ഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കത്തിന് ഏതാണ്ട് നാലു മാസം പ്രായം ആകുന്നു. പ്രശ്‌നം കൂടുതൽ വഷളായത് അല്ലാതെ അണുവിട പോലും മുൻപോട്ട് പോയിട്ടില്ല. അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും എന്താണോ ആദ്യം മുതൽ പറയുന്നത് അവിടെ തന്നെ രണ്ട് കൂട്ടരും ഉറച്ചു നിൽക്കുന്നു. ജാനാധിപത്യം ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു വിലപിച്ച കൊണ്ട് മാദ്ധ്യമങ്ങൾ നിരന്തരം എഴുതുന്നു. സ്വന്തമായി പത്രം ഇല്ലാത്തതുകൊണ്ട് ഓരോ വിഷയത്തിലും അഭിഭാഷകർക്ക് പറയാനുള്ളത് ആരും അറിയുന്നില്ല.

മൂന്നര മാസക്കാലം നിരവധി വാർത്തകൾ പത്രങ്ങളിൽ വന്നു. നിരന്തരം ആക്രമിക്കപ്പെടുന്ന മാദ്ധ്യമ പ്രവർത്തകരുടെ ദയനീയ സ്ഥിതികളെ കുറിച്ചായിരുന്നു കൂടുതൽ വാർത്തകളും. അഭിഭാഷകർക്കിടയിൽ തന്നെ സെബാസ്റ്റ്യൻ പോളിനെപോലെയുള്ളവർ മാദ്ധ്യമ പ്രവർത്തകരായി രംഗത്തു വന്നു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും അഭിഭാഷകർക്ക് എതിരായി. സുപ്രീം കോടതി ജഡ്ജിമാർ ഇടപെടുന്നു, അഭിഭാഷകരോട് വിശദീകരണം ചോദിച്ചു ഉടൻ അഭിഭാഷകർ കീഴടങ്ങും എന്നു തുടങ്ങിയ വാർത്തകൾ വന്നു കൊണ്ടിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമ സംഘടനകൾ വരെ കേരളത്തിൽ മാദ്ധ്യമ പ്രവർത്തകർക്ക് അനുകൂലമായി രംഗത്തു വന്നു.

ഏറ്റവും ഒടുവിൽ പ്രതീക്ഷയോടെ മാദ്ധ്യമ പ്രവർത്തകർ കണ്ടത് പ്രസിഡന്റ് പ്രണബ് മുഖർജിയുമായി നടത്തിയ കൂടി കാഴ്ചയും സുപ്രീം കോടതിയിൽ നൽകിയ റിട്ട് ഹർജിയും ആയിരുന്നു. ഒരു പക്ഷേ പ്രശ്‌ന പരിഹാരത്തിന് എടുക്കാൻ കഴിയുന്ന അങ്ങേയറ്റത്തെ നിലപാട് ആയിരുന്നു അത്. സർവ്വ നീതിപീഠങ്ങൾക്കും അതീതമായി സ്ഥിതി ചെയ്യുന്ന പ്രസിഡന്റ് വിശദീകരണം ചോദിച്ചു ഹൈക്കോടതി ഒരു കത്തെഴുതിയാൽ പോലും അഭിഭാഷകർക്ക് കീഴടങ്ങേണ്ടി വരും എന്നായിരുന്നു കണക്കുകൂട്ടൽ. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരായ സുപ്രീം കോടതി ഇടപെട്ടാലും പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് കരുതപ്പെട്ടു.

എന്നാൽ മാദ്ധ്യമ പ്രവർത്തകർക്ക് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണങ്ങൾ ഒന്നും ലഭിച്ചില്ല. സുപ്രീം കോടതി റിട്ട് ഹർജി പരിഗണിച്ചെങ്കിലും മാദ്ധ്യമ പ്രവർത്തകർക്ക് പ്രതീക്ഷിക്കാൻ സാധിക്കുന്ന ഒരു പ്രതികരണവും ഇനിയും ലഭിച്ചിട്ടില്ല. മീഡിയ റൂം തുറക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഹൈക്കോടതി രജിസ്റ്റർ നൽകിയ വിശദീകരണം സ്വീകരിക്കുന്ന സമീപനമാണ് സുപ്രീം കോടതി കാട്ടിയത്. മുതിർന്ന അഭിഭാഷകർ ഇടപെട്ടു പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കൂ എന്നു പറഞ്ഞു സുപ്രീം കോടതി കേസ് മാറ്റി വയ്ക്കുക ആയിരുന്നു. കോടതിയുടെ ഇന്നലത്തെ പരാമർശം നൽകുന്ന സൂചന അനുസരിച്ച് മാദ്ധ്യമ പ്രവർത്തകർക്ക് പ്രതിക്ഷിക്കാൻ വകയൊന്നുമില്ല എന്നു സാരം.

