- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുകാലി മമ്മൂഞ്ഞുമാർ എന്തും പറയട്ടെ; മിസ്റ്റർ തോമസ് ഐസക് ഇത് താങ്കളുടെ വിജയമാണ്; ഒപ്പം സോഷ്യൽ മീഡിയയുടെയും: സീമാസ് മുതലാളിയിൽ നിന്നും സിപിഎമ്മിന് പഠിക്കാനുള്ളത്
ആലപ്പുഴ സീമാസ് ടെക്‌സ്റ്റെയിൽസിൽ ഏതാനും ആഴ്ചകളായി തുടർന്നു വന്നിരുന്ന തൊഴിൽസമരം ഒത്തുതീർപ്പാക്കിയതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ഒട്ടേറെ എട്ടുകാലി മമ്മൂഞ്ഞുമാർ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. സിന്ധു ജോയി വേണ്ടെന്നു പറഞ്ഞ യുവജന കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും എന്നാൽ ഇതുവരെ അങ്ങനെ ഒരു സംഭവം നടന്നതായി നാട്ടുകാർ അറിയ
ആലപ്പുഴ സീമാസ് ടെക്‌സ്റ്റെയിൽസിൽ ഏതാനും ആഴ്ചകളായി തുടർന്നു വന്നിരുന്ന തൊഴിൽസമരം ഒത്തുതീർപ്പാക്കിയതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ഒട്ടേറെ എട്ടുകാലി മമ്മൂഞ്ഞുമാർ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. സിന്ധു ജോയി വേണ്ടെന്നു പറഞ്ഞ യുവജന കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും എന്നാൽ ഇതുവരെ അങ്ങനെ ഒരു സംഭവം നടന്നതായി നാട്ടുകാർ അറിയാതിരിക്കുകയും ചെയ്തിരുന്ന ആർ വി രാജേഷ് എന്ന മഹാൻ സീമാസ് പ്രശ്‌നം പരിഹരിച്ചതിന്റെ ഉത്തരവാദിത്തം മുഴുവൻ ഏറ്റെടുത്തു രംഗത്തു വന്നിട്ടുണ്ട്. ആ അവകാശ വാദത്തിനു കനത്ത തിരിച്ചടി സോഷ്യൽ മീഡിയ നൽകി കഴിഞ്ഞതിനാൽ ഒരുപാട് ചർച്ചകളുടെ ആവശ്യമില്ല.
ഈ സമരം വിജയിച്ചതിന്റെ പ്രധാനമായ ക്രെഡിറ്റ് നൽകേണ്ടത് തോമസ് ഐസക്ക് എന്ന സിപിഎമ്മിന്റെ ജനകീയനായ നേതാവിനാണ്. തോമസിനെ പിന്തുണച്ചു രംഗത്ത് എത്തിയ ജി സുധാകരൻ അടക്കം സിപിഎമ്മിലെ നേതാക്കൾക്കും ആലപ്പുഴയിലെ പാർട്ടി ഘടകത്തിനും അതിന്റെ ക്രെഡിറ്റ് നൽകണം. എന്നാൽ ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ ആരംഭിച്ച സാധാരണ തൊഴിലാളികളുടെ സമരം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അത് ഒരു വികാരമായി വളരുകയും ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ നിരന്തരം ഇടപെടുന്ന തോമസ് ഐസക്കും അതിന്റെ ഭാഗമായി മാറുകയായിരുന്നു. ഐസക്കിന്റെ ഇടപെടലാണ് വാസ്തവത്തിൽ ജി സുധാകരനെ പോലെയുള്ള നേതാക്കളെ ഈ സമരത്തിലേയ്ക്ക് ആകർഷിച്ചതും. സോഷ്യൽ മീഡിയയുടെ വിലാപങ്ങൾക്ക് എക്കാലവും ഒപ്പം നിൽക്കുന്ന മറുനാടൻ മലയാളി അടങ്ങിയ ഓൺലൈൻ പത്രങ്ങളും ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
സോഷ്യൽ മീഡിയ എന്നു പറയുന്നത് പ്രധാനമായി ഫേസ്‌ബുക്കും വാട്‌സ്ആപും ട്വിറ്ററും ഗൂഗിൾ പ്ലസും അടങ്ങുന്ന സോഷ്യൽ പ്ലാറ്റ്‌ഫോമുകളാണ്. മറുനാടനെപ്പോലെയുള്ള ഓൺലൈൻ പത്രങ്ങളും അതിന്റെ ഭാഗമായി മാറുകയായിരുന്നു. മറ്റു പല ഓൺലൈൻ പത്രങ്ങളും വ്യവസ്ഥാപിത മാദ്ധ്യമങ്ങളുടെ ഭാഗമായി നിന്ന് പരസ്യത്തിനും വരുമാനത്തിനും അനുസരിച്ച് നിലപാടിൽ മായം ചേർക്കുമ്പോൾ ഒരിക്കൽ പോലും ഒരു വിഷയത്തിലും പണം മാനദണ്ഡമാക്കാതെ സോഷ്യൽ മീഡിയക്കൊപ്പം നിൽക്കുന്ന മാദ്ധ്യമം എന്ന നിലയിൽ മറുനാടനെയും സോഷ്യൽ മീഡിയയുടെ ഭാഗമായി കരുതാൻ ആണ് ഞങ്ങൾക്കിഷ്ടം. സോഷ്യൽ മീഡിയയിൽ ഇന്നു പ്രചരിക്കുന്ന പല വാർത്തകൾക്കും നിദാനം മറുനാടൻ വാർത്തകളാണ് എന്നത് അഭിമാനപൂർവമായാണ് ഞങ്ങൾ കാണുന്നത്.
