കേരളത്തിലെ ഏറ്റവും വലിയ ജ്വൂവല്ലറി ഗ്രൂപ്പുകളിൽ ഒന്നാണ് ജോയി ആലുക്കാസ്. ലോകത്തെ ഏറ്റവും സമ്പന്നരായ 1200 പേരുടെ ഫോർബെസ് പട്ടികയിൽ വരെ ജോയി ഒരു തവണ കയറി കൂടി. ലണ്ടൻ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോയി ആലുക്കാസിന് 130 ഷോറൂമുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജോയി ആലുക്കാസിൽ രാജ്യ വ്യാപകമായി ഒരു റെയ്ഡ് നടന്നാൽ അതൊരു വലിയ വാർത്ത തന്നെയാണ്. അതുകൊണ്ടാണ് ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുവും ഹിന്ദുസ്ഥാൻ ടൈംസും ഇന്ത്യൻ എക്സ്പ്രസ്സും അടക്കമുള്ള സർവ്വ പത്രങ്ങളും അത് വാർത്തയാക്കിയത്. എൻഡി ടിവിയും ടൈംസ് നൗവും അടക്കം ഇന്ത്യയിലെ എല്ലാ ദേശീയ ചാനലുകളിലും അതൊരു വലിയ വാർത്ത ആയിരുന്നു.

ദേശീയ തലത്തിൽ ചർച്ചയായ ഈ വിഷയം ഏറ്റവും അധികം ചർച്ച ചെയ്യേണ്ട കേരളത്തിൽ എത്രപേർ ഇതറിഞ്ഞു. എത്ര ചാനലുകൾ ഇതു വാർത്തയാക്കി? ഇന്നത്തെ എത്ര പത്രങ്ങളിൽ ഇതു വാർത്തയായി വന്നു? എത്ര നേതാക്കൾ ഇതേ കുറിച്ചു അഭിപ്രായം പറഞ്ഞു? എത്ര ബിസിനസ് അനലിസ്റ്റുകൾ ഇതിന്റെ പ്രസക്തിയെ കുറിച്ചു വിലയിരുത്തലുകൾ നടത്തി? എത്ര ചാനലുകൾ അന്തി ചർച്ച നടത്തി? ഇല്ല ആരും ഉണ്ടായില്ല. എഷ്യനെറ്റ് അൽപ്പം മര്യാദ കാട്ടി ചെറുതായി ഒരു വാർത്ത എഴുതി കാണിച്ചു കടമ നിറവേറ്റി. ജന്മഭൂമി സുപ്രഭാതം എന്നീ പത്രങ്ങൾ പ്രാദേശിക പേജിൽ ഒറ്റക്കോളം വാർത്ത പ്രസിദ്ധീകരിച്ചു അൽപ്പം മാന്യത കാട്ടി.

പരസ്യ താൽപ്പര്യങ്ങൾ നോക്കാതെ പ്രവർത്തിക്കുന്ന മാധ്യമം പോലും വാർത്ത പാടെ തിരസ്‌കരിച്ചു. പാർട്ടി പത്രമായ ദേശാഭിമാനിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ലേഖകന്റെ ശ്രദ്ധയിൽ പെടാത്ത വിധം ഏതെങ്കിലും പത്രം ഏതെങ്കിലും എഡീഷനിൽ ചെറുതായി കൊടുത്തിട്ടുണ്ടാവാം. എന്നാൽ കേരളത്തിലെ എല്ലാ പത്രങ്ങളുടെയും തിരുവനന്തപുരം എഡീഷൻ അരിച്ചു പെറുക്കി വായിച്ചപ്പോൾ കണ്ടെത്തിയത് ജന്മഭൂമിയിലെയും സുപ്രഭാതത്തിലെയും ഒറ്റക്കോളം വാർത്ത മാത്രമാണ്.

