ല്ലാത്തരം ആൾ ദൈവങ്ങളെയും വിമർശന ബുദ്ധിയോടെ സമീപ്പിക്കാം എന്ന് ആഗ്രഹിക്കുകയും ആൾദൈവങ്ങൾക്കെതിരെ എന്തെങ്കിലുമൊക്കെ ലഭിച്ചാൽ അത് ഒട്ടും മറക്കാതെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു മാദ്ധ്യമ സ്ഥാപനമാണ് മറുനാടൻ മലയാളി. ആശ്രമത്തിലെ പൂർവ്വകാലത്തെക്കുറിച്ച് ഒരു മുൻ സന്യാസി നടത്തിയ വെളിപ്പെടുത്തലുകൾ അടങ്ങിയ വാർത്ത ആദ്യം പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളിൽ ഒന്നാണ് മറുനാടൻ. മടത്തിനെതിരെ മാത്രമല്ല, ക്രൈസ്തവ ആൾദൈവങ്ങളെയും, ഇസ്ലാമിക ആൾദൈവങ്ങളെയും ഞങ്ങൾ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ തുറന്ന് കാട്ടിയിട്ടുണ്ട്. എന്നാൽ ആൾ ദൈവം ആയതുകൊണ്ട് മാത്രം ആർക്കും എന്തും ഒരു അടിസ്ഥാനമില്ലാതെ ആരോപിക്കാം എന്ന സ്ഥിതി ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കുന്നുമില്ല. ഇത്തരം ആരോപണങ്ങൾ യഥാർത്ഥ ആരോപണങ്ങളുടെ നിറം കെടുത്തുക കൂടി ചെയ്യും എന്ന അപകടം കൂടിയുണ്ട്. അമൃതാനന്ദമയി ദേവിക്കെതിരെയും അമൃത ആശുപത്രിക്കെതിരെയും കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന വലിയൊരു പ്രചാരണത്തിന്റെ അടിവേരുകൾ തേടി ചെന്നപ്പോൾ വ്യക്തമാകുന്നത് ഇത് തന്നെയാണ്.

അമൃത ആശുപത്രിയിലെ ഒരു നേഴ്സിനെ ആരോ ബലാത്സംഗം ചെയ്തെന്നും ആ നേഴ്സ് ഗുരുതരമായി അമൃതയിലെ അഞ്ചാം നമ്പർ മെഡിക്കൽ ഐസിയുവിൽ കഴിയുക ആണെന്നും ആരോപിച്ചു കൊണ്ടുള്ള ഒരു പ്രചാരണം ആരംഭിച്ചിട്ടു ഏതാണ്ട് രണ്ടാഴ്ച ആകുന്നു. എവിടെ വച്ച് ബലാത്സംഗം ചെയ്യപ്പെട്ടു, ആരു ബലാത്സംഗം ചെയ്തു എന്നൊക്കെ ആധികാരികമായി വ്യക്തമാക്കിക്കൊണ്ട് ഓരോ ദിനങ്ങളിലും ഓരോ കഥകൾ പ്രചരിച്ചു. ജീവനക്കാരിൽ ഒരാൾ തന്നെയാണ് ബലാത്സംഗം ചെയ്തതെന്ന് ഒരു കൂട്ടരും അതല്ല അമൃതയിലെ സന്യാസിമാരിൽ ഒരാളാണ് ബലാത്സംഗം ചെയ്തതെന്ന് വേറൊരു കൂട്ടരും പ്രചരിപ്പിച്ചു. സാധാരണ ഗതിക്ക് മാദ്ധ്യമ പ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ഊഹാപോഹങ്ങളും സത്യവും തമ്മിലുള്ള അകലം തിരിച്ചറിയുക എന്നത്. ഊഹാപോഹങ്ങൾ സത്യം പോലെ പ്രചരിപ്പിക്കപ്പെടും എന്ന എല്ലാവർക്കും അറിയാവുന്നതുകൊണ്ട് അതിന്റെ സത്യം കണ്ടെത്തുക എന്നത് അത്ര പ്രയാസമുള്ള കാര്യം ആവാറില്ല.

