- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക ആചാരങ്ങൾ തെറ്റിക്കാത്ത ഒരു സ്ത്രീയെ പരസ്യമായി പുലഭ്യം പറയുന്ന ഭക്തരേ.. അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം ആണുള്ളത്? കുഞ്ഞു പെൺകുട്ടികളെ കിള്ളി നോക്കുന്ന ഉസ്താദുമാർക്കുള്ളതല്ലേ നിങ്ങൾ പറയുന്ന നരകാഗ്നി?
വി പി റജീന എന്ന മാദ്ധ്യമ പ്രവർത്തക മുസ്‌ലീം ആചാര പ്രകാരം ജീവിക്കുന്ന ഒരു പത്രപ്രവർത്തകയാണ്. പരിശുദ്ധ ഖുറാനിൽ പറഞ്ഞിരിക്കുന്നത് പോലെയാണ് അവർ വസ്ത്രധാരണം നടത്തുന്നത്. അവരുടെ ഇതിനു മുൻപുള്ള എല്ലാ സാമൂഹിക ഇടപെടലുകളിലും മുസ്ലിം സ്ത്രീ എങ്ങനെ ആവണം എന്ന കർശനമായ നിഷ്‌കർഷയുടെ അടിസ്ഥാനത്തിൽ ആയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാദ്
വി പി റജീന എന്ന മാദ്ധ്യമ പ്രവർത്തക മുസ്‌ലീം ആചാര പ്രകാരം ജീവിക്കുന്ന ഒരു പത്രപ്രവർത്തകയാണ്. പരിശുദ്ധ ഖുറാനിൽ പറഞ്ഞിരിക്കുന്നത് പോലെയാണ് അവർ വസ്ത്രധാരണം നടത്തുന്നത്. അവരുടെ ഇതിനു മുൻപുള്ള എല്ലാ സാമൂഹിക ഇടപെടലുകളിലും മുസ്ലിം സ്ത്രീ എങ്ങനെ ആവണം എന്ന കർശനമായ നിഷ്‌കർഷയുടെ അടിസ്ഥാനത്തിൽ ആയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാദ്ധ്യമത്തിലെ ലേഖിക ആണെങ്കിലും സ്ത്രീകൾക്ക് പരിശുദ്ധ ഖുറാൻ നൽകുന്ന അംഗീകാരം മുസ്ലിം മതപണ്ഡിതർ മനസ്സിലാക്കാത്തതിലുള്ള അസ്വസ്ഥത അവർ മറച്ചു വച്ചിട്ടില്ല. ലിംഗ സമത്വം എന്ന സ്വാഭാവിക പ്രകൃതി നീതിക്ക് വേണ്ടി അവർ മതത്തിന്റെ പരിമിതിക്കുള്ളിൽ ഒതുങ്ങിനിന്നു കൊണ്ട് നിലപാട് എടുത്തിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്ക് അധികാരം കൈമാറരുത്, സ്ത്രീയും പുരുഷനും ഒരുമിച്ചു ഇരിക്കരുത് തുടങ്ങിയ വാദങ്ങൾ ഈ സമുദായത്തിലെ ഒരു വിഭാഗത്തിനുള്ളിൽ ശക്തി പ്രാപിച്ചപ്പോൾ അവർ അന്ന് വരെ തുടർന്നു വന്ന രീതികളുടെ ഭാഗമായി തന്നെ അതുമായി ബന്ധപ്പെട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇടുകയുണ്ടായി. തുടർന്ന് സംഭവിച്ചതൊക്കെ അവിചാരിതം ആയിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാകും എങ്കിലും ഒരു തരത്തിലും അംഗീകരിക്കാൻ പറ്റുന്നവ ആയിരുന്നില്ല.
