ന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മരണം അത് അർഹിക്കുന്ന തരത്തിൽ കേരള സമൂഹം ചർച്ച ചെയ്യുന്നുണ്ടോ എന്ന സംശയം ഉയർത്താതിരിക്കാൻ വയ്യ. അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന വിഭാഗത്തിൽപ്പെടുത്തി വധശിക്ഷ വരെ നൽകാവുന്ന കൊലപാതകം ആണിത്. കാരണം ഈ കൊല ചെയ്യാൻ പ്രത്യേകമായ പ്രകോപനങ്ങൾ ഒന്നുമില്ല. മരണത്തിന് ഇരയായ ആൾ കൊല നടത്തിയ ആളുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്ത വ്യത്യാസം ഉള്ളവരാണ്. കൊല നടത്തിയതാകട്ടെ കേരള ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര നിഷ്ഠൂരമായും. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ പറയുന്നത് ആന്തരാവയവങ്ങൾ അപ്പാടെ തകർന്നു തരിപ്പണമായെന്നാണ്. വൃക്കകളും ലങ്‌സും കരളും കുടലുമൊക്കെ പലതവണ മുറിഞ്ഞു പോയതായി ഡോക്ടർ പറയുന്നുണ്ട്. അതുകൊണ്ടാണ് സാക്ഷാൽ മുഖ്യമന്ത്രി തന്നെ സഹായ ഹസ്തവുമായി എത്തിയിട്ടും ചന്ദ്രബോസ് എന്ന പാവപ്പെട്ട ജീവൻ രക്ഷിക്കാൻ കഴിയാതെ പോയത്.

ഈ കൊടുംക്രൂരത ചെയ്യാൻ നിസാം എന്ന കോടീശ്വരനെ പ്രേരിപ്പിച്ചതാകട്ടെ ഗേറ്റ് തുറക്കാൻ പാവപ്പെട്ട ജീവനക്കാരൻ അല്പം വൈകിയതും. കോടികൾ വിലയുള്ള ഇരുപതോളം ആഢംബര കാറുകളുടെ ഉടമയായ നിസാം അതിലൊന്നു കൊണ്ട് ഇടിപ്പിച്ചും ഇരുമ്പുവടികൊണ്ട് പട്ടിയെപ്പോലെ ഓടിച്ചിട്ട് അടിച്ചും ചവിട്ടിയും മാന്തിയും ഒക്കെയാണ് ഒന്നു പ്രതികരിക്കുക പോലും ചെയ്യാതെ കിടന്ന നിസ്സഹായനായ ആ മനുഷ്യനെ തല്ലിക്കൊന്നത്. ഈ കൊലപാതകത്തിന് കാരണമായി പറയാവുന്നത് നേരെയും അല്ലാതെയും ഒക്കെ ഉണ്ടാക്കിയ കോടികളുടെ സ്വത്തുക്കളും ആ സ്വത്തുക്കളുടെ വീതം പറ്റി ഏത് ക്രിമിനൽ കുറ്റത്തിലും അയാളെ രക്ഷിക്കുന്ന ഇലനക്കി പൊലീസും അവരുടെ ചിറിനക്കുന്ന രാഷ്ട്രീയക്കാരുമാണ്. ഈ ഇലനക്കികളും ചിറിനക്കികളും അകത്ത് കിടക്കുന്ന പ്രാഞ്ചിയേട്ടനിൽ നിന്നും നല്ലപോലെ അടിച്ച് മാറ്റാം എന്നു കരുതി നിസാം എന്ന അധമന്റെ ജയിലിന് ചുറ്റും തടിച്ച് കൂടിയതിനെക്കുറിച്ച് പത്രങ്ങളിൽ വാർത്ത വന്നതാണ്.

