- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ് താങ്കൾ മഹാനായ ഒരു ജനനായകനാണ്; പക്ഷേ, കടന്നുപോകും മുമ്പ് തറവാടിന് തീയിടാനുള്ള ഈ പ്രവണത താങ്കളെ ഒരിടത്തും എത്തിക്കുകയില്ല: കമ്യൂണിസ്റ്റ് വിരുദ്ധരുടെ കയ്യടി കണ്ട് ഇങ്ങനെ തുള്ളിച്ചാടരുത്
രാഷ്ട്രീയാതീതമായി കേരളത്തിലെ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു നേതാവാണ് വി എസ് അച്യുതാന്ദൻ. 93 വയസ്സായിട്ടും തെളിഞ്ഞ ബുദ്ധിയോടെ ഇങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്നത് ഏതൊരാൾക്കും ആവേശവും മാതൃകയുമാണ്. ഇടതുവലതു കൂട്ടിക്കൊടുപ്പു രാഷ്ട്രീയത്തിൽ വഞ്ചിക്കപ്പെടുന്ന ജനങ്ങൾക്കു താങ്കൾ ഒരു പ്രതീകവും പ്രതീക്ഷയുമായിരുന്നു. രാഷ്ട്രീയ നി
രാഷ്ട്രീയാതീതമായി കേരളത്തിലെ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു നേതാവാണ് വി എസ് അച്യുതാന്ദൻ. 93 വയസ്സായിട്ടും തെളിഞ്ഞ ബുദ്ധിയോടെ ഇങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്നത് ഏതൊരാൾക്കും ആവേശവും മാതൃകയുമാണ്. ഇടതുവലതു കൂട്ടിക്കൊടുപ്പു രാഷ്ട്രീയത്തിൽ വഞ്ചിക്കപ്പെടുന്ന ജനങ്ങൾക്കു താങ്കൾ ഒരു പ്രതീകവും പ്രതീക്ഷയുമായിരുന്നു. രാഷ്ട്രീയ നിലപാടിനേയും ജനകീയ വിഷയങ്ങളേയും രണ്ടായി കാണാനുള്ള താങ്കളുടെ ധീരമായ നിലപാട്, ഞങ്ങൾ പലതവണ കയ്യടിയോടെ സ്വീകരിച്ചതാണ്. കോംപ്രമൈസ് രാഷ്ട്രീയത്തിന്റെ ഡിക്ഷ്ണറി അങ്ങേയ്ക്ക് വശമില്ല എന്നറിഞ്ഞ് ഞങ്ങൾ പലതവണ കയ്യടിച്ചു.
കേരളത്തിന് ഏറെ പ്രതീക്ഷ നല്കിയ ഒരുപാട് ഇടപെടലുകൾ അങ്ങ് നടത്തിയിട്ടുണ്ട്. മതികെട്ടാൻ മുതൽ പാറ്റൂർ കേസ് വരെയുള്ള ഇത്തരം വിഷയങ്ങളിൽ അങ്ങ് ധീരമായ ഇടപെടൽ നടത്തിയിരുന്നില്ലെങ്കിൽ ഒരുപക്ഷേ, അവയൊക്കെ വലിയ അഴിമതിയുടേയും തട്ടിപ്പിന്റെയും ഭാഗമായി മാറുമായിരുന്നു. കേരള രാഷ്ട്രീയം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ ഒന്നായിരുന്നു ടിപി ചന്ദ്രശേഖരൻ വധക്കേസ്. ആ സംഭവത്തിൽ പാർട്ടിക്ക് പങ്കില്ല എന്നാണ് പാർട്ടിയും പിന്നീട് കോടതിയും പറഞ്ഞതെങ്കിലും അത് ഇന്നേവരെ കേരളത്തിലെ ജനങ്ങൾക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ഉറച്ച പാർട്ടി പ്രവർത്തകൻ ആയിട്ടും ആ രക്തസാക്ഷിയുടെ വിധവയ്‌ക്കൊപ്പം നിന്ന അങ്ങയുടെ നിലപാടിനേയും ആർക്കും അഭിനന്ദിക്കാതിരിക്കാൻ സാധ്യമല്ല. സ്വന്തം പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് അറിഞ്ഞിട്ടും ചന്ദ്രശേഖരന്റെ വീട് സന്ദർശിക്കാൻ താങ്കൾ ധൈര്യം കാണിച്ചു. എന്നാൽ പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമല്ലെന്നും പ്രദേശിക തലത്തിൽ നടന്ന പ്രശ്‌നങ്ങളെ തുടർന്നുണ്ടായ കൊലപാതകമാണെന്നും കോടതി പറഞ്ഞ ശേഷവും പാർട്ടി നേതൃത്വത്തെ ആവർത്തിച്ച് പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചത് വി എസ് പാർട്ടിക്കെതിരാണ് എന്ന ധ്വനി നൽകുകയായിരുന്നു.
