- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്താണ് സാർ ഈ അനാശാസ്യം എന്നുവച്ചാൽ? പ്രായപൂർത്തിയായ രണ്ട് പേർ ഒരുമിച്ച് താമസിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ? എന്ന് നന്നാകും ഈ പൊലീസും പത്രങ്ങളും?
ഇന്നത്തെ മിക്ക പത്രങ്ങളും വളരെ പ്രാധാന്യത്തോടെ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അനാശാസ്യം: പഞ്ചായത്ത് അംഗവും യുവതിയും അറസ്റ്റിൽ എന്നായിരുന്നു തലക്കെട്ട്. കേരളം കണ്ട കൊടും കുറ്റവാളികളായ ഇവരുടെ പൂർണവിലാസവും പേരും വാർത്തയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഒരു സർക്കിൾ ഇൻസ്‌പെക്ടറുടേയും ഒരു സബ് ഇൻസ്‌പെക്ടറുടേയും നേതൃത്വത്തിൽ ഒരു വലിയ
ഇന്നത്തെ മിക്ക പത്രങ്ങളും വളരെ പ്രാധാന്യത്തോടെ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അനാശാസ്യം: പഞ്ചായത്ത് അംഗവും യുവതിയും അറസ്റ്റിൽ എന്നായിരുന്നു തലക്കെട്ട്. കേരളം കണ്ട കൊടും കുറ്റവാളികളായ ഇവരുടെ പൂർണവിലാസവും പേരും വാർത്തയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഒരു സർക്കിൾ ഇൻസ്‌പെക്ടറുടേയും ഒരു സബ് ഇൻസ്‌പെക്ടറുടേയും നേതൃത്വത്തിൽ ഒരു വലിയ സംഘം പൊലീസാണ് ഓപ്പറേഷനു വേണ്ടി ഇറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് സി. ഐ നാസറുദ്ദീൻ, ശ്രീകാര്യം എസ്. ഐ രാജേഷ് കുമാർ, എ. എസ്.ഐ അശോക് കുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സജി, വനിതാ സി.പി.ഒ ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടികൂടിയ മെമ്പറോടൊപ്പം കണ്ടെത്തിയ യുവതിയുടേയും പൂർണവിലാസവും ഇരുവരും തലയിൽ മുണ്ടിട്ടു നിൽക്കുന്ന ചിത്രങ്ങളും പൊലീസ് മാദ്ധ്യമങ്ങൾക്ക് എത്തിച്ചുകൊടുത്തു. ചിലരൊക്കെ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചില്ലെങ്കിലും ആർക്കും ആ വാർത്ത മിസ് ആയില്ല. ഇതോടെ കേരളത്തിലെ മുഴുവൻ അനാശാസ്യപരിപാടികളും അവസാനിക്കുകയും കേരളം സദാചാരവാദികളുടെ പറുദീസയായി മാറുകയും ചെയ്തിരിക്കുന്നു. കഷ്ടം തോന്നുന്നു ഈ വാർത്ത കണ്ടിട്ട്. നമ്മുടെ പൊലീസും പത്രങ്ങളും ആർക്കുവേണ്ടിയാണ് ഈ സദാചാര പൊലീസ് കളിക്കുന്നത്? ക്രിമിനലുകളും അഴിമതിക്കാരും മുട്ടിനു മുട്ടിനു കയ്യുംകെട്ടി നോക്കിനിൽക്കുമ്പോൾ അതൊന്നും കണ്ടില്ലെന്നു നടിക്കുന്ന പൊലീസ് ആർക്കുവേണ്ടിയാണ് രണ്ടു പേരുടെ സ്വകാര്യജീവിതത്തിൽ ഒളിഞ്ഞുനോക്കി അലമ്പുണ്ടാക്കുന്നത്?
രണ്ടു കുടുംബങ്ങളെ തകർത്തു തരിപ്പണമാക്കാമെന്നല്ലാതെ ഇതുകൊണ്ട് എന്തു പ്രയോജനം ആണ് ഈ സമൂഹത്തിന് ഉണ്ടാകുന്നത്? പ്രായപൂർത്തിയായ രണ്ടു പേർക്ക് ആരുടേയും നിർബന്ധം ഇല്ലാതെ ഒരുമിച്ച് ഒരു ലോഡ്ജിൽ താമസിക്കാൻ കഴിയില്ല എന്നു ഇന്ത്യൻ ഭരണഘടനയിൽ എഴുതി വച്ചിട്ടുണ്ടോ? ഇല്ലെന്നാണറിവ്. ഉണ്ടെങ്കിൽത്തന്നെ ആ ഭരണഘടന പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. ഇല്ലാത്ത നിയമത്തെ വ്യാഖ്യാനിച്ച് രണ്ടു കുടുംബത്തേയും അവരുടെ കുഞ്ഞുങ്ങളേയും വഴിയാധാരമാക്കിയ പൊലീസുകാർക്കെതിരെ നടപടി എടുക്കേണ്ടിയിരിക്കുന്നു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കരുത് എന്നു മാദ്ധ്യമങ്ങൾക്ക് കർശനമായ നിർദ്ദേശം നൽകേണ്ടിയിരിക്കുന്നു.
പണം വാങ്ങിക്കൊണ്ടു നടത്തുന്ന ശരീരവിൽപ്പനയും പൊതുജനങ്ങൾക്കു ശല്യമാകുന്ന തരത്തിൽ നടക്കുന്ന ഇടപാടുകളും സംഘടിതമായ വേശ്യാവൃത്തിയും ഒക്കെയാണ് തുടച്ചു നീക്കപ്പെടേണ്ടതും ഇല്ലാതാക്കേണ്ടതും. പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും അവർക്ക് ഇഷ്ടമുള്ളതുകൊണ്ട് ഒരുമിച്ചു താമസിച്ചാൽ അതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നതു കാടത്തവും മനുഷ്യാവകാശ ലംഘനവുമാണ്. പരിഷ്‌കൃത സമൂഹം ഒരു തരത്തിലും അംഗീകരിക്കുന്ന വസ്തുത അല്ല ഇത്. ഇത്രയും വ്യാജ സദാചാര പൊലീസ് ഇവിടെ ഉണ്ടായിട്ടും പ്രായം തികയാത്ത എത്രയോ പെൺകുട്ടികളെയാണ് നരാധമഗ്ഗ#ാർ കടിച്ചു തിന്നുന്നത്. അതു തടയാൻ പറ്റാത്ത പൊലീസ് എന്തിനു വേണ്ടിയാണ് പാവങ്ങളുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കി പൊട്ടിച്ചിരിക്കുന്നത്?
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോൺ വിളിച്ചാൽ അസഭ്യം പറയുന്ന നാടാണിത്. ഒരു സരിതാ നായർ വിചാരിച്ചാൽ ഏതു മന്ത്രിയേയും പറ്റിക്കാൻ പറ്റുന്ന നാടാണ് ഇത്. ഒരു പെണ്ണിനെ മുന്നിൽ നിർത്തി 10,000 കോടി രൂപ ഇവിടെനിന്ന് അടിച്ചുമാറ്റിയെന്നു സർക്കാർ ചീഫ് വിപ്പ് തന്നെയാണ് ആരോപിക്കുന്നത്,ആരും അതു വിശ്വസിക്കുന്നില്ലെങ്കിൽപ്പോലും. ഉന്നതനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ സർക്കാർ വണ്ടിയിൽ പോയി തട്ടിപ്പ് നടത്തിയെന്നും പൊലീസ് പറയുന്നു. ഇവിടെയൊന്നും അറസ്റ്റുമില്ല, അനേ്വഷണവും ഇല്ലെന്നിരിക്കെ സ്വന്തം ഇഷ്ടപ്രകാരം ഒരു ആണും പെണ്ണും ഒരുമിച്ചു താമസിച്ചത് വൻ അപരാധമാക്കി നടപടിയെടുത്തും അവരെ കോടതിയിൽ ഹാജരാക്കി 15 ദിവസം റിമാൻഡ് ചെയ്യിച്ചും മാദ്ധ്യമങ്ങൾക്കു വാർത്ത ചോർത്തിക്കൊടുത്തും പൊലീസ് നടത്തിയ നീതിനിർവഹണം ഒരു കാരണവശാലും ന്യായീകരിക്കാൻ പറ്റില്ല. ഇത്തരം നെറികേടുകളെ നെറികേടുകളായി കണ്ട് തള്ളിക്കളയാൻ നിയമപീഠത്തിനെങ്കിലും വകതിരിവ് ഉണ്ടാകേണ്ടിയിരിക്കുന്നു.