എറണാകുളത്തെ പ്രമുഖനായ എ ഗ്രൂപ്പ് എംഎൽഎയും കോഴിക്കോട്ടെ പ്രമുഖനായ ലീഗ് നേതാവുമാണ് നിസാമിനെ രക്ഷിക്കാൻ കരുക്കൾ നീക്കിയതെന്ന് കേൾക്കുന്നു. ഇതിൽ എത്രമാത്രം വാസ്തവം ഉണ്ടെന്ന് വ്യക്തമല്ല. ഒരുപക്ഷേ, വാർത്ത തേടി അലയുന്ന പത്രക്കാരുടെ ഭാവനയിൽ വിടരുന്നതാകാം ഈ പേരുകൾ. കോടികൾ അമ്മാനമാടാൻ പറ്റുന്ന ഒരുത്തനെ ആപത്തിൽ നിന്നും രക്ഷിച്ചാൽ നേടാൻ കഴിയുന്നത് ആർക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. ആരാണ് ഈ നേതാക്കൾ എന്ന് പലരും ചോദിക്കുന്നു. ഒരു നേതാവിനെക്കുറിച്ചും പറയാൻ ഞങ്ങൾ അടക്കം ഒരു പത്രക്കാരന്റേയും കയ്യിൽ തെളിവില്ല. നിയമത്തെ ഭയന്ന് പേര് വെളിപ്പെടുത്താൻ ആരും തയ്യാറുമല്ല. എന്നാൽ നിസാമിനെ സഹായിക്കാൻ ആദ്യം ഫോൺ വിളിച്ചതും എറണാകുളത്തു നിന്നും ഓടിയെത്തിയതും ബെന്നി ബെഹ്നാൻ എംഎൽഎ ആണെന്നാണ് പത്രക്കാർക്കിടയിലും പൊലീസുകാർക്കിടയിലും അടക്കിപ്പിടിച്ച സംസാരം. അത് സത്യമാണോ എന്നു ഞങ്ങൾക്കും ഉറപ്പില്ല. അതുകൊണ്ട് തന്നെ ബെന്നിയെ അതിന്റെ മുഴുവൻ ഉത്തരവാദിത്തം ഏൽപ്പിച്ച് ക്രൂശിക്കാം എന്നു ഞങ്ങൾ കരുതുന്നില്ല. എന്നാൽ കേരളത്തിലെ മുഴുവൻ പത്രങ്ങളും പേര് വെളിപ്പെടുത്താതെ തന്നെ സൂചിപ്പിച്ചിട്ടും ഞാൻ ഒന്നുമറിഞ്ഞില്ല രാമനാരായണ എന്ന നിലപാട് ഒരു പൊതുപ്രവർത്തകൻ എടുക്കുന്നത് ഉചിതമാണോ?

പേര് പുറത്ത് പറയുന്നില്ലെങ്കിലും സംസാര വിഷയം താൻ തന്നെ ആണ് എന്നു വ്യക്തമായ സ്ഥിതിക്ക് നിസാമുമായുള്ള ബന്ധം നിഷേധിക്കാനെങ്കിലും ശ്രീ ബെന്നി ബഹനാൻ രംഗത്ത് വരണം. തന്റെ ഫോൺ വിളികളുടെയും യാത്രകളുടേയും വിശദാംശങ്ങൾ പുറത്ത് വിട്ട് ബെന്നി പൊതുപ്രവർത്തകൻ എന്ന അന്തസ്സ് കാത്തു സൂക്ഷിക്കണം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ബെന്നി ബെഹനാനെ പോലെ ഒരാൾ ഇടപെട്ടു എന്ന ആരോപണമാണ് ആശുപത്രിയിൽ എത്തി സഹായ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രിയെപ്പോലും ആർക്കും വിശ്വാസത്തിൽ എടുക്കാൻ സാധിക്കാത്തത്. ചന്ദ്രബോസ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞപ്പോൾ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർക്കാൻ ശ്രമം നടന്നു എന്നത് ആർക്കും നിഷേധിക്കാനാകാത്ത സത്യമാണ്. ഈ കേസിന്റെ വിവരങ്ങൾ തേടി വിളിക്കുന്ന സമയത്ത് പൊലീസുകാർ തന്നെ ഈ ഒത്തുതീർപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. ആ ഒത്തുതീർപ്പിന് മദ്ധ്യസ്ഥം വഹിച്ചത് ആരോ അവരായിരിക്കും നിസ്സാമിനെ രക്ഷിക്കാൻ ചരട് വലിച്ചതെന്ന് തീർത്ത് പറയാം.[BLURB#1-H] 

