കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ അഹങ്കാരി ആരെന്ന് ആരെങ്കിലും തിരക്കിയാൽ അത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് എന്ന് പറയാൻ കേരളത്തിൽ ആരെങ്കിലും മടിക്കുമെന്ന് തോന്നുന്നില്ല. സുകുമാരൻ നായർ അധികാരത്തിൽ എത്തിയ അന്ന് മുതൽ നോട്ടത്തിലും ഭാഷയിലും പ്രവർത്തിയിലും ഈ അഹങ്കാരം നിറഞ്ഞ് നിൽക്കുകയാണ്. സുകുമാർ നായരുടെ നാക്കുകൊണ്ട് തല്ല് കിട്ടാത്തതായി കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ആളുകൾ കുറവാണ്. അന്തസ്സ് അല്പം പോലും ഇല്ലാത്ത നേതാക്കൾ അത് ഇരന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഈ അഹങ്കാരത്തിന്റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ് സുരേഷ് ഗോപി എന്ന നടന്റെ അനുഭവം.

കൃത്രിമമായ ഭാഷയിൽ സംസാരിച്ചും ആംഗ്യം കാണിച്ചും മലയാളികളെ വെറുപ്പിക്കുന്ന നടന്മാരിൽ പ്രമുഖനാണ് സുരേഷ്‌ഗോപി. സിനിമയിൽ നിന്ന് ഏതാണ്ട് പുറത്താകുമെന്ന് ഉറപ്പായപ്പോൾ ആദ്യം കോൺഗ്രസായും പിന്നെ കമ്യൂണിസ്റ്റായും ഭാഗ്യപരീക്ഷണം നടത്തുകയും ഒടുവിൽ ബിജെപിക്കാരനായി രംഗത്ത് വരികയും ചെയ്ത സുരേഷ്‌ഗോപിയുടെ രാഷ്ട്രീയ നിലപാടുകൾ എതിർക്കുന്നവരെ കുറ്റം പറയാൻ സാധിക്കില്ല. രാഷ്ട്രീയക്കാരനാകുന്നത് പദവിക്കുവേണ്ടിയാണ് എന്നു ഉറച്ച് വിശ്വസിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്ത സുരേഷ് പ്രധാനമന്ത്രി മോദിയുടെ ഇഷ്ടക്കാരനാകുകയും അതുവഴി സാമാന്യം തരക്കേടില്ലാത്ത ഒരു പദവി ശരിയാക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇതൊന്നും സുരേഷ്‌ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ ചെവിയിൽ പൂടയുള്ള ഒരു നായരോട് സുകുമാരൻ നായർ കാട്ടിയ അഹങ്കാരത്തിന് പകരമാകുന്നില്ല.

രണ്ട് കാര്യങ്ങൾ ആണ് സുകുമാരൻ നായരുടെ രോഷപ്രകടനം വഴി വ്യക്തമായത്. ഒന്ന് നായന്മാരുടെ രാഷ്ട്രീയ നിലപാട് താൻ തീരുമാനിക്കും എന്നും അത് അംഗീകരിക്കാത്തവരെ താൻ ആക്ഷേപിക്കുമെന്നും ധാർഷ്ഠ്യം കലർന്ന സൂചന. രണ്ട് പെരുന്നയിലെ പോപ്പായ തന്നെ കാണാൻ അനുമതിയും അപേക്ഷയും ഒക്കെ നൽകിയാലേ സാധിക്കൂ, അല്ലാതെ വന്നാൽ താൻ ഇങ്ങനെയൊക്കെ പെരുമാറും എന്ന അഹങ്കാരത്തിന്റെ അങ്ങേയറ്റം വരെ വളർന്ന സമീപനം. അഭിനയത്തിന് ഭരത് അവാർഡ് വരെ വാങ്ങിയ സമുദായാംഗമായ ഒരു നടൻ സമ്മേളന വേദിയിൽ കടന്ന് വന്നതിന്റെ പശ്ചാത്തലം പോലും മനസ്സിലാക്കാതെ പരസ്യമായി ശാസിക്കുകയും രോഷം കൊള്ളുകയും പള്ളു വിളിച്ച് പറയുകയും ചെയ്തത്  എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് ചേർന്ന പെരുമാറ്റമല്ല. 

