- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദർശത്തിന്റെ കാവൽമാലാഖമാർക്ക് ഇതിനപ്പുറം നാണംകെടാനാവില്ല; ഉടൻ രാജിവയ്ക്കാം; അല്ലെങ്കിൽ സി സി ടി വി രക്ഷയ്ക്കെത്തട്ടെ
കോൺഗ്രസ് രാഷ്ട്രീയം ഇത്രമേൽ അധപ്പതിച്ച ഒരു കാലം കേരള ചരിത്രത്തിൽ ഇല്ല. ആദർശത്തിന്റെ കാവൽമാലാഖമാർ എന്ന നിലയിൽ കേരളത്തിന്റെ പത്രമുത്തശ്ശിമാർ കാലാകാലങ്ങളായി വരച്ചുകാട്ടുന്ന ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും മേൽ ഇപ്പോൾ തട്ടിപ്പിന്റെ ദല്ലാളുമാരെന്ന കളങ്കം വീണിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ആകട്ടെ, മൂന്നാംകി
കോൺഗ്രസ് രാഷ്ട്രീയം ഇത്രമേൽ അധപ്പതിച്ച ഒരു കാലം കേരള ചരിത്രത്തിൽ ഇല്ല. ആദർശത്തിന്റെ കാവൽമാലാഖമാർ എന്ന നിലയിൽ കേരളത്തിന്റെ പത്രമുത്തശ്ശിമാർ കാലാകാലങ്ങളായി വരച്ചുകാട്ടുന്ന ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും മേൽ ഇപ്പോൾ തട്ടിപ്പിന്റെ ദല്ലാളുമാരെന്ന കളങ്കം വീണിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ആകട്ടെ, മൂന്നാംകിട കൂട്ടിക്കൊടുപ്പുകാരെക്കാൾ അധഃപ്പതിച്ചിരിക്കുന്നു എന്നതിന് ഇനി എന്താണു തെളിവുകൾ വേണ്ടത്. സുതാര്യകേരളം സുതാര്യഭരണം എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രി ഇതുവരെ കാട്ടിക്കൂട്ടിയതൊക്കെ പൊയ്മുഖങ്ങളുടെ പ്രതിഫലനങ്ങൾ മാത്രം ആയിരുന്നുവോ?
ഒരു രാഷ്ട്രീയക്കാരനു വേണ്ട അടിസ്ഥാനപരമായ സത്യസന്ധത ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും അടക്കമുള്ള മിക്ക നേതാക്കളും വിട്ടുകളഞ്ഞു എന്നു കേരളീയർ മനസിലാക്കുന്നു. തുടക്കം മുതൽ ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും നുണയാണു പറയുന്നതെന്ന് എല്ലാവരും കരുതിത്തുടങ്ങിയിരിക്കുന്നു.അവരുടെ വ്യക്തിത്വത്തിനേറ്റ കളങ്കമാണിത്.
ഇന്നലെ സോളാർ തട്ടിപ്പുകേസിലെ പരാതിക്കാരിൽ ഒരാളായ ശ്രീധരൻനായർ വെളിപ്പെടുത്തിയ കാര്യങ്ങൾ സത്യമാണെങ്കിൽ അവ ആത്മാഭിമാനമുള്ള ഏതു പൗരനെയും വേദനിപ്പിക്കുന്നതും നിരാശരാക്കുന്നതുമാണ്. പ്രത്യേകിച്ച് കോൺഗ്രസ്സിനേയും കോൺഗ്രസ് സംസ്‌കാരത്തേയും വികാരമായി മനസിൽ കൊണ്ടുനടക്കുന്ന സാധാരണ പ്രവർത്തകർക്ക്.