ഒട്ടേറെ തവണ അങ്ങയുടെ നാക്ക് ഉളുക്കിയിട്ടുണ്ടെങ്കിലും ഞങ്ങൾ ആരും അത് ഗൗനിക്കാതിരിക്കുന്നത് അങ്ങയുടെ ധീരമായ ഈ നിലപാട് കൊണ്ട് തന്നെയായിരുന്നു. ആകപ്പാടെ കേരളത്തിലെ ജനങ്ങൾ അങ്ങയെക്കുറിച്ച് ആശങ്കപ്പെട്ടത് മകന്റെ കാര്യത്തിൽ ഉള്ള ചാഞ്ചാട്ടം കണ്ട് മാത്രമായിരുന്നു. മകന്റെ ഇടപെടലുകളും വിദേശ യാത്രയും തൊഴിൽപരമായ അവസ്ഥയും ഒക്കെ സംശയാസ്പദവും അങ്ങയുടെ വിശ്വാസ്യതയെ ബാധിക്കുന്നതുമായിരുന്നു എന്നു പറയാതെ വയ്യ. പലപ്പോഴും ബൂർഷ്വാ മാദ്ധ്യമങ്ങളുടെ താളത്തിനൊപ്പം അങ്ങ് തുള്ളുന്നത് മകന് വേണ്ടിയാണ് എന്ന ആരോപണം ഉയർന്നു കേൾക്കാറുണ്ട്. ചിലപ്പോഴെങ്കിലും അത് ശരിയല്ലേ എന്ന തോന്നൽ ഇവിടുത്തെ സാധാരണക്കാർക്ക് സംഭവിക്കാറുണ്ട്.
പാർട്ടിക്കെതിരെയുള്ള അങ്ങയുടെ പരാമർശങ്ങൾ പലതിലും ജനം കയ്യടിച്ചത് ആ സംഭവത്തിൽ അങ്ങെടുത്ത ധീരമായ നിലപാട് കൊണ്ടും ആ വിഷയങ്ങളുടെ സ്വീകാര്യത കൊണ്ടും ആയിരുന്നു. അതുകൊണ്ട് തന്നെയാണ് കടുത്ത അച്ചടക്ക ലംഘനം പലതവണ നടത്തിയിട്ടും ഇതുവരെ അങ്ങ് നിയമസഭയിലെ പ്രതിപക്ഷനേതാവായും പാർട്ടി കേന്ദ്രകമ്മറ്റി അംഗമായും തുടരുന്നത്. സാക്ഷാൽ ഇഎംഎസിനെതിരെ പോലും നടപടി എടുത്തിട്ടുള്ള പാർട്ടിയാണിതെന്ന് ഓർക്കണം.
