ട്ടെല്ലുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും നട്ടെല്ലുള്ള ഭരണകർത്താക്കളും ഇന്ത്യ മഹാരാജ്യത്ത് മഷിയിട്ടു നോക്കിയാൽ കിട്ടുകയില്ല. ധീരവും ഭാവനപൂർണ്ണവുമായ നിലപാട് എടുക്കുകയും ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ഭരണാധികാരികൾ നമുക്ക് കുറവാണ്.

അവിടെയും ഇവിടെയും ഒക്കെ ചിലരെ നമ്മൾ കണ്ടെത്തുമ്പോൾ പലപ്പോഴും അവർ അധികാര ഗർവ്വിന്റെയും ധാർഷ്ട്യത്തിന്റെയും പ്രതീകങ്ങളായി മാറുന്നു. ഉദ്യോഗസ്ഥരുടെ കാര്യം പറയുകയേ വേണ്ട. പൊടിപ്പും തൊങ്ങലും വച്ചു ചില മന്ത്രികളെ മാധ്യമങ്ങൾ മനഃപൂർവ്വം സൃഷ്ടിക്കാറുണ്ടെങ്കിലും അവരിൽ പലരും പ്രശസ്തിക്കുവേണ്ടി മാത്രം വേഷം കെട്ടുന്നവരാണ് എന്നതാണ് സത്യം.

ഇത്തരം ഒരു സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് സഖാവ് പിണറായി വിജയൻ കേരളത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. ഒരുപാടു പേർക്ക് പരാതികൾ ഉണ്ടെങ്കിലും നെട്ടെല്ലുള്ള ഒരു പ്രധാനമന്ത്രിയേ കിട്ടൂ എന്നു ബഹുഭൂരിപക്ഷം വരുന്നവർ ചിന്തിച്ചു തുടങ്ങിയ സമയത്ത് തന്നെയാണ് കേരളത്തിന് നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രിയെയും കിട്ടിയത്. മറ്റു പല നേതാക്കളെയും പോലെ അവിടെയും ഇവിടെയും മുറിവേൽപ്പിക്കാതെ എല്ലാവരെയും ഒരുമിപ്പിച്ചു നിർത്താൻ വേണ്ടി നാടകം കളിക്കുന്ന ഒരു നേതാവായിരുന്നില്ല പിണറായി വിജയൻ.

മുല്ലപ്പെരിയാർ- ആതിരപ്പള്ളി വിഷയങ്ങളിൽ വിയോജിപ്പുണ്ടെങ്കിൽ പോലും സ്വന്തം നിലപാട് ഭയം കൂടാതെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യത്തിൽ പിണറായി മാതൃകാപരമായ സത്യസന്ധതയാണ് കാട്ടിയത്. ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങളും ഈ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി. മാധ്യമങ്ങളുമായുള്ള സുഖകരമല്ലാത്ത ബന്ധം മൂലം അത്തരം ക്ഷേമ പ്രവർത്തനങ്ങൾ പലതും പുറം ലോകം അറിഞ്ഞതേയില്ലെന്നതാണ് സത്യം.

ഇതൊക്കെ ശരിയാണെങ്കിലും ഉറച്ച പല നിലപാടുകളും അറിയാതെ ജനവിരുദ്ധമാവുകയോ ധൈര്യത്തിന്റെ വഴിയെ സഞ്ചരിക്കുകയോ ചെയ്യുന്നു എന്നു പറയാതെ വയ്യ. തികച്ചും ജനവുരുദ്ധമായ നിലപാട് എടുക്കുകയും ആ നിലപാടിൽ ഒരു ലജ്ജയും ഇല്ലാതെ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയെ നമ്മൾ ഈ അടുത്തകാലത്തായി കാണുകയാണ്.

എണ്ണി എണ്ണി പറയാൻ ഒരു പാട് സംഭവങ്ങൾ ഉണ്ടെങ്കിലും പിണറായി സർക്കാരിനെ ഏറെ വിവാദങ്ങളിലാക്കിയ ചില വിഷയങ്ങൾ മാത്രം ചൂണ്ടിക്കാട്ടാം. ജിഷ്ണുവിന്റെ ആത്മഹത്യ തുടർന്ന് നെഹ്‌റു കോളേജിൽ ഉണ്ടായ സംഘർഷങ്ങളും മഹിജയുടെ സമരവും വരെയുള്ള കാര്യങ്ങളാണ് അവയിൽ ഏറ്റവും പ്രധാനം.