താൻ സരിതയും ജോപ്പനുമായി ചേർന്നു മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു കണ്ടെന്നും മുഖ്യമന്ത്രിക്ക് സരിതയേയും കൂട്ടുകാരെയും നന്നായി അറിയാമെന്നും മുഖ്യമന്ത്രിയുടെകൂടി ഉറപ്പിലാണു താൻ സരിതയ്ക്കു പണം കൊടുത്തതെന്നും ആവർത്തിച്ചു പറയുകയാണ് ശ്രീധരൻനായർ. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജോപ്പനുമായിട്ടാണ് സാമ്പത്തിക ഇടപാടുകൾ ഉറപ്പിച്ചതെന്നും ശ്രീധരൻ നായർ പറയുന്നുണ്ട്. ഇതു സത്യമാണെങ്കിൽ വളരെ ഗുരുതരമായ ആരോപണമാണിത്. 164 പ്രകാരം രേഖപ്പെടുത്തപ്പെട്ട ഈ ആരോപണത്തിനു ശേഷവും മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് യുഡിഎഫ്.
ഒരുമാസമായി ആരോപണങ്ങളുടെ പെരുമഴയ്ക്കും മുഖം രക്ഷിക്കലുകളുടെ മലവെള്ളപ്പാച്ചിലുകൾക്കും ശേഷം സോളാർ കേസും കേരളഭരണവും ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഇനിയങ്ങോട്ട് കാര്യങ്ങൾ വ്യക്തവും സുതാര്യമാകുമെന്നു പ്രതീക്ഷിക്കാം.കാരണം ശ്രീധരൻനായരുടെ ആരോപണം സത്യമാണോയെന്നു മനസിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ മതിയാകും.അതു പരിശോധിക്കുന്നതോടെ ഒരുമാസം കേരളഭരണത്തെ പിടിച്ചുകുലുക്കിയ സോളാർ കോലാഹലങ്ങൾക്കു ഒരു തീർപ്പുതീരുമാനമാകും. ആരോപണം സത്യമാണെങ്കിൽ മുഖ്യമന്ത്രിയുടെ രാഷ്ടീയഭാവി തീർന്നുവെന്നു കരുതാം. ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്നു കേരളസമൂഹം കരുതുന്നില്ലെങ്കിലും അവരോടു ഇക്കാലമെല്ലാം ഒരു മുഖ്യമന്ത്രി പെരുങ്കള്ളം പറയുകയായിരുന്നുവെന്നു ബോധ്യമാകും. ഇനി അതല്ല, സിസിടിവി ദൃശ്യങ്ങളിൽ മറിച്ചാണെങ്കിൽ, അതിൽ എഡിറ്റിങ് നടന്നിട്ടില്ലെന്നു ബോധ്യമായാൽ സോളാർകേസ് ഉണ്ടാക്കിയ കോലാഹലം അവസാനിക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയാണു നിർണായകതീരുമാനമെടുക്കേണ്ടത്. ശ്രീധരൻ നായർ തന്നെപ്പറ്റി പറഞ്ഞ ആരോപണങ്ങൾ സത്യമാണോയെന്ന് അദ്ദേഹത്തിന്റെ മനസ്സാക്ഷിക്കറിയാം. തന്റെ മനസ്സാക്ഷിയോടു കൂറുപുലർത്തി ആരോപണം സത്യമാണെങ്കിൽ ഉമ്മൻ ചാണ്ടി രാജിവയ്ക്കുകയാണു വേണ്ടത്. അങ്ങനെ ചെയ്യാതിരിക്കുകയും പിന്നീടുള്ള അനേ്വഷണത്തിൽ ശ്രീധരൻ നായരുടെ ആരോപണം ശരിയാണെന്നു തെളിയുകയും ചെയ്താൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതം തെരുവിലാകുന്നത് അദ്ദേഹത്തെ സ്‌നേഹിക്കുന്ന മലയാളികൾക്കു കാണേണ്ടി വരും.അതുകൊണ്ട് ഇനിയും വൈകിയിട്ടില്ല,അദ്ദേഹത്തിന് ഒരു തീരുമാനമെടുക്കാൻ. ഈ തീരുമാനത്തിനു ശ്രീധരൻനായർകേസിൽ വരാൻ പോകുന്ന കോടതിയുടെ പരാമർശത്തിനു കാക്കേണ്ടതില്ല. സ്വന്തം മനസ്സാക്ഷിയോടു ചോദിക്കുക തെറ്റുകാരനെങ്കിൽ ഇപ്പോൾത്തന്നെ രാജിവയ്ക്കുക.സ്വന്തം മുഖം രക്ഷിക്കാം, കേരളീയരുടെയും.