ഈ വിഷയത്തിൽ എക്കാലത്തും ഞങ്ങൾ കൂടുതൽ പിന്തുണ നൽകിയിരുന്നത് അഭിഭാഷകർക്കായിരുന്നു എന്നു പറയുന്നതിൽ ഒട്ടും നാണമില്ല. അതിനു രണ്ട് മൂന്നു കാരണങ്ങൾ ഉണ്ട്. വെറും ഒരു പരാതി മാത്രം ഉണ്ടെങ്കിൽ ആരെ കുറിച്ചും എന്തും എഴുതാം എന്ന നമ്മുടെ മാദ്ധ്യമ രീതിയോടുള്ള വിയോജിപ്പാണ് ആദ്യത്തേത്. മാദ്ധ്യമ മത്സരങ്ങൾക്കിടയിൽ ഞങ്ങളും അതേ വഴി തന്നെയാണ് പിന്തുടരുന്നത്. എന്നാൽ അതിനു അറുതി വരണം എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ, എന്നു മാത്രമല്ല വീണിടത്ത് കിടുന്നു ഉരുളാതെ ആരോപിത വിധേയന്റെ ഭാഗം കൂടി കേൾപ്പിക്കാൻ ഞങ്ങൾ എക്കാലത്തും ശ്രദ്ധിക്കാറുണ്ട്. നിർഭാഗ്യവശാൽ വേട്ടക്കാരന്റെ റോളിൽ മാത്രമാണ് നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങളും ചാനലുകളും പ്രവർത്തിക്കുന്നത്.

ഏതെങ്കിലും ഒരു ഭാഗത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. ജനാധിപത്യത്തിൽ എല്ലാവരുടെയും ശബ്ദം ഒരു പോലെ മുഴങ്ങി കേൾക്കണം എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അഭിഭാഷക - മാദ്ധ്യമ തർക്കം ഉണ്ടായപ്പോൾ അഭിഭാഷകരുടെ ഭാഗം പൂർണ്ണമായും ബ്ലാക്ക് ഔട്ട് ചെയ്യുകയും മാദ്ധ്യമ പ്രവർത്തകർക്ക് ഹിതകരമായ കാര്യങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്യുകയാണ് മാദ്ധ്യമങ്ങൾ ചെയ്തത്. അതുകൊണ്ട് മറുവശത്തിന്റെ ശബ്ദം കൂടി ഞങ്ങൾ നൽകാൻ ശ്രമിച്ചു എന്നു മാത്രം. അഭിഭാഷകർക്ക് അവരുടെ നിലപാട് വിശദീകരിക്കാൻ മറുനാടൻ മാത്രം ആയിരുന്നു ഒരു വേദി ഉണ്ടായിരുന്നത് എന്നത് അംഗീകരിക്കേണ്ടതാണ്. പൊതുസമൂഹത്തിന്റെ അഭിപ്രായം രൂപീകരിക്കാൻ മാദ്ധ്യമങ്ങൾ പങ്കു വഹിക്കുമ്പോൾ അതു നിഷ്പക്ഷം ആവണം എന്നു തന്നെയാണ് ഞങ്ങൾ കരുതുന്നത്.