എന്നാൽ അമൃതയെ സംബന്ധിച്ച് ഊഹാപോഹങ്ങൾക്ക് സത്യത്തിന്റെ അതേ ഗാംഭീര്യം ഉണ്ടായിരുന്നു. കൊച്ചിയിലെ പത്രക്കാരെല്ലാവരും പറയുന്നു അങ്ങനെ ഒരു സംഭവം നടന്നു എന്ന്. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരോട് തിരിക്കിയപ്പോൾ അങ്ങനെ നടന്നു എന്നാണ് കേൾക്കുന്നത് എന്ന് അവരും പറയുന്നു. അമൃതയ്ക്കു സമീപമുള്ള റെയിൽവേ ട്രാക്കിൽ വച്ചാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് എന്നാണ് മിക്കവും പ്രചരിപ്പിച്ചത്. ഒരാഴ്ചയോളം ഈ ഊഹാപോഹം അന്വേഷിച്ച് ഞങ്ങൾ നടന്നു. ഒരോ ദിവസം ചെല്ലും തോറും ഊഹാപോഹങ്ങൾ സജീവമാകുകയും അമൃതയ്ക്ക് വേണ്ടി വാർത്ത മുക്കി എന്ന പ്രചാരണം സജീവം ആവുകയും ചെയ്തപ്പോൾ വാർത്ത സ്ഥിരീകരിക്കാൻ സാധിച്ചില്ലെങ്കിലും ഒരു പ്രമുഖ ആശുപത്രിയിൽ ഇങ്ങനെ ഒരു സംഭവം നടന്നതായ ഊഹാപോഹങ്ങൾ പ്രചരിക്കുന്നു എന്നും എന്നാൽ വാർത്ത സ്ഥിരീകരിക്കാൻ പൊലീസിനോ മറ്റ് അധികൃതർക്കോ സാധിക്കുന്നില്ല എന്നും ഞങ്ങൾക്ക് വാർത്ത എഴുതേണ്ടി വന്നു.

വാർത്ത സ്ഥിരീകരിക്കാൻ സാധാക്കാത്തതുകൊണ്ടാണ് പേര് പറയാത്തതെന്നും ഏന്തെങ്കിലും തെളിവ് കിട്ടിയാൽ ആശുപത്രിയുടെ പേര് പറയുമെന്നും ഞങ്ങൾ എഴുതിയിരുന്നു. പിറ്റേ ദിവസം ഞങ്ങളുടെ വാർത്ത ഒട്ടേറെ പത്രങ്ങൾ ഏതാണ്ട് അതേപടി പ്രസിദ്ധീകരിച്ചു. ഒരുപടി കൂടി കടന്നു ചില ഓൺലൈൻ പത്രങ്ങൾ അമൃതയിലാണ് അത് നടന്നത് എന്നു എഴുതി. അതോടെ സോഷ്യൽ മീഡിയ പല്ലും നഖവും ഉപയോഗിച്ച് മാദ്ധ്യമങ്ങൾക്കെതിരെ പ്രചാരണം ആരംഭിച്ചു. അമൃതയുടെ പേര് പറയാൻ പേടിച്ചു പണം വാങ്ങിയ മാദ്ധ്യമങ്ങൾ പ്രമുഖ ആശുപത്രി എന്ന് പറയുന്നു എന്നതായിരുന്നു സോഷ്യൽ മീഡിയ ഉയർത്തിയ ആരോപണം. മാദ്ധ്യമങ്ങളെ ഇങ്ങനെ ചീത്ത വിളിക്കുന്നവർ പെരുകുമ്പോൾ അമൃതാനന്ദമയിയെ ഇവർ ചീത്ത വിളിച്ചിട്ടുണ്ടാവും എന്നു ഊഹിക്കാമല്ലോ.

