- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിജെ കുര്യനെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ പറയുന്നത് എന്തുകൊണ്ട്? നികൃഷ്ട ജീവികളായ ആ പൊലീസുകാരെയും വെറുതെ വിടരുത്
ഇന്നു കേരളത്തിലെ എല്ലാ പത്രങ്ങളിലും സങ്കടകരമായ ഒരു വാർത്ത ഉണ്ടായിരുന്നു. ചെറുപ്പക്കാരനായ ഒരു ഐഎഎസ് ഒഫീസറുടെ മുഖത്തും ഉടുപ്പിലും ചില കുരുത്തം കെട്ട വിദ്യാർത്ഥി നേതാക്കൾ കരി ഓയിൽ ഒഴിക്കുന്നത്. വിദ്യാർത്ഥി സമരത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ ബോധം ഉള്ളവർ പോലും നിസ്സഹായനായ ആ ചെറുപ്പക്കാരന്റെ ചിത്രം കണ്ടു നെടുവീർപ്പിട്ടു. ഈ ആശങ്കയുടെ
ഇന്നു കേരളത്തിലെ എല്ലാ പത്രങ്ങളിലും സങ്കടകരമായ ഒരു വാർത്ത ഉണ്ടായിരുന്നു. ചെറുപ്പക്കാരനായ ഒരു ഐഎഎസ് ഒഫീസറുടെ മുഖത്തും ഉടുപ്പിലും ചില കുരുത്തം കെട്ട വിദ്യാർത്ഥി നേതാക്കൾ കരി ഓയിൽ ഒഴിക്കുന്നത്. വിദ്യാർത്ഥി സമരത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ ബോധം ഉള്ളവർ പോലും നിസ്സഹായനായ ആ ചെറുപ്പക്കാരന്റെ ചിത്രം കണ്ടു നെടുവീർപ്പിട്ടു. ഈ ആശങ്കയുടെ വില ആഭ്യന്തര മന്ത്രിക്ക് നന്നേ ബോധ്യപ്പെട്ടതു കൊണ്ടാണ് കരി ഓയിൽ ഒഴിച്ചു മിടുക്ക് കാട്ടിയ എല്ലാവരേയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതും അവരിൽ ചിലരെ സംഘടനയിൽ നിന്ന് പുറത്താക്കിയതും.
കരി ഓയിൽ ഒഴിച്ച നേതാക്കൾ ചെയ്ത തെറ്റിന്റെ ഗൗരവം ആഭ്യന്തരമന്ത്രിയുടെ ശക്തമായ നിലപാടിൽ പ്രതിഫലിച്ചു. ഇത്തരക്കാരെ ഒരു കാരണവശാലും എന്ത് ബന്ധത്തിന്റെ പേരിലായാലും വളരാൻ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയത്. എന്നാൽ ഇതേ തിരുവഞ്ചൂരും ഇതേ ഉമ്മൻ ചാണ്ടിയും ശ്രീമാൻ പി ജെ കുര്യനെതിരെയുള്ള അനേ്വഷണ കാര്യത്തിൽ നാടകം കളിക്കുകയും നുണ പറഞ്ഞ് രസിക്കുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് ഇപ്പോൾ കേരളം കാണുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാൻ പോലും സാധ്യതയുള്ള ഒരു ആരോപണമാണ് കുര്യനെതിരെ ഉണ്ടായിരിക്കുന്നത്. അത്തരം ഒരു കടന്നകൈ ചെയ്തില്ലെങ്കിലും ശരിയായ ഒരു അനേ്വഷണത്തിന് സർക്കാർ തയ്യാറാകാത്തത് അത്ഭുതകരമായ കാര്യമാണ്.
ഡൽഹിയിൽ വലിയ പിടിപാടുള്ള അപൂർവ്വം കേരള നേതാക്കളിൽ ഒരാളാണ് ബഹുമാന്യനായ രാജ്യസഭാ ഉപാദ്ധ്യക്ഷൻ ശ്രീ പിജെ കുര്യൻ. അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നപ്പോൾ സൂര്യനെല്ലിയിലെ പെൺകുട്ടിയെ കുമളി ഗസ്റ്റ് ഹൗസിൽ വെച്ച് ബലാത്സംഗം ചെയ്തു എന്ന ആരോപണം ഉയർന്നിട്ട് 16 വർഷം ആകുന്നു. കുര്യനെതിരെ പൊലീസ് അനേ്വഷണം നടത്തുകയും പ്രതിയല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തതാണ്. എന്നാൽ സൂര്യനെല്ലി കേസിലെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദ് ചെയ്തതോടെ കുര്യനെതിരെയുള്ള ആരോപണം വീണ്ടും സജീവമായിരിക്കുന്നു.