ഫാറൂഖ് കോളേജിൽ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് സംബന്ധിച്ചുള്ള വിവാദമായിരുന്നു റജീനയുടെ പോസ്റ്റിന്റെ ആധാരം. ആണും പെണ്ണും ഒരുമിച്ചിരുന്നാൽ സദാചരം ഇടിഞ്ഞു വീഴുമെന്ന് പറയുന്ന ഉസ്താദുമാർ യഥാർത്ഥത്തിൽ എങ്ങനെയാണ് എന്ന് ആലോചിക്കണം എന്ന് വ്യക്തമാക്കുന്ന സ്വന്തം അനുഭവം ആണ് റജീന വ്യക്തമാക്കിയത്. ആൺകുട്ടികളുടെ ലിംഗാഗ്രത്തിൽ ഞെരടി നോക്കുകയും വലിപ്പത്തെ കുറിച്ച് പരസ്യമായി വിചാരണ ചെയ്യുകയും പെൺകുട്ടികളുടെ രഹസ്യ ഭാഗങ്ങളിൽ കമ്പുകൊണ്ട് കുത്തി നോക്കുകയും ചെയ്യുന്ന മദ്രസ ഉസ്താദുമാരെ കുറിച്ച് സ്വന്തം അനുഭവത്തിൽ നിന്നാണ് റജീന സംസാരിച്ചത്. വളരെ സ്വാഭാവികമായ ഈ പ്രതികരണത്തിന്റെ പിന്നിൽ എന്തെങ്കിലും രാഷ്ട്രീയം കാണേണ്ടതോ ഇസ്ലാമിനെ അക്ഷേപിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി കാണേണ്ടതോ ആയിഒന്നുമില്ല. ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോൾ ഭയപ്പെടുന്നതിനേക്കാൾ കൂടുതൽ ഇത്തരം മതാധ്യാപകരുടെ ഇടപെടൽ മൂലം ഉണ്ടാക്കുന്ന ഭയം പ്രശ്‌നം ഉണ്ടാക്കുന്നു എന്ന് സൂചിപ്പിക്കുകയായിരുന്നു റജീനയുടെ ലക്ഷ്യം.
നിർഭാഗ്യവശാൽ വലിയ കോളിളക്കമാണ് തുടർന്ന് മലയാളികളുടെ ഇസ്ലാമിക ലോകത്ത് ഉണ്ടായത്. പച്ചത്തെറി വിളിച്ചു കൊണ്ട് അനേകം പേർ റജീനയുടെ ഇ വാളിൽ എത്തി. വേശ്യയാണെന്നും ഇസ്ലാമിക വിരുദ്ധയാണെന്നും നുണച്ചിയാണെന്നും ആരോപിച്ച് കേട്ടാൽ അറക്കുന്ന ഭാഷയിൽ ചിലർ റജീനയെ വളഞ്ഞിട്ടു തല്ലി. താൻ ഇസ്ലാമിന് എതിരല്ലെന്നും തന്റെ പരാമർശം ഇസ്ലാമിനെതിരെ പ്രയോഗിക്കാൻ അനുവദിക്കില്ലെന്നും ഒക്കെ പറഞ്ഞ് അവർ വിശദീകരണം നൽകിയെങ്കിലും പുലഭ്യം വിളിക്കുന്നവർ വെറുതെ ഇരുന്നില്ല. അവർ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്തു റജീനയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പോലും ഇടയ്ക്ക് പൂട്ടിച്ചു. അതിനേക്കാൾ ഉപരിയായി ഭീഷണിയും മറ്റുമായി അവരുടെ ജീവിതത്തിന്റെ സ്വൈര്യം കൊടുത്തുന്നത് തുടരുകയാണ്. പൊതു സമൂഹം ഈ ചർച്ച ഏറ്റെടുക്കുകയും റജീനയ്ക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്തു എന്നത് മാത്രമാണ് ആശ്വാസകരമായ സംഗതി. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന എല്ലാവരും തന്നെ റജീനയെ പിന്തുണച്ചു രംഗത്ത് വന്നു. ശ്രീദേവി കർത്ത വിഷയത്തിൽ ഉണ്ടായതു പോലെ നേതാക്കളും മറ്റും ഇടപെട്ടില്ല എന്നത് ദുരൂഹമായി തുടരുമ്പോൾ പോലും സോഷ്യൽ മീഡിയയുടെ പരിപൂർണ്ണ പിന്തുണ റജീനക്കായിരുന്നു എന്നത് ആശ്വാസകരമാണ്.[BLURB#1-H]
