരു ഇരയെ കണ്ടെത്തിക്കഴിഞ്ഞാൽ മറ്റെല്ലാ ചാനലുകളും കഴുകനെപ്പോലെ ഓടിയെത്തുകയാണ് ചെയ്യുന്നത്. പിന്നെ ഇതിനെക്കാൾ പ്രധാനപ്പെട്ട മറ്റൊരു സംഭവം ഉണ്ടാകുന്നതുവരെ ഇവരെല്ലാവരും കൂടി ആ ഇരയെ കൊത്തിപ്പറിച്ചുകൊണ്ടിരിക്കും.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുടപ്പനക്കുന്നിലെ സ്‌കൂളിൽ കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ച് പൂട്ടി എന്ന പേരിൽ ഇന്നലെയും ഇന്നുമായി മാദ്ധ്യമങ്ങൾ ആഘോഷിക്കുന്ന സംഭവം. പതിവുപോലെ ആദ്യം ചാനലുകളും പിന്നീട് ഓൺലൈൻ പത്രങ്ങളും അതിന് ശേഷം മുഖ്യധാരാ പത്രങ്ങളും ഇതൊരു വലിയ സംഭവമായി ആഘോഷിച്ച് കഴിഞ്ഞു. ഈ വിഷയത്തിൽ ഇവർ നിരപരാധിയാണെന്നു പറയാൻ പറ്റിയ ശക്തമായ തെളിവുകൾ ഒന്നും ഇനിയും ഉണ്ടായിട്ടില്ല. അതേസമയം ഇന്ന് പുറത്ത് വരുന്ന ചില റിപ്പോർട്ടുകളും ഈ സംഭവം ഉയർത്തുന്ന ചില ദുരൂഹതകളും ഈ വാർത്തയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. ഇന്നലെ അറസ്റ്റിലായ ശശികല ടീച്ചർ ഇന്ന് മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിൽ ചില നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തുന്നുണ്ട്.
യാതൊരു ലൈസൻസും അംഗീകാരവും ഇല്ലെങ്കിൽ എങ്ങനെയാണ് പഞ്ചായത്ത് ഇതുവരെ തൊഴിൽ കരം പിരിച്ചത് എന്നും തൊഴിലാളികളുടെ ഇഎസ്‌ഐ ഫണ്ട് ശേഖരിച്ചത് എന്നും 25 കൊല്ലം പഠിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചത് എന്നുമാണ് ഇവർ ഉന്നയിക്കുന്ന ശക്തമായ ചോദ്യം. പട്ടിക്കൂട്ടിൽ കുട്ടിയെ അടച്ചിട്ടു എന്നത് തികച്ചും തെറ്റായി ഫ്രെയിം ചെയ്യപ്പെട്ട ഒരു കഥയാണെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നുമാണ് ശശികല ടീച്ചർ ഉറപ്പിച്ച് പറയുന്നത്. ആരോപണം ഉന്നയിച്ച കുട്ടിയുടെ മുത്തച്ഛനുമായി മുൻപുണ്ടായിരുന്ന ഒരു പ്രശ്‌നത്തിന്റെ ഭാഗമായി രാഷ്ട്രീയക്കാരനായ മുത്തച്ഛൻ ഈ സ്‌കൂൾ അടച്ച് പൂട്ടിച്ചിരിക്കും എന്നു വെല്ലുവിളിച്ചിരുന്നു എന്നാണ് ടീച്ചർ ആരോപിക്കുന്നത്. ഇവരുടെ വാദം ശരിയോ തെറ്റോ എന്നു കണ്ടെത്തേണ്ടത് പൊലീസ് ആണ്. എന്നാൽ അത് കണ്ടെത്തും മുമ്പ് യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ മാദ്ധ്യമങ്ങൾ ഇങ്ങനെ വിചാരണ നടത്തുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
ഈ വാർത്ത പുറത്ത് വന്നപ്പോൾ തന്നെ അതിൽ ചില ദുരൂഹതകൾ ഉണ്ടായിരുന്നു എന്നതു കാണാതെ പോകരുത്. ഇത്രയധികം നിയമം ശക്തമായ ഒരു നാട്ടിൽ ഇങ്ങനെ ഒരു ക്രൂരത ഒരു കുരുന്നു കുട്ടിയോട് ചെയ്യാൻ ഒരു അദ്ധ്യാപികയ്ക്ക് സാധിക്കുമോ എന്നതാണ് ആദ്യം ഉയരുന്ന ചോദ്യം. പ്രത്യേകിച്ച് ഇതൊരു ഉപജീവനമാർഗ്ഗമായി അവർ സ്വയം നടത്തുമ്പോൾ സ്‌കൂളിന് എന്നെന്നേക്കുമായി പൂട്ട് വീഴാൻ ഉതകുന്ന സാഹചര്യം അവർ തന്നെ ഒരുക്കുമോ? ഈ സംഭവം കണ്ട സാക്ഷികൾ ആരുമില്ലെന്നോർക്കണം. കുട്ടി അങ്ങനെ പറയുന്നത് മാത്രം വിശ്വസിച്ച് ഇങ്ങനെ കേസ് എടുക്കാമോ എന്നതാണ് ചോദ്യം. ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇങ്ങനയേ പറയാവൂ എന്നു കുട്ടിയെ ആരെങ്കിലും പഠിപ്പിച്ചാൽ അത് കുട്ടി ആവർത്തിക്കുമെന്നതിൽ എന്താണ് അതിശയം ഉള്ളത്?
