കേരളത്തിലെ പത്രങ്ങളോ ചാനലുകളോ കണ്ടില്ലെന്ന് നടിച്ച ഭരണകൂട ഭീകരതയുടെ രണ്ട് സംഭവങ്ങൾ കഴിഞ്ഞ തിങ്കളാഴ്ച അരങ്ങേറി. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ തുറങ്കലിൽ അടയ്ക്കുക എന്ന അത്യാഗ്രഹത്താൽ എറണാകുളത്തെ ഒരു സർക്കിൾ ഇൻസ്‌പെക്ടറെ കരുവാക്കി ചില ഉന്നതർ നടത്തിയ ശ്രമമായിരുന്നു ആദ്യത്തേതെങ്കിൽ അതേ ദിവസം തന്നെ റിപ്പോർട്ടർ ചാനലിന്റെ മാനേജിങ്ങ് ഡയറക്ടർ എം വി നികേഷ്‌കുമാറിനേയും തുറങ്കിൽ അടയ്ക്കാൻ ഗൂഢമായ ശ്രമം ഉണ്ടായി. തീവ്രമായ മത്സരങ്ങളുടെ കാലത്ത് മാദ്ധ്യമങ്ങളെ വിഘടിപ്പിച്ച് മുതലെടുക്കാൻ നടക്കുന്ന ഭരണകൂട ഭീകരതയായിരുന്നു രണ്ട് സംഭവങ്ങളും അതുകൊണ്ട് തന്നെയാണ് കാക്കത്തൊള്ളായിരം ചാനലുകളും പത്രങ്ങളും ഉണ്ടായിട്ടും ആരും രണ്ട് കൂട്ടരേയും തിരിഞ്ഞ് നോക്കാതിരുന്നത്, സത്യത്തിൽ രണ്ട് പേരും ഇത്തരം ഔദാര്യങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം.

നിരന്തരം നിർഭയത്തോടെ സത്യം വിളിച്ച് പറയുന്ന മറുനാടനെ പാഠം പഠിപ്പിക്കുക എന്നത് ഏറെ നാളുകളായി ഉമ്മൻ ചാണ്ടി സർക്കാർ എടുത്തിരിക്കുന്ന പ്രതിജ്ഞകളിൽ ഒന്നാണ്. അതിന്റെ ഭാഗമായി നിരന്തരം ശ്രമങ്ങൾ ഈ സർക്കാർ പൊലീസിനെ ഉപയോഗിച്ച് നടത്തിയിട്ടുണ്ട്. മൂന്നാമത്തെ തവണയാണ് വളരെ ഗൗരവമായ നടപടിക്ക് ശ്രമിച്ചത്. ആദ്യം മന്ത്രി പികെ ജയലക്ഷ്മിയുടെ ഒരു പരാതിയുടെ പുറത്തായിരുന്നു ശ്രമം. മറുനാടനെതിരെ പത്രക്കുറിപ്പ് ഇറക്കിയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഒക്കെ ജയലക്ഷ്മിയുടെ ഓഫീസ് ചില നാടകങ്ങൾ കളിച്ചെങ്കിലും പിന്നീട് ഒന്നും കേട്ടില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് കൊച്ചി മേയർ ടോണി ചമ്മിണിയായിരുന്നു മറുനാടൻ എഡിറ്ററെ അറസ്റ്റ് ചെയ്ത് അകത്താക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി പരിശ്രമിച്ചത്. മേയറുടെ പരാതിയെത്തുടർന്ന് ഉന്നത സമ്മർദ്ദം ഉണ്ടായിട്ടും അതിന് വഴങ്ങാതെ നിയമം അനുസരിച്ച് പ്രവർത്തിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നതുകൊണ്ട് അതും ഒഴിവാകുകയായിരുന്നു.

എന്നാൽ ഈ മന്ത്രിസഭയിലെ പല മന്ത്രിമാരെക്കാളും സ്വാധീനമുള്ള തൃക്കാക്കര എംഎൽഎ ബെന്നി ബെഹ്നാൻ വാദിഭാഗത്ത് വന്നതോടെ ഷാജന്റെ അറസ്റ്റ് ചിലരെങ്കിലും ഉറപ്പിക്കുകയായിരുന്നു. അതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ അറസ്റ്റ് കാര്യമോ ജാമ്യക്കാര്യമോ പറയാകെ വിളിച്ചു വരുത്തി തടവിൽ ആകാൻ ശ്രമിക്കുകയായിരുന്നു. ചില മന്ത്രിമാരും ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ആത്മാർത്ഥമായി ശ്രമിച്ചിട്ട് പോലും അറസ്റ്റ് ഒഴിവാക്കാൻ സാധിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ പറഞ്ഞത് നിങ്ങൾ ആരെ വിളിച്ചിട്ടും കാര്യമില്ല, അറസ്റ്റ് ഒഴിവാക്കണമെങ്കിൽ ബെന്നിബെഹ്‌നാനോ ആഭ്യന്തര മന്ത്രിയോ നേരിട്ട് പറയണമെന്നായിരുന്നു. അത് നിഷേധിച്ചതോടെ തടവിലാക്കാനുള്ള നടപടിക്രമങ്ങൾ പൊലീസ് പൂർത്തിയാക്കുകയായിരുന്നു.

ഷാജനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷനിൽ ഇരുത്തിയ ഉദ്യോഗസ്ഥൻ ഇടയ്ക്കിടെ ആരുടേയോ ഉത്തരവ് സർ സർ വിളികളിലൂടെ കൈപ്പറ്റുന്നുണ്ടായിരുന്നു. സിഐയുടെ മേലുദ്യോഗസ്ഥനായ എസിപിയുമായി മറുനാടന് വേണ്ടി ഒരു പ്രമുഖൻ സംസാരിച്ചപ്പോൾ പറഞ്ഞ മറുപടി അത് കമ്മീഷണർ നേരിട്ട് കൈകാര്യം ചെയ്യുന്ന വിഷയമാണ് എന്നായിരുന്നു. ജാമ്യം കൊടുക്കണമെന്ന് നിയമത്തിൽ എഴുതി വച്ചിരുന്ന വിഷയത്തിന്റെ പുറത്തായിരുന്നു ജാമ്യം ഇല്ലാതെ അകത്തിടാൻ ശ്രമം നടത്തിയതെന്നോർക്കണം. വിചിത്രമായ കാര്യം 66എ ജാമ്യം ഇല്ലാ വകുപ്പാണ് എന്ന് ഈ ഉദ്യോഗസ്ഥൻ ധരിച്ച് വച്ചിരുന്നു എന്നതാണ്. നിയമപഠനം പൂർത്തിയാക്കിയ ശേഷം കുറച്ച് നാൾ വക്കീൽ പണിയും ചെയ്തിട്ട് പൊലീസിൽ കയറിയ ഒരു ഉദ്യോഗസ്ഥന്റെ സ്ഥിതി ഇതാണെങ്കിൽ ഇന്നലെ സുപ്രീം കോടതി റദ്ദാക്കിയ ഐടി ആക്ട് എത്രയോ നിരപരാധികളുടെ കണ്ണീരിന് കാരണമായി എന്നു പറയേണ്ടതുണ്ടോ?

ഹൈക്കോടതിയിൽ നിന്നെത്തിയ അഭിഭാഷകൻ ജാമ്യം അനുവദിക്കുന്ന വകുപ്പ് ധരിപ്പിച്ച് ബഹളം വച്ചപ്പോൾ ആവർത്തിച്ചുള്ള കുറ്റം എന്ന സാങ്കേതിക വാദം ഉയർത്തി തടവിലിടാൻ ആണ് ശ്രമിച്ചത്. അഭിഭാഷകന്റെ മിടുക്കും പത്രത്തോടുള്ള എഡിറ്ററുടെ ഉറച്ച നിലപാടും മൂലം ഒരു ഗത്യന്തരവുമില്ലാതെയാണ് ഉദ്യോഗസ്ഥൻ സ്‌റ്റേഷനിൽ നിന്നും ജാമ്യം അനുവദിച്ചത്. പിന്നീട് ഈ ഉദ്യോഗസ്ഥൻ തന്നെ എഡിറ്ററോട് പറഞ്ഞത് താൻ സ്വന്തം റിസ്‌കിൽ ആണ് അങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ജോലി പോയാൽ പോകട്ടെ എന്നു കരുതി മനസാക്ഷിക്കുത്ത് സഹിക്കാനാകാതെയാണ് വിട്ടയച്ചത് എന്നുമാണ്.[BLURB#1-VL]

ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് മറുനാടൻ എഡിറ്ററെ ഒരു ദിവസം എങ്കിലും അഴിഎണ്ണിക്കും എന്ന വാശിയായിരുന്നു ചിലർക്കെന്നാണ്. അവരുടെ ആ ഗുഢാലോചന പൊളിഞ്ഞ് പോയത് അസാധാരണമായ ഇച്ഛാശക്തിയും ദൈവനിശ്ചയവും മൂലമായിരുന്നു. കേരളത്തെ മൂന്നായി തിരിച്ച് ഓരോ വീതം ഉമ്മൻ ചാണ്ടി ഓരോരുത്തരെ ഏൽപ്പിച്ചിരിക്കുകയാണെന്നും അതിൽ മുഖ്യപങ്കിന്റെ ഉടമ ബെന്നി ബെഹ്നാൻ ആണെന്നുമാണ് സംസാരം. അത്രയും കരുത്തനായ ബെന്നി മറുനാടനെതിരെ പടവാൾ ഉയർത്തിയത് മാദ്ധ്യമം എന്ന നിലയിൽ സത്യം വിളിച്ച് പറഞ്ഞതുകൊണ്ട് മാത്രമാണ്. ഒരിക്കൽ അഴിയെണ്ണിച്ചാൽ പേടിച്ച് പോകുമെന്നും പിന്നെ ശല്യം ഉണ്ടാകില്ലെന്നുമായിരിക്കാം ശ്രീ ബെന്നി കരുതിയത്.