എന്നിരുന്നാലും ഒരു അടിയുറച്ച ഇസ്ലാമിക വിശ്വാസിയായി കഴിയവേ ഇത്തരം ഒരു അനുഭവത്തെ നേരിടേണ്ടി വന്നത് എത്രമാത്രം അസ്വസ്ഥതകൾ ഈ പെൺകുട്ടിക്ക് ഉണ്ടാക്കിക്കാണും എന്ന് ആലോചിക്കേണ്ടതാണ്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു സത്യം പറഞ്ഞതിന്റെ പേരിലാണ് ഈ വേട്ടയാടൽ എന്നോർക്കണം. ഷാഹിനയെ പോലെ അറിയപ്പെടുന്ന മത നിരാസകരെ വേട്ടയാടുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്. മത നിരാസകർ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കുവാൻ ശീലിച്ചവരാണ്. എന്നാൽ മതനിഷ്ഠക്കുള്ളിൽ കഴിയുന്ന സാധാരണ ഒരു പെൺകുട്ടിയെ സംബന്ധിച്ചടുത്തോളം ഇത്തരം ഒരു സാഹചര്യം നേരിടുക പ്രയാസമുള്ള കാര്യമാണ്. ഏതു സത്യത്തിന്റെ പേരിൽ ആണെങ്കിൽ കൂടി വിശ്വാസിയായ ഒരു മുസ്ലിം പെൺകുട്ടിയെ പരസ്യമായി പുലഭ്യം പറഞ്ഞതും വധഭീഷണി മുഴക്കുന്നതും ഒക്കെ ഏത് മതത്തിന്റെ അല്ലെങ്കിൽ ഏത് പ്രവാചകന്റെ പിൻബലത്തിൽ ആണ് എന്ന് പുലഭ്യം വിളിച്ചവർ ആലോചിക്കേണ്ടതുണ്ട്. നിരപരാധിയായ ഒരു പെൺകുട്ടിയുടെ കണ്ണീരൊഴുക്കിയിട്ടാണോ നിങ്ങൾ മതത്തിന്റെ ചാരിത്രം സംരക്ഷിക്കുന്നത്. സ്വർഗ്ഗം പ്രതീക്ഷിച്ചാണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നതെങ്കിൽ പ്രിയ സുഹൃത്തുക്കളെ നിങ്ങൾക്ക് തെറ്റി. നിങ്ങളെ കാത്തിരിക്കുന്നത് നിത്യ നരകം മാത്രമായിരിക്കും. കാരണം നിങ്ങളുടെ മേൽ വന്നിരിക്കുന്നത് വിശ്വാസിയും നിരപരാധിയുമായ ഒരു മുസ്ലിം പെൺകുട്ടിയുടെ ചുടുകണ്ണുനീരാണ്, ഇതു മറക്കരുത്.
[BLURB#2-VL]റജീനയുടെ വെളിപ്പെടുത്തലിന്റെ പേരിൽ തെറി വിളിക്കുന്നവർ മറന്നു പോകുന്നത് നിങ്ങൾ മതത്തിന്റെ പേരിൽ കുഞ്ഞുങ്ങളുടെ ജീവിതം ദുരിതപൂർവ്വമാക്കാൻ കൂട്ടു നിൽക്കുകയാണ് എന്നതാണ്. ഏറ്റവും കരുതലോടെ സംരക്ഷിക്കപ്പെടേണ്ടവരാണ് കുട്ടികൾ. അവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് ഏറ്റവും വലിയ മാനസിക വൈകൃതം ഉള്ളവരാണ്. റജീന പറഞ്ഞത് ഒരൊറ്റപ്പെട്ട സംഭവം അല്ല എന്ന് മറ്റ് പലരും പിന്നീട് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഇതു ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നം ആണ് എന്ന് ഞങ്ങൾ കരുതുന്നില്ല. അൾത്താല ബാലന്മാരായും മിഷൻലീഗ് പ്രവർത്തകനായും ഒക്കെ നടക്കുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ഇത്തരം അനുഭവങ്ങൾ ധാരാളം ഉണ്ടാവാറുണ്ട് എന്ന് പലരും സൂചിപ്പിച്ചിട്ടുണ്ട്. കുമ്പസാരിക്കാൻ വിളിച്ച പെൺകുട്ടിയെ പീഡിപ്പിച്ച വൈദികൻ ഇപ്പോഴും ഒളിവിൽ ആണ് എന്ന് മറക്കരുത്. ക്ഷേത്ര സന്നിധിയിൽ കുട്ടികളെ പീഡിപ്പിച്ച പൂജാരിമാരുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരം നടപടികൾ ഏറ്റവും കൂടുതൽ നടക്കുന്ന ഇസ്ലാമിക വിദ്യാർത്ഥികൾക്കിടയിൽ ആണ് എന്ന പ്രചാരണം കണ്ടില്ലെന്ന് നടിക്കരുത്. ഒരു പക്ഷെ പുരോഹിത വർഗ്ഗത്തോടുള്ള അമിതമായ വിധേയത്തവും മുസ്ലീമിന്റെ ജീവിതത്തിൽ അവർക്കുള്ള മേൽക്കോയ്മയും ആയിരിക്കും ഇതിന് കാരണം. മതമില്ലാതെ ജീവിക്കുന്ന മുസ്ലീമിന് സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്. എന്നാൽ ക്രസ്ത്യാനിക്കും ഹിന്ദുവിനും മതം അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം മതിയെന്ന് മറക്കരുത്.