[BLURB#1-VL]പിള്ളമനസ്സിൽ കള്ളമില്ല എന്നൊക്കെയാണ് പഴഞ്ചൊല്ലെങ്കിലും കള്ളം പറയാൻ അപ്പനും അമ്മയും കാണാപ്പാഠം പഠിപ്പിച്ചാൽ കുഞ്ഞുങ്ങൾ പറയും എന്നതിൽ ആർക്കാണ് സംശയം ഉള്ളത്? അതേസമയം നല്ല മനഃശാസ്ത്രജ്ഞന്മാർക്ക് വിദഗ്ധമായി കുട്ടികളെ ചോദ്യം ചെയ്ത് സത്യം കണ്ടെത്താൻ ഒരു പ്രയാസവുമില്ല. മോനെ പട്ടിക്കൂട്ടിൽ ടീച്ചർ അടച്ചിട്ടോ എന്നു ചോദിക്കുമ്പോൾ അടച്ചിട്ടു എന്നു പറഞ്ഞതിന്റെ പേരിൽ ഒരു സ്ത്രീയെ അപമാനിക്കുകയും അറസ്റ്റ് ചെയ്യുകയും ഒക്കെ ചെയ്യുന്നത് എന്തുതരം നീതിയാണ്. എന്തുകൊണ്ട് മറ്റ് കുട്ടികളുടെ അഭിപ്രായം പോലും ചാനലുകളും പൊലീസും തേടുന്നില്ല? ആ കുട്ടിയുടെ പൊക്കവും, പട്ടിക്കൂടിന്റെ വാതിൽ പൊക്കവും അകത്ത് കയറാൻ തക്ക സാമ്യം ഉള്ളതാണോ? കുട്ടിയെ കയറ്റുന്ന സമയത്ത് മറ്റ് അദ്ധ്യാപകരോ അനധ്യാപകരോ അവിടെ ഉണ്ടായിരുന്നില്ലേ. അവർ ഇങ്ങനെ ഒരു നീചകൃത്യത്തിന് മൗനാനുവാദം നൽകിയോ? പട്ടിക്കൂടിന് സമീപം ആണോ കുട്ടിയെ നിർത്തിയത്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഒക്കെ ആയിരുന്നു ആദ്യം ഉത്തരം കണ്ടെത്തേണ്ടിയിരുന്നത്.
