സിപിഐ(എം) പോലെയൊരു വലിയ പാർട്ടിയെ ഉപദേശിക്കാൻ മറുനാടൻ മലയാളി ആരുമല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്. തലക്കെട്ട് വായിച്ചാൽ ഉടൻ സിപിഎമ്മിനെ ഉപദേശിക്കാൻ നീയാരാടാ എന്നു ചോദിച്ച് സൈബർ ഗുണ്ടകൾ എത്തുമെന്നും അറിയാം.

എങ്കിലും കേരളത്തിന് ഒരു പാർട്ടി എന്ന നിലയിൽ ഏറ്റവും അധികം സേവനം ചെയ്ത സിപിഐ(എം) പോലൊരു പാർട്ടി അന്യം നിന്നു പോകാതിരിക്കേണ്ടത് സിപിഐ(എം) പ്രവർത്തകരുടെ മാത്രമല്ല പൊതു സമൂഹത്തിന്റെ മൊത്തം ആവശ്യം ആയതുകൊണ്ടാണ് ഇങ്ങനെ ഒരു സാഹസത്തിന് ഞങ്ങൾ ഒരുങ്ങുന്നത്.

അരുവിക്കരയിൽ എന്താണ് സംഭവിച്ചത് എന്ന് ആത്മാർത്ഥമായി വിലയിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരുപാട് പേർ ചാനലുകളിലും സോഷ്യൽ മീഡിയയിലും പത്രങ്ങളിലും ഒക്കെയായി ചർച്ച ചെയ്തവയാണ് ഇവയിൽ മിക്കതും. കാർത്തികേയനും രാജഗോപാലിനും സഹതാപ തരംഗം, ഉമ്മൻ ചാണ്ടിയുടെ കണിശതയുള്ള പ്രവർത്തനം, തെറ്റിദ്ധാരണാ ജനകമായ സർക്കാരിന്റെ വികസന വാഗ്ദാനങ്ങൾ, സാമുദായിക ധ്രുവീകരണം, ഇടത് വലത് രാഷ്ട്രീയത്തോട് പുതിയ വോട്ടർമാർക്കുള്ള അകൽച്ച, ഇടത് മുന്നണിയുടെ പരമ്പരാഗത വോട്ടുകളിൽ വന്ന വിള്ളൽ തുടങ്ങിയ അനേകം കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞു.

അരുവിക്കരയിലെ അസാധാരണമായ പിന്നോക്കാവസ്ഥ, യുഡിഎഫ് സർക്കാർ ഇടപെട്ട അനേകം അഴിമതി കേസുകളും സ്ത്രീവിഷയങ്ങളും ഇതു രണ്ടും മതിയാകേണ്ടതാണ് ഒരു സർക്കാരിനെ ജനം പുറംകാലുകൊണ്ട് ചവിട്ടിക്കളയാൻ. പിറവത്തും നെയ്യാറ്റിൻകരയിലും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ സർക്കാരിന്റെ തുടർച്ച ഒരു വിഷയം ആയിരുന്നെങ്കിലും അരുവിക്കരയിൽ അങ്ങനെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നിട്ടും വലിയ ഭൂരിപക്ഷത്തിൽ മൂന്നാഴ്ച മുമ്പ് മാത്രം ഖദർ എടുത്തണിഞ്ഞ, അന്ന് മാത്രം ആ മണ്ഡലത്തിൽ കാലുകുത്തിയ, രാഷ്ട്രീയം ഒട്ടും അറിയാത്ത ഒരു ചെറുപ്പക്കാരൻ അസൂയാവഹമായ ഭൂരിപക്ഷത്തിൽ ജയിച്ചത് അത്ര നിസ്സാരമായ കാര്യമല്ല. ഈ യാഥാർത്ഥ്യം കണ്ണ് തുറന്ന് കണ്ടേ സിപിഎമ്മിന് മുന്നോട്ട് പോകാൻ സാധിക്കൂ.