ഈ സമരത്തിനും അതിന്റെ വിജയത്തിനും ചരിത്രപരമായ പ്രസക്തി ഏറെയുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മാദ്ധ്യമങ്ങൾക്ക് പണം കൊടുക്കാൻ കഴിയുന്ന ആർക്കും ആരെയും തല്ലിക്കൊല്ലാൻ പോലും ലൈസൻസ് ഉണ്ട് എന്ന തോന്നലായിരുന്നു ഒന്നോ രണ്ടോ വർഷം മുമ്പു വരെ ഇവിടെ. വൻകിട വ്യവസായികളുമായി ബന്ധപ്പെട്ട് ഏതെല്ലാം തെമ്മാടിത്തരങ്ങൾ വെളിയിൽ വന്നാലും പൊതുജനം അത് അറിയുമായിരുന്നില്ല. ഇത് ഒരു പരിധി വരെ സത്യസന്ധരായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും പോലും പിറകോട്ട് വലിപ്പിച്ചു. ഒരു ഘട്ടത്തിൽ ആഭ്യന്തര മന്ത്രി തന്നെ ഇവരെയൊക്കെ പൊക്കിയാൽ നിങ്ങൾ പത്രക്കാർ ഒരു വരിപോലും നൽകില്ലല്ലോ എന്നു പരാതി പറയുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.
ബോബി ചെമ്മണ്ണൂരിനെതിരെയുള്ള വാർത്തകൾ പത്രങ്ങൾ മൂടി വെയ്ക്കുന്നതിനെക്കുറിച്ചായിരുന്നു ആഭ്യന്തര മന്ത്രിയുടെ പരാതി. ഈ വിഷയം നിർണ്ണായകമായി റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമം എന്ന നിലയിൽ സത്യസന്ധരായ ഒരുപാട് പൊലീസ് ഉദ്യോഗസ്ഥരും ഇതേ പരാതി പറഞ്ഞിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിൽ മാത്രമല്ല മറ്റ് ഒട്ടേറെ പ്രമുഖ വ്യവസായികളുടെ കാര്യത്തിലും ഈ കള്ളക്കളി നടന്നു. ശീമാട്ടി ഉടമ ബീനാ കണ്ണനു വേണ്ടി മാദ്ധ്യമങ്ങൾ നടത്തിയ ഒത്തുകളി എല്ലാവർക്കും അറിയാവുന്നതാണ്. കോവളം കൊട്ടാരം രവി പിള്ളയുടെ കൈയിൽ ഇരിക്കുന്നതും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഏക്കറുകണക്കിനു കായൽ നികത്തിയ ഭൂമിയിൽ യൂസഫലി കൺവെൺഷൻ സെന്റർ പണിയുന്നതുമൊക്കെ ഇത്തരം സമീപനങ്ങളുടെ ഭാഗമാണ്. മലബാർ ഗോൾഡിന്റെ പേരിലുള്ള കേസുകൾ കേരളത്തിലെ ആർക്കെങ്കിലും ഇപ്പോഴും അറിയാമോ?[BLURB#1-H]
മധ്യതിരുവിതാംകൂറിലെ പ്രമുഖ ടെക്‌സ്റ്റെയിൽ ബ്രാന്റായ കരിക്കിനേത്തിൽ ഒരു തൊഴിലാളിയെ തല്ലിക്കൊന്നിട്ടു അത് റിപ്പോർട്ട് ചെയ്യാൻ മറുനാടൻ മാത്രം ഉണ്ടായിരുന്നുള്ളൂ എന്നത് ഈ സമയം ഓർക്കേണ്ടതാണ്. അവിടെ നിന്നും കല്യാൺ സമരത്തിന്റെ സമയമായപ്പോൾ സോഷ്യൽ മീഡിയയുടെ ശക്തമായ ഇടപെടൽ കാണാൻ തുടങ്ങി. ആം ആദ്മിയെ പോലെ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലായിരുന്നു കല്യാൺ സമരത്തെ വേറിട്ടു നിർത്തിയത്. ഒപ്പം മറുനാടൻ അടക്കമുള്ള ഓൺലൈൻ പത്രങ്ങളും സജീവമായി. പൂർണ്ണമായും സോഷ്യൽ മീഡിയയുടെ വിജയമായിരുന്നു കല്യാൺ സാരീസ് തർക്കത്തിലെ ഒത്തു തീർപ്പ്. അവസാന ഘട്ടമായപ്പോൾ കല്യാൺ സമരത്തിനു സിപിഎമ്മിന്റെ പിന്തുണയാണ് ലഭിച്ചത്.