[BLURB#1-VL]ഇവരുടെ ആരോപണം നാൾക്കുനാൾ സജീവമായി വന്നു. സോഷ്യൽ മീഡിയായിൽ സജീവമായി ഇടപെടുകയും ആദരണീയർ എന്ന നിലയിൽ ഒട്ടേറെ ഫോലോവേഴ്‌സിനെ സൂക്ഷിക്കുകയും ചെയ്യുന്ന പലരും ആ പെൺകുട്ടി മരിച്ചു എന്നു വരെ എഴുതി. അതോടെ ആ ഊഹാപോഹത്തിന് കൂടുതൽ വിശ്വാസ്യത വന്നു. അമൃതയിലെ ഭൂരിപക്ഷം നേഴ്സുമാരും അംഗങ്ങളായ യു എൻ എ എന്ന സംഘടനയ്ക്കും അതിന്റെ നേതാവിനും എതിരെയായി ഒരു കൂട്ടരുടെ പ്രചാരണം. അവർ അമ്മയ്ക്ക് വേണ്ടി വാർത്ത മൂടി വയ്ക്കുന്നു എന്നായിരിന്നു ആരോപണം. ഞങ്ങൾ ഈ ദിവസങ്ങളിൽ എല്ലാം അന്വേഷണം തുടരുക ആയിരുന്നു. ചോദിക്കുന്നവരോടെല്ലാം ഇങ്ങനെ ഒരു സംഭവം നടന്നു എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്തപ്പോഴും അതിനെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവും ങ്ങങ്ങൾ കണ്ടെത്തിയില്ല. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷായുമായി നിരന്തരമായി സംസാരിക്കുകയും എറണാകുളത്തെ പൊലീസിന്റെ ചുമതല ഉള്ള ഒന്നിലേറെ ഇന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തപ്പോഴും എല്ലാവരും ഊഹാപോഹങ്ങളെ കുറിച്ച് മാത്രമാണ് പറഞ്ഞത്. എന്തോ എവിടെയോ നടന്നു എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു എല്ലാവരുടെയും നിലപാട്.

യുഎൻഎയും കെ കെ രാമയ്യയും ഒപ്പം അമൃത ആശുപത്രിയും പരാതി നൽകിയതോടെ പൊലീസ് സംഭവം അന്വേഷിക്കാൻ തീരുമാനിച്ചു. ഇരയെ കുറിച്ചോ ക്രൈം നടന്ന സ്ഥലത്തെക്കുറിച്ചോ ആരും വ്യക്തമായി പറയാത്തതുകൊണ്ട് പൊലീസിന് എഫ്ഐആർ ഇട്ടു അന്വേഷണം നടത്താൻ സാധിക്കാതായി. എങ്കിലും ദക്ഷിണ മേഖല ഐജി ശ്രീജിത്തിന്റെ നിർദ്ദേശം പ്രകാരം ഉന്നത പൊലീസുകാർ തന്നെ ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അന്വേഷണം ആരംഭിച്ചു. ആശുപത്രി മാനേജ്മെന്റിനെയും ജീവനക്കാരെയും മാറി മാറി ചോദ്യം ചെയ്യുകയും ആശുപത്രിയിൽ അഡ്‌മിറ്റായ എല്ലാ രോഗികളെയും നേരിട്ട് കണ്ടു സംസാരിക്കുകയും ചെയ്തിട്ടും പൊലീസിന് ആരോപണത്തിന് നിധാനമായ വിഷയം കണ്ടെത്താൻ സാധിച്ചില്ല. എല്ലാ ഐസിയു യൂണിറ്റുകളും പരിശോധിച്ചെന്ന് ഇവർ ഉറപ്പ് പറയുന്നു. ഇപ്പോഴും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അമൃതയിൽ ചില ഉദ്യോഗസ്ഥരെ നിയമച്ചിരിക്കുകയാണ് എന്നാണ് മറുനാടന് മനസ്സിലായത്. ഇന്നു വെളിയിൽ വന്ന വാർത്ത അനുസരിച്ച് രഹസ്യാന്വേഷണം അവസാനിപ്പിച്ച് പൊലീസ് പരസ്യ അന്വേഷണം ആരംഭിക്കുകയാണ്.