എങ്കിൽ നേതാവേ താങ്കൾക്ക് തെറ്റി. ജീവിക്കാൻ വേണ്ടിയൊരു വഴിയായിട്ടല്ല മറുനാടൻ മലയാളി എന്ന പത്രം ആരംഭിച്ചത്. ജീവിക്കാനുള്ള വകകൾ ഒക്കെ ഉണ്ടാക്കിയ ശേഷം വലിയ ബുദ്ധിജീവി പരിവേഷം ഒന്നുമില്ലാതെ സാധാരണക്കാർക്ക് വേണ്ടി സത്യം വിളിച്ച് പറയുന്ന ഒരു മാദ്ധ്യമം എന്നതു മാത്രമാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ പിറകേ നടന്നു മുറിവേൽപ്പിച്ചതുകൊണ്ട് ഞങ്ങളുടെ ആരുടേയും വീര്യം ചോർന്നു പോകുകയില്ല. പൂർണ്ണമായും നിയമത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് മറുനാടൻ നടത്തുന്ന ഇടപെടൽ ഈ സമൂഹം ആവശ്യപ്പെടുന്നതാണ്. മറുനാടൻ മഞ്ഞയാണെന്ന് വിളിച്ച് കൂവുന്നവരും ഇതിന്റെ വായനക്കാരാകുന്നത് ഞങ്ങളുടെ ധീരവും ഉറച്ചതുമായ നിലപാട് മൂലമാണ്. ഈ വീര്യത്തെ തല്ലിക്കെടുത്താൻ ഒരു അറസ്റ്റിനോ ഒരു ജയിൽവാസത്തിനോ ഒന്നും സാധിക്കില്ല. പ്രത്യുത അതൊക്കെ കൂടുതൽ ഊർജ്ജം പകരുക മാത്രമേ ചെയ്യൂ. ബെഹ്നനും ചമ്മിണിയും ഒക്കെ സൗകര്യപൂർവ്വം മറന്നു പോകുന്നത് ഇക്കാര്യങ്ങൾ ആണ്.

സത്യം പറയുന്നവരെ പേടിപ്പിച്ചു വരുതിയിലാക്കാമെന്ന വ്യാമോഹം ഭരണകൂടങ്ങൾക്ക് ഉണ്ട് എന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് തിങ്കളാഴ്ച തന്നെ നടന്ന റിപ്പോർട്ടർ ചാനലിലെ റെയ്ഡും നികേഷ് കുമാറിന്റെ അറസ്റ്റും. പരസ്യക്കാരിൽ നിന്നും വാങ്ങിയ പണം അടയ്ക്കാതെ പുട്ടടിച്ച് നടന്ന ഇന്ത്യാ വിഷൻ മുതലാളിയെ അറസ്റ്റ് ചെയ്തത്ര ലാഘവത്തോടെ നികേഷിനോട് പെരുമാറിയത് അങ്ങേയറ്റം അപലപനീയമാണ്. സ്വന്തം അധ്വാനം കൊണ്ടും വിയർപ്പുകൊണ്ടും ശ്രീ നികേഷ് കെട്ടിപ്പടുത്ത പ്രസ്ഥാനം ലഭ്യമായിടത്തോളം വിവരം അനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്ന സ്ഥാപനം തന്നെയാണ്. എന്നാൽ പിരിഞ്ഞു കിട്ടാത്ത പണത്തിന് നികുതി അടയ്ക്കണം എന്ന സത്യമാണ് കേന്ദ്ര ഉദ്യോഗസ്ഥർ എടുത്തത്. ഈ വിഷയം ചോദ്യം ചെയ്ത് നികേഷ് കോടതിയിൽ പരാതി കൊടുത്തത് നിലനില്ക്കവെ ഭീകരരെ അമർച്ച ചെയ്യാൻ എത്തിയതുപോലെ സന്നാഹങ്ങളുമായി എത്തിയതിന്റെ പിന്നിൽ ഒരുപാട് രാഷ്ട്രീയമുണ്ട്.