അഭിഭാഷക -മാദ്ധ്യമ തർക്കത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ഭാഗത്തു നിരവധി ഗുരുതരമായ പാളിച്ചകൾ ഉണ്ടായി എന്നത് ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ. ഒരു സ്ത്രീപീഡന കേസിലെ പ്രതിയുടെ പേര് പ്രസിദ്ധീകരിച്ചത് മാത്രമാണ് വിഷയം എന്ന നിലയിൽ ആദ്യം മുതൽ വിഷയത്തെ ലഘൂകരിക്കാൻ മാദ്ധ്യമ പ്രവർത്തകർ നടത്തിയ ശ്രമം ആണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. അനേകം അഭിഭാഷകർ ഇത്തരം കേസുകളിൽ കുടുങ്ങുകയും വാർത്തയാവുകയും ചെയ്തിട്ടും അന്നൊന്നും ഇല്ലാത്ത പ്രതിഷേധം ഇന്നു എങ്ങനെ ഉണ്ടായി എന്നതാണ് ഓർക്കേണ്ടത്. മാഞ്ഞൂരാൻ വിഷയം കൈകാര്യം ചെയ്തതിൽ അഭിഭാഷക അസോസിയേഷനിൽ ഉണ്ടായ ഭിന്നതെയക്കുറിച്ച് വന്ന നിറം പിടിപ്പിച്ച പത്ര വാർത്തയെ ഒരു സംഘം അഭിഭാഷകർ ചോദ്യം ചെയ്തപ്പോൾ ആണ് പ്രശ്‌നം ആരംഭിക്കുന്നത്.

ഇതിനെ തുടർന്ന് കോടതിയിലേക്ക് മാർച്ച് നടത്തിയും പ്രതിഷേധം സംഘടിപ്പിച്ചും മാദ്ധ്യമ പ്രവർത്തകർ കാര്യങ്ങൾ വഷളാക്കുകയായിരുന്നു. ഇതു അടുത്ത ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലേക്ക് കൂടി വ്യാപിച്ചതോടെ പ്രശ്‌നങ്ങൾ കൈവിട്ടു പോയി. സൂചികൊണ്ട് എടുക്കേണ്ട സംഭവം തൂമ്പാ കൊണ്ട് എടുത്തിട്ടും പരിഹരിക്കാതെ പോയത് മാദ്ധ്യമ പ്രവർത്തകുടെ പിടി വാശി മൂലം ആയിരുന്നു. മാദ്ധ്യമങ്ങൾ സ്വന്തമായി ഉള്ളതുകൊണ്ട് എഴുതി തോൽപ്പിക്കാം എന്നു അവർ കരുതിയിടത്താണ് കാര്യങ്ങൾ കൈവിട്ടു പോയത്. നിരന്തമായ നിറം പിടിപ്പിച്ച വാർത്തകൾ ഒരു ചർച്ച പോലും സാധ്യമല്ലാത്ത വിധത്തിൽ സാഹചര്യത്തെ മുൻപോട്ട് കൊണ്ടു പോയി.

സുപ്രീം കോടതിയുടെ പരിഗണനയിൽ കേസ് കിടക്കുമ്പോഴും നിരന്തരം മാദ്ധ്യമ പ്രവർത്തകർ പ്രകോപനങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു. കോടതിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്ന ഒറ്റ വിഷയം മാത്രമാണ് മാദ്ധ്യമപ്രവർത്തകർക്ക് അനുകൂലമായി ഉണ്ടായിരുന്നത്. എന്നാൽ അങ്ങനെ ഒരു പ്രശ്‌നം ഇല്ലെന്ന് അഭിഭാഷകർ തീർത്തു പറയുന്നു. അതുകൊണ്ട് തന്നെ പ്രശ്‌നപരിഹാരത്തിനുള്ള ഏക വഴി ജാഡ മാറ്റി വച്ചു അഭിഭാഷകരുമായി ചർച്ച നടത്തുക മാത്രമാണ്. അതിന് തുനിയാതെ ദിവസവും വാർത്തകൾ എഴുതുകയും വനിത പത്രപ്രവർത്തകരെ രംഗത്ത് ഇറക്കി സ്ത്രീത്വത്തെ അപമാനിച്ചതിന്റെ  പേരിൽ കേസു കൊടുക്കുകയും ഒക്കെ ചെയ്താൽ ഒരു കാരണവശാലും പ്രശ്‌നപരിഹാരം ഉണ്ടാവില്ല എന്നതാണ് സത്യം.

