മംഗളം കാണിച്ചത് അധാർമ്മികവും തെമ്മാടിത്തരവും ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. എഡിറ്റിങ് പോലുമില്ലാതെ ലൈംഗിക സംഭാഷണം പുറത്ത് വിട്ടത് അധാർമ്മികവും സ്വകാര്യതയിലേക്കുള്ള അനാവശ്യമായ ഒളിഞ്ഞു നോട്ടവും ആണ് എന്ന വിമർശനം അംഗീകരിച്ചു കൊണ്ടാണ് പരാതിയുമായി എത്തിയ വീട്ടമ്മയെ വശീകരിച്ചു ലൈംഗിക സല്ലാപത്തിൽ ഏർപ്പെട്ടു എന്നു മംഗളം പറഞ്ഞപ്പോൾ അതു വിശ്വസിച്ചതും പിന്തുണച്ചതും. എന്നാൽ മന്ത്രിയുടെ മനുഷ്യൻ എന്ന ബലഹീനതയെ മംഗളം ലേഖിക മനഃപൂർവ്വം ചൂഷണം ചെയ്തു കുഴിയിൽ വീഴിക്കുക ആയിരുന്നു എന്നു വ്യക്തമായപ്പോൾ ആ പിന്തുണ പൂർണ്ണമായും പിൻവലിക്കുക ആയിരുന്നു. 

സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്ന നിലയിൽ അധാർമ്മികമായ മംഗളത്തിന്റെ നടപടിക്കെതിരെയായിരുന്നു പൊതു വികാരം. മംഗളം കുറ്റം ഏറ്റു പറയുക കൂടി ചെയ്തതോടെ ആ വികാരം അതിശക്തമായി മാറി. മംഗളത്തിന്റെ വീഴ്ചയെ കേരളത്തിലെ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ പിന്നീട് വലിയ ആഘോഷം ആക്കുന്ന കാഴ്ചയാണ് കണ്ടത്. പൊതുവെ മാധ്യമ പ്രവർത്തകർ എന്തു തെമ്മാടിത്തരം കാണിച്ചാലും മൗനം പാലിക്കുന്ന സഹപ്രവർത്തരെല്ലാവരും ഒരിമിച്ചു ചേർന്ന് മംഗളത്തെ എറിഞ്ഞു വീഴ്‌ത്താൻ ശ്രമിക്കുന്ന കാഴ്ചയാണ് കണ്ടത്.

അതിന്റെ പിന്നിൽ അധാർമ്മികതയെക്കുറിച്ചുള്ള നിലപാടിനപ്പുറം ഒരു ആശങ്കയുണ്ടായിരുന്നു. ആരെയും മുറിവേൽപ്പിക്കാതെ പ്രമുഖനും പ്രമുഖയും പ്രമുഖ സ്വകാര്യ സ്ഥാപനവുമായി മാധ്യമപ്രവർത്തനം നടത്തുന്നവർക്കിടയിൽ ടാബ്ലോയ്ഡ് ജേർണലിസവുമായി വന്നാൽ സംഭവിക്കാനിടയുള്ള സ്വാധീന നഷ്ടം തന്നെയായിരുന്നു ഇതിന്റെ പിന്നിൽ. പലതവണ ചൂണ്ടിക്കാട്ടിയത് പോലെ സരിത സോളാർ വിഷയത്തിലും ജോസ് തെറ്റിയൽ വിഷയത്തിലും ചാരക്കേസിലും അടക്കം മാധ്യമങ്ങൾ പുലർത്തിയ തികച്ചും അധാർമ്മികമായ നിലപാടുകൾ കണ്ടില്ലെന്നു നടിച്ചവർ മംഗളത്തിനെതിരെ ഒരു പോലെ കല്ലെറിഞ്ഞതിന്റെ കാരണം അതുമാത്രമായിരുന്നു.