മുഖ്യമന്ത്രിയും പൊലീസും എന്തിനേറെ കേന്ദ്രത്തിലെ പ്രധാന പ്രതിപക്ഷമായ ബിജെപിയും വരെ ഇപ്പോൾ പറയുന്നു കുര്യൻ കുറ്റക്കാരൻ അല്ല പുതിയ അനേ്വഷണം ഒന്നും വേണ്ട എന്ന്. നിർഭാഗ്യവശാൽ കേരളത്തിന്റെ പൊതുവികാരം അങ്ങനെയല്ല. കുര്യൻ കുറ്റവാളിയാണ് എന്ന് ധൈര്യപൂർവ്വം പറയാൻ ഒരു മാദ്ധ്യമം എന്ന നിലയിൽ ഞങ്ങൾക്ക് സാധിക്കില്ല. അതു കണ്ടെത്തേണ്ടത് തീർച്ചയായും പൊലീസാണ്. എന്നാൽ കുര്യനെതിരെയുള്ള പെൺകുട്ടിയുടെ പരാതി ആദ്യകാലം മുതൽ കൈകാര്യം ചെയ്ത രീതി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല. നിർഭാഗ്യവശാൽ ആ ധാർഷ്ഠ്യം കലർന്ന രീതി തന്നെ ഇപ്പോഴത്തെ യുഡിഎഫ് സർക്കാരും തുടരുന്നു. ഇപ്പോൾ കുര്യനെതിരെ ശബ്ദം ഉണ്ടാക്കുന്ന സിപിഎമ്മും അവസരം കിട്ടിയപ്പോൾ ഒക്കെ കുര്യനെ സംരക്ഷിക്കാനാണ് ശ്രമിച്ചത് എന്നകാര്യം ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. ഇതൊക്ക് ശരിയാണെങ്കിലും ഇപ്പോൾ കുര്യനെതിരെ അനേ്വഷണം നടത്താത്തത് ന്യായവിരുദ്ധവും ബലാൽസംഗത്തിന് ഇരയായ ഒരു പെൺകുട്ടിയോട് ചെയ്യുന്ന കടുത്ത ദ്രേഹവുമാണ്.
ഈ ദ്രോഹം ഈ കേസിന്റെ തുടക്കം മുതൽ ഉണ്ട്. കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങൾ ആ പെൺകുട്ടി ഒരു മോശക്കാരിയാണ് എന്ന ധ്വനി പരത്തിയാണ് വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. പിജെ കുര്യന്റെ പേര് പരാമർശിക്കപ്പെട്ടതോടെ ഇതിനെ വലിയ തോതിൽ രാഷ്ട്രീയ വത്ക്കരിക്കുകയും പെൺകുട്ടിയെ അപഹാസ്യയാക്കുന്ന തരത്തിലുള്ള കഥകൾ മെനയുകയും ആണ് ചെയ്തത്. സ്‌പെഷ്യൽ കോടതി ശിക്ഷിച്ച കേസിലെ പ്രതികളെയെല്ലാം വെറുതെ വിടുന്ന ഹൈക്കോടതി വിധിയുടെ പിന്നാമ്പുറ കഥകൾ ഈ ദ്രോഹത്തിന്റെ മറ്റു ന്യായങ്ങളാണ് ഉയർത്തുന്നത്. സുപ്രീം കോടതിയാകട്ടെ പെൺകുട്ടിയുടെ പരാതി തള്ളിക്കളഞ്ഞത് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു താനും.
പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണ് എന്ന സുപ്രീം കോടകിയുടെ നിരീക്ഷണം മാത്രം മതി സംഭവത്തിന്റെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദ് ചെയ്തതോടെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കുര്യനെ വെറുതെ വിട്ട സുപ്രീം കോടതി വിധിയും അസാധുവായിരിക്കുകയാണ്. കുര്യൻ പ്രതി അല്ല എന്ന് അനേ്വഷണ ഉദ്യോഗസ്ഥർ സമ്മതിച്ചത് സുകുമാരൻ നായർ, ഇടിക്കുള, രാജൻ എന്നിങ്ങനെ മൂന്നുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു. കുര്യനുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ഇവരുടെ മൊഴി വിശ്വാസത്തിൽ എടുത്ത് പെൺകുട്ടിയെ നുണച്ചിയാക്കി പ്രഖ്യാപിച്ച അനേ്വഷണ ഉദ്യോഗസ്ഥന്മാരും അത് ശരിവച്ച് വിധി പ്രഖ്യാപിച്ച കോടതിയും ഒരർത്ഥത്തിൽ ഓരേ പോലെ കുറ്റക്കാരാണ്.
കോടതി വിധി റദ്ദാക്കുകയും അലീബി പറഞ്ഞവർ വാക്കു മാറ്റി പറയുകയും ചെയ്തതോടെ കുര്യനെതിരെ അനേ്വഷണം ഉണ്ടാകേണ്ടത് സ്വാഭാവികമായ കാര്യമാണ്. കുര്യൻ തന്നെ പീഡിപ്പിച്ചു എന്ന് പെൺകുട്ടി തറപ്പിച്ച് പറയുമ്പോൾ അത് കണക്കിലെടുത്ത് പുനരനേ്വഷണം നടത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. സൂര്യനെല്ലി കേസ് ഉണ്ടായ കാലത്ത് സ്ത്രീ പീഡന കേസുകളിൽ ഇരയാകുന്ന സ്ത്രീകളെക്കാൾ സുരക്ഷിതത്വം സ്വാധീനമുള്ള പ്രതികൾക്കുണ്ടായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ സൂര്യനെല്ലി കേസിൽ കുര്യനെതിരെയുള്ള മൊഴി അതീവ ഗൗരവമായി എടുക്കേണ്ടതുണ്ട്. അതിനു മടിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ മാത്രമേ ഉപകരിക്കൂ.
കുര്യൻ കുറ്റക്കാരനാണോ എന്ന് അനേ്വഷണ ഉദ്യോഗസ്ഥർ കണ്ടെത്തട്ടേ. എന്നാൽ ഇതുവരെ അങ്ങനൊരു അനേ്വഷണം നടന്നിട്ടില്ല എന്നോർക്കണം. കുര്യനെ കുറ്റവിമുക്തനാക്കാനായി ചില ധൃതിപിടിച്ചുള്ള ഇടപെടലുകളാണ് നടന്നത്. സത്യസന്ധനായ സിബി മാത്യൂസ് ആയിരുന്നു അനേ്വണഷണ ഉദ്യോഗസ്ഥൻ എന്നതിനാൽ ഇനിയൊരു അനേ്വഷണം വേണ്ട എന്ന നിലയിലാണ് ചില പ്രചരണങ്ങൾ. സിബി മാത്യൂസിനെക്കുറിച്ച് ഒരു ക്രൈസ്തവ പക്ഷാപാതി എന്ന ആരോപണം നാളുകളായി ഉണ്ട് എന്ന കാര്യം വിസ്മരിച്ചു കൂട. ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞന്മാരെ പ്രതി ചേർത്ത് കൊല്ലാക്കൊല ചെയ്തതും ഈ സിബി മാത്യൂസ് തന്നെയാണ് എന്ന് വിസ്മരിക്കരുത്.
ഇവിടെ ഞങ്ങൾ ഉന്നയിക്കുന്നത് ഈ കാര്യങ്ങൾ ഒന്നുമല്ല, നമ്മുടെ നാട്ടിൽ നിലവിൽ ഉള്ള നിയമം അനുസരിച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ഒരാൾ പീഡിപ്പിച്ചു എന്നു പറഞ്ഞാൽ അത് വിശ്വാസത്തിൽ എടുക്കുക എന്നതാണ് പതിവ്. ഇത് ശരിയായ ഒരു കീഴ്വഴക്കം ആണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല എന്നു വ്യക്തമാക്കുമ്പോൾ തന്നെ കേരളത്തിൽ ഇന്നേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അനേകം പീഡന കേസുകളിൽ നടന്ന അറസ്റ്റുകളിൽ ഭൂരിപക്ഷവും ഇങ്ങനെ തന്നെയാണ് സംഭവിച്ചത് എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. വേണ്ടത്ര തെളിവുകളോടെ കോടതിയിൽ ഹാജരായി രക്ഷപ്പെടാൻ പിന്നീട് ഇവരിൽ ഭൂരിപക്ഷം പേർക്കും അവസരം ലഭിക്കുന്നുണ്ട്. എന്നാൽ പരാതിയെത്തുടർന്നുള്ള അറസ്റ്റും ജാമ്യം ഇല്ലാതെ 14 ദിവസം വരെയങ്കെലും അകത്ത് കിടക്കുകയും ചെയ്യുന്ന സാഹചര്യം ഇവിടെയുണ്ട്. ഇത് എന്തുകൊണ്ട് പി ജെ കുര്യന്റെ കാര്യത്തിൽ മാത്രം നടപ്പായില്ല എന്ന ചോദ്യമാണ് ഉയരുന്നത്.