എന്തുകൊണ്ടാണ് ഈ വാർത്ത മുക്കിയത്? ഈ വാർത്തയ്ക്ക് അത്രയ്ക്കും പ്രാധാന്യം ഇല്ലേ? റെയ്ഡ് നടന്ന തമിഴ്‌നാട്ടിലെയും കർണ്ണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ഒക്കെ പത്രങ്ങളും ചാനലുകളും ഇതു വാർത്തയാക്കി. കാരണം രാജ്യം കണ്ട ഏറ്റവും വലിയ ഇൻകം ടാക്സ് റെയ്ഡുകളിൽ ഒന്നായിരുന്നു ഇത്. ഒരേ സമയം ഇരുന്നൂറോളം ഉദ്യോഗസ്ഥർ 130 ഷോറൂമുകളിൽ നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തിയത് അനേകം ക്രമക്കേടുകളാണ്.

കേരളത്തിലെ മാധ്യമങ്ങളിൽ അൽപ്പം എങ്കിലും നട്ടെല്ലുള്ളത് രണ്ട് മാധ്യമങ്ങൾക്ക് മാത്രമാണ്. ഏഷ്യനെറ്റിലും മാധ്യമത്തിനും. സമ്മർദ്ദങ്ങളുടെ ഭാഗമായി ആണെങ്കിലും കൂടി സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ കുറിച്ചു ചർച്ച നടത്താനും അൽപ്പം വെള്ളപൂശിക്കൊണ്ടാണെങ്കിലും ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ വാർത്തയാക്കാനും തന്റേടം കാട്ടിയത് ഏഷ്യനെറ്റാണ്. മാധ്യമവും അവർക്ക് വളരെയേറെ പ്രാധാന്യം ഉള്ള വിഷയങ്ങൾ ഒഴികയുള്ളവയെ കുറിച്ചു പേരിനെങ്കിലും വാർത്ത കൊടുക്കാറുണ്ട്. ഇക്കുറിയും ഏഷ്യനെറ്റ് പ്രതീക്ഷ തെറ്റിച്ചില്ല. എന്നാൽ മാധ്യമത്തിന് ബാഹ്യ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സാധിച്ചില്ല.

കാരണം ലളിതമാണ്. ജോയ് ആലുക്കാസിന്റെ പരസ്യം നൽകുന്ന പരസ്യ ഏജൻസസിടെ തലവൻ ഇന്നലെ എല്ലാ മാധ്യമങ്ങൾക്കും ഒരു ഭീഷണി കത്ത് അയച്ചു. ഈ വാർത്ത ഏതെങ്കിലും പത്രം പ്രസിദ്ധീകരിച്ചാൽ തുടർന്നുള്ള പരസ്യ കരാർ റദ്ദ് ചെയ്യും എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. പേടിച്ചു വിറച്ചു പോയ മാധ്യമങ്ങൾ ആലുക്കാസിലെ റെയ്ഡ് വാർത്തി മുക്കി. സോഷ്യൽ മീഡിയ ഇത്രയും സജീവമായ കാലത്താണ് ഈ അന്യായം എന്നോർക്കണം. ജോയി ആലുക്കാസുകാരൻ ഒരു ഷോറും തുടങ്ങിയാൽ ബിസിനസ്സ് പേജിൽ എട്ടു കോളം വാർത്ത ചെയ്യന്നവരാണ് ഇത്രയും പ്രധാനപ്പെട്ട ഒരു ഒരു വാർത്ത ഒറ്റക്കോളത്തിൽ പോലും കൊടുക്കാൻ മടി കാട്ടിയത്.