വിദേശ രാജ്യങ്ങളിൽ ആണെങ്കിൽ ഈ വെളിപ്പെടുത്തലിന്റെ പേരിൽ അന്വേഷണങ്ങൾ നടക്കുകയും അന്ന് ഇങ്ങനെ ഒക്കെ ചെയ്തവരെ കണ്ടെത്തി ജീവിതകാലം മുഴുവൻ ജയിലിൽ അടക്കുകയും ചെയ്യുമായിരുന്ന സംഭവം ആണിത്. മാത്രമല്ല സെക്‌സ് ഓഫെൻഡേർസ് രജിസ്റ്ററിൽ പേരു ചേർത്തു അവരെ ജീവിത കാലം മുഴുനൻ കുട്ടികളിൽ നിന്നും അകറ്റി നിർത്താനും അവിടങ്ങളിൽ സംവിധാനം ഉണ്ട്. നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും കുട്ടികൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ ഇപ്പോഴും വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല എന്നതാണ്. മറ്റ് പീഡനങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് മേൽ കഠിനമായ ശിക്ഷ കൊടുക്കുന്ന സമ്പ്രദായം വളർത്തി എടുക്കേണ്ടതാണ്. ആൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ഇന്നും നമ്മുടെ നാട്ടിൽ ഒരു കുറ്റമായി ആരും കണക്കാക്കുന്നില്ല. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതെങ്കിൽ അതിനെതിരെ കഠിനമായ നടപടി ഉണ്ടെങ്കിലും ആൺകുട്ടികൾ ഈ നിയമം ശ്രദ്ധിക്കുന്നില്ല. എന്ന് മാത്രമല്ല പെൺകുട്ടികളുടെ കാര്യത്തിൽ പോലും പരാതി വേണം എന്ന നിലപാടാണ് പൊലീസിന്. വാസ്തവത്തിൽ ഒരു പരാതിയുമില്ലാതെ തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരെ കണ്ടെത്തി അതിന് കാരണമാക്കുന്ന കാപാലികരെ അഴിക്കുള്ളിൽ ആക്കുന്ന സമ്പ്രദായമാണ് വളർത്തി എടുക്കേണ്ടത്.
ഇത്തരം ഒരു വെളിപ്പെടുത്തൽ കേട്ടാൽ സ്വാഭാവികമായും പൊലീസ് അതൊരു മൊഴിയായി എടുത്ത് കേസ് എടുക്കേണ്ടതായിരുന്നു. കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നവർ ഒരു തരത്തിലുള്ള കരുണയും അർഹിക്കുന്നില്ല. റജീന സൂചിപ്പിച്ച ഉസ്താദുമാരെ കണ്ടെത്തേണ്ടതും ഉസ്താദുമാരെ ന്യായീകരിക്കാൻ റജീനയെ പുലഭ്യം വിളിച്ചവരെ കൂടി പ്രതി ചേർക്കേണ്ടതുമാണ് കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യമായിരിക്കുന്നത്. ബാലപീഡനത്തെ ന്യായീകരിക്കുന്നത് അത്തരം ഒരു മാനസികാവസ്ഥയിൽ ഉള്ളവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യമാണ്. അതുകൊണ്ട് റജീനയെ നേരിടാൻ അതിനെ ന്യായീകരിച്ചവരുടെ പേരിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ജനകീയനായ കോഴിക്കോട് കളക്ടർ പ്രശാന്തിന് വേണമെങ്കിൽ തന്നെ അധികാര പരിധിയിൽ നടന്ന ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടാവുന്നതേയുള്ളൂ. ഇത്തരം ഒരു തന്റേടമുള്ള നിലപാട് മാത്രമേ ബാലപീഡകരെ തളക്കാൻ നമുക്ക് സാധിക്കൂ.[BLURB#3-VR]