[BLURB#1-VL]ജനാഭിപ്രായത്തിന് അനുകൂലമാണെങ്കിൽ കൂടി വിഷയത്തിൽ എടുത്തു നിയമവിരുദ്ധമായ നിലപാടുകളും ലോ അക്കാദമി പ്രശ്‌നത്തിലെ അലംഭാവവും ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപദേശകരുടെ നിയമനവും പൊലീസിന്റെ നിയന്ത്രണം ഇല്ലായ്മയും ജേക്കബ് തോമസിന്റെ സ്ഥാനചലനവും ഒക്കെ ഇതിന്റെ ഉദാഹരണങ്ങൾ ആണ്.

പിണറായി വിജയന്റെ ആരാധകനായിരുന്ന ജിഷ്ണു മരിച്ചപ്പോൾ ഒന്നു പോയി കാണാൻ മനസ്സു വച്ചിരുന്നെങ്കിൽ തീരേണ്ട വിഷയമായിരുന്നു ആഴ്ചകളോളം സർക്കാരിനെ വേട്ടയാടിയ വിഷയമായി മാറിയത്. മഹിജയെയും ബന്ധുക്കളെയും ഡിജിപി കാണാൻ എത്തിയപ്പോൾ കാണാൻ അനുവദിച്ചിരുന്നെങ്കിൽ ഇത്രയും വലിയ സംഘർഷത്തിന് കാരണം ആവുമായിരുന്നോ? എന്നാൽ മുഖ്യ മന്ത്രിയുടെ പിടിവാശിയും ധാർഷ്ട്യവും അതിനു അനുവദിച്ചില്ല. ആ വിഷയം ജനമനസ്സുകളിൽ ഉണ്ടാക്കിയ മുറിവ് അത്ര നിസ്സാരമല്ല.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഒരു അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ചെയ്തു കൊടുത്തിരുന്ന പിആർ ജോലികൾ ചെയ്യാൻ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ മൂന്നു പേരും അഞ്ചു ഇൻഫോർമേഷൻ ഓഫീസർമാരും വരെ പ്രവർത്തിക്കുന്നു എന്നത് പിണറായി വിജയൻ സർക്കാരിന്റെ പ്രതിച്ഛായയെ ഏറെ ബാധിക്കുന്ന ഒരു ദുരന്തമാണ്.

എന്നിട്ടു ഹിന്ദു പോലെയുള്ള പത്രങ്ങളിൽ ചില മിനുക്കു വാർത്തകൾ വരുത്താൻ അല്ലാതെ ഒന്നിനും കഴിയുന്നില്ല എന്നോർക്കണം. മംഗളത്തിന്റെ മാധ്യമ പ്രവർത്തന ശൈലിയോട് എതിർപ്പുണ്ടെങ്കിലും ഒരു വാർത്തയുടെ പേരിൽ മൂന്നാഴ്ചയിൽ അധികമായി രണ്ടു മാധ്യമ പ്രവർത്തകർ അഴിയെണ്ണുന്ന സാഹചര്യവും അത്ര നല്ലതല്ല. ഖജനാവ് കൊള്ളയടിച്ചും മറ്റും കൊടും കുറ്റവാളികൾ ഒരു പോറൽ പോലും ഏൽക്കാതെ ജീവിക്കുന്ന നാട്ടിലാണ് ഇതെന്നോർക്കണം.

