ലോകത്തെ ഏറ്റവും വൃത്തികെട്ട മാദ്ധ്യമ സംസ്‌കാരം ഉള്ള നാടായി മാറുകയാണ് കേരളം എന്ന് ജോസ് തെറ്റയിൽ വിവാദം ഒരിക്കൽ കൂടി തെളിയിച്ചു. ഒരു എക്‌സ്‌ക്ലൂസീവ് വാർത്തയ്ക്ക് വേണ്ടി എന്ത് മാമാപണിയും ചെയ്യാൻ അറപ്പില്ലെന്നും എന്ത് നുണയും ബ്രേക്കിങ്ങ് ന്യൂസിനായി ഉപയോഗിക്കുമെന്നും ഇവിടുത്തെ ചാനലുകൾ മുമ്പേ തെളിയിച്ചതാണ്. ഇത്തരം ചെറ്റത്തരങ്ങൾ കാണിക്കുമ്പോൾ അത് കിട്ടാത്ത ചാനലുകൾ മറ്റുള്ളവരെ മാദ്ധ്യമ സദാചാരം പഠിപ്പിക്കുകയും എന്നാൽ അത്തരം ഒരു അവസരം തങ്ങൾക്ക് ലഭിക്കുമ്പോൾ അത് ഒരു നാണവും ഇല്ലാതെ അങ്ങേയറ്റം ഉപയോഗിക്കുകയും ചെയ്യുന്നു. ഈ മാദ്ധ്യമ കൂട്ടിക്കൊടുപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാതൃഭൂമി ചാനൽ.

സരിതാ നായരിലൂടെയും ജോസ് തെറ്റയിലിലൂടെയും കേരള രാഷ്ട്രീയം നിലംപതിച്ചിരിക്കുന്നത് പാതാളക്കുഴിയിലേക്ക് ആണ് എന്ന് പറയാതെ വയ്യ. അതിന് മുമ്പ് മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന്റെ നീലജീവിതത്തെക്കുറിച്ച് ചാനലുകളും മാദ്ധ്യമങ്ങളും നിരനിരയായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം നീലക്കഥകൾ മൂലം കേരള രാഷ്ട്രീയം നാണംകെട്ട് നിൽക്കുകയാണ്. മാദ്ധ്യമങ്ങൾക്ക് ഉത്തരാഖണ്ഡിൽ ഒഴുകി നടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതകഥയോ ഡെങ്കിപ്പനി തിന്നൊടുക്കുന്ന നൂറു കണക്കിന് ജീവിതങ്ങളുടെ രോദനങ്ങളോ ഈ സമയത്ത് ആവശ്യമില്ല. ചാനൽ സംസ്‌കാരം വെറും മൂന്നാംകിട പിമ്പ് വാർത്തകൾ കൊണ്ട് നിറയുമ്പോൾ അതിന്റെ ചുവട് പിടിച്ച് നമ്മുടെ രാഷ്ട്രീയവും നീലയാകുന്നു. സരിതാ എസ് നായർ എന്ന പെണ്ണ് ആഴ്ചകളായി കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്നതിന്റെ അനുരഞ്ജനങ്ങൾ തുടരുന്നതിനിടയിലാണ് സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ മര്യാദയില്ലാത്ത വ്യഭിചാര സീനുകൾ വീടുകളിലെ ടെലിവിഷൻ സ്‌ക്രീനുകളിൽ ഇന്നലെ ഞെട്ടിക്കുന്ന കാഴ്ചകൾ കണ്ടത്. മാതൃഭൂമി എന്നൊരു പത്രത്തിന്റെ പാരമ്പര്യത്തിൽ വിശ്വസിച്ച് കുടുംബസമേതം വാർത്തകൾ കണ്ടുകൊണ്ടിരുന്ന എത്രയോ പേർ മക്കളുടെ മുഖത്ത് നോക്കാൻ ജാള്യത ഉണ്ടാകുകയും ഓടിച്ചെന്ന് ചാനൽ ഓഫാക്കുകയും ചെയ്തിട്ടുണ്ടാകും. മറ്റൊരു വഴിയുമില്ലാതെ ഏറെ വൈകാതെ മറ്റ് ചാനലുകളും മാതൃഭൂമി കാട്ടിയ തുണ്ട് ചിത്രങ്ങൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി. മനോരമ ചാനൽ അടക്കമുള്ള ചാനലുകളിൽ പരാതിക്കാരിയുടെ മുഖം വ്യക്തമായി കാണാവുന്ന തരത്തിലാണ് വാർത്ത പ്രക്ഷേപണം ചെയ്തത്.