ഇതിന്റെ തുടർച്ചയായാണ് സീമാസിലെ സമരം ആരംഭിക്കുന്നത്. ഈ സമരം തുടങ്ങി ഏറെ കഴിയാതെ തന്നെ തോമസ് ഐസക്കിന്റെ ഇടപെടൽ ആരംഭിക്കുയായിരുന്നു. തോമസ് ഐസക് സമരത്തിനു ധാർമിക പിന്തുണ കൊടുക്കാൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പിന്തുണ അറിയിക്കുകയും ചെയ്തതോടെ പൊതുജനം അറിയുകയും ധാരാളം പാർട്ടി പ്രവർത്തകർ സമരക്കാർക്ക് പിന്തുണ നൽകുകയും ചെയ്തു. തുടർന്നായിരുന്നു ജി സുധാകരൻ അടക്കുള്ള നേതാക്കളുടെ ഇടപെടൽ. സമരത്തിന്റെ അവസാന ഘട്ടമായപ്പോഴേയ്ക്കും സിപിഐ (എം) ഏതാണ്ട് ഒറ്റക്കെട്ടായി തന്നെ സമരക്കാർക്കൊപ്പം ചേർന്നു എന്നു പറയാം. ഇത് തന്നെയാണ് സമരം ഒത്തു തീർപ്പാക്കാൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതും.
രാഷ്ട്രീയ പാർട്ടികളോ മാദ്ധ്യമങ്ങളോ ഇടപ്പെടില്ല എന്ന ഉറപ്പിന്റെ പുറത്താണ് സീമാസ് അടക്കമുള്ള മാനേജ്‌മെന്റുകൾ തൊഴിലാളികളോട് ഇങ്ങനെ ക്രൂരമായി പെരുമാറുന്നത്. ആ തോന്നലിൽ മാറ്റം വരുത്തുകയാണ് ഈ സമരം. ഒരു സമരവും വിജയിക്കുന്നില്ല എന്ന് പേരുദോഷമുള്ള സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ സമരം വിജയിച്ചതിന്റ പട്ടികയിൽ ചേർക്കാൻ സാധിക്കും എന്ന കാര്യവും ഉണ്ട്. ഇത്തരം ജനകീയ സമരങ്ങളിൽ ഇടപെടുകയും വിജയിപ്പിക്കുകയും ചെയ്താൽ സിപിഎമ്മിന്റെ അടിത്തറയിൽ ഗണ്യമായ ചോർച്ച ഉണ്ടാവില്ല എന്നു തിരിച്ചറിയുകയാണ് സിപിഐ (എം) വേണ്ടത്. സീമാസ് സമരത്തിന്റെ വിജയം ഇത്തരം സമരങ്ങൾ കൂടുതലായി ഏറ്റെടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കണം. പാറമടകളും മണൽ മാഫിയകളും ഒക്കെ പ്രാദേശിക നേതാക്കൾക്ക് പണം കൊടുത്ത് പല തട്ടിപ്പുകളും ഇപ്പോൾ ചെയ്യുന്നുണ്ട്. ഇത്തരം ചൂഷണങ്ങൾക്കെതിരെയും ആദിവാസികളുടെയും ദുർബല വിഭാഗങ്ങളുടെയും നിലനിൽപ്പിന് വേണ്ടിയുള്ള സമരങ്ങളും ഈ സംസ്ഥാനത്തു നടക്കുന്നുണ്ട്. അത്തരം സമരങ്ങളുടെ ഭാഗമാകുകയും അവരോടൊപ്പം ചേർന്നു വിജയം വരിക്കുകയുമാണ് സിപിഐ (എം) ചെയ്യേണ്ടത്. അതിനുള്ള ആഹ്വാനമാണ് തോമസ് ഐസക്കിലൂടെ സിപിഎമ്മിനു ലഭിക്കുന്നത്.[BLURB#2-VR]