സഹപ്രവർത്തകരുടെ പോലും പിന്തുണ ഇല്ലാതെ മംഗളം ലേഖകരും മാനേജ്‌മെന്റും അലയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. യാതൊരു സദാചാരവും പാലിക്കാതെ കയ്യിൽ കിട്ടിയ വാർത്തകൾ ഒക്കെ ശരി തെറ്റുകൾ പോലും നോക്കാതെ സംപ്രേഷണം ചെയ്തു അനേകായിരം നിരപരാധികളെ കണ്ണീർ കുടിപ്പിച്ച ചാനൽ പ്രവർത്തകരൊക്കെ ഒരു സുപ്രഭാതത്തിൽ സദാചാര കമ്മറ്റിക്കാരുടെ പ്രസിഡന്റും സെക്രട്ടറിയുമായി വിലസുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്‌. അവസരം മുതലെടുത്ത് പൊലീസ് പത്രമോഫീസിൽ കയറി റെയ്ഡ് നടത്തുകയും നിയമവിരുദ്ധമായി കേസ് രജിസ്റ്റർ ചെയ്തു സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇല്ലീഗാലിറ്റിയും ഇമ്മോറാലിറ്റിയും രണ്ടാണ് എന്ന് പൊലീസിന് മാത്രമല്ല മാധ്യമപ്രവർത്തകർക്കും തിരിച്ചറിയാൻ പറ്റുന്നില്ല.

അവരൊക്കെ അജന്താലയം അജിത്ത് കുമാറിനെയും ജയചന്ദ്രനെയും സാജൻ വർഗ്ഗീസിനെയും പൊലീസ് പിടിച്ചു കൊണ്ടു പോയി ഇടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു. നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ പൊലീസിന് അവർക്ക് നിയമം അനുസരിക്കുന്ന വിധത്തിലുള്ള നടപടി എടുക്കാനുള്ള അധികാരം ഉണ്ട് എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ അത് നിയമലംഘത്തിന്റെ പേരിൽ മാത്രം ആയിരിക്കണം. നിർഭാഗ്യവശാൽ മംഗളത്തിനെതിരെ പൊലീസ് എടുത്തിരിക്കുന്നത് സദാചാര പൊലീസിന്റെ റോളാണ്. നിയമത്തിന്റെ മുൻപിൽ ഒരു തരത്തിലും നിലനിൽക്കാത്ത കുറ്റങ്ങൾ ചാർത്തിയാണ് പൊലീസ് മുൻപോട്ടു പോകുന്നത്.

ശശീന്ദ്രന്റെ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസ് ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ചാനൽ ഉടമ സാജൻ വർഗ്ഗീസ്, സിഇഒ അജിത് കുമാർ, ന്യൂസ് കോർഡിനേറ്റർമാരായ എം.ബി. സന്തോഷ്, റിഷി കെ. മനോജ്, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കെ. ജയചന്ദ്രൻ, വാർത്താ അവതാരകരായ ലക്ഷ്മി മോഹൻ, ഫിറോസ് അലി, എസ്.വി. പ്രദീപ്, മന്ത്രിയുമായി ഫോണിൽ സംസാരിച്ചു എന്നു സംശയിക്കുന്ന പേരറിയാത്ത പെൺകുട്ടി എന്നിവരാണ് യഥാക്രമം ഒന്നു മുതൽ ഒൻപത് വരെയുള്ള പ്രതികൾ. ഇവർക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത് ഐപിസിയിലെ 120 (ബി) യും ഐറ്റി ആക്ടിലെ 67 (എ) യുമാണ്. ഇവർ ചെയ്തു എന്നു പൊലീസ് ആരോപിക്കുന്ന കുറ്റത്തെ കുറിച്ചു എഫ്‌ഐആറിൽ ഇങ്ങനെ പറയുന്നു:-