തെറ്റയിൽ എന്ന നേതാവിനെതിരെ ഒരു യുവതി ലൈംഗിക പീഡനം ആരോപിച്ച് പരാതി നൽകിയാൽ ഒരു മാദ്ധ്യമത്തിനും അത് മൂടിവയ്ക്കാൻ സാധിക്കില്ല എന്നു തന്നെയാണ് ഞങ്ങളുടേയും വിശ്വാസം. പ്രത്യേകിച്ച് തെറ്റയിലിന്റെ ജന്മശത്രുവായ എംപി വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന മാതൃഭൂമിക്ക്. സരിതാ നായർ കേസിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇത് ഗൗരവത്തോടെ എടുത്തതും മാദ്ധ്യമങ്ങൾ വലിയ വാർത്ത ആക്കിയതും തെറ്റായ കാര്യമല്ല. എന്നാൽ പെൺകുട്ടി സ്വയം എടുത്ത വീഡിയോ ആണ് എന്ന ഒറ്റക്കാരണത്താൽ ആ പെൺകുട്ടിയുടെ മുഖം വ്യക്തമാക്കുന്ന തരത്തിൽ വാർത്ത സംപ്രേഷണം ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല. പെൺകുട്ടി അനുവദിച്ചു എന്നതുകൊണ്ട് മാത്രം നിയമലംഘനം ചെയ്യാൻ മാദ്ധ്യമങ്ങൾക്ക് ആരാണ് അധികാരം നൽകിയത്?

ഒരാൾ തന്നെ കൊല്ലാൻ അനുവദിച്ചു എന്നതിന്റെ പേരിൽ അയാളുടെ ജീവൻ എടുക്കാൻ ആരെങ്കിലും തയ്യാറാകുമോ? അതുതന്നെയാണ് ഇവിടെയും ബാധകം. വിവേകമില്ലാതെ ഒരു പെൺകുട്ടി അനുമതി നൽകി എന്നത് മാത്രം ഈ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് ന്യായീകരണമാകുന്നില്ല. യഥാർത്ഥത്തിൽ പെൺകുട്ടി അനുമതി നൽകി എന്നു പറയുന്നത് പോലും നീതിക്ക് നിരക്കുന്നതല്ല. വീഡിയോ റിക്കോർഡ് ചെയ്തതും അത് പൊലീസിന് കൈമാറിയതും പെൺകുട്ടി തന്നെയായതുകൊണ്ടും പെൺകുട്ടി മാദ്ധ്യമങ്ങളുടെ വെളിപ്പെടുത്തലിന് തയ്യാറാകുന്നത് കൊണ്ടും അനുമതി ഉണ്ട് എന്ന് മാദ്ധ്യമങ്ങൾ തെറ്റിദ്ധരിച്ചതാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ പെൺകുട്ടിയുടെ മുഖം വ്യക്തമാക്കുന്ന തരത്തിൽ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച മാതൃഭൂമിയും മനോരമയും അടങ്ങുന്ന ചാനലുകളും ഇന്നലത്തെ പത്രത്തിൽ അത് അച്ചടിച്ച കേരളാ കൗമുദിയും ചെയ്തിരിക്കുന്നത് ഗുരുതരമായ നിയമലംഘനവും മാദ്ധ്യമ വ്യഭിചാരവുമാണ്. മാദ്ധ്യമ സദാചാരം എന്ന വാക്ക് മലയാളത്തിൽ ആദ്യം ഉയർത്തിയ പത്രം മാതൃഭൂമിയാണ് എന്നതാണ് ഈ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുത. ജസ്റ്റിസ് ബസന്ത് സൂര്യനെല്ലി പെൺകുട്ടിക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞപ്പോൾ അത് റിക്കോർഡ് ചെയ്ത് വാർത്തയാക്കിയ ഇന്ത്യാവിഷന് എതിരെ മാദ്ധ്യമ സദാചാരത്തിന്റെ പേര് പറഞ്ഞ് ആക്രമിച്ചവരാണ് മാതൃഭൂമി.