ഏറ്റവും ഒടുവിൽ എറണാകുളം കോടതിയിൽ ഉണ്ടായ പ്രശ്‌നം മാത്രം എടുക്കുക. അഭിഭാഷകർക്ക് ഇരിക്കാനുള്ള ബെഞ്ചിൽ ഇരുന്ന മാദ്ധ്യമ പ്രവർത്തകരോട് അവിടെ ഇരിക്കരുതെന്ന് ചിലർ പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം എന്നു മനോരമയും മാതൃഭൂമിയും അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിനു വിസമ്മതിച്ച ഒരു വനിത അടക്കമുള്ള മാദ്ധ്യമ പ്രവർത്തകർ പ്രശ്‌നങ്ങളിലേക്ക് നയിക്കുക ആയിരുന്നു. കോടതി ബെഞ്ചുകൾ അഭിഭാഷകർക്ക് മാത്രം അർഹതപ്പെട്ടതാണ് എന്നറിയാതെയുള്ള ഒരു നിലപാട് ആയിരുന്നു അത്. സാക്ഷികളായും മറ്റും എത്തുന്ന രോഗികൾക്ക് ഇരിക്കാൻ അനുമതി നൽകാറുണ്ടെങ്കിലും അഭിഭാഷകരുടെ ബെഞ്ചിൽ അനുമതി ഇല്ലാതെയിരിക്കാൻ ആർക്കും അവകാശമില്ല. അതു മനസ്സിലാക്കാതെ അവിടെ കയറി ഇരിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ ഉണ്ടായ സംഘർഷത്തിന് മാദ്ധ്യമപ്രവർത്തകർ മാത്രമാണ് കുറ്റക്കാർ എന്നു പറയേണ്ടിയിരിക്കുന്നു.

മാദ്ധ്യമ പ്രവർത്തകരുടെ ഇത്തരം ഒരു അജ്ഞത അഭിഭാഷക - മാദ്ധ്യമ തർക്കത്തിൽ വലിയ പങ്ക് വഹിച്ചു എന്നു ചൂണ്ടിക്കാട്ടാതെ വയ്യ, സാർ ഇരുട്ടുകൊണ്ട് അവർ മതിൽ പണിയുന്നു എന്ന തലക്കെട്ടോടെ സുപ്രീം കോടിതി ചീഫ് ജസ്റ്റിസിന് കേരളപ്പിറവി ദിനത്തിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലെ വിവരക്കേടുകൾ ആണ് ഇതിൽ പ്രധാനം. ഈ കത്തിൽ ചീഫ് ജസ്റ്റിസിനോട് മാദ്ധ്യമങ്ങൾ ആവശ്യപ്പെടുന്നത് ഇങ്ങനെയാണ്: ''ഏതൊരാളെയും പോലെ മാദ്ധ്യമ പ്രവർത്തകർക്കും കോടതിയിലെത്താമെന്ന ക്ഷണം വെറുമൊരു ചടങ്ങാണ്. ജഡ്ജിമാരുടെ പി.എസ്. ഓഫിസുകളിൽ ഞങ്ങൾക്ക് പ്രവേശനമില്ല. ജഡ്ജിമാർ തുറന്ന കോടതിയിൽ പ്രസ്താവിക്കുന്ന വിധിന്യായങ്ങളും ഉത്തരവുകളും കേട്ടെഴുതുന്ന പി.എസ്./പി.എ.മാരിൽ നിന്ന് കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാനാണ് ചേംബറുകളോടു ചേർന്നുള്ള പി.എസ്. ഓഫീസുകളിൽ മാദ്ധ്യമ പ്രവർത്തകർ എത്തിയിരുന്നത്. ഹൈക്കോടതിയിലെ മീഡിയാ റൂം അടഞ്ഞു കിടക്കുന്നു. പഴയ ഹൈക്കോടതി മന്ദിരത്തിൽ 1992 മുതൽ പ്രവർത്തിച്ചു വന്നതും പുതിയ മന്ദിരത്തിൽ അതിന്റെ രൂപരേഖയിൽ ഉൾപ്പെടുത്തി അനുവദിച്ചുതന്നതുമായ മീഡിയാ റൂം ആണ് അടഞ്ഞു കിടക്കുന്നത്''