രണ്ട് കാര്യങ്ങളാണ് സിപിഐ(എം) പ്രധാനമായും തുടർ ചർച്ചയ്ക്കായി ഏറ്റെടുക്കേണ്ടത്. ഹിന്ദുസമുദായത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വാധീനവും മതന്യൂനപക്ഷങ്ങൾക്കിടയിൽ ഒരിക്കലും കടന്നു കയറാൻ സാധിക്കാത്തതും ആണ് ആദ്യത്തേത്. പുതിയ വോട്ടർമാർക്കിടയിലും മാറ്റം മോഹിക്കുന്ന അരാഷ്ട്രീയ വാദികളായ ചെറുപ്പക്കാർക്കിടയിലും സ്വാധീനം ഉണ്ടാക്കാൻ ബിജെപിയോളം പോലും സാധിക്കുന്നില്ല എന്നതാണ് രണ്ടാമത്തേത്. ഈ രണ്ട് പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് സിപിഐ(എം) നേരിടുന്ന പ്രതിസന്ധിയെ അഡ്രസ്സ് ചെയ്യാനുള്ള ആദ്യ ചുവടുകൾ.

[BLURB#1-VL] യാഥാർത്ഥ്യബോധത്തോടെയുള്ള വിലയിരുത്തലുകളും തെറ്റ്തിരുത്തലുകളും ആണ് അടുത്തതായി വേണ്ടത്. മദ്യം ഒഴുക്കിയും പണം വാരിയെറിഞ്ഞുമാണ് അരുവിക്കരയിൽ യുഡിഎഫ് വോട്ട് നേടിയത് എന്ന മറുപടി സിപിഎമ്മിന്റെ ആശയപാപ്പരത്വമാണ് കാണിക്കുന്നത്. ഇത് രണ്ടും അവിടെ നടന്നില്ല എന്നല്ല പറയുന്നത്, പണവും മദ്യവും ഒക്കെ മൂന്നുകൂട്ടരും ആദിവാസി മേഖലയിൽ ഒഴുക്കിയതായി തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ജനാധിപത്യ വ്യവസ്ഥയിൽ യാതൊരു പരാതിയുമില്ലാതെ പൊരുതിയ ഒരു തെരഞ്ഞെടുപ്പിൽ വിജയം അംഗീകരിക്കാനും പരാജയം സമ്മതിക്കാനുമുള്ള വിവേകം ഒരു രാഷ്ട്രീയപാർട്ടി കാണിക്കേണ്ടതുണ്ട്. അതിന് മനസ്സില്ലാത്തതുകൊണ്ടാണ് ഇത്തരം തൊടുന്യായങ്ങൾ പറയുന്നത്. ഈ ന്യായങ്ങൾ കടുത്ത സിപിഐ(എം)കാർ പോലും വിശ്വസിക്കാതിരിക്കവേ പൊതുസമൂഹം എങ്ങനെ ആയിരിക്കും കാണുക എന്ന് ഒരു നിമിഷം നേതാക്കൾ ആലോചിച്ചിരുന്നെങ്കിൽ ഒട്ടും സത്യസന്ധമല്ലാത്ത ഈ സമീപനം സ്വീകരിക്കുമായിരുന്നില്ല.

അരുവിക്കരയിലെ ഓരോ മുക്കിലും മൂലയിലും കാർത്തികേയന്റെ ചിത്രം വച്ചും നിലവിളക്ക് കൊളുത്തിവച്ചും കാർത്തികേയന്റെ ഭാര്യയെ പൊതുവേദിയിൽ എത്തിച്ചു പൊട്ടിക്കരയിച്ചും ഒക്കെ കോൺഗ്രസ് നടത്തിയ സഹതാപസൃഷ്ടികൾ മാത്രംമതി ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ. എന്നാൽ അതിന് രാഷ്ട്രീയമായ മറുപടി നൽകേണ്ട സിപിഐ(എം) മദ്യത്തിന്റേയും പണത്തിന്റെയും ഒക്കെ പേരുപറഞ്ഞ് തോൽവി സമ്മതിക്കാതിരിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം മണ്ടത്തരമാണ്. തോൽവി സമ്മതിക്കുകയും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുകയും ചെയ്യാൻ ഇനിയും സിപിഐ(എം) അല്പം പോലും വൈകാൻ പാടില്ല.