തുടർച്ചയായ ഇത്തരം ദുരന്തങ്ങളിൽ ഏറെ ഭീതിദമായ കാഴ്ചയാണ് മൂന്നാർ വിഷയത്തിലൂടെ ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. മൂന്നാർ വിഷയത്തിൽ നിയമം ലംഘിക്കുന്ന സ്വന്തം പാർട്ടിയെ നിലയ്ക്കു നിർത്താൻ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കഴിയുന്നില്ല. ഒരു മന്ത്രി തന്നെയാണ് നിയമ ലംഘനത്തിന് ആഹ്വനം ചെയ്യുന്നതും നേതൃത്വം നൽകുന്നുതും. പാർട്ടിയുടെ എംഎൽഎ താമസിക്കുന്നത് പോലും കയ്യേറ്റ ഭൂമിയിലാണ്. അതിനെയൊക്കെ ന്യായീകരിക്കുക മാത്രമല്ല തന്നിൽ നിഷിപ്തമായിരിക്കുന്ന കടമ നിറവേറ്റാൻ ശ്രമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി ആക്ഷേപിക്കുകയും ശ്വാസിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഭരണം മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മൂന്നാറും പരിസരപ്രദേശങ്ങളും ഏതാണ്ട് പൂർണ്ണമായി തന്നെ അനധികൃതമായി കൈവശം വയ്ക്കപ്പെട്ടിരിക്കുകയാണ്. തോട്ടം തൊഴിലാളികളും ചെറുകിട കർഷകരും ദയ അർഹിക്കുമ്പോഴും അവരുടെ ലേബലിൽ വൻകിട ഭൂമി മാഫിയ മൂന്നാറിനെ കാർന്നു തിന്നുകയാണ്. കൃഷിയാവശ്യത്തിനും വീടു പണിതു സ്ഥാപിക്കാനും മാത്രം പതിച്ചു കൊടുക്കാൻ പറ്റുന്ന ഭൂമി എങ്ങനെ ശതകോടികൾ മുടക്കി പണിത റിസോർട്ടുകളുടെ സ്വന്തമായി എന്നത് കണ്ടെത്തേണ്ടതുണ്ട്.

[BLURB#2-VR]തൂമ്പ കേറ്റാൻ പോലും നിയന്ത്രണം ഉള്ള ഇടുക്കി വനാന്തരങ്ങളിൽ എങ്ങനെ വൻകിട പാറമടകൾ ഉയർന്നു വന്നു എന്നും ഇല്ലിക്കാടുകൾ എങ്ങനെ പാട്ടാക്കാലാവധി കഴിഞ്ഞു മുതലാളിമാരുടെ കയ്യിലെ സാധാരണ ഭൂമിയായി എന്നും ടാറ്റായുടെ കയ്യിൽ ഇരിക്കുന്ന അൻപതിനായിരത്തോളം ഏക്കാർ എന്തുകൊണ്ട് പിടിച്ചെടുക്കുന്നില്ല എന്നുമൊക്കെയുള്ള അനേകം ചോദ്യങ്ങളാണ് ഉയരുന്നത്.

വല്ലപ്പോഴും ദേവികുളത്തെത്തുന്ന സബ് കളക്ടർമാരും ഇടുക്കിയിലെ ജില്ലാ കളക്ടർമാരും നിയമം നടപ്പിലാക്കാൻ ശ്രമിക്കുകയും ചില മാറ്റങ്ങൾ ഒക്കെ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ബാബു പോളും അൽഫോൻസ് കണ്ണന്താനവും ഒക്കെ ഇങ്ങനെ ദേവീകുളത്ത് പരീക്ഷണങ്ങൾ നടത്തി മടങ്ങിയവരാണ്. അവരുടെ പിൻഗാമിയായാണ് ശ്രീരാം എന്ന യുവ ഐഎഎസുകാരൻ വരുന്നത്. ശ്രീരാം ഇന്നലെ കുരിശു പൊളിച്ചതും സി.പി.എം നേതാക്കളോട് മെക്കിട്ടു കേറിയതും ഒക്കെ നിയമനം അനുശാസിക്കുന്ന കടമയുടെ ഭാഗമായി മാത്രമാണ്. മന്ത്രിയും കളക്ടറും നിർദ്ദേശിച്ചിട്ടാണ് ഇന്നലെ കുരിശു പൊളിച്ചത് എന്നു ശ്രീരാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ സിആർപിസിയിലെ 133ാം വകുപ്പ് അനുസരിച്ച് സബ് കളക്ടർക്ക് അതിനുള്ള അധികാരം ഉണ്ട്.