[BLURB#2-VR] ഈ വാദങ്ങൾ ഒക്കെ സത്യമാണെങ്കിൽ ടീച്ചർ കാട്ടിയത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത കൊടും ക്രൂരതയാണ്. അങ്ങനെ ഉള്ള ടീച്ചറെ പൊലീസ് സ്‌റ്റേഷനിൽ നിന്നും ജാമ്യം നല്കി വിട്ടത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്? പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം പട്ടിക്കൂട്ടിൽ അടച്ചു എന്നു പറയുന്ന ദീപിക എന്ന ടീച്ചറെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്? ഇതിനർത്ഥം ഈ കേസ് നിലനിൽക്കില്ലെന്നും ഈ പറയുന്നത് ഒക്കെ അസത്യമാണെന്നും പൊലീസിന് തന്നെ ബോധ്യം ഉണ്ട് എന്നാണ്. എന്നിട്ടും ഇന്നത്തെ കേരളത്തിൽ ഏറ്റവും വലിയ സംഭവമായി ചാനലുകളും പത്രങ്ങളും ഒൺലൈൻ പത്രങ്ങളും ആഘോഷിച്ചതിലെ ധാർമ്മികതയാണ് ചോദ്യം ചെയ്യേണ്ടത്. നാളെ ഇവരുടെ ഭാഗത്ത് ഒരു തെറ്റുമില്ല എന്നാണ് വ്യക്തമാകുന്നതെങ്കിൽ ഇവർ അനുഭവിച്ച മാനസിക സംഘർഷത്തിനും അപമാനത്തിനും ആര് സമാധാനം പറയും?
ഈ സംഭവവുമായി കൂട്ടിവായിക്കേണ്ടതാണ് കെഎസ്ആർടിസിയെ സംബന്ധിച്ച കോടതി പരാമർശങ്ങൾ പ്രസിദ്ധീകരിച്ച ദീപിക, ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാൻ ക്രോണിക്കിൾ എന്നീ മാദ്ധ്യമങ്ങളുടെ വിശദീകരണം തേടാനും കോടതി റിപ്പോർട്ടിങ്ങിനെക്കുറിച്ച് എല്ലാ പ്രധാന മാദ്ധ്യമങ്ങളോടും വിശദീകരണം തേടാനുമുള്ള കോടതിയുടെ ഉത്തരവ്. ഈ കോടതി ഉത്തരവിന്റെ മെറിറ്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ അല്ല ഈ കുറിപ്പ് എന്നതിനാൽ അതവിടെ നിൽക്കട്ടെ. കോടതിയിൽ ജഡ്ജിമാർ നടത്തുന്ന പരാമർശങ്ങൾ അതേ പോലെ റിപ്പോർട്ട് ചെയ്യുന്നതിൽ അസഹിഷ്ണുക്കളായ ജഡ്ജിമാർ നിരപരാധികളെ ഇങ്ങനെ നിരന്തരം വേട്ടയാടുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണ്? ഇതൊരു ധാർമ്മിക പ്രശ്‌നമായി കരുതി നിയന്ത്രണം ഏർപ്പെടുത്താൻ കോടതിക്ക് പോലും സാധിക്കില്ലെന്നാണോ?
[BLURB#3-VL] ഏതൊരാൾക്കും ആർക്കെതിരെയും ഒരു പരാതി നൽക്കാൻ ഈ രാജ്യത്ത് നിയമം ഉണ്ട്. അങ്ങനെ പരാതി ലഭിച്ചാൽ എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പൊലീസിന് ബാധ്യതയുണ്ട്. ഈ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ ഒരാളെ കുറ്റവാളിയാക്കിക്കൊണ്ട് മാദ്ധ്യമങ്ങൾ വാർത്തയെഴുതുകയാണ്. ഇതാണ് മാദ്ധ്യമവേട്ടയുടെ അടിത്തറ. പൊലീസ് എഫ്‌ഐആർ ഇട്ടാൽ എത്ര നീചമായി വേണമെങ്കിലും മാദ്ധ്യമങ്ങൾക്ക് ഇരയെ വേട്ടയാടാം. നിയമപരമായ പരിരക്ഷയും ഇവർക്ക് കിട്ടുന്നു. ഈ അനീതി അവസാനിപ്പിക്കാൻ ആണ് കോടതി ശ്രമിക്കേണ്ടത്. എഫ് ഐ ആർ ഇട്ടു എന്നതിന്റെ പേരിൽ മാത്രം യാതൊരു തെളിവുകളും ഇല്ലാതെ ഒരാളെ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്ന പ്രവണതയ്ക്കാണ് അന്ത്യം കുറിക്കേണ്ടത്. ഒരു മാദ്ധ്യമം ഒരു വാർത്ത പ്രസിദ്ധീകരിച്ചാൽ അതിന്റെ തെളിവ് ഹാജരാക്കേണ്ട ചുമതല മാദ്ധ്യമങ്ങൾക്ക് തന്നെ നല്കുകയാണ് ഇതിനുള്ള പരിഹാരം. എഫ് ഐ ആറിന്റെ അടിസ്ഥാനത്തിൽ വാർത്ത എഴുതിയ നിരപരാധികൾ അപമാനിക്കപ്പെട്ടാൽ അതിനുള്ള നഷ്ടപരിഹാരം നല്കാനുള്ള ബാധ്യത മാദ്ധ്യമങ്ങൾക്ക് നൽകുകയാണ് വേണ്ടത്.
ഇത് ഉന്നയിക്കുമ്പോൾ ചിലരെങ്കിലും ചിന്തിക്കും മറുനാടൻ മലയാളിയും ഇക്കാര്യത്തിൽ ഒട്ടും വ്യത്യസ്ഥമല്ലാതിരിക്കെ എന്തിനാണ് വേശ്യയുടെ ചാരിത്ര്യപ്രസംഗം നടത്തുന്നത് എന്ന്. ഈ ആരോപണം നിഷേധിക്കുന്നില്ല. മത്സരത്തിന്റെ ലോകത്ത് ഇങ്ങനെ ഒരു നിലപാട് എടുത്ത് മാറി നിന്നാൽ പിന്തള്ളപ്പെടും എന്നതുകൊണ്ട് ചാനലുകൾ ഒരു വാർത്ത ആഘോഷിക്കാൻ തുടങ്ങിയാൽ ഞങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ശശികല ടീച്ചറിന്റെ വാർത്ത അടക്കമുള്ള എല്ലാ വിവാദ വാർത്തകളും ഞങ്ങൾ പ്രസിദ്ധീകരിക്കാറുമുണ്ട്. മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടി വരുന്നതിന് എന്നെങ്കിലും ഒരു അറുതി ഉണ്ടാവണം എന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇങ്ങനെ ഒരു നിർദ്ദേശം കോടതി നല്കിയാൽ ഈ മത്സരഭയത്തിൽ നിന്നും മാറി നിൽക്കാൻ ഞങ്ങൾക്കും കഴിയും.
മാദ്ധ്യമങ്ങൾക്ക് നോട്ടീസ് അയച്ച കോടതി നടപടി ഇത്തരത്തിൽ ഒരു ചർച്ചയ്ക്ക് വഴി മാറട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന. വേണ്ടിവന്നാൽ ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ മറുനാടൻ മലയാളി തന്നെ മുൻകൈ എടുക്കും. അനേകം നിരപരാധികൾ ഇങ്ങനെ വില്ലൻ വേഷം കെട്ടി നടപ്പുണ്ട്. നമ്പി നാരായണനെ പോലെ ജീവിച്ചിരിക്കുന്ന മറ്റൊരു രക്തസാക്ഷി വേറെ ഇല്ല. കുടുംബ പ്രശ്‌നത്തെ തുടർന്ന് ഭാര്യ നൽകിയ പരാതിയുടെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറെ നീലച്ചിത്രം പ്രചരിപ്പിച്ചു എന്നാരോപിച്ച് പാതിരായിൽ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവം ഇത്തരത്തിൽ അനേകം കഥകളിൽ ഒന്നാണ്. രാഷ്ട്രീയക്കാരെപ്പോലെ പിടിച്ചു നിൽക്കാൻ കഴിയാത്ത സാധാരണക്കാരായ പലർക്കും മാദ്ധ്യമവിചാരണയുടെ പേരിൽ ജീവിതം കൈവിട്ട് പോയിരിക്കുന്നു. ഇതിനൊരു അറുതി വരുത്താൻ കോടതി തന്നെ മുൻകൈ എടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
(ഇത് വായിക്കുന്ന നിങ്ങൾക്ക് മാദ്ധ്യമവിചാരണയുടെ ഇരയായ ഏതെങ്കിലും നിരപരാധിയെ പരിചയം ഉണ്ടോ? വെറും എഫ്‌ഐആറിന്റെ പേരിൽ വേട്ടയാടപ്പെട്ടവരെ നിങ്ങൾക്ക് അറിയാമോ? എങ്കിൽ അവരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഇത്തരം ഇരകളുടെ ജീവിത ദുരന്തങ്ങൾ ആരുടെയെങ്കിലും ഒക്കെ കണ്ണുതുറക്കാൻ സഹായിച്ചാൽ നല്ലതാണല്ലോ. വിവരം അറിയിക്കേണ്ട വിലാസം : editor@marunadanmalayali.com )