[BLURB#2-VR]സിപിഎമ്മിന്റെ വോട്ട്ബാങ്കിൽ കാര്യമായ വിള്ളൽ വീഴ്‌ത്താൻ ബിജെപിക്ക് കഴിഞ്ഞിരിക്കുന്നു എന്ന യാഥാർത്ഥ്യം ആദ്യം അംഗീകരിക്കണം. പരമ്പരാഗതമായി സിപിഎമ്മിന് ഒപ്പം നിന്നിരുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരും ഈഴവരും അടങ്ങിയ പിന്നോക്ക വിഭാഗത്തിൽ നിന്നും വലിയ തോതിലുള്ള ഒഴുക്കാണ് ബിജെപിയിലേക്ക് നടക്കുന്നത്. കൃത്യമായ പഠനങ്ങൾ നടത്തിയവർ ഏതാണ്ട് പത്ത് ശതമാനത്തോളം ഒഴുക്ക് നടക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. കോൺഗ്രസിലും ഈ ചലനം വ്യക്തമാണെങ്കിലും അതിന്റെ തോത് കുറവാണ്. കാരണം ഈ വിഭാഗത്തിൽപ്പെട്ടവരിൽ മഹാഭൂരിപക്ഷവും എക്കാലത്തും സിപിഎമ്മിന് ഒപ്പം ആയിരുന്നു.

കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഭരണം ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരു കാരണമാണ്. അത് തടയാൻ സിപിഎമ്മിന് സാധിക്കില്ല. എന്നാൽ ന്യൂനപക്ഷധ്രുവീകരണം എന്ന തികച്ചും തെറ്റായ ഒരു യാഥാർത്ഥ്യം യുഡിഎഫിന് അനുകൂലമായി നടക്കുമ്പോൾ അരക്ഷിതത്വവാദികളായ സാധാരണ ഹിന്ദുക്കൾ ബിജെപിയിലേക്ക് പോകുന്ന സാഹചര്യം കണ്ടെത്തി തിരുത്താൻ ഇനിയും സിപിഎമ്മിന് അവസരം ഉണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലീമുകളും അടങ്ങുന്ന ന്യൂനപക്ഷം ഈ ഭരണത്തിൽ നീരാളിപ്പിടുത്തം നടത്തി സർവ്വആനുകൂല്യങ്ങളും തട്ടിച്ചെടുക്കുന്നു എന്ന പരാതി ഇവിടെയുണ്ട്. ഈ പരാതി സത്യമല്ല എന്നു പറയാനും കഴിയില്ല. അതുകൊണ്ട് തന്നെ വളരെ മോഡറേറ്റായുള്ള ഹിന്ദുക്കൾ പോലും ഈ അവസ്ഥയിൽ ബിജെപിയോട് അനുഭാവം കാണിക്കുന്ന ഒരു സാഹചര്യം ആണ് നിലവിലുള്ളത്.

ഇന്ത്യ എന്ന പൊതുയാഥാർത്ഥ്യത്തിൽ ഇവർ ന്യൂനപക്ഷം ആണെങ്കിലും കേരളത്തിലെ പൊതുയാഥാർത്ഥ്യത്തിൽ അവരങ്ങനെയല്ല എന്നതാണ് ഇതിലെ പ്രധാന സത്യം. മലബാറിലെ ജനസംഖ്യയിൽ ഉണ്ടായ വർദ്ധനവും എന്ത് സംഭവിച്ചാലും 25 സീറ്റ് ഉറപ്പാക്കിക്കൊണ്ടുള്ള ലീഗിന്റെ ജാതിരാഷ്ട്രീയവും ആ ഹുങ്കിന്റെ പേരിലുള്ള വിലപേശലും വലിയൊരു പ്രതിസന്ധിയുടെ കാരണം തന്നെയാണ്. കേരളത്തിൽ ഇടതുപക്ഷമോ കോൺഗ്രസോ തകർന്നടി്ഞ്ഞാലും ബിജെപി തരംഗം ഉണ്ടായാലും ലീഗിന്റെ ശക്തിക്കും അംഗസംഖ്യയ്ക്കും ഒരു കുറവും ഉണ്ടാകില്ല എന്നതാണ് ഇതിൽ ഓർത്തിരിക്കേണ്ട പ്രധാന കാരണം. ഈ ആശങ്കയും ഭയവും സാധാരണക്കാരായ ഹിന്ദുക്കളെപ്പോലും സാമുദായികമായി ചിന്തിപ്പിക്കുന്നു എന്നിടത്താണ് സിപിഎമ്മിന്റെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.