ഭാവിപ്രധാനമന്ത്രിയായി നാം കാണുന്ന രാഹുൽ ഗാന്ധി വർഷങ്ങൾക്കുമുമ്പു കുമരകത്തെ വൻകിട റസോർട്ടിൽ താമസിച്ചപ്പോൾ പ്രായപൂർത്തിയായ ഒരു യുവതി ഒപ്പമുണ്ടായിരുന്നല്ലോ.അന്നു നമ്മുടെ പൊലീസിനു തോന്നിയില്ലല്ലോ ഈ മൂല്യബോധം. വൻകിട ഹോട്ടലുകളിലും റിസോർട്ടുകളിലും വമ്പന്മാരും സെലിബ്രിറ്റികളും യുവതികളെ കൊണ്ടുവന്ന് ഇതേ പ്രവൃത്തി ചെയ്യുമ്പോൾ കണ്ണടച്ചു പിടിക്കുകയാണല്ലോ ഏമാന്മാർ ചെയ്യുന്നത്.കേരളത്തിലെ വമ്പൻ ഹോട്ടലുകളും റിസോർട്ടുകളും ഇത്തരക്കാരെ മുന്നിൽക്കണ്ടാണു പണം മുടക്കിയിരിക്കുന്നതെന്ന് ഈ സദാചാരവാദികൾക്കറിയാഞ്ഞിട്ടല്ല.
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഏർപ്പാടല്ല, നാളുകളായി കേരളാ പൊലീസ് ഇതു ചെയ്തുവരുന്നു. കേരളത്തിൽ സദാചാര പൊലീസ് വ്യാപകമായിട്ടു നാളുകളേറെയായി. സദാചാരപൊലീസിന്റെ അക്രമത്തിൽ കോഴിക്കോട് മുക്കത്ത് ഒരാൾക്കു ജീവൻ വരെ നഷ്ടമായിട്ടുണ്ട്. നിയമം കൈയിലെടുക്കുന്ന സദാചാര പൊലീസിന്റെ മറ്റൊരു മുഖമാണ് നിയമവിധേയമെന്ന മട്ടിൽ പൊലീസും ചെയ്തുകൊണ്ടിരിക്കുന്നത്. നാട്ടിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തികൾ എല്ലാം കണ്ടിട്ടും കാണാത്ത മട്ടു കാണിക്കുന്ന സ്വഭാവമുള്ള പൊലീസിന് ഇത്തരം കാര്യങ്ങളിലുള്ള അമിതോത്സാഹത്തിന്റെ സാംഗത്യമാണു മനസിലാകാത്തത്.
നിയമത്തിലെ കുഴപ്പം ആണെങ്കിൽ അതു തിരുത്തിയും അതല്ല, നിയമവ്യാഖ്യാനത്തിലെ കുഴപ്പമാണെങ്കിൽ അതിനു പരിഹാരം ഉണ്ടാക്കിയും ഈ തിന്മ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു. അതിനുള്ള തുടർനടപടികൾ എടുക്കാൻ ഈ സർക്കാരിനു സാധിക്കട്ടെ.