ഇതു പറയുമ്പോൾ ചിലർ ശ്രീമതി ടീച്ചറുടേയും കോടിയേരിയുടെയും മക്കൾ ഉൾപ്പെട്ട കവിയൂർ കേസിനെക്കുറിച്ച് പറഞ്ഞ് തുള്ളും. എന്നാൽ സൂര്യനെല്ലി കേസിലെ പോലെ പെൺകുട്ടി അങ്ങനെ പറഞ്ഞതായി ഒരിടത്തും ഇല്ല എന്ന് ഇവർ വിസ്മരിക്കുന്നു. ക്രൈം നന്ദകുമാറാണ് ഇത് പറയുന്നത്. അതും അനേ്വഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ സൂര്യനെല്ലി കേസിലെ കുര്യൻ സംഭവവുമായി കൂട്ടിക്കുഴയ്ക്കുന്നത് ഉചിതമല്ല. ഒരേതരം കേസിൽ സാധാരണ പൗരന് ഒരു നീതിയും സ്വാധീനമുള്ളവർക്ക് മറ്റൊരു നീതിയും എന്നത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. അതുകൊണ്ട് സൂര്യനെല്ലി കേസിന്റെ പേരിൽ പിജെ കുര്യനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതു ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇനി മേലാൽ ഒരു ബലാൽസംഗ കേസിലും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ അനുവദിക്കരുത്.
ഇതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സൂര്യനെല്ലി കേസിന്റെ അനേ്വഷണം നടന്ന കാലത്ത് കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച ചില സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇരയായ പെൺകുട്ടിയെ തെളിവെടുപ്പിന് എന്നു പറഞ്ഞ് പരസ്യമായി കേരളം മുഴുവൻ പൊലീസ് കൊണ്ടു നടന്നിരുന്നു. ഓരോ സ്ഥലത്തും തെളിവെടുപ്പിന് ചെന്നപ്പോൾ നൂറു കണക്കിന് ചെറുപ്പക്കാരാണ് കൂക്കുവിളിയുമായി ചുറ്റും കൂടിയത്. തിരുവനന്തപുരത്ത് ഈ പെൺകുട്ടിയെ കൊണ്ടു വന്നപ്പോൾ വലിയൊരു പുരുഷാരം അസഭ്യം പറഞ്ഞ് ഈ പൺകുട്ടിയെ കൂക്കി വിളിക്കുന്നതിന് സാക്ഷ്യം വഹിച്ച ഒരാളാണ് ഈ ലേഖകൻ. ഈ പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ അപമാനം അതായിരിക്കാം. 41 നരാധമന്മാർ ആ പെൺകുട്ടിയെ പിച്ചിച്ചീന്തിയതിനെക്കാൾ ക്രൂരമായിരുന്നു സമൂഹത്തിന്റെ ഈ മാനഭംഗപ്പെടുത്തൽ. അതിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കാൻ ഇപ്പോഴെങ്കിലും ശ്രീ തിരുവഞ്ചൂരിന്റെ പൊലീസിന് കഴിയുമോ എന്നാണ് ഞങ്ങൾ ഉന്നയിക്കുന്ന ചോദ്യം. ഇതിനൊന്നും സാധ്യമല്ലെങ്കിൽ പിന്നെ ഇവിടെ നീതി നടക്കുന്നു എന്ന് എത്ര ആവർത്തിച്ച് പറഞ്ഞാലും ഒരു പ്രയോജനവും ഇല്ല.