പൊലീസ് അമൃതയിൽ എത്തിയതോടെ സോഷ്യൽ മീഡിയയിലെ വിപ്ലവകാരികൾ പത്രക്കാരൊന്നുമല്ലെങ്കിൽ അവിടെന്തിനാണ് പൊലീസ് പോയി നിൽക്കുന്നത് എന്നെങ്കിലും നിങ്ങൾക്ക് അന്വേഷിച്ച് കൂടെ എന്ന് ചോദിച്ചാണ് മദ്ധ്യമങ്ങൾക്ക് നേരെ വിഷം ചീറ്റിയത്. ലൈക്ക്‌സും ഷെയറും കിട്ടാൻ പറ്റിയ ചോദ്യം ആയിരുന്നു അത്. ആരു കേട്ടാലും ചിന്തിക്കും ഒന്നുമില്ലെങ്കിൽ എന്തിനാണ് പൊലീസ് അവിടെ പോയി തമ്പടിച്ചിരിക്കുന്നതെന്ന്. എന്ന് വച്ചാൽ അമൃതയെ രക്ഷിക്കാനായി മാദ്ധ്യമങ്ങൾ മനപ്പൂർവ്വം മുക്കി വച്ചിരിക്കുന്നു എന്നുള്ള ഏറ്റവും മികച്ച ഉദഹരണമായി അവർ മാറ്റി ഈ പൊലീസ് സാന്നിധ്യം. പൊലീസ് പോയത് എന്തിനാണ് എന്നു വ്യക്തമായി അറിയാവുന്നവർ തന്നെയാണ് ഇങ്ങനെ എന്തോ മഹാ സംഭവം നടക്കുന്നു എന്ന് സൂചിപ്പിച്ച് കൊണ്ട് രംഗത്ത് വന്നത്. ഊഹോപോഹങ്ങൾ അന്വേഷിച്ച് പോകേണ്ട് കാര്യം ഇല്ലാതിരുന്നിട്ടു കൂടി പൊലീസ് വൻ സന്നാഹത്തെ തന്നെയാണ് ഈ വിഷയം അന്വേഷിക്കാൻ ഏൽപ്പിച്ചത്.

[BLURB#2-VR]ആശുപത്രി അരിച്ചു പെറുക്കിയിട്ടും ഇരയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇര മരിച്ചു എന്നായി പ്രചാരണം. ആ പ്രചാരണത്തിന് നേതൃത്വം നൽകിയതും സോഷ്യൽ മീഡിയായിലെ ചില വിപ്ലവകാരികളായിരുന്നു. പക്ഷേ എന്നിട്ടും ഇര ആരാണ് അല്ലെങ്കിൽ ഇര മരിച്ചത് എവിടെ വച്ചാണ് അല്ലെങ്കിൽ ഇരയെ അടക്കിയത് എപ്പോഴാണ് എന്ന് പറഞ്ഞില്ല. ഒരു മരണവും രജിസ്റ്റർ ചെയ്യാതിരിക്കാൻ സാധിക്കില്ല എന്നറിയാവുന്നവർ തന്നെയാണ് ഇത് പ്രചരിപ്പിച്ചത്. അത് വേണ്ടത്ര ഏശുന്നില്ല എന്നറിഞ്ഞപ്പോൾ ആശുപത്രിക്ക് സാറ്റലൈറ്റ് ബെഡ് ഉണ്ടെന്നും ജീവനക്കാർ അറിയാതെ ചികിത്സിക്കാൻ സാധിക്കുമെന്നുമുള്ള ഒരു തിയറി ചിലർ അവതരിപ്പിച്ചു. അതൊന്നുമല്ല ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ രായ്ക്കുരാമായണം ആശുപത്രിയിൽ നിന്നും മാറ്റി മറ്റൊരിടത്ത് ചികിത്സിക്കുന്നു എന്നാണ് ഏറ്റവും ഒടുവിൽ പറഞ്ഞ് കേൾക്കുന്ന തിയറി. ഓരോ ദിവസവും പുതിയ പുതിയ തിയറികൾ അവതരിപ്പിക്കപ്പടുമ്പോഴും പഴയ തിയറകളുടെ അവസ്ഥ എന്തെന്ന് ആരും അന്വേഷിക്കുന്നില്ല എന്നതാണ് വാസ്തവം.