ആ അധികാരം പ്രയോഗിച്ചതിനെതിരെയാണ് ഇന്നലെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്. വിശ്വാസികൾ പോലും ഉയർത്താത്ത മതവികാരത്തിന്റെ കാര്യം മുഖ്യമന്ത്രി തന്നെ പറയേണ്ടി വരുന്ന സാഹചര്യം അപമാനകരവും വേദനാജനകവുമാണ്. ഇടുക്കിയിൽ മാത്രമല്ല കേരളത്തിലെ മിക്ക മലനിരകളിലും ഇങ്ങനെ കുരിശുകൾ കാണാം. ദുഃഖവെള്ളിയാഴ്ച ദിവസങ്ങളിൽ ഈ കുരിശിനു സമീപം പ്രാർത്ഥിക്കാനായി മലകയറുന്നവർക്ക് മനസ്സിലാക്കാം. എന്നാൽ പലരും ഈ മലനിരകളിൽ സ്ഥിരം കുരിശു സ്ഥാപിക്കുകയും ആരാധനകൾ നടത്തുകയും ചെയ്യുന്നു. തികച്ചും നിയമവിരുദ്ധമായാണ് ഈ കയ്യേറ്റങ്ങൾ.

[BLURB#3-VL] ഇങ്ങനെ കുരിശു നാട്ടുന്ന മലനിരകളിൽ എല്ലാം വിശ്വഹിന്ദു പരിഷത്തുകാർ ശൂലം കൂടി നാട്ടിയാൽ എന്തായിരിക്കും സർക്കാരിന്റെ നിലപാട്. പുറംപോക്കു ഭൂമിയിൽ കുരിശു നാട്ടാമെങ്കിൽ ശൂലവും സ്ഥാപിക്കാം എന്നു പറഞ്ഞാൽ അതിനെ നിഷേധിക്കാൻ ആർക്കും സാധിച്ചെന്നു വരില്ല. അത്തരം ഒരു സംഘർഷത്തിലേക്ക് നാടിനെ നയിക്കാൻ വേണ്ടിയാണണോ മുഖ്യമന്ത്രി ക്രൈസ്തവർക്ക് പോലും ഇല്ലാത്ത മതവികാരത്തെ കുറിച്ചു ഇന്നലെ വാചാലനായത്?

കുരിശു പൊളിക്കലിനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന കത്തോലോക്ക മെത്രാന്മാർ ഇന്നലെ നിലപാടു മാറ്റിയത് പോലും മുഖ്യമന്ത്രി നൽകിയ ധൈര്യത്തിന്റെ പുറത്തായിരുന്നു. ഒരു കുരിശും പൊളിക്കുന്നതിനോട് സർക്കാർ യോജിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ കാട്ടിയത് തെറ്റാണ് എന്നുമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

എന്നാൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശു ശരിക്കുള്ള കുരിശല്ലെന്നും അതൊരു കോൺക്രീറ്റ് നിർമ്മിതി മാത്രമാണ് എന്നും വിശ്വാസികളും ഭൂരിപക്ഷം മെത്രാന്മാരും വൈദികരും കരുതുന്നു. അതു അംഗീകരിക്കാൻ കഴിയാത്തത് സിപിഎമ്മിനും ദേശാഭിമാനിക്കും മാത്രമാണ്. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതും അത്തരം ഒരു നിലപാടാണ്. സർക്കാർ ഭൂമി കയ്യേറി കുരിശല്ല തൃശൂലം സ്ഥാപിച്ചാലും അതു പൊളിച്ചു കളയണം. മലയാറ്റൂർ പള്ളിയും ശബരി മല ക്ഷേത്രവും പോലെയുള്ള ചില സ്ഥാലങ്ങൾക്ക് മാത്രമേ ഇളവനുവധിക്കാവൂ. കേരളത്തിലെ മിക്ക മലനിരകളിലും അനധികൃതമായ കുരിശുകൾ ഇപ്പോൾ ഉണ്ട്. അവയൊക്കെ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ദുഃഖവെള്ളിയാഴ്ച ദിവസം മല കയറുമ്പോൾ പ്രത്യേക മരക്കുരിശ് സ്ഥാപിക്കട്ടെ.

