ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഫലം മൂന്നു കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ അധികാരപ്രമത്തതയിലും ഹുങ്കിലും അഴിമതിയിലും ഇന്ത്യൻ ജനത കടുത്ത നിരാശയിലാണ് എന്നതാണ് ആദ്യത്തേത്. നരേന്ദ്രമോദി എന്ന പ്രതിഭാസം പബ്ലിക് റിലേഷൻ മാനേജർമാരുടെ പ്രചാരണം മാത്രമല്ലെന്നും അതൊരു യാഥാർത്ഥ്യം തന്നെയാണ് എന്നതാണ് രണ്ടാമത്തെ സൂചകം. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ കൂട്ടിക്കൊടുപ്പ് വ്യവസായത്തിന് ആണിയടിക്കാൻ ഒരു അവസരം ഒത്തുവന്നാൽ ജനം ഒപ്പം നിൽക്കും എന്നതാണ് മൂന്നാമത്തെ അടയാളം. ഈ മൂന്ന് അടയാളങ്ങളും സത്യസന്ധമായി വിലയിരുത്താൻ ആരൊക്കെ പരാജയപ്പെടുന്നുവോ അവരൊക്കെ സ്വന്തം അടിത്തറ വീണ്ടും വീണ്ടും മാന്തുകയാണ് എന്ന് തീർത്ത് പറയേണ്ടി വരും.

ഈ മൂന്ന് വിഷയങ്ങളും ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയം ആണെങ്കിലും ഏറ്റവും പ്രസക്തമായിരിക്കുന്നത് സാധാരണക്കാരന്റെ പാർട്ടി എന്ന് പേരെടുത്ത ആം ആദ്മിയുടെയും അതിന്റെ നേതാവായ അരവിന്ദ് കെജ്രിവാളിന്റെയും അത്ഭുതകരമായ വിജയമാണ്. ഒരു വർഷം കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി ഒരു സംസ്ഥാനത്തെ ഭരണം പിടിക്കുന്നതിനൊപ്പം വരിക തലത്തിലേക്ക് വളരുക. അനേകം രാഷ്ട്രീയ പാർട്ടികൾ ദിവസവും പിറന്ന് വീഴുന്ന നമ്മുടെ രാജ്യത്ത് ഇതൊരു അത്ഭുത പ്രതിഭാസം തന്നെയാണ്. അന്നാ ഹസാരെ കത്തിച്ച വിളക്കിൽ എണ്ണ ഒഴിച്ച് കെജ്രിവാൾ നേടിയ ഈ വിജയം ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും അവേശം പകരുന്നതാണ്.

ഇന്ത്യ മഹാരാജ്യത്ത് ഇത് ആദ്യമായാണ് എന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടാകും. ജെപി വിളക്ക് കത്തിച്ചതും മൊറാർജി ദേശായി പ്രധാനമന്ത്രിയായതും ഇതിനേക്കാൾ ശ്രദ്ധേയമായ കാര്യം ആയിരുന്നു. എന്നാൽ ഇന്ദിരാഗാന്ധി എന്ന സമർത്ഥയായ ഭരണാധികാരി അധികാര പാരമ്യത മൂത്ത് ഒരു ഓട്ടോക്രാറ്റായി മാറിയതിന്റെ പരിണതഫലവും അടിയന്തരാവസ്ഥ എന്ന ഭീകരതയുടെ തിരിച്ചടിയും ആയിരുന്നു അത്. അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു സാഹചര്യത്തിലാണ് ആം ആദ്മി വിജയക്കൊടി പാറിക്കുന്നത്. അടിയന്തരാവസ്ഥ എന്ന ഭീകരതയും തന്നിഷ്ടക്കാരിയായ ഒരു ഭരണാധികാരിയോടുള്ള വെറുപ്പും സൃഷ്ടിച്ച അതേവികാരം ഇപ്പോൾ ഇന്ത്യക്കാരനിൽ ഉണ്ടാക്കിയിരിക്കുന്നത് അഴിമതി എന്ന അണലിസർപ്പത്തിന്റെ ആഘാതം കണ്ട് മാത്രമാണ്. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസ് ഭരണം സർവകാല റെക്കോർഡ് ഇടുമ്പോഴും മറ്റുള്ളവരെ ഇതിൽ നിന്നും മാറ്റി നിർത്താൻ കഴിയില്ല എന്ന ജനങ്ങളുടെ തിരിച്ചറിവാണ് ആം ആദ്മിയുടെ വിജയം സൂചിപ്പിക്കുന്നത്.