അങ്ങനെ ഒക്കെ ആണെങ്കിലും ഇപ്പോൾ താങ്കൾ എടുത്ത നിലപാട് സമ്മതിക്കാൻ നിഷ്പക്ഷരായ ഒരു മലയാളിക്കും സാധിക്കില്ല എന്നു ഖേദപൂർവ്വം പറയട്ടെ. അപ്പോൾ പിന്നെ പാർട്ടി പ്രവർത്തകരുടെ കാര്യം പറയേണ്ടതുണ്ടോ? ഗ്രൂപ്പ് വഴക്കുകളും സംഘടനാ പ്രശ്‌നങ്ങളും ഒക്കെ നിറഞ്ഞുനിൽക്കുന്ന ഏരിയ ജില്ലാ സംസ്ഥാന സമ്മേളനങ്ങളുടെ സ്ഥാനത്ത് ഇത്തവണ ശാന്തവും പ്രശ്‌നങ്ങൾ ഇല്ലാത്തതുമായ ഒരു സമ്മേളനകാലയളവ് കടന്നുപോകുമ്പോൾ പെട്ടെന്ന് അങ്ങയുടെ ബദൽരേഖ മനോരമ പത്രം ചർച്ചയ്ക്ക് എടുക്കുകയായിരുന്നു. സമാധാനത്തോടെ നടക്കുന്ന പാർട്ടി സമ്മേളനത്തിൽ അസമാധാനം ഉണ്ടാക്കാൻ വേണ്ടി മനഃപൂർവ്വം താങ്കൾ എഴുതി ഉണ്ടാക്കിയതാണ് ഈ ബദൽ രേഖ എന്നു വ്യക്തം.[BLURB#1-VL]
ഈ രേഖയെക്കുറിച്ച് മനോരമ മാത്രം വാർത്തകൾ എഴുതിയത് സംശയങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നു. സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് രേഖയുടെ പൂർണ്ണ രൂപം മനോരമയിൽ പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പാർട്ടി സെക്രട്ടേറിയറ്റ് കൂടി താങ്കൾക്കെതിരെ പ്രമേയം പാസാക്കുകയും അത് സെക്രട്ടറി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താങ്കളുടെ ബദൽ രേഖയും പാർട്ടി സെക്രട്ടറിയുടെ വിശദീകരണവും ഈ സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെടുത്തി എന്നു പറയുന്നതിൽ അത്ഭുതം ഒന്നുമില്ല.
പെട്ടെന്ന് ചർച്ച വഴിമാറുകയും പാർട്ടിയെ തമ്മിൽ തല്ലിക്കാൻ കുറച്ച് ജനങ്ങൾ ശ്രമിക്കുകയും ചെയ്യുന്നു. മയക്കുമരുന്ന് സംഭവവും ബാർ കോഴയും എന്തിനേറെ സെക്യൂരിറ്റിയുടെ കൊലപാതകവും അടക്കം ഈ ബഹളത്തിൽ മുങ്ങിപ്പോയി. ഒരു സമ്മേളനം വഴി പാർട്ടിക്ക് ഉണ്ടാകാവുന്ന മൈലേജ് ഒറ്റയടിക്ക് ഇല്ലാതായി. ഇതിനുള്ള പൂർണ്ണ ഉത്തരവാദിത്തം താങ്കൾക്കു തന്നെയാണ്. താങ്കൾ ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ല എന്ന് വരെ വേണമെങ്കിൽ പറയാവുന്ന സാഹചര്യത്തിലേക്കാണ് താങ്കൾ പാർട്ടിയെ നയിച്ചത്.
ഇന്ന് ഈ കുറിപ്പ് വായിക്കുന്നവർ പലരും ജനിക്കുന്നതിനു മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ താങ്കളെ കമ്മ്യൂണിസം പഠിപ്പിക്കാൻ ഞങ്ങളാളല്ല. എങ്കിലും അങ്ങുതന്നെ മുമ്പ് ബദൽ രേഖയുടെ പേരിൽ എം വി രാഘവനെ പാർട്ടിയിൽ നിന്നു പുറത്താക്കിയകാലത്ത് കലാകൗമുദി വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ നിന്ന് ചിലത് എടുത്തുചേർക്കട്ടെ.
ചോദ്യം : മാർക്‌സിസ്റ്റ് പാർട്ടിയിൽ ധൈഷണിക സ്വാതന്ത്ര്യം ഇല്ലാതായി എന്ന ഒരു ധാരണ കഴിഞ്ഞ കുറേ കാലമായി ബലപ്പെട്ടിട്ടുണ്ട് ...