ഈ സേവന നികുതി എന്ന സമ്പ്രദായം തന്നെ പുനർവിചിന്തനം ചെയ്യേണ്ടതാണ്. ലാഭത്തിന്റെ വീതമടയ്ക്കുന്ന ആദായനികുതി പോലെയല്ല ഇത്. ചെലവ് ഞങ്ങൾക്ക് ബാധകം അല്ല നിങ്ങൾക്ക് കിട്ടിയതിന്റെ 14 ശതമാനം ആദ്യം ഞങ്ങൾക്ക് തരണം എന്ന കാടൻ നിയമം ആണിത്. ഇതാവട്ടെ സ്വാധീനമുള്ള പ്രിന്റഡ് മീഡിയയ്ക്കും വക്കീലന്മാർക്കുപോലും ബാധകമല്ലതാനും. അനേകം പ്രമുഖ സിനിമക്കാർ സേവന നികുതി അടയ്ക്കാതിരുന്നിട്ടും അവരെ ആരും ഇതുവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിട്ടില്ല. നികേഷ് സേവന നികുതി അടയ്ക്കുകയും തർക്കമുള്ളത് അടയ്ക്കാൻ സാവകാശം ചോദിക്കുകയും ചെയ്തിട്ടും റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തതും ജാമ്യാപേക്ഷയെ എതിർത്തതും നികേഷ് എന്ന മാദ്ധ്യമപ്രവർത്തകനെ ഭയപ്പെടുന്നവർ നടത്തിയ നീക്കം തന്നെയാണ്.

റിപ്പോർട്ടർ ചാനലിലെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പുള്ള സ്ഥാപനം ആണ് മറുനാടൻ മലയാളി. നിഷ്പക്ഷം എന്ന ലേബലിൽ കടുത്ത ഇടത് അനുകൂല ചാനലായി മാറിയ റിപ്പോർട്ടർ പല വിഷയങ്ങളും അനാവശ്യമായി വഷളാക്കുന്നു എന്ന പരാതിയും ഞങ്ങൾക്കുണ്ട്. എന്നാൽ റിപ്പോർട്ടർ ചാനലിലെ കോൺഗ്രസ് - ബിജെപി വിരോധം ഒരു മറയായി എടുത്ത് ഉദ്യോഗസ്ഥർ പ്രവർത്തിച്ചു എന്നത് അപലപനീയവും നിരാശാജനകവുമാണ്. ഇക്കാര്യത്തിൽ അന്തസ്സുള്ള നിലപാടെടുത്ത സഖാവ് പിണറായി വിജയൻ അഭിനന്ദനം അർഹിക്കുന്നു. ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നു കരുതി കയ്യും കെട്ടി മിണ്ടാതിരുന്ന മാദ്ധ്യമങ്ങൾ സഹതാപവും അർഹിക്കുന്നുണ്ട്.[BLURB#2-H]

ഈ വസ്തുതകൾ മനസ്സിലാക്കാതെയാണ് നികേഷ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പുലഭ്യം വിളി നടക്കുന്നത്. നികേഷിനെ ഒരു സാധാ നികുതി വെട്ടിപ്പുകാരനാക്കി ചിത്രീകരിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുകയും അത് നടത്തിക്കൊണ്ട് പോകാൻ പെടാപ്പാട് പെടുകയും ചെയ്യുന്ന നികേഷിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ഈ ശ്രമത്തെ ഞങ്ങൾ ശക്തമായി അപലപിക്കുകയാണ്. ബെന്നി ബെഹ്നാന്റെ ഔദാര്യത്തിൽ ജാമ്യം വേണ്ട എന്ന ഉറച്ച നിലപാട് എടുക്കാൻ മറുനാടന് സാധിച്ചത് ഞങ്ങളുടെ ഉറച്ച നിലപാടു കൊണ്ടാണ്‌. ഒരുപക്ഷേ, അറസ്റ്റ് ചെയ്ത അതേ ദിവസം തന്നെ ഒന്നരക്കോടി രൂപ ഉണ്ടാക്കാനുള്ള തത്രപ്പാടിൽ ശ്രീ നികേഷിന് ഒരു പക്ഷേ, കോംപ്രമൈസുകൾ നടത്തേണ്ടി വന്നിരിക്കാം. അത് തന്നെയായിരിക്കാം റെയ്ഡിനിറങ്ങിപ്പുറപ്പെട്ടവരുടെ ലക്ഷ്യം. ഇങ്ങനെ ഭീഷണിപ്പെടുത്തി വിപ്ലവം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ ഒന്നറിഞ്ഞിരിക്കുക മൂർഖൻ പാമ്പിനെ നോവിച്ച് വിടരുത്. അത് കാത്തിരുന്ന് കടിക്കും. അവസരം ഒത്തു വരുമ്പോൾ മാത്രം.