[BLURB#1-VL]ഈ ആധുനിക കാലത്ത് വാർത്ത മുക്കലോ എന്ന ചോദ്യം ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല. മുത്തൂറ്റിന്റെ ശാഖകളിലും ഗോകുലം ഗോപാലന്റെ ശാഖകളിലും കഴിഞ്ഞ വർഷം വമ്പൻ റെയ്ഡുകൾ നടന്നിരുന്നു. കോഴിക്കോടുള്ള തായ് ഗ്രൂപ്പ് എന്നൊരു കമ്പനിയിൽ നടന്ന റെയ്ഡിൽ കോടികളുടെ കള്ളപ്പണമാണ് പിടിച്ചത്. എന്നിട്ടും ഈ വാർത്തകൾ ഒന്നും പുറം ലോകം അറിഞ്ഞില്ല. ഗോകുലം ഗോപാലന്റെ റെയ്ഡ് ഇന്ത്യയിലെ തന്നെ വലിയൊരു വാർത്ത ആവേണ്ടതായിരുന്നു. 1100 കോടി വെളിപ്പെടുത്താത്ത പണമാണ് ഗോകുലം ഗോപാലനിൽ നിന്നും പിടിച്ചത്.

റെയ്ഡിന്റെ കാര്യം അവിടെ നിൽക്കട്ടെ. പത്തനംതിട്ടയിലെ കരിക്കിനേത്ത് തുണിക്കടയുടെ ഉടമ ഒരു ജീവനക്കാരനെ തല്ലിക്കൊന്നിട്ടു ഏതെങ്കിലും പത്രങ്ങൾ വാർത്ത എഴുതിയോ? ഇല്ലാത്ത ഭൂമിയിൽ ഇല്ലാത്ത പദ്ധതി പ്രഖ്യാപിച്ച് ആളുകളിൽ നിന്നും പണം പിരിക്കാൻ ബോബി ചെമ്മണ്ണൂർ രംഗത്തിറങ്ങിയപ്പോൾ ഒന്നാം പേജ് പരസ്യം കൊടുത്തില്ലേ ഇവിടെയുള്ള മാധ്യമങ്ങൾ. എന്നിട്ടു ആ പദ്ധതി എന്തായി എന്നു തിരക്കാനുള്ള ബാധ്യത ഇവർക്കാർക്കമില്ലേ?

എത്ര ഭയാനകമാണ് നമ്മുടെ മാധ്യമങ്ങളുടെ സമകാലിക അവസ്ഥ എന്നോർക്കു. പാവപ്പെട്ടവൻ പട്ടിണി മാറ്റാനോ കൈയിൽ കാശില്ലാത്തതിനാൽ എളുപ്പവഴിയിലോ ഒന്നോ രണ്ടോ ലിറ്റർ ചാരായം വാറ്റിയാൽ വാർത്തയാക്കാൻ ഒരു ഉളുപ്പും ഇല്ലാത്ത മാധ്യമങ്ങൾ ആണിവർ. ഒരു ഓട്ടോറിക്ഷക്കാരൻ ഒരു രൂപ കൂടുതൽ വാങ്ങിയാൽ അതൊരു എക്സ്‌ക്ലൂസീവ് ആക്കുന്ന മാധ്യമ സിംഹങ്ങളുടെ നാടാണിത്. പൂർണസമ്മതത്തോടെ പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും ഏതെങ്കിലും ഹോട്ടലിൽ പോയി താമസിച്ചാൽ റെയ്ഡും അറസ്റ്റും നടത്തിച്ചു അതിന്റെ വാർത്ത അടുക്കുന്ന നാടാണിത്.

[BLURB#2-VR]മുഖ്യമന്ത്രി മൈക്ക് കൊണ്ടു മൂക്കിൽ കുത്തിയപ്പോൾ കടക്ക് പുറന്നു എന്നു പറഞ്ഞതിന്റെ പേരിൽ ആഴ്ചകളോളം ബഹളം വച്ച നാടാണിത്. പ്രകോപനത്തെ തുടർന്ന് വിടി ബലറാം നടത്തിയ ഒരു പ്രസ്താവന ആഴ്ചകളോളം നീണ്ട നിൽക്കുന്ന വിവാദമാക്കി മാറ്റിയ മാധ്യമങ്ങളുടെ നാടാണിത്. ആരുടെയെങ്കിലും വായിൽ കൊണ്ടു പോയി മൈക്ക് വച്ചു എന്തെങ്കിലും പറഞ്ഞ് ബ്രേക്കിങ് ന്യൂസ് ഉണ്ടാക്കുന്ന നാടാണിത്. എന്നാൽ അവർക്കൊന്നും വായനക്കാരെ അറിയേണ്ട ഈ വാർത്ത മുടങ്ങയതിൽ വിഷമം ഇല്ല. എന്നിട്ടു ഇവർ പറയുന്നു നേരോടെ നിർഭയം; എന്ന സത്യത്തിനൊപ്പം, നേരിന്റെ വഴി കാട്ടി എന്നൊക്കെ. ഫൂ.. ലജ്ഞ തോന്നുന്നു.

പക്ഷം ചേർന്ന് നിൽക്കുന്ന വായനക്കാരുടെയും പണം കിട്ടിയാൽ നടുവ് വളയുന്ന മാധ്യമങ്ങളും മുമ്പിൽ വേറിട്ട് നിൽക്കാൻ ശ്രമിക്കുന്ന മറുനാടനെ പോലെയുള്ള മാധ്യമങ്ങൾക്ക് നേരെ എത്ര വെളിച്ചപ്പാടുമാരാണ് ഇപ്പോഴും വാളെടുക്കുന്നത്? ആരെങ്കിലും എവിടെയെങ്കിലും ഏതെങ്കിലും പറയുന്നത് കേട്ട് മറുനാടൻ പണം വാങ്ങി വാർത്ത മുക്കി എന്നു വരെ ആരോപിക്കുന്നവരില്ലേ? അവർക്കാർക്കും മറുനാടൻ മുക്കിയ ഒരു വാർത്തയും ഇന്നേവരെ ചൂണ്ടിക്കാട്ടാൻ പറ്റിയിട്ടില്ല. എന്നാൽ ഇത്രയും നഗ്‌നമായ വാർത്താ വ്യഭിചാരം നടന്നിട്ടും എവിടെ പോയി ഒളിച്ചിരിക്കുകയാണ് മറുനാടനെ വിമർശിക്കുന്ന ആ സദാചാര ഗുണ്ടകൾ? എന്തെ അവർക്കാർക്കും ഇപ്പോൾ വായില്ലേ?

വലിയ നഷ്ടം സഹിച്ചു തന്നെയാണ് ഞങ്ങളെ പോലെയുള്ളവർ ഇത്തരം പ്രലോഭനങ്ങളെ അതിജീവിക്കുന്നത്. ഒന്നു നടുവളഞ്ഞാൽ ലക്ഷങ്ങളും കോടികളും ഇങ്ങെത്തുന്ന പണിയാണിത്. നീതിക്കുവേണ്ടി പോരാടുന്നതിന് വേണ്ടി കേസുകൾ നടത്തി തന്നെ കൊടുക്കേണ്ടി വരുന്നുണ്ട് ലക്ഷങ്ങൾ. എന്നിട്ടും നടുവ് വളയ്ക്കാതെ മുമ്പോട്ട് പോകുന്നത് ഞങ്ങൾക്ക് പണത്തോട് ആർത്തിയില്ലാത്തതുകൊണ്ടാണ്. കൈയടിച്ചു പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ഇതൊന്നും കണ്ടില്ലെന്നു നടിക്കരുത്. മറുനാടൻ മുക്കിയ ഒരു വാർത്തയും ആർക്കും കാണിച്ചു തരാൻ സാധിക്കില്ല എന്ന ആത്മവിശ്വാസമാണ് ഞങ്ങളുടെ അടിത്തറ.

ഇത്തരം ജോയ് ആലുക്കാസുമാരെ ഭയപ്പെടുന്ന നട്ടെല്ലിന് പകരം റബ്ബർ സ്റ്റാമ്പ് വച്ചു പിടിപ്പിച്ചിരിക്കുന്ന ഭീരുക്കളായ മാധ്യമങ്ങളെ കാണുമ്പോൾ എങ്കിലും ഇതു ഞങ്ങളുടെ വായനക്കാർ ഓർത്താൽ കൊള്ളാം.