[BLURB#3-VL]ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് പുതിയ വോട്ടർമാരെ സ്വാധീനിക്കാൻ സിപിഎമ്മിന് സാധിക്കുന്നില്ല എന്ന വാസ്തവം. അരുവിക്കരയിൽ പുതിയ വോട്ടർമാരുടെ വോട്ടുകൾ എല്ലാം ബിജെപിക്കും ശബരീനാഥിനുമായി വിഭജിക്കപ്പെട്ടു എന്നാണ് നിഗമനം. പണ്ടൊക്കെ കോൺഗ്രസ് നേതാക്കളുടെ മക്കൾ പോലും ഒരിക്കൽ എങ്കിലും കമ്യൂണിസ്റ്റ് ആകുന്ന അനുഭവം ആയിരുന്നു. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ചരമം, കരിയർ കേന്ദ്രീകൃതമായ വിദ്യാഭ്യാസ രീതി, ആധുനിക ജീവിതസൗകര്യങ്ങളുടെ വർദ്ധന തുടങ്ങിയ ഘടകങ്ങൾ അരാഷ്ട്രീയ വാദം ശക്തമാക്കുകയും ഇടത് ആശയത്തോടുള്ള താത്പര്യം പുതിയ തലമുറയിൽ ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്. മോദി സൃഷ്ടിച്ച മാറ്റത്തിന്റെ കാഹളം തെല്ലൊന്നുമല്ല ചെറുപ്പക്കാരെ സ്വാധീനിക്കുന്നത്. കേവലം ഒരു വർഗീയ പാർട്ടി എന്നതിനപ്പുറം മാറ്റത്തിന്റെ പാർട്ടി എന്നൊരു തോന്നൽ ബിജെപിയെക്കുറിച്ച് ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി കഴിഞ്ഞിരിക്കുന്നു എന്ന വാസ്തവം സിപിഐ(എം) മനസ്സിലാക്കണം.

മാത്രമല്ല, എൺപതുകളുടെ തുടക്കത്തിൽ നിലനിന്നിരുന്ന വരട്ട് തത്വശാസ്ത്രത്തിൽ തന്നെ സിപിഐ(എം) ഉറച്ച് നിൽക്കുകയും ചെയ്യുന്നത് ചെറുപ്പക്കാരെ അകറ്റാൻ കാരണമാകുന്നു. സന്ദേശം സിനിമയിലെ താത്വികമായ അവലോകനം ഇത്രയേറെ ജനപ്രിയമാകുന്നത് സിപിഎമ്മിന്റെ പാളിച്ചകളിലേക്കുള്ള ഒരു കിളിവാതിൽ ആയി മാറുന്നു. മോദി വിരുദ്ധത, സ്വകാര്യവൽക്കരണ വിരുദ്ധത എന്നിവയൊക്കെ പ്രയോഗിക തലത്തിൽ ഊന്നാതെ കേവലം തത്വശാസ്ത്രപരമായി പോകുമ്പോൾ ഉണ്ടാകുന്ന തിരിച്ചടിയാണിത്. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ ചെറുപ്പക്കാരെ ഒപ്പം നിർത്താൻ സിപിഎമ്മിന് കഴിയുകയില്ല.