[BLURB#3-VL]രണ്ടാഴ്ചയോളം ഇതിന്റെ പിന്നാലെ നടന്ന ഒരു മാദ്ധ്യമം എന്ന് നിലയിൽ ഞങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നത് ഇതൊരു നുണക്കഥയാണ് എന്നാണ്. ആരെല്ലാം മൂടി വച്ചാലും അത് മൂടി വയ്ക്കേണ്ട ഒരു ആവശ്യവും ഞങ്ങൾക്കില്ല എന്ന് തീർത്തു പറയട്ടെ. ഒരു വാർത്തയും ബോധപൂർവ്വം ഇന്നേവരെ മറച്ച് വച്ചിട്ടില്ല എന്ന് ധൈര്യത്തോടെ പറയാൻ കഴിയുന്ന ഒരു മാദ്ധ്യമം ആണ് ഞങ്ങളുടേത്. എന്നാൽ ഒരു സ്ഥാപനത്തിതിനെതിരെയോ ഒരു വ്യക്തിക്കെതിരെയോ ക്രിമിനൽ ആരോപണം ഉന്നയിക്കുമ്പോൾ അതിന് ഉബോൽബലമായ എന്തെങ്കിലും തെളിവ് ആവശ്യമാണ്. അമൃത ആശുപത്രിക്കാർ പത്രക്കുറിപ്പ് ഇറക്കുന്നത് വരെ അമൃതയുടെ പേര് ഞങ്ങൾ പരാമർശിക്കാതരുന്നത് അതുകൊണ്ടാണ്. അമ്മയിൽ നിന്നും എത്ര നക്കാപ്പിച്ച കിട്ടി എന്നായിരുന്നു പലരും അതിന് മറുപടിയായി ചോദിച്ചത്. യാതൊരു തെളിവും ഇല്ലാതെ ഇത്രയും ഗുരുതരമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യണം എന്ന് വാദിക്കുന്നവരോട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നു പോലും ഞങ്ങൾക്ക് അറിയില്ല.

ഞങ്ങൾ പത്രക്കാർ പണം വാങ്ങി പ്രമുഖർക്കെതിരെയുള്ള എല്ലാ വാർത്തകളും മുക്കുന്നവരാണ് എന്നു കരുതുക. പക്ഷെ അത്തരം പ്രലോഭനങ്ങളെ ഒക്കെ അതിജീവിച്ച് ജീവിക്കുന്ന ഈ സോഷ്യൽ മീഡിയ വിപ്ലവകാരികളിൽ ആർക്കെങ്കിലും ഒക്കെ ഇരയുടെ പേര് മറച്ചാണെങ്കിലും എവിടെ എന്ത് സംഭവിച്ചു എന്ന് പറയാമല്ലോ? ജിഷയുടെ കൊലപാതകം പൊലീസ് മറച്ച് വച്ചപ്പോൾ ജിഷയുടെ ചില സുഹൃത്തുക്കൾ സോഷ്യൽ മീഡിയായിലൂടെ ജനശ്രദ്ധ ആകർഷിച്ചു എന്നു എല്ലാവർക്കും അറിയാവുന്നതാണ്. എന്തുകൊണ്ട് അമൃതയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട് നേഴ്സിനെ കുറിച്ച് ഒരു വരി എങ്കിലും വിശ്വസനീയമായി ചൂണ്ടിക്കാട്ടാൻ ഈ സോഷ്യൽ മീഡിയ കടുവാകൾക്കൊന്നും സാധിക്കാതെ പോകുന്നത്. നിങ്ങൾക്ക് അത്രമേൽ ഉറപ്പാണെങ്കിൽ ഏതു പെൺകുട്ടി, എവിടെ വച്ച് ബലാത്സംഗത്തിനിരയായി എന്നു വ്യക്തമാക്കാൻ നിങ്ങൾക്ക് ബാധ്യതയില്ലേ? അങ്ങനെ വ്യക്തമാക്കിയിട്ടും വാർത്തകൾ മുക്കിയാൽ ഈ ആരോപണത്തിന് പ്രസക്തിയുണ്ട്. ഒരു പക്ഷെ ഇങ്ങനെ വ്യക്തമായാലും മുഖ്യധാര പത്രങ്ങൾ മുക്കുവായിരിക്കും. എന്നാൽ ഞങ്ങൾ അങ്ങനെ ചെയ്യില്ല എന്ന് തീർത്തു പറയട്ടെ.