എല്ലാം നശിച്ച അനേകായിരം നായർ തറവാടുകൾ നമുക്ക് കേരളത്തിൽ കാണാം, അത് പരിഷ്‌കരിച്ചെടുക്കേണ്ടയാൾ അഹങ്കാരത്തിന്റെ മൂർത്തീഭാവം ആയി മാറുമ്പോൾ ലജ്ജിച്ച് തലതാഴ്‌ത്താത്ത ആരും ഉണ്ടാകില്ല.  അന്തസ്സ് എന്നത് ജന്മനാ ലഭിക്കേണ്ട ഒന്നാണെന്നും അത് കമ്പോളത്തിൽ നിന്നും വിലയ്ക്ക് വാങ്ങാൻ സാധിക്കില്ലെന്നുമാണ് സുകുമാരൻ നായർ നമ്മളെ ഓർമ്മിപ്പിക്കുന്നത്. എൻഎസ്എസ് ആസ്ഥാനത്ത് ചായകൊടുപ്പുകാരനായി കയറി അതിന്റെ പരമോന്നത നേതാവായി മാറിയ സുകുമാരൻ നായരിൽ നിന്നും ഇതല്ലാതെ ഒന്നും പ്രതീക്ഷിക്കാൻ സാധിക്കില്ല എന്നതാണ് സത്യം. ആരാധ്യനായ മുൻ ജനറൽ സെക്രട്ടറി നാരായണപ്പണിക്കർ തന്റെ അന്ത്യനാളുകളിൽ വേദനയോടെ താൻ സുകുമാർ നായരിൽ നിന്നും നേരിട്ടിരുന്ന അവഗണനയെക്കുറിച്ച് സ്മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. നാരായണപ്പണിക്കരുടെ ഓർമ്മപോലും നിലനിർത്താതെയുള്ള സുകുമാരൻ നായരുടെ പ്രവർത്തിക്കെതിരെ നായർ സമുദായത്തിൽ തന്നെ എതിർപ്പും ഉയർന്നിട്ടുണ്ട്.[BLURB#1-H]

മിസ്റ്റർ നായർ ആദ്യമല്ല ഇങ്ങനെ ഒരു സമീപനം സ്വീകരിക്കുന്നത്. മന്ത്രി വി എസ് ശിവകുമാറും മറ്റും ഇരിക്കവേ പരസ്യമായി സുകുമാരൻ നായർ തലസ്ഥാനത്ത് വച്ച് ചീത്ത വിളിച്ചത് ആരും മറന്നിട്ടില്ല. ശാസിക്കാനും ശിക്ഷിക്കാനും സുകുമാരൻ നായർക്ക് അവകാശം ഉണ്ട് എന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു അന്ന് മന്ത്രി. നാഴികയ്ക്ക് നാൽപ്പത് വട്ടം പെരുന്നയിൽ ചെന്ന് ഓച്ഛാനിച്ച് നിൽക്കുന്ന കേരളത്തിലെ ധീരനായ ആഭ്യന്തരമന്ത്രിയെ നമുക്ക് നന്നായി അറിയാം. എന്നാൽ അവരെക്കാൾ എല്ലാം ഈ നായർ പ്രമാണിക്ക് പ്രിയം സാക്ഷാൽ ഉമ്മൻ ചാണ്ടിയോടും കെഎം മാണിയോടും പിജെ കുര്യനോടുമൊക്കെയാണ്. ചോദിക്കുന്നതൊക്കെ വാരിക്കോരി കൊടുത്താൽ ബാർ കോഴയിലോ സൂര്യനെല്ലി കേസിലോ വേണമെങ്കിലും സുകുമാരൻ നായർ സാക്ഷി പറയും. അതുകൊണ്ട് തന്നെ അവർ ഓച്ഛാനിച്ചും ആദരിച്ചും നായരെ സുഖിപ്പിക്കുകയും ചെയ്യും.

സുകുമാരൻ നായരെ അഹങ്കാരത്തിന്റെ ഉത്തുംഗശൃംഗത്ത് കെട്ടിയിരുത്തിയിരിക്കുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കളും മാദ്ധ്യമങ്ങളുമാണ്. ഈ അഹങ്കാരത്തെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടാൻ കേരളത്തിലെ പത്രങ്ങൾക്കോ നേതാക്കൾക്കോ സാധിക്കില്ല. അപമാനിക്കപ്പെട്ടാലും അലങ്കാരമായി കരുതുന്നവരാണ് ഇക്കൂട്ടർ. അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന അന്തസ്സുള്ള കോൺഗ്രസ്സുകാരിൽ ഒരാളായ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മന്നം സമാധി സന്ദർശിച്ച ശേഷം സുകുമാരൻ നായരെ കാണാൻ കൂട്ടാക്കാതെ മടങ്ങിയപ്പോൾ നായരുണ്ടാക്കിയ പുലിവാലുകൾ എല്ലാവർക്കും അറിയാവുന്നതാണ്. അതിന് നേരെ വിപരീതമായാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. മന്നം സമാധിയിൽ പോയിട്ട് നായരെ കാണാതെ മടങ്ങിയാൽ തെറി കേൾക്കേണ്ടി വരുമെന്ന് പ്രതിനിധി സഭയിലെ ഒരാൾ തന്നെ ഉപദേശിച്ചപ്പോൾ ആണ് സുരേഷ് ഗോപി അവിടെ വരെ കയറിയത്. അപ്പോൾ സർവ്വ മര്യാദകളും ലംഘിച്ചാണ് ഇറക്കിവിട്ടത്.[BLURB#2-VL]

ശത്രുവാണെങ്കിൽ കൂടി സ്വന്തം വീട്ടിലേക്ക് കയറിവരുന്നവരെ അതിഥിയായി കണ്ട് സ്വീകരിക്കാനുള്ള ആതിഥ്യമര്യാദയാണ് മലയാളി എക്കാലവും പുലർത്തിപ്പോരുന്നത്. എൻഎസ്എസ് തറവാട് സ്വന്തമെന്ന് കരുതി കഴിയുന്ന സുകുമാർ നായർ പക്ഷേ, സാക്ഷാൽ മന്നത്ത് പത്മനാഭന്റെ ചിത്രം അലങ്കരിച്ച് വച്ച യോഗത്തിൽ ഇരുന്നാണ് ആക്രോശം മുഴുവൻ മുഴക്കിയത്. ഈ അന്തസ്സില്ലായ്മയെ ചോദ്യം ചെയ്യാൻ അവിടെ കൂടിയിരുന്ന ഒരു നായർ പ്രമാണിക്ക് പോലും കഴിഞ്ഞില്ല എന്നു മാത്രമല്ല അവരൊക്കെ ചേർന്ന് കയ്യടിക്കുകയാണുണ്ടായത്. സുകുമാരൻ നായരുടെ അപഹസിക്കൽ ഉണ്ടായ ഉടൻ തന്റെ ഹൃദയം തകർന്നുപോയി എന്നു പറഞ്ഞ സുരേഷ്‌ഗോപി പിന്നീട് ഞഞ്ഞാ പിഞ്ഞാ പറഞ്ഞ് വിവാദത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതും ബിജെപി നേതാക്കൾ ആദ്യം ചാടിക്കളിച്ചതും ശ്രദ്ധിക്കേണ്ടതുണ്ട്. കെ സുരേന്ദ്രനെപ്പോലെ തന്റേടമുള്ള ഒന്നോ രണ്ടോ നേതാക്കൾ മാത്രമാണ് സുകുമാരൻ നായരുടെ അഹങ്കാരത്തെ തള്ളിപ്പറയാൻ ധൈര്യം കാട്ടിയത് എന്നോർക്കണം.