"മംഗളം ചാനലിന്റെ പ്രവർത്തകരായ 1 മുതൽ 8 വരെ പ്രതികളും 9-ാം പ്രതിയും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി ചാനലിന്റെ മാർക്കറ്റിങ്ങിന് വേണ്ടിയും അതിലൂടെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എ കെ ശശീന്ദ്രന് മാനഹാനി വരുത്തണമെന്നു ഉദ്ദേശത്തോടും കരുതലോടും കൂടി ടി മംഗളം ടെലിവിഷൻ ചാനലിലൂടെ 26-03-2017 പകൽ 11 .00നും 11.30നും ഇടയ്ക്കുള്ള സമയം ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തും അന്നേ ദിവസം 5.46നു മംഗളം ടെലിവിഷൻ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ പബ്ലിഷ് ചെയ്തും പൊതുജനങ്ങൾ കാണുന്നതിനും ഷെയർ ചെയ്യുന്നതിനും ഇടയാക്കിയിരിക്കുന്നു എന്നുള്ളത്." 

ഈ എഫ്‌ഐആറിന്റെ വിശദാശങ്ങളിലേക്ക് കടക്കും മുൻപ് ചാർജ്ജ് ചെയ്തിരിക്കുന്ന രണ്ടു വകുപ്പുകളും എന്താണ് എന്നു പരിശോധിക്കാം. ഐപിസി 120 (ബി) എന്നത് കുറ്റകരമായ ഗൂഢാലോചന എന്ന കുറ്റമാണ്. ഏതെങ്കിലും ഒരു കുറ്റകൃത്യം ചെയ്യാൻ വേണ്ടി രണ്ടോ അതിലധികമോ പേരോ ഗൂഢോലോചന നടത്തുന്നതിനെയാണ് ഈ വകുപ്പിൽ പെടുത്തുന്നത്. ഇവിടെ പ്രധാനപ്പെട്ട കാര്യം ഒരു കുറ്റം ചെയ്യാൻ വേണ്ടി ഗൂഢോലോചന നടത്തി എന്നതാണ്. എഫ്‌ഐആറിൽ തന്നെ പറയുന്നുണ്ട് ഇവരിത് സംപ്രേഷണം ചെയ്തത് മാധ്യമത്തിന്റെ മാർക്കറ്റിങ്ങിനു വേണ്ടിയാണ് എന്ന്. ആ പിശക് തിരുത്താൻ വേണ്ടി പിന്നീട്‌  പറയുന്നത് മന്ത്രിക്ക് മാനഹാനിയുണ്ടാക്കാൻ വേണ്ടി ഗൂഢാലോചന നടത്തി എന്നാണ്.

[BLURB#1-VL]മാനഹാനി എന്നത് സിവിലും ക്രിമിനലുമായ കുറ്റം ആണെങ്കിലും പൊലീസിന് നേരിട്ട് കേസ് എടുക്കാനാവില്ല. ഒരു പരാതി കിട്ടിയാൽ പോലും കേസ് എടുക്കാൻ അവകാശം ഇല്ല. മാനഹാനി വന്നവനാണ് സിവിൽ ആയി വേണമോ, ക്രിമിനലായി വേണമോ എന്നു തീരുമാനിച്ച് കോടതിയെ സമീപിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇവിടെ പൊലീസിന് ഇടപെടാൻ ഒരു അധികാരവും ഇല്ല. എന്നു മാത്രമല്ല ഇവിടെ ഒരു പരാതിക്കാരനേയില്ല. പരാതിക്കാരൻ പോലും ഇല്ലാത്ത കേസിൽ ഒരു സിവിൽ ഡിസ്പ്യൂട്ട്‌ പൊലീസ് ഇടപെടുന്നത് ചട്ടവിരുദ്ധവും ഡിജിപിയുടെ സർക്കുലറിന്‌ എതിരും മനുഷ്യാവകാശ കമ്മിഷൻ, ഹൈക്കോടതി എന്നിവയുടെ ഉത്തരവുകൾക്ക് വിരുദ്ധവുമാണ്. അങ്ങനെ ചെയ്താൽ അതു ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി എടുക്കണം എന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാമത്തെ കാര്യം ഇവിടെ ഒരു ക്രിമിനൽ ഗൂഢാലോചന നടന്നു എന്നു തെളിയിക്കാൻ പൊലീസിന്റെ കയ്യിൽ യാതൊരു പ്രാഥമിക തെളിവുകളും ഇല്ല എന്നതാണ്. ചാനലിന്റെ മാർക്കറ്റിങ്ങിനു വേണ്ടി ഒരു സ്റ്റിങ് ഓപ്പറേഷൻ പ്ലാൻ ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്തു. എന്നു മാത്രമല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സ്റ്റിങ് ഓപ്പറേഷൻ നടത്തിയ ലേഖികയെ വിധവയായ പരാതിക്കാരിയായി മാറ്റി. ആ ധാർമ്മികമായ പിശകിന് ചാനൽ ചെയ്യേണ്ടത് പ്രേക്ഷകരോട് ക്ഷമ പറുകയും അത്തരം മണ്ടത്തരം കാട്ടാതിരിക്കുകയും മാത്രമാണ്. അതിന്റെ പേരിൽ കേസ് എടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതരെയുള്ള കടന്നു കയറ്റവുമാണ്. അല്ലെങ്കിൽ സ്റ്റിങ് ഓപ്പറേഷൻ എന്നത് ഒരു ക്രിമിനൽ കുറ്റമായി നിയമത്തിൽ പറയണമായിരുന്നു.