വി എസ് : ആരു പറഞ്ഞു? ഏത് പാർട്ടി സഖാവിനും സ്വന്തം അഭിപ്രായങ്ങൾ അവരവരുടെ നിലവാരത്തിൽ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ഞങ്ങളുടെ പാർട്ടിയിലുള്ളത് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. ഭൂരിപക്ഷാഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കണം എന്ന് മാത്രം. മേൽ ഘടകത്തിന് കീഴ് ഘടകങ്ങൾ വിധേയവുമാകണം.സ്വതന്ത്രമായ അഭിപ്രായങ്ങളിൽ പാർട്ടി ഒരു തീരുമാനമെടുത്താൽ പിന്നെ അതിനെ വെല്ലുവിളിക്കാൻ പാടില്ല. ഇതാണ് പെറ്റി ബൂർഷ്വാ പാർട്ടികളും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള വ്യത്യാസം.
ചോദ്യം : പത്തു മുപ്പതു കൊല്ലം പാർട്ടിയിൽ പ്രവർത്തിച്ച് സീനിയർ നേതാവായി ഉയർന്ന ഒരാളെ ഒരഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ പുറത്താക്കുന്നത് കടും കൈ അല്ലേ ? സ്വതന്ത്രമായ ചർച്ച അനുവദിക്കുന്നതിനു പകരം അതിനെ അടിച്ചമർത്തുക അല്ലേ നിങ്ങൾ ചെയ്യുന്നത്?.കാലാന്തരത്തിൽ ഇത് പാർട്ടിക്ക് ദോഷം ചെയ്യില്ലേ?
ഉത്തരം : പാർട്ടിയുടെ നയങ്ങളാണ് ഞങ്ങൾക്ക് പരമപ്രധാനം. വ്യക്തികളല്ല. എത്ര ഉന്നതനായിരുന്നാലും പാർട്ടി നയത്തെ ചോദ്യം ചെയ്യാൻ അനുവദിക്കുകയില്ല. കോൺഗ്രസ്സിലോ ജനതാപാർട്ടിയിലോ സിപിഐയിലോ അതൊക്കെ നടക്കും. കയർ വ്യവസായത്തിൽ യന്ത്രവൽക്കരണ പ്രശനം വന്നപ്പോൾ സിപിഐയിലെ എം ടി.ചന്ദ്രസേനൻ അതിനെ അനുകൂലിച്ചു. മറ്റുള്ളവർ എതിർത്തു. ഇതൊന്നും മാർക്‌സിസ്റ്റ് പാർട്ടിയിൽ പറ്റില്ല..
(കലാകൗമുദി 1986)
ഈ മറുപടികൾ അങ്ങയുടേതല്ല എന്ന് അങ്ങു പറയുകയില്ലെന്നു കരുതട്ടെ. അതേ യുക്തിവച്ച് ആലോചിച്ചാൽ തന്നെയും പാർട്ടി പലപാട് ചർച്ചചെയ്തു തള്ളിയ ആരോപണങ്ങൾ സമ്മേളനകാലത്ത് വീണ്ടും ആവർത്തിക്കുന്നതിലൂടെ താങ്കളെന്താണ് തേടുന്നത്? താങ്കൾ ഈ കത്ത് നേരത്തെ സംസ്ഥാനകമ്മിറ്റിയിൽ വച്ചിരുന്നു എന്നും കമ്മിറ്റിയിൽ ഒരാൾ പോലും ഇതിനെ അനുകൂലിച്ചില്ലെന്നും ഇതിലുള്ള ഓരോ ആരോപണത്തിനും കമ്മിറ്റിയിൽ വ്യക്തമായ മറുപടികൾ നൽകിയിരുന്നുവെന്നും സിഐടിയു നേതാവ് എം എം ലോറൻസ് മീഡിയ വൺ ടിവിയിലെ ചർച്ചയിൽ തുറന്നു പറഞ്ഞിരുന്നു. അതേ കത്ത് പിന്നീട് പിബിക്ക് അയയ്ക്കാനും അത് സമ്മേളനത്തിന് ദിവസങ്ങൾക്കുമുമ്പ് പത്രത്തിലൂടെ പുറത്തുവിടാനും അങ്ങയെ പ്രേരിപ്പിച്ച ഘടകമെന്താണ്? അങ്ങല്ല, അതു പുറത്തുവിട്ടതെങ്കിൽ അക്കാര്യം ഗുരുതരമായ ആരോപണമായി ഉയർത്താൻ കഴിയുമെന്നിരിക്കെ അതിനു മുതിരാത്തതിൽ നിന്ന് ഇത് ചർച്ചയാക്കുക എന്ന ഉദ്ദേശ്യത്തോടെ അങ്ങുതന്നെ ചോർത്തിക്കൊടുത്തതാവാമെന്നു വരുന്നല്ലോ. മുമ്പ് എടുത്തെഴുതിയ അതേ കലാകൗമുദി അഭിമുഖത്തിൽ 'സ്‌റ്റേറ്റ് കമ്മിറ്റിയിലും മറ്റും നടക്കുന്ന ചർച്ചകൾ തനിക്ക് ആവശ്യമായ രീതിയിൽ വളച്ചൊടിച്ച് പത്രങ്ങളെ അറിയിച്ചു കൊണ്ടിരുന്നു. പാർട്ടി നേതൃത്വത്തിനും നയത്തിനുമെതിരായി നിരന്തരമായ പ്രചരണങ്ങൾ നടത്തി' എന്നിങ്ങനെ രാഘവനെതിരെ കുറ്റപത്രം നിരത്തിയ അതേയാൾ തന്നെയാണല്ലോ, ഇതു ചെയ്യുന്നത് എന്ന വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാവണം ഒരു പക്ഷെ നാളെ ഒരു മാർക്‌സിസ്റ്റ് വിദ്യാർത്ഥി വൈരുദ്ധ്യാത്മകത എന്ന പദത്തെ മനസ്സിലാക്കുക. സമ്മേളനം പടിവാതിൽക്കലെത്തിനിൽക്കെ പുതിയ സംസ്ഥാനകമ്മിറ്റിയംഗങ്ങൾ ആരൊക്കെയാവണമെന്നു നിശ്ചയിക്കുന്നത് സമ്മേളനമാണെന്ന് സുബോധമുള്ള കമ്മ്യൂണിസ്റ്റുകാർക്കൊക്കെ അറിവുള്ളതാണല്ലോ. ആ വസ്തുതയെ അവഗണിച്ചുകൊണ്ട് മുൻ ഡിവൈഎഫ്‌ഐ നേതാവ് ശശിധരനെയും മുൻ എംപി എൻ എൻ കൃഷ്ണദാസിനെയും മറ്റും സംസ്ഥാനകമ്മിറ്റിയിലേക്കു നിർദ്ദേശിക്കാൻ താങ്കൾ മുതിരുന്നത് ജനാധിപത്യ കേന്ദ്രീകരണത്തെ എങ്ങനെയാണ് സഹായിക്കുക? എല്ലാം തന്നിലേക്കു കേന്ദ്രീകരിക്കണം എന്നതാണോ ഈ തത്വത്തിലൂടെ അങ്ങ് അർത്ഥമാക്കുന്നത്? കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് പാലക്കാട്ടെ സിറ്റിങ് എംപിയും സംസ്ഥാനത്തെ യുവ എംപിമാരിൽ പ്രഗത്ഭനുമായ എം ബി രാജേഷിനെതിരെ, എതിർ സ്ഥാനാർത്ഥി എം പി വീരേന്ദ്രകുമാർ പത്രാധിപരായുള്ള മാതൃഭൂമി പത്രത്തിലും ചാനലിലും അഭിമുഖം നൽകുകയും അതുവഴി രാജേഷിനെ പരാജയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത വ്യക്തിയല്ലേ, കൃഷ്ണദാസ്? മുമ്പൊരു സമ്മേളനകാലത്ത് പ്രതിനിധികളുടെയും നേതാക്കന്മാരുടെയും ടെലിഫോൺ സംഭാഷണം ചോർത്തി പിടിയിലായതും ഇതേ കൃഷ്ണദാസല്ലേ? അങ്ങനെയൊരാളെ തെറ്റുതിരുത്താൻ അനുവദിച്ച് സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കണോ വേണ്ടയോ എന്നു സംസ്ഥാനസമ്മേളനം തീരുമാനിക്കുമെന്നിരിക്കെ എന്തിനാണ് താങ്കളുടെ വക ഒരു വക്കാലത്ത്?
കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇല്ലാതാകുന്നതിൽ ആനന്ദം കൊള്ളുന്ന അനേകംപേർ കാണും. പ്രത്യേകിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികൾ. എന്നാൽ അവർ ചരിത്രത്തിൽ നിന്നും ഇല്ലാതായാൽ മാത്രമേ അവരുടെ വില നമ്മൾ അറിയൂ. കേരളം ഇത്രയും സുന്ദരമായത് കമ്മ്യൂണിസ്റ്റുകാർ അടക്കമുള്ള ഒരു രാഷ്ട്രീയക്രമം ഇവിടെ നിലനിന്നതുകൊണ്ടാണ്. അല്ലെങ്കിൽ ബീഹാറും തമിഴ്‌നാടും ഒക്കെപ്പോലെ ആകാനേ നമുക്ക് സാധിക്കുമായിരുന്നുള്ളൂ. വർഗീയ കലാപങ്ങൾ ഒരു പരിധിവരെ തടയാൻ കേരളത്തിന് കഴിഞ്ഞതിന്റെ കാരണവും കമ്മ്യൂണിസ്റ്റുകാരുടെ സാന്നിധ്യം ആയിരുന്നു. ഇതിനൊക്കെ കത്തിവെയ്ക്കാൻ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കമ്മ്യൂണിസ്റ്റുകാരൻ തന്നെ ശ്രമിക്കുന്നു എന്നത് ഖേദകരമാണ്.
ഏതെങ്കിലും സമൂഹത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് സാന്നിദ്ധ്യം പടിയിറങ്ങിപ്പോയെങ്കിൽ പിന്നീടു തിരിച്ചുവന്ന ചരിത്രം അത്യപൂർവ്വമാണ്. ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ സജീവമായിരുന്ന ആന്ധ്രയിലും അസമിലും ബോംബെയിലും തമിഴ്‌നാട്ടിലും ഒക്കെ തിരിച്ചുവരാനാവാത്തവിധം പാർട്ടി പരുങ്ങലിലാണ്. കേരളനാട്ടിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയിൽ ചരിത്രത്തിൽ അറിയപ്പെടാനാണോ താങ്കൾ ആഗ്രഹിക്കുന്നത്? ആ പട്ടം എത്ര വേദനാജനകമായിരിക്കുമെന്ന് മുൻ ബംഗാൾ മുഖ്യമന്ത്രി സഖാവ് ബുദ്ധദേബിനോടുതന്നെ ഒന്നു ചോദിച്ചറിയുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ബംഗാളിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധാർത്ഥ് ശങ്കർ റേയെക്കുറിച്ച് കാലങ്ങളായി ദേശാഭിമാനി പത്രം നടത്തിയ പരാമർശങ്ങളെങ്കിലും അങ്ങയുടെ ഓർമ്മയിലുണ്ടായിരുന്നാൽ മതി.[BLURB#2-VR]
അല്ലെങ്കിൽ തന്നെ എന്തിനാണ് അത്രയും പോകുന്നത്? പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് അങ്ങയുടെ പ്രതിച്ഛായ സ്റ്റാലിനിസ്റ്റ് പട്ടാള കമാൻഡറുടേതായിരുന്നില്ലേ?മാദ്ധ്യമങ്ങൾ ഭീകരനായി ചിത്രീകരിച്ചിരുന്ന കാലഘട്ടമത്രയും താങ്കൾ പാർട്ടിയിൽ ശക്തനായിരുന്നില്ലേ? അവിടെനിന്ന് 2004ലെ മലപ്പുറം സമ്മേളനമെത്തുമ്പോഴേക്കും മനോരമ, മാതൃഭൂമി, {{മാധ്യമം}}, ഇന്ത്യാവിഷൻ, ഏഷ്യാനെറ്റ്, സമകാലിക മലയാളം തുടങ്ങിയ മാദ്ധ്യമസ്ഥാപനങ്ങളുടെ എഡിറ്റോറിയൽ ഡെസ്‌കുകൾ അങ്ങയ്ക്കുവേണ്ടി വാഴ്‌ത്തുപാട്ടുകൾ എഴുതുന്നിടത്തെത്തി. സിംഗപ്പൂരിലെ ഇല്ലാത്ത കമല ഇന്റർനാഷണലിന്റെ പേരിൽ ക്രൈം നന്ദകുമാർ തുടങ്ങിവച്ച വേട്ടയുടെ നേതൃത്വം മുഖ്യധാരാ മാദ്ധ്യമങ്ങളേറ്റെടുത്തു. ജനകീയാസൂത്രണത്തിലൂടെ പങ്കാളിത്ത ജനാധിപത്യത്തിന്റെ വലിയ പരീക്ഷണങ്ങൾക്കു തുടക്കംകുറിച്ച തോമസ് ഐസക് അടക്കമുള്ളവരെ സിഐഎ ചാരനായി ചിത്രീകരിച്ച് ബുദ്ധിജീവികളടക്കമുള്ളവർ രംഗത്തെത്തി. ഒടുവിലെന്തുണ്ടായി? കോടതി വിചാരണയ്ക്കുപോലും മെറിറ്റ് ഇല്ലാത്ത കേസ് എന്നുപറഞ്ഞ് ലാവലിൻ ആരോപണങ്ങളെ മടക്കി. മാദ്ധ്യമവേട്ടയ്ക്കു നിരന്തരം പാത്രമായിരുന്ന ഐസക് പുതിയ രാഷ്ട്രീയസംസ്‌കാരത്തിന്റെ മുഖമായി ജനമനസ്സിലേക്കുയർന്നു. മറുവശത്ത് അങ്ങയുടെ ഇടവും വലവും നിന്ന് പടനയിച്ച പലരും വിസ്മൃതിയിലായി. പിണറായി വിജയനെ വീട്ടിലിരുത്തും എന്ന് അട്ടഹസിച്ചിരുന്ന എഡിറ്റോറിയൽ ഡെസ്‌കുകൾ ഇന്ന് വി എസ് അച്യുതാനന്ദനെ വേലിക്കകത്താക്കുമോ എന്നു സന്ദേഹിക്കുന്നു. മാദ്ധ്യമങ്ങളുടെ മിശിഹ ആയതോടെ പാർട്ടിയിൽ താങ്കൾ ഒന്നുമല്ലാതായി പോവുകയല്ലേ ഉണ്ടായത്? മാദ്ധ്യമങ്ങളെ വിശ്വസിച്ച് കൊട്ടാരവിപ്ലവത്തിനിറങ്ങുന്ന ഏതു കമ്മ്യൂണിസ്റ്റുകാരനെയും കാത്തിരിക്കുന്നത് ഈ വിധിയാവുമെന്നല്ലേ അങ്ങയുടെ തന്നെ അനുഭവം പറഞ്ഞുതരുന്നത്?
ബൂർഷ്വാ മാദ്ധ്യമങ്ങളുടെ താളത്തിനൊത്ത് താങ്കൾ തുള്ളുമ്പോൾ ഈ സമൂഹത്തോട് താങ്കൾ ചെയ്യുന്ന ക്രൂരതയുടെ ആഴം മറക്കരുത്. ഒരു ജന്മം മുഴുവൻ ഒരു സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി നിലകൊണ്ടിരുന്നയാൾ എന്ന നിലയിൽ നിന്ന് തനിക്കു ശേഷം എല്ലാം പ്രളയജലത്തിൽ ഒലിച്ചുപോവട്ടെ എന്ന് കരുതുന്ന വ്യക്തി എന്നനിലയിലേക്ക് അധപതിക്കുന്നത് ഉചിതമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. താങ്കൾ പറയുന്ന കാര്യങ്ങളിൽ ശരികൾ ഉണ്ടാകാം. എന്നാൽ ഒരു പാർട്ടി മുഴുവൻ തെറ്റും താങ്കൾ മാത്രം ശരിയും എന്ന ദ്വന്ദ്വം എത്രനാൾ ജനം വിശ്വസിക്കും? താങ്കളുടെ മാത്രം ശരികൾ ഇങ്ങനെ പറയുന്നതുവഴി പാർട്ടിക്കോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടാകുകയില്ല. മറിച്ച്, നഷ്ടമേ ഉണ്ടാകുകയുള്ളൂ എങ്കിൽ മിണ്ടാതിരിക്കാനുള്ള വിവേകമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ഇതുവഴി പാർട്ടിയും താങ്കളും ഒരേപോലെ അപമാനിക്കപ്പെടും എന്ന് ഇനിയെങ്കിലും തിരിച്ചറിയൂ.