ഇതൊരു നുണക്കഥയായിരുന്നു എന്നാണ് ഞങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നത്. ഈ വിശ്വാസം തെറ്റിയാൽ അത് തിരുത്താൻ ഞങ്ങൾ തയ്യാറുമാണ്. പക്ഷെ ഇനി ഇതിന്റെ പിറകെ നടന്ന് നേരം കളയാൻ വയ്യ. അതുകൊണ്ട് തന്നെ ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്നും പ്രിയ വായനക്കാർ മാറി നിൽക്കണം എന്നു അപേക്ഷിക്കുകയാണ്. എങ്ങനെയാണ് ഇത്രയും വലിയൊരു ഊഹാപോഹം പടർന്ന് പിടിച്ചത് എന്നു വ്യക്തമല്ല. ഒരു പക്ഷെ മാനേജ്മെന്റിനോട് വിരോധമുള്ള ഒരു വിഭാഗം ജീവനക്കാർ തന്നെയാവും ഇതിന്റെ പിന്നിൽ. അതല്ലെങ്കിൽ പലരും ആരോപിക്കുന്നത് പോലെ അഡ്‌മിഷൻ സമയത്ത് വിവാദം ഉണ്ടാകുന്നത് അമൃതയിൽ ചേരാൻ ഇടയുള്ള വിദ്യാർത്ഥികൾ കണ്ണ് വച്ചുള്ള മാഫിയ ആയിരിക്കണം. അതുമല്ലെങ്കിൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ആശുപത്രികൾക്കിടയിലെ കിടമത്സരത്തിന്റെ ഭാഗമായി ഉയർന്നതാവും. എന്തെല്ലാം ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോഴും മികച്ച ചികിത്സ, കുറഞ്ഞ നിരക്ക്, പാവപ്പെട്ടവർക്കുള്ള ഇളവുകൾ എന്നിവയിൽ അമൃതയെ വെല്ലാൻ ഒരു ആശുപത്രിക്കും ഇനിയും കഴിഞ്ഞിട്ടില്ല എന്നോർക്കണം.

[BLURB#4-VR]അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ പലരുമായി ഞങ്ങൾ സംസാരിച്ചു. അവർക്കാർക്കും സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ല. കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരാതി. യുഎൻഎ പോലുള്ള ഒരു സംഘടന വിമർശനം സഹിക്കാനാവാതെയാണ് പരാതി നൽകിയതെന്ന് അവർ തന്നെ പറയുന്നു. ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ പണം നാങ്ങി ഒതുക്കി എന്ന് പ്രചാരണം ശക്തമായപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെയാണ് ഇവർ അപേക്ഷ നൽകിയത്. ഒരു ഘട്ടത്തിലും എങ്ങനെയാണ് ഈ കഥ ആരംഭിച്ചത് എന്നു വ്യക്തമാക്കാൻ ആർക്കും സാധിച്ചില്ല. നാട്ടുകാരുടെ ആരോപണം ഒഴിവാക്കാൻ ഒരു സംഘടനയ്ക്ക് വ്യാജ പരാതി കൊടുക്കേണ്ട സാഹചര്യമാണ് അനാവശ്യമായ ഇടപെടൽ മൂലം സോഷ്യൽ മീഡിയ ഒരുക്കിയത്. ഞങ്ങളെ പോലെ ഉള്ളവർ ഊഹാപോഹത്തെക്കുറിച്ച് വാർത്തുകൊടുത്തത് പോലും ഈ വിമർശനം പേടിച്ചാണ്. ഇതു സോഷ്യൽ മീഡിയയുടെ ശക്തിയുടെ തികച്ചും തെറ്റായ ശക്തിപ്രകടനം ആണെന്ന് പറയാതെ വയ്യ.

ബലാത്സംഗത്തിന് ഇരയായത് ആരെന്നോ, ബലാത്സംഗം നടന്നത് എവിടെയെന്നേ ആർക്കും അറിയാൻ വയ്യാതെ ഒരു സാഹചര്യത്തിൽ ഇങ്ങനെ മുൻപോട്ട് പോകുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. എന്തായാലും പൊലീസ് ഔദ്യോഗികമായി തന്നെ ഒരു അന്വേഷണ സംഘത്തെ ഒടുവിൽ നിയമിച്ചിട്ടുണ്ട്. അവരത് അന്വേഷിക്കട്ടെ. അത് കണ്ടെത്തട്ടെ. എന്നിട്ടാവാം നമുക്ക് പൊലീസിനെയും മാദ്ധ്യമങ്ങളെയും വിചാരണ ചെയ്യാൻ. ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന ചില മുൻ പത്രപ്രവർത്തകരും വക്കീലന്മാരും ആണ് ഇത്തരം അനവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. അവർക്ക് ലക്ഷ്യം ഒന്നേയുള്ളൂ. അവരുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പരമാവധി ലൈക്കും ഷെയറു കിട്ടണം. അതിന് വേണ്ടി അവർ വാതോരാതെ ധാർമ്മികത പ്രസംഗിക്കും. സമൂഹത്തിൽ അറിയപ്പെടുന്നവരെ ആക്ഷേപിച്ച് സംസാരിക്കും. എന്നാൽ അവരൊരിക്കലും സത്യം തേടി പോവില്ല. ആഴത്തിൽ ഒരു വിഷയത്തെയും സമീപിക്കില്ല. നിർഭാഗ്യവശാൽ അവർക്കുള്ള ആരാധകരുടെ ആധികം മൂല്യം അവർ പ്രചരിപ്പിക്കുന്ന നുണ അനേകായിരങ്ങൾ വിശ്വസിക്കും. അതനുസരിച്ച് ധാർമ്മികരോഷം കൊള്ളും.

അമൃതാനന്ദമയി മഠം സന്ദർശിച്ച സത്‌നാം സിങ് മരണത്തെക്കുറിച്ചുള്ള അന്വേഷണം ഒരിടത്തും എത്താതെ പോയതു മറന്നുകൊണ്ടല്ല ഇത് പറയുന്നത്. പാണക്കാട് തങ്ങൾ വിമർശനങ്ങൾക്ക് അതിതനല്ലാത്തതുപോലെ തന്നെ അമൃതാന്ദമയിയും വിമർശനങ്ങൾക്ക് അതീതയല്ല. എന്നാൽ അമൃത സ്ഥാപനങ്ങളിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മയും അമൃതാന്ദമയി അറിഞ്ഞുകൊണ്ടാണ് എന്ന തരത്തിലുള്ള പ്രചരണം നീതിക്ക് നിരക്കുന്നതല്ല. സത്‌നാം സിങ്ങിന്റെ കൊലപാതകത്തിനും ഇപ്പോൾ ആരോപിക്കപ്പെടുന്ന ബലാത്സംഗം നടത്തിയതും ഒക്കെ അമ്മ നേരിട്ടാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിലർ പ്രചാരണം നടത്തുന്നത്. സന്യാസം സ്വീകരിച്ച ഒരു സ്ത്രീയെ എന്തിന്റെ പേരിലായാലും പൂർവ്വാശ്രമത്തിലെ പേര് ഉപയോഗിച്ച് ആക്ഷേപിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. കടപ്പുറത്ത് സൗദാമിനി എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ഇടുന്നവർ ചെയ്യുന്നത് രാജ്യദ്രോഹം ആണെന്ന് പറയേണ്ടി വരും. അനേകായിരം ഹിന്ദുക്കൾ ദൈവതുല്യമായി കരുതി ആരാധിക്കുന്ന ഒരാളാണ് അമൃതാനന്ദമയി എന്നിരിക്കെ അവർക്കെതിരെ വിലകുറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്നവർ ഈ രാജ്യത്തിന്റെ മതേതരത്വം സ്വഭാവം നിലനർത്താൻ ആഗ്രഹിക്കാത്തവരാണ് എന്ന് പറയാതെ വയ്യ.

ഇത്തരം പിതാവില്ലാത്ത വാർത്തകളും ആരോപണങ്ങളും നഷ്ടപ്പെടുത്തുന്നത് സോഷ്യൽ മീഡിയയുടെ വിശ്വാസ്യതയാണ്. ആർക്കും ആരെക്കുറിച്ചും എന്തും എഴുതാം എന്ന അവസ്ഥ സോഷ്യൽ മീഡിയയ്ക്കുണ്ട്. ഓൺലൈൻ പത്രങ്ങൾ കൂണുപോലെ മുളച്ചുപൊന്തിയതോടെ ആ രോഗം അങ്ങോട്ട് പകർന്നിരിക്കുകയാണ്. യാതൊരു തെളിവും ഇന്നേവരെ ആർക്കും കണ്ടെത്താൻ ആവാഞ്ഞിട്ടും അമൃതയിൽ ഇങ്ങനെ ഒരു ബലാത്സംഗം നടന്നു എന്ന് എഴുതിയ ഓൺലൈൻ പത്രങ്ങൾ സ്വയം ചിന്തിക്കേണ്ടതാണിത്. മത്സരങ്ങളുടെ കാലത്ത് പലതും എടുത്ത് ചാടി ചെയ്യേണ്ടി വരുമെങ്കിലും ഇത്രയും ഗുരുതരമായ ഒരു ആരോപണം കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ചെയ്യേണ്ടതാണോ എന്നു അവർ ആലോചിക്കട്ടെ. ആത്മവിമർശനത്തിൽ നിന്നുവേണം പാഠങ്ങൽ പഠിക്കാൻ. അമൃത സംഭവം അത്തരത്തിലുള്ള അവസാനത്തെ പിശകായി കരുതി വേണം ഓൺലൈൻ പത്രങ്ങൾ തെറ്റുതിരുത്താൻ. അപ്പോൾ ചിലർ ചോദിക്കും മറുനാടനല്ലേ ഇത് തുടങ്ങി വച്ചതെന്ന്. ഞങ്ങൾ അന്വേഷണ മേഖലകളിൽ എല്ലാം ഇങ്ങനെ ഒരു പ്രചാരണം നടത്തുന്നതുകൊണ്ട് ആശുപത്രിയുടെ പേര് പറയാതെ ആയിരുന്നു റിപ്പോർട്ട് ചെയ്തത്. പിന്നീട് പേര് ഉപയോഗിക്കാൻ തുടങ്ങിയത് അമൃത പത്രക്കുറിപ്പ് ഇറക്കിയതോടെ ആണ് എന്ന മാത്രമല്ല ഇങ്ങനെ ഒരു വാർത്ത നടന്നു എന്നതിന് യാതൊരു സ്ഥീരീകരണവും ഇല്ല എന്ന് വ്യക്തമാക്കിയാണ് ഞങ്ങൾ എല്ലാ റിപ്പോർട്ടുകലും ചെയ്തത്.