അരുവിക്കരയിൽ പക്ഷേ, ഇത്തരം കുറേ വോട്ടുകൾ ശബരീനാഥന് ലഭിച്ചു. ചെറുപ്പക്കാരുടെ ജീവിതവുമായി കുറച്ച് കൂടി അടുത്ത് നിൽക്കുന്ന സ്ഥാനാർത്ഥിയായി അവർ ശബരിയെ കണ്ടു. വിടി ബൽറാമും ഷാഫി പറമ്പിലും എം ലിജുവും പിസി വിഷ്ണുനാഥും മാത്യു കുഴൽനാടനും ഒക്കെ അടങ്ങുന്ന നവരാഷ്ട്രീയക്കാരെ കേരളം ഇഷ്ടപ്പെടുന്നത് ഇതുകൊണ്ട് കൂടിയാണ്. ഇത്തരത്തിലുള്ള നവരാഷ്ട്രീയം വാസ്തവത്തിൽ ഉയർത്തിപ്പിടിക്കേണ്ടത് സിപിഐ(എം) ആയിരുന്നു. ആം ആദ്മി ഉയർത്തിയ വിപ്ലവം നമ്മൾ ശ്രദ്ധിച്ചതാണല്ലോ.

ഈ ചെറുപ്പക്കാരെ ഏറ്റവും അധികം സ്വാധീനിക്കുന്നത് സോഷ്യൽ മീഡിയ ആണ്. സോഷ്യൽ മീഡിയയെ സിപിഐ(എം) കൈക്കാര്യം ചെയ്യുന്ന രീതിയിൽ ഒരു പ്രശ്‌നം ഒളിഞ്ഞിരിപ്പുണ്ട്. പാർട്ടി നേതാക്കൾക്കുള്ള ധാർഷ്ട്യവും വരട്ട് തത്വശാസ്ത്രവും ഒക്കെ സോഷ്യൽ മീഡിയ ഭടന്മാർക്കുമുണ്ട്. യാതൊരു ജനാധിപത്യ ബോധവും ഇല്ലാതെ പാർട്ടിയെ വിമർശിക്കുന്നവരെ കില്ലപ്പട്ടിയെ വളഞ്ഞിട്ടു തല്ലുന്നതുപോലെ ആക്ഷേപിക്കുകയും നാണം കെടുത്തുകയും ചെയ്യുവാൻ ഒരു സാമർത്ഥ്യം സിപിഎമിൽ ഉണ്ട്. ഇവർ പലപ്പോഴും സംഘടിതമായി എത്തി നിഷ്പക്ഷക്കാരയവരെ പോലും വെറുപ്പിച്ചുകളയുന്നു. വിമർശനം സഹിക്കാൻ വയ്യാത്തവരുടെ ഒരു സംഘത്തോട് സമരസപ്പെടാൻ ആവാതെ പലരും സ്ഥലം കാലിയാകുന്നു. നേതാക്കന്മാരെ പ്രീതിപ്പെടുത്തിവാനായി സൈബർ കുത്തകാവകാശം കൈവശപ്പെടുത്തികൊണ്ട് ഇവർ നടത്തുന്ന ഗുണ്ടായിസം വഴി ചെറുപ്പക്കാർ മുഴുവനും ഓടി രക്ഷപ്പെടുകയാണ്. ഈ സൈബർ ഗുണ്ടകളെ നിലക്ക് നിർത്താതെ സിപിഎമിനു ഒരു കാരണവശാലും ചെറുപ്പക്കാരുടെ മനസ്സിൽ കയറിപ്പറ്റാൻ കഴിയില്ല.