റജീനക്കെതിരെയുണ്ടായ ആക്രമണം അസഹിഷ്ണുതാ വിവാദത്തിന്റെ പ്രചാരകർക്കിടയിൽ ആണ് സംഭവിച്ചത് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. എന്തിനും ഏതിനും അസഹിഷ്ണുത എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നവരാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു പെൺകുട്ടി ചില കാര്യങ്ങൾ പറഞ്ഞപ്പോൾ ഇങ്ങനെ ആക്രമിച്ചത്. ഒരു അനുഭവം പോലും കേൾക്കാനോ മാന്യമായി വിയോജിക്കാൻ സാധിക്കാത്തവർക്ക് അസഹിഷ്ണുതയുടെ പേരിൽ മോദിയെ കുറ്റം പറയാൻ എന്ത് ധാർമ്മിക അവകാശം ആണുള്ളത്? മോദിയോ മോദി സർക്കാരോ യാതൊരു വിധ അസഹിഷ്ണുതയും ന്യൂനപക്ഷങ്ങളോട് കാണിക്കുന്നില്ല എന്നിരിക്കെ അസഹിഷ്ണുത വിവാദം ഇത്രയും വലിയ വിഷയം ആയി മാറിയത് എങ്ങനെയാണ് എന്ന് കൂടി ആലോചിക്കണം. തീർച്ചയായും സംഘപരിവാർ അസഹിഷ്ണുതയുടെ വക്താക്കളായി മാറുന്നു എന്ന സത്യം അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ, അതിനേക്കാൾ ഒക്കെ വലിയ അസഹിഷ്ണുതയല്ലേ റജീനയോട് അസഹിഷ്ണുത വാദം ഉയർത്തുന്നവർ തന്നെ കാട്ടിയത് എന്നതാണ് ഈ വിഷയം ഉയർത്തുന്ന പ്രധാന ചോദ്യം?
അസഹിഷ്ണുത ഏതെങ്കിലും മതത്തിന്റെയോ സർക്കാരിന്റെയോ പ്രശ്‌നം അല്ലെന്നും ലോകം മുഴുവൻ വ്യാപിക്കുന്ന ഒരു പ്രശ്‌നമാണെന്നുമാണ് നമ്മൾ മനസിലാക്കാൻ. ഇന്ത്യേ പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഒരാൾ എതിരഭിപ്രായം പറയുന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നത് ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല. ആർക്കും സ്വന്തം അഭിപ്രായം ഭയമില്ലാതെ പറയാൻ കഴിയുന്ന കാലമാണ് വേണ്ടത്. പറയുന്ന അഭിപ്രായങ്ങളോട് എല്ലാവരും യോജിക്കണമെന്നില്ല. എന്നാൽ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നതും തേജോവധം നടത്തുന്നതും ഒരു തരത്തിലും ജനാധിപത്യത്തിൽ അംഗീകരിക്കാൻ കഴിയില്ല. ഒരാളുടെ അഭിപ്രായത്തോട് വിയോജിക്കുമ്പോഴും അഭിപ്രായം പറയാനുള്ള ആളുടെ അകാശത്തിന് വേണ്ടി നിലപാടെടുക്കുകയുമാണ് യഥാർത്ഥ ജനാധിപത്യ വിശ്വാസി ചെയ്യേണ്ടത്. അത്തരം ഒരു കാലമാണ് നമുക്ക് വേണ്ടത്. റജീനക്ക് നേരെ അസഭ്യം പറയുന്നവർ ഇതു മറക്കരുത്.
സ്വന്തം അഭിപ്രായം തന്റേടത്തോടെ പറയാനും അതിൽ ഉറച്ചു നിൽക്കാനും റജീന കാട്ടിയ ധീരതയ്ക്ക് മറുനാടൻ മലയാളിയുടെ കൂപ്പുകൈ. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ് എന്ന് മനസ്സിലാക്കുന്നത് ഇത്തരം അഭിപ്രായങ്ങൾ ഉയർന്നു വരുമ്പോൾ മാത്രമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് എക്കാലവും ഞങ്ങൾ ഒപ്പം ഉണ്ടാകുന്നതാണ്. റജീനയെ പിന്തുണക്കേണ്ടത് മറുനാടൻ വായനക്കാരുടെ കൂടെ ആവശ്യമാണ്. ചുവടെ കൊടുത്തിരിക്കുന്ന കമന്റ് ബോക്‌സിലൂടെ നിങ്ങളുടെ പിന്തുണ അറിയിക്കുക.