ഇനി രണ്ടാമത് ചാർജ്ജ് ചെയ്തിരിക്കുന്ന വകുപ്പ് നോക്കുക. ഐടി ആക്ടിലെ 67 എ അനുസരിച്ച് ലൈംഗികമായ എന്തെങ്കിലും ഒരു ഇലക്ട്രോണിക് മാധ്യമത്തിലൂടെ സംപ്രേഷണം ചെയ്താൽ അഞ്ചു വർഷം വരെ തടവ് കിട്ടും. ശശീന്ദ്രനുമായുള്ള സംഭാഷണം തികഞ്ഞ അശ്ലീലം ആയിരുന്നതിനാൽ ഈ വകുപ്പ് ചാർജ്ജ് ചെയ്യുന്നതിന് പൊലീസിനെ കുറ്റം പറയാൻ സാധിക്കില്ല. എന്നാൽ ആർക്കെതിരെയാണ് ഇതു ചാർജ് ചെയ്യാൻ പറ്റുന്നത്. ചാനലിന്റെ സംപ്രേഷണത്തിന് ഉത്തരവാദിത്വമുള്ളവർക്കെതിരെ മാത്രമാണ് ഇതു സാധിക്കുന്നത്. ഉടമ എന്ന നിലയിൽ സാജൻ വർഗ്ഗീസിനെതിരെയും സംപ്രേഷണത്തിന്റെ ഉത്തരവാദിത്വം ഉള്ളയാൾ എന്ന നിലയിൽ അജിത് കുമാറിനെതിരെയും മാത്രം ചാർജ്ജ് ചെയ്യുന്ന വകുപ്പാണ് വാർത്ത വായിച്ചവരടക്കമുള്ള ഒൻപത് പേർക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്.

[BLURB#2-H]

ഈ നിയമവിരുദ്ധ പ്രവർത്തിയാണ് എതിർക്കപ്പെടേണ്ടത്. അതിനെതിരെയാണ് കേരളത്തിലെ മാധ്യമപ്രവർത്തകരും മാധ്യമങ്ങളും പോലും കുറ്റകരമായ നിശബ്ദത പുലർത്തുന്നത്. അധാർമ്മികമായ ഒരു പ്രവർത്തിക്കെതിരെ ശബ്ദം ഉയർത്തുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഒരു മാധ്യമത്തിനെതിരെ നിയമവിരുദ്ധമായ പ്രവർത്തി നടത്താൻ ഭരണകൂടങ്ങൾ ശ്രമിക്കുമ്പോൾ എതിർക്കേണ്ടതും. വാർത്ത വായിക്കുന്നവർക്കെതിരെയൊക്കെ കേസ് എടുക്കാൻ തുടങ്ങിയാൽ എങ്ങനെയാണ് സ്വതന്ത്രമായ മാധ്യമപ്രവർത്തനം സാധ്യമാകുന്നത്? വാർത്ത വായിക്കാൻ ഇരിക്കുമ്പോൾ പ്രോംപ്റ്ററിൽ തെളിയുന്നതുവരെ ഏതു വാർത്തയാണ് വായിക്കുന്നത് എന്നു പോലും അവതാരകർക്ക് അറിയില്ല എന്നു മറക്കരുത്.