[BLURB#4-VR]കുരിശ് കൂടംകൊണ്ട് അടിച്ചും ജെസിബി കൊണ്ടു തള്ളിക്കേറിയും തകർക്കുന്നത് കണ്ടു പലരുടെയും വികാരം പൊട്ടിയെന്നാണ് മറ്റൊരു വിമർശനം. രണ്ടു മരക്കുമ്പുകൾ കുറുകെയെടുത്ത് കാട്ടിയാൽ ഒരു കുരിശാവുകയില്ല. അതു കുരിശാകണമെങ്കിൽ വിശുദ്ധീകരിക്കപ്പെടുകയും പ്രാർത്ഥനയുടെ ഭാഗം ആവുകയും ചെയ്യണം. അനധികൃതമായി ഭൂമി പിടിച്ചെടുത്ത് നിയമവിരുദ്ധമായി കുരിശു നാട്ടി ഉദ്യോഗസ്ഥരെ തടയാൻ മാർഗ്ഗതടസ്സം ഉണ്ടാക്കിയവർ സ്ഥാപിച്ചത് എങ്ങനെയാണ് കുരിശാവുക. അതിൽ യേശുക്രിസ്തുവില്ല പകരം സാത്താൻ ആണ് വസിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം ഒരു കുരിശു തകർച്ചയെ കുറിച്ചു ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല.

ഇനി അഥവാ അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ ഒരു മറുചോദ്യം ചോദിക്കാനുണ്ട് കേരളത്തിലെ പുരാതനമായ അനേകം പള്ളികൾ കാലാകാലങ്ങളിൽ പൊളിച്ചു കളഞ്ഞിട്ടുണ്ട്, നൂറ്റാണ്ടുകളായി വിശ്വാസികൾ പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്ത ആ പള്ളികൾ പൊളിച്ചു കളഞ്ഞപ്പോൾ അതോടൊപ്പം ആ കുരിശുകളും നശിപ്പിക്കപ്പെട്ടു.

അവയൊക്ക നശിപ്പിക്കപ്പെട്ടത് ചുറ്റികയും കൂടവും ഒക്കെ ഉപയോഗിച്ചു തന്നെയാണ്. അന്നൊന്നും ആർക്കും തോന്നാത്ത വികാരം ഇപ്പോൾ തോന്നേണ്ട കാര്യമില്ല. ഇനി അഥവാ അതു തെറ്റാണെങ്കിൽ കുരിശിനു മേൽ കൂടം കയറുന്നതും ജെസിബി കയറുന്നതു ഒക്കെ ലൈവായി കാണിച്ച ചാനലുകൾ മാത്രമാണ് ഉത്തരവാദികൾ. അവരെയാണ് ശിക്ഷിക്കേണ്ടത് അല്ലാതെ നിയമനം നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയല്ല.

പിണറായി വിജയന് ശരിക്കും എന്തു പറ്റി എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. കേരളത്തിൽ ഒരു സമഗ്രമായ മാറ്റം പ്രതീക്ഷിച്ചാണ് വിജയനെ ആളുകൾ അധികാരത്തിൽ കയറ്റിയത്. എന്നാൽ പലപ്പോഴും പ്രതികൂലമായ നിലപാട് എടുക്കുകയാണ് ഈ സർക്കാർ. സമരം കൊണ്ടെന്ത് നേടി? എന്തിനു വേണ്ടി ആയിരുന്നു സമരം എന്നൊക്കൊ ചോദിക്കുന്ന മാനസികാവസ്ഥയിലേക്ക് സഖാവി വിജയൻ മാറിയിരിക്കുന്നു.

സോഷ്യൽ മീഡിയായിൽ വിമർശനം ഉന്നയിക്കുന്നവരെ പോലും പിടിച്ചു അകത്തിടുന്ന അസഹിഷ്ണുതയുടെ കാലത്തേക്ക് വിജയന്റെ പൊലീസ് മാറിയിരിക്കുന്നു. സമരത്തെ സഹായിക്കുന്നവരെ ഭരണകൂടത്തിനെതിരെയുള്ള ഗൂഢാലോചനക്കാരാക്കി മാറ്റുന്നു. ഈ മാറ്റം ആശങ്കാജനകമാണ്. നിരാശാജനകമാണ്. എവിടെയാണ് പിശക് പറ്റിയതെന്ന് കണ്ടെത്തി തിരുത്താൻ സമയമായിരിക്കുന്നു.