അമൃതയെ സംബന്ധിച്ച ഈ പ്രചാരണം ഇനി ഇങ്ങനെ തുടരാൻ പാടില്ല. എന്തെങ്കിലും സംഭവിച്ചാൽ ഉറപ്പായും അത് വെളിയിൽ കൊണ്ടു വരാൻ ഞങ്ങൾ അടക്കമുള്ള മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കുമുണ്ട്. വാർത്ത മുക്കും എന്ന് പറഞ്ഞ് എല്ലാവരുടെയും കുറ്റക്കാരാക്കരുത്. പരസ്യക്കാർ ആണെങ്കിൽ പോലും സാമൂഹ്യ പ്രധാന്യം ഉള്ള ഒരു വാർത്തയാണെങ്കിൽ അത് ആദ്യം പ്രസിദ്ധീകരിക്കുന്നവരുടെ പട്ടികയിൽ ഞങ്ങൾ ഉണ്ടാവും. ഈ വിഷയത്തിലും അങ്ങനെ തന്നെയാണ്. ആർക്കും ഒരു സംശയവും വേണ്ട്. അതുവരെ നിങ്ങൾ അമൃതയെ വെറുതെ വിടുക. മറ്റുള്ള സ്ഥാപനങ്ങളെയും പോലെ ഇവിടെ അന്തസ്സായി സ്ഥാപനങ്ങൾ നടത്താൻ അവർക്കും അവകാശമുണ്ടെന്ന് ദയവ് ചെയ്തു അംഗീകരിക്കുക. കോട്ടയത്തെയും തിരുവല്ലയിലെയും ചില ആൾ ദൈവങ്ങൾ ദൈവത്തിന്റെ പേരുപറഞ്ഞ് ഉണ്ടാക്കിയത്രയും കീശയിലാക്കുമ്പോൾ ലഭിക്കുന്ന സ്വത്തിന്റെ നല്ലൊരു ഭാഗം വിദ്യാഭ്യാസ ആശുപത്രി സ്ഥാപനങ്ങൾക്ക് വേണ്ടി ഇവർ വിനിയോഗിക്കുന്നു എന്നതും ഇവരുടെ ആതുരാലയങ്ങളും സമാനമായ മറ്റ് സ്ഥാപനങ്ങിളേക്കാൾ കുറഞ്ഞ നിരക്കു ഈടാക്കുന്നു എന്നതും അംഗീകരിക്കേണ്ട വസ്തുതയാണ്. അതുകൊണ്ട് ഇവരെ തുണച്ചെങ്കിലും നുണ പറച്ചിൽ അവസാനിപ്പിക്കണം. അമൃതയുടെ കാര്യത്തിൽ മാത്രമല്ല മറ്റൊരു കാര്യത്തിലും നമുക്ക് ഉറപ്പില്ലാതെ ഒരു കാര്യവും ഇങ്ങനെ പ്രചരിപ്പിക്കരുത്. അതു അധാർമ്മികതയാണ്.