ഈ പ്രസ്താവന വഴി മാദ്ധ്യമ പ്രവർത്തകരെ സഹായിച്ചിരുന്ന കോടതി ജീവനക്കാരെയാണ് അവർ ബലിയാടാക്കിയത്. കക്ഷികളുടെ കേസ് വിവരങ്ങൾ സംബന്ധിച്ചു നിയമങ്ങളിൽ പറയുന്ന കർക്കശമായ സ്വകാര്യതയുടെ ലംഘനമാണ് ജഡ്ജിമാർ തുറന്ന കോടതിയിൽ പ്രസ്താവിക്കുന്ന വിധിന്യായങ്ങളും ഉത്തരവുകളും കേട്ടെഴുതുന്ന പി.എസ്./പി.എ.മാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. ഒരുപക്ഷേ ജഡ്ജിമാർ അതു അറിഞ്ഞിരിക്കണം എന്നു പോലുമില്ല ചില ജഡ്ജിമാർ ഇങ്ങനെ വിധി പകർപ്പുകൾ മാദ്ധ്യമങ്ങൾക്ക് നൽകുന്നുണ്ടെങ്കിൽ അതു നിയമവിരുദ്ധവും കക്ഷികളുടെ മൗലികാവകാശത്തിന്റെ മേലും സ്വകാര്യതയുടെ മേലും ഉള്ള കടന്നു കയറ്റവുമാണ്. അതു അനർഹമായി നേടിയ ശേഷം അവകാശം ആണ് എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ബഹളം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

മീഡിയ റൂമിന്റെ കാര്യവും ഇങ്ങനെ തന്നെ. ജനാധിപത്യത്തോടുള്ള ഉത്തരവാദിത്തം മൂലം കോടതി നൽകിയ ആനുകൂല്യം ആണ് മീഡിയ റൂം. അതു അവകാശമായി കരുതയപ്പോൾ ആണ് അടച്ചു പൂട്ടിയത്. അതിനി കിട്ടണമെങ്കിൽ കോടതി തന്നെ കനിയണം. അതു ലഭിക്കണമെങ്കിൽ അഹങ്കാരം മാറ്റി വച്ചു അവരോടു അപേക്ഷിക്കണം. അല്ലാതെ ഞങ്ങൾ പത്രക്കാരാണ്, എഴുതി നാറ്റിക്കും എന്ന സാധാരണ നിലപാട് എടുത്താൽ ഒരു തരത്തിലും നേടാൻ സാധിക്കില്ല. അതു മനസ്സിലാക്കി വിവേകപൂർണ്ണമായ നിലപാട് എടുക്കാൻ ഇനിയെങ്കിലും ശ്രമിച്ചില്ലെങ്കിൽ തോൽവി ഏറ്റുവാങ്ങാൻ മാത്രം ആയിരിക്കും വിധിയെന്നു മറക്കരുത്.

ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേരള പിറവി ദിനത്തിൽ കേരളത്തിൽ എത്തിയപ്പോൾ മാദ്ധ്യമ  പ്രവർത്തകർ എടുത്ത നിലപാട് ഈ പ്രശ്‌നം പരിഹരിക്കാൻ അവർക്ക് ഒരു താൽപ്പര്യവും ഇല്ല എന്നതിന് തെളിവായി മാറുക ആയിരുന്നു. കോടതിയുടെ ഒരു പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തുന്നവരെ ഇറക്കി വിട്ടാൽ ചിഫ് ജസ്റ്റിസിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ അവർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ കഴിയുമായിരുന്നല്ലോ. എന്നാൽ ആ പരിപാടി ബഹിഷ്‌കരിച്ചതോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുൻപിൽ മാദ്ധ്യമ പ്രവർത്തകർ കുറ്റക്കാരാവുക ആയിരുന്നു. ഇത്തരം മണ്ടത്തരങ്ങൾ കാട്ടിയ ശേഷം പിടിവാശി ജയിക്കാൻ കാത്തിരുന്നാൽ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. എന്താണ് അഭിഭാഷകരുടെ പ്രശ്‌നം എന്നു ചോദിച്ച് മനസ്സിലാക്കി അതിനു പരിഹാരം ഉണ്ടാക്കി മര്യാദയ്ക്ക് കോടതിയിൽ പോയി റിപ്പോർട്ടിംങ് തുടങ്ങുക മാത്രമാണ് മാദ്ധ്യമ പ്രവർത്തകരുടെ മുൻപിലെ എക വഴി. അതു മറക്കരുത്.