വാസ്തവത്തിൽ ഈ വിഷയത്തിൽ ഇന്ത്യാവിഷനെ കുറ്റപ്പെടുത്താൻ യാതൊരു സാഹചര്യവും ഇല്ലായിരുന്നെ്ന് അന്ന്ഞങ്ങൾ എഴുതിയിരുന്നു. ഒരാളുടെ മുഖംമൂടി പിച്ചിച്ചീന്താൻ ഒളിക്യാമറ പ്രയോഗിച്ചതിൽ ഒരു തെറ്റും ഇല്ല എന്നാണ് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത്. അതേ മാതൃഭൂമി തന്നെ ഒരുദിവസം മുഴുവൻ കുടുംബപ്രേക്ഷകരുടെ മുമ്പിലേക്ക് നീലച്ചിത്രം കാണിച്ച് കൊടുത്ത് നിർവൃതി അടഞ്ഞ് എന്നത് എത്ര പരിതാപകരമായ കാര്യമാണ്. അതും ഒരു പെൺകുട്ടിയെത്തന്നെ ആ വാർത്ത അവതരിപ്പിക്കാൻ മാതൃഭൂമി നിയോഗിക്കുകയും ചെയ്തു. എത്ര മഹത്തായ മാദ്ധ്യമ സംസ്‌കാരം ആണ് ഇത്. ഇവിടെ മാന്യത കാട്ടിയതു മാദ്ധ്യമം പത്രത്തിന്റെ മാനേജ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന മീഡിയാ വൺ ചാനലായിരുന്നു എന്നു പറയാതെ വയ്യ. ഈ ദൃശ്യങ്ങൾ കാണിക്കേണ്ടെന്ന സുധീരമായ തീരുമാനമാണ് മീഡിയാവണ്ണിന്റെ എഡിറ്റോറിയൽ ബോർഡ് എടുത്തത്. അതേസമയം, പരാതിയുടെ ഗൗരവം കുറയ്ക്കാതെ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു. പെൺകുട്ടി നൽകിയ പരാതിയുടെ ദൃശ്യങ്ങൾ മാത്രം കാണിച്ചുകൊണ്ടാണ് മീഡിയാവൺ ഉദാത്തമാദ്ധ്യമപ്രവർത്തനത്തിന് ഉദാഹരണം കാട്ടിയത്.

സരിതാ നായരും ജോസ് തെറ്റയിലും ചേർന്ന് കേരളത്തെ നാണംകെടുത്തുമ്പോൾ അതിന്റെ പിറകേ നെട്ടോട്ടം ഓടിതിരിക്കാൻ ഞങ്ങളെപ്പോലുള്ള മാദ്ധ്യമങ്ങൾക്കും നിവൃത്തി ഇല്ലാത്ത അവസ്ഥയാണ്. സരിതയുടെ പേരിൽ ആഘോഷം നടത്തിയിരുന്ന പ്രതിപക്ഷവും ദേശാഭിമാനി പോലെയുള്ള ഇടത് മാദ്ധ്യമങ്ങളും ഇക്കാര്യത്തിൽ കാട്ടുന്ന അവധാനതയും അപലപിക്കേണ്ടതാണ്. ഒരു പെണ്ണിന്റെ പേരിൽ നിയമസഭ പോലും വെട്ടിച്ചുരുക്കി നിർത്തിവയ്‌ക്കേണ്ട സാഹചര്യമാണ് കേരളത്തിൽ സംജാതമായിരിക്കുന്നത്. എത്ര പരിതാപകരമായ അവസ്ഥയിലൂടെയാണ് നാം ഇപ്പോൾ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു.

  • മാദ്ധ്യമ ധർമ്മത്തിന്റെ പേരിൽ വിലപിക്കുന്നവരോട് പോയി പണി നോക്കാൻ പറയണം; കൊടുക്കാം ഇന്ത്യാവിഷന് ഒരു കയ്യടി