നിസാമിന്റെ പേരിലുള്ള മുൻ കേസുകളും അവ ഒത്തുതീർന്ന രീതികളും ശ്രദ്ധിച്ചാൽ തന്നെ ഈ വിഷയത്തിൽ പൊലീസ് ആരുടെയോ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുകയാണ് എന്ന് കണ്ടെത്തേണ്ടി വരും. ക്രിമിനൽ കേസിൽ ഇങ്ങനെ ഒരു ഒത്തുതീർപ്പിന് സാധ്യതയില്ലാതിരിക്കെ സർക്കാരിന്റെ മുഖ്യ അഭിഭാഷകനായ കെ പി ദണ്ഡപാണി എന്നയാളുടെ കമ്പനി തന്നെ നിസ്സാമിന് വേണ്ടി വക്കാലത്ത് എടുക്കുകയും ഒത്തുതീർപ്പ് നടത്തി വെറുതെ വിടുകയും ചെയ്തതിന്റെ വിശദാംശങ്ങൾ ഞങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. സർക്കാർ വക്കീലായി ദണ്ഡപാണി നിൽക്കുമ്പോൾ അതേ കോടതിയിൽ ദണ്ഡപാണിയുടെ മക്കൾ പ്രതിഭാഗത്തിന് വേണ്ടി കേസ് നടത്തുന്നു എന്നത് പോലും നമ്മുടെ നിയമ സംവിധാനങ്ങളെ പുച്ഛിക്കുന്നതിന് തുല്യമാണ്. അത്തരം കേസുകളിൽ എല്ലാം സർക്കാർ തോൽക്കുന്നു എന്നതിന്റെ പേരിൽ അന്വേഷണം വരെ സംഭവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അടക്കം അതിനിർണ്ണായകമായ കേസിൽ പോലും സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതും ശ്രീ ദണ്ഡപാണിയെ ഇഷ്ടക്കാരനായി കരുതുന്ന സർക്കാരിന്റെ കീഴിൽ ബോസിന്റെ വിധവയ്ക്ക് എങ്ങനെ നീതികിട്ടും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

നിസാമിന്റെ പേരിലുള്ള മൂന്നു കേസുകൾ ഒത്തു തീർന്നത് ചന്ദ്രബോസിനെ ആക്രമിച്ച ശേഷമാണ്. ദണ്ഡപാണിയുടെ മക്കൾ ഈ ഒത്തുതീർപ്പിന് ഇറങ്ങിയത് കാപ്പ ചുമത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ്. കാപ്പ ചുമത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച പൊലീസ് ഉദ്യോഗസ്ഥന് ഇപ്പോൾ മിണ്ടാട്ടമില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് നിസാം എന്ന അധമൻ ഈ കൊലക്കേസിൽ നിന്നും പുഷ്പം പോലെ ഊരിപ്പോരുമെന്ന് തന്നെയാണ്. ഏത് പ്രമുഖ ആശുപത്രിയിൽ ചെന്നാലും മാനസിക രോഗിയാണ് എന്ന കത്ത് വാങ്ങാൻ നിസാമിന്റെ പണത്തിന് കഴിയുമെന്നിരിക്കെ അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇനി രക്ഷപ്പെടാൻ ശ്രമിക്കുക. മുമ്പും പല കേസുകളും മാനസിക രോഗി എന്ന സർട്ടിഫിക്കറ്റാണ് നിസാമിന് തുണയായിട്ടുള്ളത്. ഇങ്ങനെ ഒരു മാനസിക രോഗി ശതകോടികൾ വരുമാനമുള്ള ഒരു കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്നതും അത് ലാഭത്തിൽ ഓടിക്കുന്നതും എങ്ങനെ എന്ന ചോദ്യം മാത്രം ഒരു കോടതിയും ചോദിക്കുന്നില്ല. ദണ്ഡപാണിമാർ വക്കീലന്മാരാകുമ്പോൾ അത്തരം ചോദ്യം ചോദിക്കാൻ കോടതികൾക്ക് കഴിയില്ല എന്നതാണ് സത്യം.[BLURB#2-VL]