സിപിഐ (എം) സമരം തുടങ്ങിയപ്പോൾ സ്ഥാപനം പൂട്ടിച്ച് ചിലരുടെ തൊഴിൽ ഇല്ലാതാക്കുന്നു എന്ന ആക്ഷേപം ഉയർത്തി ചില സദാചാര പൊലീസുകാർ രംഗത്തു വന്നിരുന്നു. മുതലാളിമാർക്കു വേണ്ടി അനാവശ്യമായ രാഷ്ട്രീയ വിരോധം തീർക്കുകയാണ് ഇക്കൂട്ടർ. സമരം ഒത്തു തീർന്നപ്പോൾ ഇതേ കൂട്ടർ തന്നെ ജീവനക്കാരെ ഒറ്റു കൊടുത്തു എന്നും സമരം നടത്തി നേടി കൊടുത്തതു നക്കാപ്പിച്ചയാണ് എന്നുമൊക്കെ ആരോപിച്ചു രംഗത്ത് വന്നിട്ടുണ്ട്. സമരത്തിനു മുമ്പുള്ള ജീവനക്കാരുടെ ആവശ്യങ്ങളും സമരത്തിലൂടെ അവർക്കു അനുവദിച്ചു കൊടുത്ത ആവശ്യങ്ങളും പരിശോധിച്ചാൽ വിമർശകരുടെ സമീപനം അസൂയയിൽ ജനിച്ചതാണ് എന്ന് വ്യക്തമാകും. രാജ്യത്ത് നിലനില്ക്കുന്ന നിയമം അനുസരിച്ചുള്ള മിനിമം ശമ്പളം നൽകണം എന്നു മാത്രമേ ഒരു രാഷ്ട്രീയ പാർട്ടിക്കും അതിന്റെ നേതാക്കൾക്കും ആവശ്യപ്പെടാൻ കഴിയൂ. ഇവിടുത്തെ ജീവനക്കാരുടെ ആവശ്യവും അതായിരുന്നു. ഇപ്പോൾ മാനേജ്‌മെന്റ് സമ്മതിച്ചിരിക്കുന്നതും മിനിമം ശമ്പളമാണ്. ആ ശമ്പളം കുറവാണ് എങ്കിൽ അതിനും നിയമ നിർമ്മാണം നടത്തുകയാണ് ആദ്യം വേണ്ടത്. അല്ലാതെ നിയമം അനുസരിക്കുന്ന ശമ്പളത്തിനു വേണ്ടി ശബ്ദം ഉയർത്തുകയും അതിനു മാനേജ്‌മെന്റിനെ കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്ത സിപിഎമ്മിനെ ആക്ഷേപിക്കുന്നുണ്ടെങ്കിൽ അവരുടെ അജണ്ട വേറയാണ്.
ടെക്‌സ്റ്റെയിൽസിലെ ജീവക്കാർ അടങ്ങുന്ന അടിസ്ഥാന തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും പരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നു കൂടി ഈ ഘട്ടത്തിൽ പറയേണ്ടി വരും. അതിനുള്ള നീക്കം സർക്കാരാണ് നടത്തേണ്ടത്. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പിനു വിരുദ്ധമായ നടപടികൾ മാനേജ്‌മെന്റിൽ നിന്നും ഉണ്ടായാൽ അതിന് പിഴ ഈടാക്കേണ്ടതാണ്. അതുപോലെ ബോണസ്, അവധി തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ അംഗീകരിക്കുന്നു. ഇതൊക്കെ വളരെ നല്ലതാണ് എന്നു സമ്മതിക്കുമ്പോഴും ഇത്തരം തൊഴിലാളികൾക്ക് അർഹമായ സഹായം ലഭിക്കാനുള്ള നിയമ നിർമ്മാണങ്ങൾ ആവശ്യമാണ്. ഇത് അംഗീകരിച്ചുകൊണ്ടുതന്നെ ഈ സമരത്തിനു വിജയം ഒരുക്കിയ തോമസ് ഐസക്കിനെയും സിപിഎമ്മിനെയും അഭിനന്ദിക്കാതെ വയ്യ. വെറും തട്ടിക്കൂട്ട് സമരങ്ങളും ഒത്തു തീർപ്പ് സമരങ്ങളും അവസാനിപ്പിച്ച് സീമാസ് സമരം പോലെ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകി സിപിഐ (എം) നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കട്ടെ എന്നാണ് ഞങ്ങളുടെ ആശംസ.