അഹന്തയും ധാർഷ്ട്യവും നിറഞ്ഞ സിപിഐ(എം) നേതാക്കളുടെ മുഖം മിനുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വി ശിവൻകുട്ടിയും ഇപി ജയരാജനും പോലെയുള്ള നേതാക്കൾ പൊതു സമൂഹത്തിന് നൽകുന്നത് ധാർഷ്ഠ്യത്തിന്റെയും അഹങ്കാരത്തിന്റെയും അടയാളമാണ്. പിണറായി വിജയനെ പോലെയുള്ള നേതാവ് കുറച്ചുകൂടി പുഞ്ചിരിക്കേണ്ടിയിരിക്കുന്നു. ഒരു തരത്തിലും പൊതു ജനത്തിന് സഹിക്കാൻ കഴിയാത്ത ഈ ധാർഷ്ഠ്യ ഭാവത്തിൽ നിന്നും മാറാൻ സിപിഐ(എം) പ്രത്യേക പരിശീലനം തന്നെ നൽക്കേണ്ടിയിരിക്കുന്നു. എന്തെല്ലാം അഴിമതി കാട്ടിയാലും കാമറയ്ക്കു മുൻപിലും പൊതു ജനങ്ങൾക്ക് മുൻപിലും ചിരിക്കുന്ന കോൺഗ്രസുകാർ ജനത്തെ സഹിക്കാൻ പഠിപ്പിക്കുന്നു. തോമസ് ഐസക്കിനെയും എംഎ ബേബിയേയും എംബി രാജേഷിനേയും സമ്പത്തിനെയും പോലെയുള്ള നേതാക്കളെയാണ് അതിനായി മുൻപിൽ നിർത്തേണ്ടത്.

[BLURB#4-H]ഒരുകാര്യം കൂടി സൂചിപ്പിക്കാതിരിക്കാൻ സാധിക്കില്ല. സിപിഐ(എം) എന്ന പ്രസ്ഥാനത്തെ ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ വല്ലാതെ വെറുക്കുന്നതിന്റെ പ്രധാന കാരണം ടിപി എന്ന ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ അതിദാരുണമായ കൊലപാതകമാണ്. ടിപിയുടെ ആത്മാവാണ് സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടുന്നത്. പാർട്ടി എന്തെല്ലാം പറഞ്ഞാലും ശരി ടിപിയുടെ കൊലപാതകത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ അവർക്ക് സാധിക്കില്ല. ടിപിയെ കൊന്നതിന്റെ പേരിൽ ജയിലിലായ നേതാക്കൾക്കെതിരെ നടപടി എടുക്കാൻ പോലും സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഇനിയെങ്കിലും ആ കുറ്റം ഏറ്റുപറയുകയും അതിന് കേരളീയ സമൂഹത്തോട് മാപ്പ് പറയുകയും ടിപിയുടെ വിധവയുടെ കണ്ണീരിന് പരിഹാരം ഉണ്ടാകുകയും ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഒരു പാർട്ടി പ്രവർത്തകനെ പോലും അനുവദിക്കുകയില്ല എന്നു പറയുകയും ചെയ്യാതെ കേരളം ഇത് ക്ഷമിക്കുമെന്ന് കരുതുക വയ്യ. മുമ്പ് പറഞ്ഞ പല സൈബർ ഗുണ്ടകളും ടിപി വധത്തെ ന്യായീരിക്കുന്നത് കണ്ട് ഹൃദയം പൊട്ടിയ അനേകം പേർ ഈ സമൂഹത്തിൽ ഉണ്ട്.

ഇങ്ങനെ പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. കേരളീയ സമൂഹത്തിൽ സിപിഐ(എം) എന്ന പാർട്ടിക്കുള്ള പങ്ക് വ്യക്തമാകണമെങ്കിൽ അത് ഇല്ലാതായി തീരണം. ഈ സമൂഹത്തെ ഇത്രയും അന്തസ്സുള്ള ഒന്നാക്കി തീർത്തത് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ആദ്യ സർക്കാർ ആയിരുന്നു. യുഡിഎഫ് സർക്കാരിനൊപ്പം നിൽക്കുന്ന ഇവിടുത്തെ മതന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിന്റെ വില മനസ്സിലാകണമെങ്കിൽ ആ പാർട്ടി ഇവിടെ അപ്രസക്തമാകണം. അത്തരം ഒരു ആപത്ത് സംഭവിക്കാതിരിക്കാനായി പാർട്ടി തന്നെ സ്വയം വിമർശനം നടത്തുകയും അടിയന്തിര ചികിത്സ ആരംഭിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.