പണം കൊണ്ട് ആരെയും വിലകൊടുത്ത് വാങ്ങാൻ കെൽപ്പുുള്ളവനും ഉന്നത രാഷ്ട്രീയബന്ധം ഉള്ളവരുമാണ് പ്രതി എന്നതിനാൽ ഈ കേസ് അന്വേഷിക്കാനും മരണശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയമിക്കണം. ഒട്ടേറെ സംസ്ഥാനങ്ങളിൽ ഇയാൾക്ക് ബിസിനസ് ഉണ്ട് എന്നതിനാൽ പുറത്ത് നിന്നുള്ള ഏജൻസി തന്നെ അന്വേഷിച്ചാലും തരക്കേടില്ല. അന്വേഷണം കോടതി തന്നെ നേരിട്ട് നടത്തണം. വെറും കൊലപാതകം മാത്രം ചുമത്താതെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊടും ക്രൂരവുമായ കൊലയായി കരുതി വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കാനാണ് സർക്കാർ ഉത്തരവാദിത്തം കാട്ടേണ്ടത്. വധശിക്ഷയിൽ താഴെയുള്ള എന്ത് ശിക്ഷ നൽകിയാലും പരോളിൽ ഇറങ്ങി സുഖമായി ജീവിക്കാനും വേണ്ടിവന്നാൽ ശിക്ഷ തന്നെ വേണ്ടായെന്ന് വെയ്ക്കാനും നിസ്സാമിന് സാധിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ശ്രീ ബെഹന്നാനും ശ്രീ കുഞ്ഞാലിക്കുട്ടിയും ശ്രീ ഉമ്മൻ ചാണ്ടിയും ഒക്കെ സൗഹൃദത്തിന്റെ പുറത്ത് അറിയാതെ എങ്കിലും ഈ സാമദ്രോഹിയെ സഹായിച്ചിട്ടുണ്ടെങ്കിൽ ഇനിയെങ്കിലും ആ പ്രവർത്തി തുടരാതെ ചന്ദ്രബോസിന്റെ വിധവയ്ക്ക് നീതി തേടികൊടുക്കാൻ മുൻകൈയെടുക്കണം.

നിസാം എന്ന കൊടും ഭീകരന്റെ മേൽ നമ്മുടെ സമൂഹം എപ്പോഴും കണ്ണ് വയ്‌ക്കേണ്ടിയിരിക്കുന്നു. ഇയാൾ നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാതിരിക്കാൻ പൊതുസമൂഹം ജാഗ്രത പാലിച്ചാൽ മാത്രം മതി. മുഖ്യധാരാ മാദ്ധ്യമങ്ങൾ തിരസ്‌കരിച്ചാൽ പോലും ഇന്നത്തെ ലോകത്ത് ഏത് വിഷയവും സമൂഹത്തിൽ വലിയ ചർച്ചയാകപ്പെടും എന്നതുകൊണ്ട് തന്നെ സമൂഹം ഉണർന്നിരിക്കുക മാത്രമാണ് പ്രതിവിധി. ഈ ക്രൂരതയ്ക്ക് വേണ്ടി സമൂഹത്തിനൊപ്പം കണ്ണടയ്ക്കാതെ ഞങ്ങളും കാവലിരിക്കുമെന്ന് ധൈര്യത്തോടെ ഉറക്കെ പ്രഖ്യാപിക്കട്ടെ.