വെള്ളാപ്പള്ളി നടേശൻ എന്ന സമുദായ നേതാവാണ് ഇത്തരം ഒരു പ്രവർത്തനം കേരളത്തിൽ ആദ്യം സൃഷ്ടിച്ചത്. ഒരു വെല്ലുവിളിയിലൂടെ കച്ചവടം ഉറപ്പിക്കാൻ വെള്ളാപ്പള്ളിക്കാകും. മദ്യക്കച്ചവടക്കാരനായ വെള്ളാപ്പള്ളി അങ്ങനെ ചെയ്യുന്നതിൽ ഈഴവ സമുദായത്തിന് പോലും പരാതിയുണ്ടാകില്ല. പൂർണ്ണമായും അവഗണിക്കപ്പെട്ട ആ സമൂഹത്തെ ഏതെങ്കിലും തരത്തിൽ സർക്കാരുകൾ സഹിക്കാൻ തുടങ്ങിയത് വെള്ളാപ്പള്ളിയുടെ ഈ ഭീഷണി മൂലമാണ്. കാര്യസാധ്യത്തിന് വേണ്ടി ആരെയും പുകഴ്‌ത്തി പറയാനും ആരേയും തള്ളിപ്പറയാനും വെള്ളാപ്പള്ളിക്കു ഒരു ദിവസം പോലും വേണ്ട എന്ന് കേരളീയർക്കറിയാം. അഞ്ചാം മന്ത്രി വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച വെള്ളാപ്പള്ളിയെ കോൺഗ്രസിന്റെ ദൂതന്മാർ അന്നുരാത്രി വീട്ടിൽചെന്നു സന്ദർശിച്ചു കഴിഞ്ഞതോടെ പിറ്റേദിവസം വെള്ളാപ്പള്ളിക്ക് ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായി മാറി. വെള്ളാപ്പള്ളിയുടെ വാക്കുകൾ സമുദായംഗങ്ങൾ പോലും ഗൗരവമായി എടുക്കാത്തതുകൊണ്ട് വെള്ളാപ്പള്ളി എന്തു പറഞ്ഞാലും കേരളീയ പൊതുസമൂഹത്തെ അത് സാരമായി ബാധിക്കാറില്ല. എന്നാൽ അതേ സംഭവം നായന്മാരുടെ നേതാവ് കാട്ടുമ്പോൾ അത് അതിരു കടക്കുന്നു. ആ ഭീഷണിക്കു മുമ്പിൽ മുട്ടുവിറച്ച് നിൽക്കുന്ന നേതാക്കൾ കേരളത്തിന് തന്നെ അപമാനമായി മാറുന്നു. ഈ സ്ഥിതി വിശേഷത്തിന് മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ സുകുമാരൻ നായർ എന്ന സമുദായ നേതാവിന്റെ അഹന്തയിൽ കുടുങ്ങി ഒരു സമുദായം തന്നെ അപ്രസക്തമാകും.

യശ്ശശരീരനായ മന്നത്ത് പത്മനാഭൻ ഇരുന്ന കസേരയിൽ ഇരിക്കുന്നു എന്നു മാത്രമല്ല ഈയിടെ അന്തരിച്ച സമുന്നതനായ നാരായണപ്പണിക്കർ എൻഎസ്എസിന് നേടികൊടുത്ത അന്തസ്സും ആഭിജാത്യവും കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി ചുമക്കുന്ന ആളാണ് സുകുമാരൻ നായർ. വായിൽ തോന്നുന്നത് കോതയ്ക്ക് പാടുന്ന നേതാവായിരുന്നില്ല നാരായണപ്പണിക്കർ. ജാതി മതഭേദമന്യേ പണിക്കരോട് ആദരവും സ്‌നേഹവും കാണിച്ചിരുന്നത് പണിക്കരുടെ മാന്യവും ഉയർന്ന സംസ്‌കാരമുള്ളതുമായ പെരുമാറ്റം മൂലമായിരുന്നു. നിർഭാഗ്യവശാൽ നായർ സമൂഹത്തിന് നാരായണപ്പണിക്കർ ഉണ്ടാക്കി തന്ന മാന്യതയും മാഹാത്മ്യവും ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇല്ലാതാക്കിയെന്ന് പറയേണ്ടിയിരിക്കുന്നു. സുകുമാരൻ നായരിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അന്തസ്സ് വീണ്ടെടുക്കാൻ നായന്മാർ തന്നെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.[BLURB#2-H] 

പൂച്ചയ്ക്കാര് മണികെട്ടും എന്നു പേടിച്ചിട്ട് കാര്യമില്ല. വി എം സുധീരനേയും  പിണറായി വിജയനേയും സുരേന്ദ്രനേയും പോലെയുള്ള നട്ടെല്ലുള്ള നേതാക്കൾ തങ്ങളുടെ നിലപാട് കർക്കശമാക്കുകയും സുകുമാരൻ നായർ  എന്ന അഹങ്കാരിയുടെ അഹമ്മതിക്ക് ഉടൻ കൂച്ചുവിലങ്ങിടുകയും വേണം. അതിനുള്ള പ്രചോദനമായി വേണം സുരേഷ്‌ഗോപിക്കുണ്ടായ അപമാനത്തെ സമീപിക്കാൻ.