രു ഐപിഎസ് ഓഫീസർ ചുമതല ഒഴിയണം എന്നാവശ്യപ്പെടുന്നതോ ഒരു ഐപിഎസ് ഓഫീസറെ സ്ഥലം മാറ്റുന്നതോ ഒന്നും സാധാരണ ഗതിക്ക് ഒരു പ്രധാന വാർത്ത ആവേണ്ട കാര്യമല്ല. എന്നാൽ ഇന്നലെ മുതൽ ഒരു മന്ത്രിയുടെ രാജിക്ക് തുല്ല്യമായ ചർച്ചയാണ് ജേക്കബ് തോമസ് എന്ന ഐപിഎസ് ഓഫീസറുടെ ഒരു കത്തുമായി ബന്ധപ്പെട്ടു പുറത്തു വരുന്നത്. വിജിലൻസ് ഡയറക്ടറായി നാലു മാസം ജോലി ചെയ്ത ഡിജിപി ജേക്കബ് തോമസ് തന്നെ പദവി ഒഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു നൽകിയ കത്താണ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.

അവൈലബിൾ സെക്രട്ടറിയേറ്റ് വിളിച്ചു ഭരിക്കുന്ന പാർട്ടി ചർച്ചചെയ്യുക, ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും കൂടി കാണുക, മന്ത്രിമാരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തുക, തുടങ്ങിയ കാര്യങ്ങളാണ് ഇതിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത്. ഐഎഎസുകാരും ഐപിഎസുകാരും കൂട്ടം ചേർന്നു നീക്കങ്ങൾ നടത്തുന്നു. ഭരണസ്തംഭനം പോലും ഇതുമായി ബന്ധപ്പെട്ടു ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ജേക്കബ് തോമസിന്റെ രാജിക്കത്തിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാനുള്ള കാരണം സത്യസന്ധനെന്ന അദ്ദേഹത്തിനുള്ള സൽപ്പേര് തന്നെയാണ്. അഴിമതിക്കെതിരെ ഒറ്റയാൻ പോരാട്ടം നടത്തുന്ന ശ്രീ ജേക്കബ് തോമസ് വിജിലൻസിനെ സ്വതന്ത്രമാക്കാനും, അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും നിലയ്ക്കു നിർത്താനും ഗൗരവതരമായ നടപടികൾ ആണ് എടുക്കുന്നത്. മുൻ സർക്കാരിന്റെ കാലത്തെ പ്രധാന വില്ലനായിരുന്ന കെ എം മാണിക്കെതിരായും, കെ ബാബുവിനെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. മറ്റു അനേകം മന്ത്രിമാരും ഉദ്യോഗസ്ഥരും വിജിലൻസിന്റെ കത്തിമുനയിലാണ്. സ്പോർട്സ് കൗൺസിൽ പോലെയുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ അഴിമതിയും അന്വേഷണ പരിധിയിൽ വന്നു കഴിഞ്ഞു.

അതിനിടയിലാണ് അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ജേക്കബ് തോമസിനെതിരെ ശക്തമായ അഴിമതി ആരോപണം ഉണ്ടാകുന്നത്. വർഷങ്ങൾക്ക് മുൻപ് കൊച്ചി തറമുഖ ട്രസ്റ്റ് എംഡി ആയിരുന്നപ്പോൾ സോളാർ പാനൽ ഏർപ്പെടുത്തിയ വകയിൽ സർക്കാരിന് നഷ്ടമുണ്ടായി എന്നതിന്റെ പേരിലാണ് കേസ്. പലരും കരുതുന്നത് ആ അഴിമതി സംബന്ധിച്ച് ഇപ്പോൾ പുറത്തു വന്ന അന്വേഷണ റിപ്പോർട്ട് ആണ് ഇതെന്നാണ്. വാസ്തവം നേരെ മറിച്ചാണ്. ബാർ കോഴ വിഷയത്തിൽ ആർക്കും വഴങ്ങാതെ മാണിക്കെതിരെ ഉറച്ച നിലപാടെടുത്തപ്പോൾ മാണിക്കു ലഭിച്ച ഒരു പരാതിയുടെ വെളിച്ചത്തിൽ മാണിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തുന്നത്. എട്ടു പത്തു വർഷം മുൻപ് നടന്ന ഒരു വിഷയത്തെ അടിസ്ഥാനമാക്കി മാണിയുടെ താൽപ്പര്യം പ്രകാരം ഉണ്ടാക്കിയ റിപ്പോർട്ട് പക്ഷേ പുറത്തെടുക്കാൻ മാണിക്കോ ഉമ്മൻ ചാണ്ടിക്കോ ധൈര്യം ഉണ്ടായിരുന്നില്ല.

ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിക്കാൻ എനിക്കറിയാം എന്നു പരസ്യമായി പറഞ്ഞ ഉമ്മൻ ചാണ്ടിക്ക് തൊടാനാകാതെ പോയത് ആ റിപ്പോർട്ടിന്റെ പേരിൽ നടപടി എടുത്താൽ പണി കിട്ടുമെന്ന് അറിഞ്ഞു തന്നെ ആയിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും നിരവധി തവണ സമ്മർദ്ദം ചെലുത്തിയതാണ്. ഇപ്പോൾ അത് പുറത്ത് വന്നതും ചർച്ചയായതും രാഷ്ട്രീയ കാര്യങ്ങൾ കൊണ്ടല്ല എന്നതാണ് നേര്. തരക്കേടില്ലാത്ത ഒരു ഉദ്യോഗസ്ഥൻ എന്നു പേരുകേട്ട ഇപ്പോഴത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെയും അഴിമതിയുടെ പേരിൽ നിരവധി തവണ വിമർശന വിധേയനായ ടോം ജോസിനെതിരെയും ഉണ്ടായ ചില അന്വേഷണങ്ങളാണ് കാര്യങ്ങളുടെ ഗതി തിരിച്ചു വിട്ടത്. ഒന്നിനും വഴങ്ങാത്ത ജേക്കബ് തോമസിന്റെ വിജിലൻസ് അന്വേഷണത്തിൽ പണികിട്ടുമെന്ന് ഉറപ്പായപ്പോൾ അവരത് വീണ്ടും ചർച്ചചെയ്യുക ആയിരുന്നു.

ഏതാനും ആഴ്ചകൾക്ക് മുൻപ് ജേക്കബ് തോമസിനെതിരെയുള്ള റിപ്പോർട്ട് ആദ്യം ലഭിക്കുന്ന മാദ്ധ്യമം മറുനാടൻ ആയിരുന്നു. കൃത്യമായ ലക്ഷ്യത്തോടെയാണ് ആ റിപ്പോർട്ട് എത്തിയതെന്ന് അറിയാവുന്നതുകൊണ്ട് ഞങ്ങൾ ജേക്കബ് തോമസിനെതിരെ നീക്കം സജീവമായി എന്നു പറഞ്ഞു കൊണ്ടു അതു റിപ്പോർട്ട് ചെയ്തു. അതു കഴിഞ്ഞു കുറച്ചു ദിവസം കൂടി കഴിഞ്ഞാണ് മലയാള മാദ്ധ്യമങ്ങൾ അതു സജീവമായി എടുത്തത്. മനോരമ പോലൊരു പത്രത്തിന്റെ ഒന്നാം പേജിൽ നാലു കോളത്തിൽ ആ വാർത്ത വന്നപ്പോൾ തന്നെ ഗൂഢാലോചന വ്യക്തമായിരുന്നു. കെഎം എബ്രഹാമും മനോരമയും തമ്മിലുള്ള കുടുംബ ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. മറ്റ് പല ഉദ്യോഗസ്ഥന്മാർക്കെതിരെ ഉണ്ടായ പോലെ വലിയ അഴിമതി ആരോപണം ആയിരുന്നില്ല എന്നു മാത്രമല്ല ഒട്ടും കാലിക പ്രസക്തമല്ലാത്ത വിഷയവും ആയിരുന്നു എന്നോർക്കണം. എന്നിട്ടും ഇതു വലിയ ചർച്ച ആയത് തന്നെ ഗൂഢാലോചനയുടെ ലക്ഷ്യം വ്യക്തമായിരുന്നു.

ജേക്കബ് തോമസിനെതിരെ വാർത്ത വെളിയിൽ വന്നതോടെ എല്ലാ പാർട്ടികളും ഉണർന്നു. പ്രധാനമായും അതു സന്തോഷിപ്പിച്ചത് കെഎം മാണിയെയും കെ ബാബുവിനെയും ആയിരുന്നു. ടിഒ സൂരജ് അടക്കമുള്ള അനേകം ഉദ്യോഗസ്ഥരും അക്കൂട്ടത്തിൽ ചേർന്നു. വി എസ് ശിവകുമാറിനെ പോലെ അന്വേഷണം നേരിടാൻ ഇടയുള്ള എല്ലാ രാഷ്ട്രീയക്കാർക്കും അതൊരു അവസരമായിരുന്നു. സ്വജനപക്ഷപാത വിഷയത്തിൽ വിജിലൻസ് കേസെടുത്തതിനാൽ രാജിവെയ്‌ക്കേണ്ടി വന്ന ഇപി ജയരാജനും ഇതൊരു അവസരമായി കരുതുകയായിരുന്നു. സിപിഎമ്മിന് താൽപ്പര്യമുള്ള അനേകം ഉദ്യോഗസ്ഥരും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിൽ ഡിപ്ലോമ എടുത്തിട്ടുള്ള ചില നേതാക്കളും ഈ അവസരം മുതലെടുത്തു. കോടിയേരി ബാലകൃഷ്ണനെപ്പോലെയുള്ള നേതാക്കളുടെ നിലപാട് ജേക്കബ് തോമസ് മാറണം എന്നു തന്നെ ആയിരുന്നു. അത്തരം ഒരു സമ്മർദ്ദം ശക്തമായി വന്നതോടെയാണ് വിജിലൻസ് ഡയറക്ർ പദവി ഒഴിയണമെന്ന് അപേക്ഷിച്ചു കത്തു നൽകിയത്.

ദീർഘവീക്ഷണത്തോടെ ജേക്കബ് തോമസ് ചെയ്ത ഒരു പ്രവർത്തിയാണ് വിവാദത്തിന് കാരണമായത്. വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി സോളാർ പാനലുകൾ തുറമുഖ ഓഫീസിൽ സ്ഥാപിച്ചപ്പോൾ വലിയ മുടക്കു മുതൽ ഉണ്ടായി എന്നത് നേരാണ്. എന്നാൽ സർക്കാർ ഏജൻസികളായ സിഡ്‌കോയും കെൽട്രോണുമായിരുന്നു സോളാർ പാനലുകൾ സ്ഥാപിച്ചത് എന്നതാണ് എല്ലാവരും മറക്കുന്നത്. സോളാർ പാനലുകളിൽ നിന്നും ലാഭം ഉണ്ടാകണമെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചേ പറ്റു എന്നു എല്ലാവർക്കും അറിയാം. ജേക്കബ് തോമസിന് ശേഷം വന്ന ഉദ്യോഗസ്ഥർ അതിനു തയ്യാറാവാതെ വന്നപ്പോൾ മുടക്കിയ പണം വെറുതെ ആവുക ആയിരുന്നു. അതുകൊണ്ട് തന്നെ പദ്ധതി ഇട്ടയാളെയല്ല പദ്ധതി മുടക്കിയ ആളെയാണ്‌ പ്രതിചേർക്കേണ്ടത്. എന്നാൽ ഇവിടെ ദീർഘവീക്ഷണത്തോടെ ഒരു പദ്ധതി ഇട്ടതിന് ജേക്കബ് തോമസ് ഇപ്പോൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്.

ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാൽ ഒരു ഉദ്യോഗസ്ഥന് ഒരു പദ്ധതിയും ചെയ്യാൻ സാധിക്കുകയില്ല എന്നതാണ് സത്യം. എല്ലാ പദ്ധതികളും വിഭാവനം ചെയ്യുന്ന പോലെ വിജയിക്കണമെന്ന് എന്തുറപ്പാണുള്ളത്. എന്നാൽ അഴിമതിയിലൂടെ പണം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കണ്ടെത്തിയതെങ്കിലും ഈ ആരോപണത്തിൽ കഴമ്പുണ്ട് എന്നു കരുതാമായിരുന്നു. ഇവിടെ അത്തരം ഒരു ആരോപണം ഇല്ല എന്നോർക്കണം. ഇത് പറയുമ്പോൾ ഒരു കാര്യം സമ്മതിക്കാതിരിക്കാൻ പറ്റില്ല. ജേക്കബ് തോമസ് ഇപ്പോൾ വിജിലൻസിന്റെ ചുവന്ന കൊടി കാണിക്കുന്ന പല ഉദ്യോഗസ്ഥരും സമാനമായ പരാതി ഉന്നയിക്കുന്നുണ്ട്. സാങ്കേതികമായി മാത്രം കുറ്റക്കാരനാകുന്ന അഴിമതികളെ കണ്ടില്ലെന്നു നടിക്കാൻ ജേക്കബ് തോമസും ശ്രമിക്കേണ്ടതുണ്ട്. അഴിമതി നടത്തുക, സർക്കാർ പദ്ധതി അട്ടിമറിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ ചെയ്യുന്ന ഇടപാടുകളായിരിക്കണം കണ്ടെത്തേണ്ടതും വിചാരണ ചെയ്യപ്പെടേണ്ടതും.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജേക്കബ് തോമസ് കേരളത്തിലെ അഴിമതിവിരുദ്ധ മുഖമാണ്. അതു കാത്തു സൂക്ഷിക്കേണ്ടത് മലയാളികളുടെ ആവശ്യമാണ്. പിണറായി സർക്കാരിനെ കുറിച്ചു ജനങ്ങൾക്ക് ഇപ്പോഴും വലിയ പ്രതീക്ഷയാണുള്ളത്. അടിസ്ഥാനപരമായ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക, അഴിമതി തുടച്ചു നീക്കുക, സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങൾ ആണ് പിണറായി സർക്കാർ ഇപ്പോൾ ശ്രദ്ധിക്കുന്നത്. അതിന് തടസ്സമായി നിൽക്കുന്നതൊക്കെ മാറ്റിമറിക്കാൻ പിണറായി ശ്രമിക്കുന്നുണ്ട്. ബന്ധുനിയമനം വിഷയത്തിൽ മന്ത്രിസഭയിലെ രണ്ടാമന്റെ സ്ഥാനം തെറിച്ചതും, പൊതു മേഖലാ സ്ഥാപന നിയമനങ്ങൾക്ക് പൊതു മാനദണ്ഡങ്ങൾ കൊണ്ടുവന്നതും ആ അർത്ഥത്തിൽ വലിയ പാഠങ്ങളാണ്. മറ്റൊരു സർക്കാരിനും ഇത്തരം ഇച്ഛാശക്തിയോടെ ഒരു തീരുമാനം എടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നത് തന്നെ പിണറായി ചൂണ്ടിക്കാട്ടിയതുപോലെ തന്നെ ചില അവതാരങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ആണ്. അത്തരം അവതാരങ്ങളെ അകറ്റി നിർത്താൻ ജേക്കബ് തോമസിനെപ്പോലെയുള്ളവർ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അവതാരങ്ങൾ മാറി നിൽക്കുന്നത് പുത്തലത്ത് ദിനേശനെപ്പോലെയുള്ള നിഷ്‌കാമകർമ്മികൾ ഉള്ളതുകൊണ്ടാണ് എന്നു അറിയാവുന്നവർക്കറിയാം. അത്തരക്കാരെ പുകച്ചുനീക്കാൻ തൽപ്പര കക്ഷികൾ കള്ളക്കഥകളുമായി എത്തും. അത്തരത്തിലുള്ള ഒരു ശ്രമം ആണ് ജേക്കബ് തോമസിനെതിരെ നടക്കുന്നത്. അവതാരങ്ങളെ പിടികൂടി ഉള്ള അന്തസ് ഇല്ലാതാക്കാൻ ഇത്തരം നീക്കങ്ങൾ ചെറുത്തു തോൽപ്പിക്കണം. ജേക്കബ് തോമസിനെ പോലെയുള്ള ഉദ്യോഗസ്ഥൻ തന്നെ വിജിലൻസ് നോക്കണമെന്നും അതുകൊണ്ട് വിട്ടുപോകാൻ സമ്മതിക്കില്ലെന്നും തന്റേടത്തോടെ പരസ്യ പ്രസ്താവന നടത്താൻ മുഖ്യമന്ത്രിക്കാവണം. അതാണ് ജനങ്ങൾ പിണറായി സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നത്.