ആം ആദ്മിയെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അംഗീകരിക്കാൻ ഈ തെരഞ്ഞെടുപ്പിന്റെ സൂചനകൾ പുറത്ത് വരുന്നിടം വരെ കാത്ത് നിന്നെങ്കിൽ തുടക്കം മുതൽ ആ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് നിലപാടെടുത്തിട്ടുള്ള ഒരു മാദ്ധ്യമം എന്ന നിലയിൽ ഈ വിജയം മറുനാടൻ മലയാളിക്കും അഭിമാനം നൽകുന്നതാണ്. ആം ആദ്മി എന്ന വെളിച്ചം തല്ലിക്കെടുത്താൻ വേണ്ടി വ്യാജ ആരോപണങ്ങളും മറ്റും ഉയർത്തി ദേശീയ മാദ്ധ്യമങ്ങളും മുഖ്യധാരാ പാർട്ടികളും രംഗത്ത് വന്നപ്പോൾ കെജ്രിവാളിന്റെ നിലപാടിനോടൊപ്പം ഉറച്ച് നിന്ന് റിപ്പോർട്ട് ചെയ്തതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ട്. മാദ്ധ്യമങ്ങൾ നിഷ്പക്ഷത പാലിക്കണം എന്ന തത്വം ആം ആദ്മിയുടെ കാര്യത്തിൽ തുടക്കം മുതൽ ഞങ്ങൾ മറക്കാറുണ്ട്. ആ നിക്ഷ്പക്ഷത നഷ്ടമാകൽ ശരിയാണ് എന്ന് തെളിയിക്കാനാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

അതുകൊണ്ട് തന്നെ ആം ആദ്മിയേയും കെജ്രിവാളിനെയും ഓർത്ത് ഞങ്ങൾക്ക് കടുത്ത ആശങ്കയും ഭയവും ഉണ്ട്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കും മതസംഘടനകൾക്കും എൻജിഒകൾക്കും ഒക്കെ പൊതുശത്രുവായി ആം ആദ്മി മാറാൻ അധിക നേരം വേണ്ട. ആം ആദ്മിയുടെ സ്വാധീനം മാദ്ധ്യമങ്ങൾ പ്രവചിക്കുമ്പോൾ ഒക്കെ ചിരിച്ച് തള്ളിയിരുന്ന ഇത്തരക്കാർ അപകടം മനസ്സിലാക്കുന്നത് ഇപ്പോഴാണ്. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്ന് അധികാരം പങ്കുവച്ചും കഴിയുന്ന വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കും അവയുമായി ചേർന്ന് നിന്ന് എച്ചിൽ കഴിച്ച് ജീവിക്കുന്ന മതസംഘടനകൾക്കും എൻജിഒകൾക്കും ഏറ്റവും വലിയ ഭീഷണിയായിരിക്കും ഈ സുതാര്യത അടയാളമായി എടുത്തിരിക്കുന്ന ആം ആദ്മി എന്ന് വ്യക്തം. ചില നല്ല മാദ്ധ്യമ പ്രവർത്തകരും ഉദ്യോഗസ്ഥരും മാത്രം ഉണർന്നിരിക്കുന്നത് കൊണ്ടാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന ശതകോടികളുടെ വെട്ടിപ്പും തട്ടിപ്പും അല്പമെങ്കിലും പുറത്തറിയുന്നത്. എന്നാൽ പൂർണ്ണമായും സുതാര്യമായ ഒരു രാഷ്ട്രീയ സംവിധാനം നിലവിൽ വരുന്നതോടെ അഴിമതിപ്പണം കൊണ്ട് ജീവിക്കുന്നവർക്ക് അത് സാധിക്കാതെ വരും. അതുകൊണ്ട് തന്നെ ഇവർ ഒരുമിച്ച് നിൽക്കുകയും ഈ പ്രശ്‌നത്തെ മുളയിലേ നുള്ളിക്കളയാൻ ശ്രമിക്കുകയും ചെയ്യും.

കോൺഗ്രസ്സുകാരൻ എന്ന പേരിൽ മറുനാടൻ മലയാളിയിൽ സ്ഥിരമായി കമന്റുകൾ എഴുതുന്ന ഒരു വായനക്കാരന്റെ ആം ആദ്മിയോടും കെജ്രിവാളിനോടുമുള്ള വിദ്വേഷം മാത്രം മതിയാകും വ്യവസ്ഥാപിത സംവിധാനങ്ങൾക്ക് ഇവരോടുള്ള ശത്രുതയുടെ തോതളക്കാൻ. ഇതുവരെ പൂർണ്ണമായും സത്യസന്ധമായി പ്രവർത്തിച്ച് കാണിച്ച കെജ്രിവാളിനെ ടിയാൻ വിളിക്കുന്ന വാക്കുകൾ വാസ്തവത്തിൽ പലരുടേയും ഉള്ളിലിരിപ്പിന്റെ അടയാളമാണ്. തെരഞ്ഞെടുപ്പിനോട് അടുത്തപ്പോൾ ആം ആദ്മിയ്‌ക്കെതിരെ ഉയർന്ന് വന്ന ചീറ്റിപ്പോയ ഒളിക്യാമറ ആരോപണം ഇതിന്റെ ഒരു അടയാളം മാത്രമാണ്. എവിടെയെങ്കിലും ഒരു ചെറിയ പിഴവ് പറ്റിയാൽ അത് പർവ്വതീകരിച്ച് വലുതാക്കാൻ വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെ പൃഷ്ടം താങ്ങികളായ വ്യവസ്ഥാപിത മാദ്ധ്യമങ്ങളും ഉണ്ട് എന്ന് മറക്കരുത്. തരുൺ തേജ്പാൽ വിഷയത്തിൽ നമ്മൾ ഈ ആവേശം ശരിക്കും കണ്ടറിഞ്ഞതാണ് (തരുൺ തേജ്പാൽ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്).

അതേസമയം അധികാരമോഹികളും അഴിമതിക്കാരുമായവർ അവസരം മുതലെടുത്തത് ആം ആദ്മിയിൽ കയറിപ്പറ്റി ഈ പ്രസ്ഥാനത്തെ മലീമസമാക്കാനും അതിന്റെ പേര് കളയാനും ഉള്ള സാഹചര്യം ഏറെ ഉണ്ട് എന്നതും വിസ്മരിച്ച് കൂടാ. കെജ്രിവാൾ എന്ന ഒരൊറ്റ മനുഷ്യത്വത്തെ കേന്ദ്രീകരിച്ചുള്ള രീതി മാറ്റി അനേകം നേതാക്കൾ ഉള്ള ഒരു പ്രസഥാനമായി ഇത് മാറ്റേണ്ടതുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെ അടിച്ചുവാരി വൃത്തിയാക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആം ആദ്മിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായി ഏത് തരത്തിലുള്ള പ്രവർത്തനം ഉണ്ടായാലും അതു മറച്ച് വച്ച് സംരക്ഷിക്കാതെ അപ്പോൾ തന്നെ പുറത്താക്കി ശുദ്ധീകരിക്കാൻ മാത്രം ശ്രമിച്ചാൽ മതിയാകും ഈ പ്രതിസന്ധി മറികടക്കാൻ. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുക, സുതാര്യമായി പാർട്ടി സംവിധാനം മുന്നോട്ട് കൊണ്ട് പോകുക എന്നിങ്ങനെ രണ്ട് കാര്യങ്ങൾ മാത്രം ശ്രമിച്ചാൽ പോലും ഇന്ത്യൻ നഗരങ്ങളലിൽ എങ്കിലും ആം ആദ്മിക്കും വളരാൻ സാധിക്കും.

പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷ പാർട്ടികളും തമ്മിലുള്ള കൂട്ടുകച്ചവടമായി മാറിയ രാഷ്ട്രീയത്തെ പൊളിച്ചെഴുതാൻ കെജ്രിവാൾ നടത്തുന്ന ശ്രമങ്ങൾക്ക് സർവ്വവിധ പിന്തുണയും ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. ഇക്കാര്യത്തിൽ ഞങ്ങൾ നിഷ്പക്ഷരല്ല. ആം ആദ്മിയുടെ പക്ഷത്താണ് എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ തന്നെ വ്യക്തമാക്കട്ടെ. മുഖ്യധാരാ രാഷ്ട്രീയക്കാർ തിരിഞ്ഞ് നോക്കാത്ത അനേകം പ്രശ്‌നങ്ങൾ ഇന്ത്യയിൽ എമ്പാടുമുണ്ട്. വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസം, വൻകിട സമ്പന്നർക്ക് വേണ്ടിയുള്ള വികസനം തുടങ്ങിയ അനേകം വിഷയങ്ങളാണ് ഇവ. വിളപ്പിൽശാല, മൂലമ്പിള്ളി, പ്ലാച്ചിമട, ലാലൂർ, ചെങ്ങറ, കാതിക്കുടം, ഞെളിയൻപറമ്പ് തുടങ്ങിയ കേരളം കണ്ട സമരങ്ങൾ ഈ പട്ടികയിൽ പെടുന്നതാണ്. ഇത്തരം സംഘടനകളുടെയും മേധാപട്കറെപ്പോലുള്ള സാമൂഹ്യ പ്രവർത്തകയും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട് ആം ആദ്മി ശരിക്കും സാധാരണക്കാരുടെ പ്രസ്ഥാനമാക്കി മാറ്റേണ്ടതുണ്ട്. അന്നാ ഹസാരയെപ്പോലുള്ള ഉള്ളവരെ ഒപ്പം നിർത്തേണ്ടതും കെജ്രിവാളിന്റെ കടമയാണ്. നീതിയും നിയമവും അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന മധ്യവർഗവും എന്നും ജീവിതത്തിന്റെ പുറംപോക്കിൽ കഴിയുന്ന പാവങ്ങളും ഒപ്പം ഉണ്ടാകും. അവരുടെ ജീവിതത്തിന് വെളിച്ചമാകാൻ ആം ആദ്മിക്ക് മാത്രമേ സാധിക്കൂ.