എന്നിട്ടും ഇവിടുത്തെ മാധ്യമപ്രവർത്തകർ കമാന്ന് ഒരു അക്ഷരം മിണ്ടുന്നില്ല. എന്നിട്ടും ഇവിടുത്തെ മാധ്യമപ്രവർത്തകർ കമാന്ന് ഒരു അക്ഷരം മിണ്ടുന്നില്ല. പൊലീസിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. ജനവികാരം എതിരായിരിക്കുകയും, സഹപ്രവർത്തകർ പോലും നിശബ്ദത പാലിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ മംഗളത്തിലെ പത്രപ്രവർത്തകരും മാനേജ്‌മെന്റും പൂർണ്ണമായും കീഴടങ്ങുകയും സർക്കാരിന് ഭീഷണിയായി അവർ ഇതിനോടകം കരസ്ഥമാക്കിയിരിക്കുന്ന കണ്ടെത്തി നശിപ്പിക്കുകയോ, ഭയപ്പെടുത്തി അത് സംപ്രേഷണം ചെയ്യുന്ന അവസ്ഥ ഒഴിവാക്കുകയോ ചെയ്യുക. സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ പെടും ഈ ഭരണകൂട ഭീകരത. ആരെയും പിടിച്ച് അകത്തിടാനോ, കേസ് എടുത്ത് ശിക്ഷിക്കാനോ ഒന്നും സർക്കാർ ആഗ്രഹിക്കുന്നില്ല എന്നു വ്യക്തമാണ്. മംഗളത്തെ കീഴടക്കുക മാത്രമാണ് ഇവിടെ ലക്ഷ്യം. ഈ ലക്ഷ്യത്തിനാണ് അറിഞ്ഞുകൊണ്ട് മറ്റു മാധ്യമ പ്രവർത്തകർ നിന്നു കൊടുക്കുന്നത്. അതിനെ പിന്തുണയ്ക്കാൻ എന്തായാലും ഞങ്ങളെ കിട്ടില്ല.

മംഗളത്തിന്റെ അധാർമ്മികതയ്‌ക്കെതിരെ പ്രതികരിച്ച അതേ തന്റേടത്തോടെ തന്നെ എതിർക്കപ്പെടേണ്ടതാണ് തികച്ചും നിയമവിരുദ്ധമായ ഈ പ്രവർത്തിയെ. ഒരു തെമ്മാടിത്തരത്തെ നേരിടേണ്ടത് മറ്റൊരു തെമ്മാടിത്തരം കൊണ്ടാവരുത്. ഇപ്പോൾ കുറ്റകരമായ മൗനം പാലിച്ചാൽ നാളെ പൊലീസ് കേരളത്തിലെ ഓരോ പത്രഓഫീസുകളിലും ചാനൽഓഫീസുകളിലും കയറി നിരന്തരം മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കും. അതൊഴിവാക്കാൻ നിയമവിരുദ്ധമായ പൊലീസ് നടപടിക്കെതിരെ കേരളത്തിലെ പത്രസമൂഹം ഒരുമിച്ചുനിന്നു പോരാടേണ്ടിയിരിക്കുന്നു. കേരള പത്രപ്രവർത്തക യൂണിയൻ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം. ഇവിടെ വിഷയം മംഗളവും അജന്താലയം അജിത് കുമാറുമല്ല. മാധ്യമപ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം ആണ്. അത് ഹനിക്കാൻ ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല.