ടുവിൽ സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നു. ഇതിന് മുൻപ് കഥയായും കാര്യമായും കേട്ടതൊക്കെ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ട്. പണ്ട് കേട്ട അപവാദ കഥകൾക്കൊക്കെ ഒടുവിൽ നിയമപരമായ പരിരക്ഷയായി. 82 വയസ്സുകാരനായ ആര്യാടൻ മുഹമ്മദ് മുതൽ 32 കാരനായ ഹൈബി ഈഡൻ വരെയുള്ളവരെ ലൈംഗിക രോഗികളും ബലാംത്സഗ വീരന്മാരും തട്ടിപ്പുകാരും ആക്കിയുള്ള പത്ര - ചാനൽ റിപ്പോർട്ടുകൾക്കെതിരെ ഇനി ആർക്കും നിയമനടപടി എടുക്കാൻ സാധിക്കില്ല. കാരണം അവരെഴുതിയതിനേക്കാൾ ഏറെ കാര്യങ്ങൾ കമ്മീഷൻ റിപ്പോർട്ടിൽ എഴുതി വച്ചിരിക്കുന്നു. 

തീർച്ചയായും നമ്മുടെ രാഷ്ട്രീയ ധാർമ്മികതയ്‌ക്കെതിരെയുള്ള ഒരു വെല്ലുവിളി തന്നെയാണ് ഈ റിപ്പോർട്ട്. നിയമത്തിന്റെയും ധാർമ്മികതയുടെയും കണ്ണിൽ കേരള രാഷ്ട്രീയം തീരെ പരാജയപ്പെട്ടു പോയിരിക്കുന്നു. ഒരു സ്ത്രീ വിചാരിച്ചാൽ വന്ദ്യവയോധിക നേതാക്കളെ പോലും അവരുടെ കാൽച്ചുവട്ടിൽ വീഴ്‌ത്താമെന്നും അങ്ങനെ ഏതുതട്ടിപ്പും നടത്തിയെടുക്കാമെന്നും ഉള്ളതിനുള്ള ഉദാഹരണായി ഈ സംഭവം മാറുകയാണ്.

ഉന്നത പാരമ്പര്യം ഉള്ള ജനകീയനായ ഉമ്മൻ ചാണ്ടിയും വയോധികനായ ആര്യാടൻ മുഹമ്മദും തിളങ്ങുന്ന യുവ നേതാക്കളായ പിസി വിഷ്ണു നാഥും ഹൈബി ഈഡനും ഒക്കെ ഈ കെണിയിൽ വീണു പോയിരിക്കുന്നു. സരിതയുടെ ആരോപണങ്ങളും കമ്മീഷൻ റിപ്പോർട്ടും ഒക്കെ വിശ്വാസ്യത നേടുന്നത് യുഡിഎഫ് നേതാക്കളുടെ തന്നെ തീരുമാനങ്ങളും ദുരൂഹമായ നീക്കങ്ങളും മൂലമാണ്.

സുതാര്യത ഉറപ്പ് വരുത്താൻ 24 മണിക്കൂറും തുറന്നിരിക്കുന്ന ക്യാമറ സ്ഥാപിച്ചിരിക്കുന്നു എന്നുപറഞ്ഞ ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ 15 ദിവസത്തിൽ അധികമുള്ള റെക്കോർഡിങ് ലഭ്യമല്ല എന്നുള്ള കണ്ടെത്തൽ തന്നെ സംശയാസ്പദം ആയിരിന്നു. അതിന്റെ വെളിച്ചത്തിൽ തനിക്ക് സരിതയെ അറിയത്തേയില്ല എന്നുള്ള ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം, ശാലു മേനോന്റെ പാല് കാച്ചിനു പോയത് മറച്ചു വയ്ക്കാൻ തിരുവഞ്ചൂർ നടത്തിയ പാളിയ നീക്കം, ബെന്നി ബഹനാനും തമ്പാനൂർ രവിയുമായി സരിത നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ എന്നിവയെല്ലാം ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ വിശ്വാസ്യത ഇല്ലാതാക്കുകയായിരുന്നു.

കേസ് അന്വേഷിക്കാൻ ഒരു കമ്മീഷനെ നിയമിച്ചത് യുഡിഎഫ് സർക്കാർ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ വിരോധം തീർക്കൽ എന്നൊരു ആരോപണം ഉന്നയിക്കാൻ പോലും ആരോപണ വിധേയരായ നേതാക്കൾക്ക് സാധിക്കുന്നില്ല. ജഡ്ജി ആയിരുന്ന ഒരാൾ ഇന്ത്യൻ തെളിവ് നിയമം പരിഗണിക്കാതെ ഉന്നതരായ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുമോ എന്ന ചോദ്യവും ഉയരാം. അതൊക്കെ കൊണ്ടുതന്നെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നത് ഉമ്മൻ ചാണ്ടി വദനസുരതം നടത്തിയെന്നും മറ്റു നേതാക്കൾ ടെലിഫോണിലൂടെയും അല്ലാതെയും സരിതയുമായ ലൈംഗിക ചൂഷണത്തിൽ ഏർപ്പെട്ടു എന്നും തന്നെയാണ്.

സർക്കാർ അന്വേഷണം പ്രഖ്യാപിച്ചാൽ പ്രതി ചേർക്കപ്പെടാനും അറസ്റ്റ് ചെയ്യപ്പെടാനും ഒക്കെ ഇതുതന്നെ ധാരാളം മതി. ബലാൽസംഗത്തിന്റെ നിർവ്വചനവും അതിന് വേണ്ട തെളിവുകളും ഒക്കെ യുഡിഎഫ് നേതാക്കൾക്ക് എതിരാണ്. നേതാക്കളുടെ മുൻപിൽ നിയമപരമായി രക്ഷപ്പെടാൻ രണ്ടുവഴികളേ ഉള്ളൂ - ഒന്നു പൂർണ്ണമായും നിഷേധിക്കുക. രണ്ട് - സമ്മതത്തോടെ ആയിരുന്നു എന്നു തെളിയിക്കുക. എന്നാൽ രണ്ടും പ്രയാസകരമായിരിക്കും. കണ്ടിട്ടേയില്ല.. കേട്ടിട്ടേയില്ല എന്ന വാദം തെറ്റാണ് എന്നു സോളാർ കമ്മീഷൻ തന്നെ കണ്ടെത്തിയിട്ടുണ്ട്. അവിശുദ്ധ ബന്ധത്തിന്റെ അടയാളങ്ങൾ ആരും സൂക്ഷിക്കാറില്ലാത്തതിനാൽ സമ്മതത്തോടെയാണ് എന്നു തെളിയിക്കാൻ പ്രയാസമായിരിക്കും. അഥവാ അങ്ങനൊരു ഡിഫൻസ് എടുത്താൽ പൊതു പ്രവർത്തകൻ എന്ന നിലയിൽ അതയാളുടെ അന്ത്യം ആവും താനും.

എന്നാൽ അതൊക്കെ മാത്രം മതിയോ വർഷങ്ങളായി പൊതുപ്രവർത്തന രംഗത്തുള്ള നേതാക്കളെ കുറിച്ചു ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ.? സരിതയുടെ ശരീരത്തിന് മുൻപിൽ നേതാക്കൾ തളർന്നുപോയോ എന്നതല്ല വിഷയം. പ്രത്യുത ഇവർ തളർന്നുവീണു എന്നു പറയുന്ന സ്ഥലങ്ങൾ ആണ് പ്രശ്‌നം. പഞ്ച നക്ഷത്ര ഹോട്ടലുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഫാം ഹൗസികളിലും ഒക്കെയായിരുന്നു ഈ ബന്ധം എങ്കിൽ അതിന് കൂടുതൽ വിശ്വാസ്യത ഉണ്ടാവുമായിരുന്നു. 

എന്നാൽ ഇവിടെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതിൽ മിക്കതും മന്ത്രിമന്ദിരങ്ങളും ഓഫീസുകളും സർക്കാർ മന്ദിരങ്ങളും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഈ ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമാണ്. ഒരു മന്ത്രി ആണെങ്കിൽ പ്രത്യേകിച്ചും. പൊതു പ്രവർത്തകർ എപ്പോഴും കരുതലോടെ പെരുമാറുന്നവരാണ്. അങ്ങനെ കരുതൽ എടുത്താൽ മാത്രമേ അവർക്ക് ഈ നിലയിലേക്ക് വളരാൻ കഴിയൂ. അതുകൊണ്ട് തന്നെ ഏതു നിമിഷവും പരിചയക്കാരും നാട്ടുകാരും കടന്നുവരാൻ ഇടയുള്ള ഒരിടത്ത് വച്ചും ഇത്തരം അവിഹിത ബന്ധങ്ങളിൽ ഏർപ്പെടാൻ കേരളത്തിൽ ഒരു നേതാവിനും ധൈര്യമുണ്ടാവുകയില്ല.

[BLURB#1-VL]നേതാക്കളുടെ കാര്യം പോട്ടെ. എത്ര സാധാരണക്കാർക്ക് സാധിക്കും പരസ്പര സമ്മതത്തോടു കൂടി ആണെങ്കിലും കൂടി ഏതെങ്കിലും പരിചയക്കാർ എത്താൻ ഇടയുള്ള സ്ഥലങ്ങളിൽ ഒരു സ്ത്രീയുമായി പോവാൻ. ഇരുവർക്കും സമ്മതം ആണെങ്കിൽ കൂടി ഒരിടമില്ലാതെ വിഷമിക്കുന്നവരായിരിക്കില്ലെ മഹാഭൂരിപക്ഷം കാമുകീ കാമുകന്മാരും. അപ്പോൾ ഒരു പൊതു പ്രവർത്തകൻ, അവൻ എത്ര ഞരമ്പു രോഗിയാണെങ്കിലും ഒരു സ്ത്രീയുമായി മുറി അടച്ചിരുന്നു ഒറ്റക്ക് സംസാരിക്കാൻ പോലും തയ്യാറാവും എന്നു കരുതുന്നത് മൗഢ്യമല്ലേ.

ഇവിടെ ആരോപണ വിധേയരായ ഓരോ നേതാവിനെയും എടുത്തു പരിശോധിക്കുക. അവർ ലൈംഗിക പീഡനവും വദനസുരതവും ഒക്കെ നടത്തി എന്നു പറയുന്ന സ്ഥലത്തുവച്ച് അതു നടക്കുക എങ്ങനെ പ്രോയോഗികമാവും? ഉമ്മൻ ചാണ്ടി പലതവണ പീഡിപ്പിച്ചത് ക്ലിഫ് ഹൗസിൽ വച്ചാണ്. ഒരു അധികാരവും ഇല്ലാത്തപ്പോഴും നൂറു കണക്കിന് സാധാരണക്കാർ ചുറ്റിനുമുള്ള ജനങ്ങൾക്കിടയിൽ മാത്രം ജീവിക്കുന്ന ഒരു നേതാവാണ് ഉമ്മൻ ചാണ്ടി. ആ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഒരു പൊലീസുകാരനോ ഒരു പരിചയക്കാരനോ ഒരു ജീവനക്കാരനോ ഒരു കുടുംബക്കാരനോ ഒന്നും ഇല്ലാതെ ഒറ്റക്ക് ക്ലിഫ് ഹൗസിൽ കഴിഞ്ഞു എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?

ഇവരൊക്കെ ആ പരിസരത്തെങ്കിലും ഉണ്ടെങ്കിൽ സരിതയുമായി ഒറ്റക്ക് മുറിയടച്ചിരിക്കാനുള്ള ധൈര്യം ഉമ്മൻ ചാണ്ടി കാട്ടുമോ? കതകടക്കാതെ വദന സുരതം നടത്താൻ മാത്രമുള്ള ധൈര്യം ഉമ്മൻ ചാണ്ടിക്ക് ഉണ്ടെന്ന് ആർക്കു വിശ്വസിക്കാൻ കഴിയും? ഒന്നും ഇല്ലെങ്കിൽ പോലും കതകടച്ചാൽ ഉണ്ടാകുന്ന അപഖ്യാതികൾ തിരിച്ചറിയാനുള്ള വിവേകം ഉമ്മൻ ചാണ്ടിക്കില്ലേ? അപ്പോൾ പിന്നെ എങ്ങനെയാണ് പലതവണ ഈ വദന സുരതം നടക്കുക?

ഹൈബി ഈഡൻ പീഡിപ്പിച്ചത് എംഎൽഎ ക്വോട്ടേഴ്‌സിൽ വച്ചാണത്രേ. ആ എംഎൽഎ ക്വാർട്ടേഴ്‌സിൽ പോയ ആർക്കും അവിടെ വച്ച് ഇങ്ങനെ ഒരു പീഡനം നടക്കുമെന്ന് വിശ്വസിക്കാൻ സാധിച്ചേക്കില്ല. കാരണം ആ ഇടുങ്ങിയ ക്വാർട്ടേഴ്‌സിന് ചുറ്റുമാണ് റെയിൽവേ ടിക്കറ്റ് കൗണ്ടറും ഹോമിയോ ആശുപത്രി കൗണ്ടറും യുഡിഎഫ് ഓഫീസും. കൂടാതെ രണ്ടു നിയമസഭാ ഉദ്യോഗസ്ഥരും അവിടുണ്ട്. ആരെങ്കിലും ഒരാൾ കാണാതെ അവിടെ ആർക്കും എത്താൻ കഴിയില്ല. എംഎൽഎ ഉണ്ട് എന്നറിഞ്ഞ് വരുന്ന അനുയായികളെ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല. ക്യാമറ കണ്ണുകൾ വേറെയും.

കുറച്ചു കൂടി വിചിത്രമാണ് ജോസ് കെ മാണിക്കെതിരെയുള്ള ആരോപണം. ഡൽഹിയിലെ ഒരു പബ്ലിക് ടോയ്‌ലറ്റിൽ വച്ചാണ് എംപി സരിതയെ പീഡിപ്പിച്ചത്. പബ്ലിക് ടോയ്‌ലറ്റിൽ വിളിച്ചു വരുത്തി തുണി പൊക്കി കാണിക്കുകയും വദനസുരതം നടത്തുകയും ആയിരുന്നു. ഒരു എംപിയല്ല ഏതു സാധാരണക്കാരൻ ഒരു സ്ത്രീയുമായി പബ്ലിക് ടോയ്‌ലറ്റിൽ കയറിയാൽ അവിടെ കാര്യം സാധിക്കാൻ വരുന്നവർ എന്തു ചെയ്യും എന്നു ഊഹിക്കാവുന്നതേയുള്ളൂ. എന്നു മാത്രമല്ല ഡൽഹിയിലെ ആശോക ഹോട്ടലിൽ പോലും റൂം എടുക്കാൻ പണമുള്ള (വീട്ടിൽ നോട്ടെണ്ണൽ യന്ത്രം വരെയുണ്ടെന്ന് ഓർക്കണം) ജോസ് കെ മാണി എന്തിനാണ് ഇവരെ പബ്ലിക് ടോയ്‌ലറ്റിലേക്ക് വിളിച്ചു വരുത്തിയത്. 

ഇങ്ങനെ ഇഴകീറി പരിശോധിച്ചാൽ സരിതയുടെ ആരോപണങ്ങളിൽ വ്യക്തമായ അജണ്ട കാണാം. ഒരു പീഡനവും കൃത്യമായ സമയമോ സ്ഥലമോ സാഹചര്യമോ വ്യക്തമാക്കിയല്ല അവതരിപ്പിച്ചിരിക്കുന്നത്. ഈ ആരോപണങ്ങളുടെ എല്ലാം അടിസ്ഥാനം എന്നു പറയുന്നത് സരിത എഴുതി എന്നു പറയുന്ന ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ആണ്. എന്നാൽ സരിതയുടെ എന്ന പേരിൽ നാലു കത്തുകൾ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഈ നാലു കത്തിൽ ഏതാണ് സരിത ജയിലിൽ വച്ച് എഴുതിയത് എന്നാണ് ആദ്യം കണ്ടെത്തേണ്ടത്. അതിൽ ആരുടെയൊക്കെ പേരുകൾ ഉണ്ട് എന്ന് പരിശോധിച്ചാൽ മാത്രമേ ഏതെങ്കിലും ഒരു സാധ്യത ഈ ആരോപണങ്ങളുടെ പേരിൽ ഉൾപ്പെടുത്താൻ കഴിയൂ.

എല്ലാം സരിതയുടെ കത്തുകൾ അല്ലേ..പിന്നെന്താണ് ഒരു കത്തിന് മാത്രം പ്രത്യേകത എന്നു ചോദിക്കുന്നവരുണ്ട്. സരിത ആദ്യം കത്തെഴുതിയത് ജയിലിൽ കിടന്നായിരുന്നു. അന്ന് സരിത അങ്ങനെ ഒരു കത്തെഴുതിയത് എല്ലാ പദ്ധതികളും തകർന്നു അഴിക്കുള്ളിൽ ആയ നിരാശയിൽ ആയിരുന്നു. ആ ഒറ്റക്കാരണം കൊണ്ട് തന്നെ ആ കത്തിന് മറ്റു കത്തുകളേക്കാൾ വിശ്വാസ്യത ഉണ്ട്. എന്നാൽ പിന്നീട് കത്തെഴുതിയത് ജയിലിന് പുറത്തിറങ്ങിയ സമയത്താണ്. അതുകൊണ്ട് തന്നെ ആ കത്തിലെ ഓരോ പേരുകളുടെയും പിന്നിൽ ഒരു ഉദ്ദേശ്യമോ സ്വാധീനമോ കാണും.

ആദ്യ കത്തിൽ ഇല്ലാതിരുന്ന ഉമ്മൻ ചാണ്ടിയും ജോസ് കെ മാണിയും ഒക്കെ പിന്നീട് കയറി കൂടിയത് അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഉണ്ടായതാണ് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പിസി ജോർജിനും ഗണേശ്‌കുമാറിനും ഒക്കെ ഈ വിഷയത്തിൽ ഉള്ള താൽപ്പര്യം വ്യക്തമാണല്ലോ. യുഡിഎഫിൽ നിന്ന് തന്നെ പുറത്താക്കപ്പെട്ട പിസി ജോർജിനും മന്ത്രിസ്ഥാനം നഷ്ടമായ ഗണേശിനും ചിലരെയൊക്കെ ആ ലിസ്റ്റിൽ തിരുകി കയറ്റേണ്ടത് ആവശ്യം ആയിരുന്നു എന്ന നിഗമനം തെറ്റാവണം എന്നില്ല. അതുകൊണ്ട് തന്നെ സരിതയുടെ കത്ത് എന്ന പേരിൽ ആരുടെയെങ്കിലും പേരുണ്ടെങ്കിൽ അവരെയൊക്കെ പ്രതി ചേർക്കുന്നത് നീതിയുക്തമല്ല. യഥാർത്ഥ കത്തെത് എന്നും ആ കത്തിന്റെ വിശ്വസ്യതയും ആയിരുന്നു സോളാർ കമ്മീഷൻ കണ്ടെത്തേണ്ടിയിരുന്നത്. എന്നാൽ നിർഭാഗ്യവശാൽ സരിതയുടെ കത്തും ആരോപണങ്ങളും പകർത്തി എഴുതുന്നതിനാണ് കമ്മീഷൻ താൽപ്പര്യം കാട്ടിയത്. 

[BLURB#2-VR]സരിത എല്ലാം തികഞ്ഞൊരു ബിസിനസ്സ്‌കാരിയും തട്ടിപ്പുകാരിയും ആയിരുന്നു. സോളാർ കേസിന് മുൻപ് തന്നെ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെടുകയും സ്വന്തം പേരുപാലും മറച്ചുവച്ച് കച്ചവടം നടത്തുകയും ചെയ്തയാൾ ആണ് സരിത. പങ്കാളിയായ ബിജു രാധാകൃഷണൻ ആവട്ടെ സ്വന്തം ഭാര്യയെ പോലും കൊന്നയാൾ ആണ്. അങ്ങനെ ഒരാൾ കൃത്യമായ പ്ലാനോടെ എല്ലാം റെക്കോർഡ് ചെയ്തു അനേകം പേരെ കുരുക്കിൽ ആക്കി ഉണ്ടാക്കിയ കേസ് ആയിരുന്നു സോളാർ കേസ്. സ്വന്തം ശരീരം അറിഞ്ഞുകൊണ്ട് കൊടുത്താണ് സരിത തന്റെ ബിസനസ്സ് സാമ്രാജ്യം വളർത്തി എടുത്തത്.

സരിതയുടെ കെണിയിൽ അനേകം നേതാക്കൾ വീണു പോയി എന്നത് സത്യമാണ്. ഇപ്പോൾ ആരോപണവിധേയരായ പലരും അവരെ ലൈംഗിക ചൂഷണം ചെയ്തവർ തന്നെയാണ്. എന്നാൽ അവർക്കൊപ്പം ചില നിരപരാധികൾ കൂടി ലിസ്റ്റിൽ കയറി പറ്റി എന്നതാണ് വേദനാജനകം. അവരെ സഹായിച്ചവർക്കു വേണ്ടിയായിരുന്നു ഈ ലിസ്റ്റ് തിരുത്തൽ. അത് കണ്ടെത്താതെ അവർ പറഞ്ഞ എല്ലാ പേരുകാരും പെണ്ണ് പിടിയന്മാരും ബലാത്സംഗ വീരന്മാരും ആക്കപ്പെട്ടു എന്നതാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കിയ ഏറ്റവും വലിയ ദുരന്തം.

ഇപ്പോൾ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്ന ചിലരെങ്കിലും അവർക്ക് വേണ്ടപ്പെട്ട മറ്റ് ചിലർക്ക് വേണ്ടി നാണം കെടാൻ നിന്നുകൊടുത്തത് ആയിക്കൂടെന്നില്ല. ഒരു ചെറിയ ബന്ധം പുറത്ത് വന്നാൽ പോലും നാണക്കേട് ഉണ്ടാകുമല്ലോ എന്നു കരുതി ആരുടെയൊക്കെയോ ബ്ലാക്ക്‌മെയിലിങ്ങിന് നിന്നു കൊടുത്ത് കുഴിയിൽ ചാടിയവരും ഉണ്ടാകാം. ചില കാര്യങ്ങൾ മറച്ചുവയ്ക്കാൻ നടത്തിയ ശ്രമങ്ങൾ കൈവിട്ടു തിരിഞ്ഞു കടിച്ച അനുഭവം ആണ് നമ്മൾ പിന്നീട് കണ്ടത്. ഏതെങ്കിലും തരത്തിലുള്ള ബന്ധം പുറത്തു വന്നാൽ അത് വലിയ നാണക്കേടാവും എന്ന് കരുതി പറഞ്ഞ നുണകൾ ആണ് പലരെയും കുഴപ്പത്തിൽ ചാടിച്ചതു. തിരുവഞ്ചൂരിന്റെ ശാലുവിനെ അറിയില്ല എന്ന പ്രഖ്യാപനം പൊളിഞ്ഞടുങ്ങിയതാണ് ഏറ്റവും മികച്ച ഉദാഹരണം.

ജയിലിൽ നിന്നിറങ്ങിയ സരിത കോടിക്കണക്കിന് രൂപയാണ് കേസ് സെറ്റിൽ ചെയ്യാൻ വേണ്ടി ചെലവഴിച്ചത്. സ്വകാര്യ സുരക്ഷാ സംഘത്തെ വരെ ഉപയോഗിച്ച്, കോടികൾ മുടക്കി വീടു പണിതാണ് സരിത സുഖമായി ജീവിക്കുന്നത്. വർഷത്തിൽ അൻപതിൽ ഏറെ തവണ കോടതികൾ കയറി ഇറങ്ങേണ്ട സരിതയുടെ ഈ സുഖകരമായ ജീവിതത്തിന്റെ പിന്നിൽ ധാരാളം സാമ്പത്തിക ഇടപാടുകൾ ഉണ്ട് എന്നു തീർച്ച. ആരൊക്കെയാണ് അതിന് ഫണ്ട് ചെയ്യുന്നത് എന്നു കണ്ടെത്തിയാൽ തന്നെ ഈ ഗൂഢാലോചനയുടെ ചുരുൾ അഴിയും. സരിതയെ നിയന്ത്രിക്കുന്നവർ ഇപ്പോഴും പിന്നാമ്പുറങ്ങളിൽ ഇരുന്നു കളി നിയന്ത്രിക്കുന്നു. ഇതൊന്നും അറിയാതെ നമ്മൾ മുത്തുച്ചിപ്പി വായിക്കുന്ന പോലെ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പരാതി നിർവൃതി അടയുന്നു.

ഈ കേസിന്റെ സൂത്രധാരൻ എന്നു പറയപ്പെടുന്ന ഗണേശ്‌കുമാറിന്റെ പേര് സരിത ഒരിടത്തും പറഞ്ഞിട്ടില്ല എന്നത് സംഘടിതമായ ഗൂഢാലോചനയുടെ ഉദാഹരണാമയി മാറുന്നു. മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട ഗണേശ്‌കുമാർ സരിതയെ ഉപയോഗിച്ചു വൈരാഗ്യം തീർത്തു എന്ന ആരോപണം തീരെ അവഗണിച്ചു കൂടാ. ഒരുമിച്ചു താമസിച്ചിരുന്നു എന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും സരിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗണേശിന്റെ കയ്യിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് സരിത പോവുന്നത്. എന്നാൽ ഒരു വാക്ക് കൊണ്ട് പോലും ഇതേവരെ സരിത ഗണേശിനെ തള്ളി പറഞ്ഞിട്ടില്ല.

അതിനേക്കാൾ ഭയാനകമായത് തട്ടിപ്പ് വെട്ടിപ്പ് ബ്ലാക്ക്‌മെയിലിങ്ങും ഒക്കെ നടത്തിയ സരിതക്കെതിരെ ഒരു പരാമർശവും ഒരു കേസും ഇല്ലാതിരിക്കുകയും അതിന്റെ ഭാഗമായി തീർന്ന നേതാക്കൾക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു എന്നതാണ്. സരിതയല്ലേ ഈ കേസിലെ യഥാർത്ഥ വില്ലത്തി? ഇപ്പോൾ പക്ഷെ സരിത നിര്ഭാഗ്യവതിയായ ഇരയാണ് എന്ന് മറക്കരുത്.

ഈ ഘടകങ്ങൾ ഒക്കെ പരിശോധിക്കുമ്പോൾ ഇപ്പോൾ കേൾക്കുന്നതെല്ലാം അതേപടി വിശ്വസിക്കാൻ ആരെങ്കിലും പ്രയാസപ്പെട്ടാൽ അവരെ കുറ്റം പറയരുത്. ഇവരാരും പുണ്യാളന്മാരും നീതിമാന്മാരും ആണെന്നല്ല പറയുന്നത്. ഇവരെല്ലാം ചതിക്കപ്പെട്ട നിരപരാധികൾ ആണെന്നും പറയുന്നില്ല. അഴിമതിയും ലൈംഗിക ചൂഷണവും ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. അനേകം നേതാക്കൾ ഇതിന്റെ ഭാഗമായിട്ടുണ്ട്. എന്നാൽ സരിത പറയുന്നവരെല്ലാം കുറ്റക്കാരും സരിത ഒഴിവാക്കുന്നവരെല്ലാം നീതിമാന്മാരും സരിത പുണ്യവതിയും ആകുന്ന ഒരു കമ്മീഷൻ റിപ്പോർട്ട് സാമാന്യ നീതിക്കും യുക്തിക്കും നിരക്കുന്ന തല്ല എന്നു പറയാതെ വയ്യ. 

ഈ വിഷയത്തെ കുറിച്ചാണ് ഇന്നത്തെ ഇസ്റ്റന്റ് റെസ്പോൺസ് അതു കേൾക്കാൻ മറക്കരുത്