വ്യവസായ സാമ്രാജ്യത്തിന്റെ വലിപ്പം കൊണ്ടും സമ്പന്നതയുടെ സമൃദ്ധികൊണ്ടും തൊഴിൽ നൽകുന്നതിന്റെ വ്യാപ്തികൊണ്ടും ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾക്കിടയിലുള്ള അംഗീകാരം കൊണ്ടും ഒക്കെ സർവാദരണീയനായ മലയാളി ബിസിനസുകാരാണു പ്രവാസി വ്യവസായി എം എ യൂസഫലി സാഹിബ്. ഗൾഫ് രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഭാരതത്തിന്റെ പ്രധാനമന്ത്രിയെക്കാൾ ആദരവും ബഹുമാനവും അംഗീകാരവും നൽകുന്നതു യൂസഫലിക്കാണ്. ലോകത്തെ ഏറ്റവും വലിയ 1200 സമ്പന്നരെ തെരഞ്ഞെടുത്തപ്പോൾ അതിൽ ഉൾപ്പെടാൻ ഭാഗ്യം ലഭിച്ച മൂന്നു മലയാളികളിൽ ഒരാളാണു യൂസഫലി. ഗൾഫ് രാജ്യങ്ങളിലെ വ്യവസായ സാമ്രാജ്യത്തിന്റെ ചുവടു പിടിച്ചു പിറന്ന നാട്ടിലും സ്ഥാപനങ്ങളും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. സ്മാർട്ട് സിറ്റി എന്ന സ്വപ്നം ഇതുവരെ സഫലമായിട്ടില്ലെങ്കിലും അതിനുള്ള വിദൂരസാധ്യതയെങ്കിലും നിലനിൽക്കുന്നത് യൂസഫലി മൂലമാണ്. ഇപ്പോൾ അദ്ദേഹം കേരളത്തിൽ വൻതോതിലുള്ള നിക്ഷേപം നടത്തുകയും അതിന്റെ ഭാഗമായി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് എറണാകുളത്തെ ലുലുമാൾ. ഏറെ വൈകാതെ ലുലു മാൾ തിരുവനന്തപുരത്തും തുടങ്ങുന്നു. ഇതിന്റെ ചുവടു പിടിച്ച് അദ്ദേഹം വൻ തോതിലുള്ള മറ്റു നിക്ഷേപങ്ങളും നടത്തുന്നു.

  • പോർട് ട്രസ്റ്റ് ഭൂമി പാട്ടത്തിന് നൽകിയതു സാമ്പത്തിക പ്രതിസന്ധി മറികടക്കാനെനെ്ന് ചെയർമാൻ; 71 കോടികൊണ്ട് പ്രശ്‌നം തീരുമോ? ഭൂമി തിരിച്ചെടുക്കൽ സ്വപ്നമാകും


ഇങ്ങനെ കേരളീയ സമൂഹത്തിന് നല്ലതു മാത്രം പറയാനുള്ള യൂസഫലി സാഹിബിനെ വിമർശിച്ചുകൊണ്ട് മറുനാടൻ മലയാളിയിൽ വന്ന വാർത്തകൾ ഭൂരിപക്ഷം വായനക്കാരും നെറ്റിചുളിച്ചുകൊണ്ടാണു സ്വീകരിച്ചത് എന്നതിന് അന്നു ലഭിച്ച പ്രതികരണങ്ങൾ സാക്ഷി. പെയ്ഡ് ന്യൂസ് എന്നു ചിലർ ആരോപിച്ചപ്പോൾ മറ്റുചിലർ പറയുന്നത് ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ ആക്ഷേപിക്കാനുള്ള രഹസ്യ അജൻഡയുടെ ബലിയാടാണു യൂസഫലി എന്നാണ്. മറുനാടൻ മലയാളിയുടെ റിപ്പോർട്ടുകൾക്കെതിരെ കടുത്ത വിമർശനങ്ങളാണു പ്രതികരണത്തിലൂടെ വായനക്കാർ അഴിച്ചുവിട്ടത്. ആദ്യകാലം മുതലുള്ള ഞങ്ങളുടെ വായനക്കാരിൽ ഒരാളായ ബിജു മാണി എന്ന ഓസ്‌ട്രേലിയൻ മലയാളി ഞങ്ങളുടെ നിലപാടിനെ ആക്ഷേപിച്ച് എഴുതിയ കുറിപ്പിനു ലഭിച്ച ലൈക്ക്‌സ് ഡബിൾ സെഞ്ച്വറി നേടിയതിന്റെ ആഘോഷം ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിൽ അരങ്ങു കൊഴുക്കുന്നു.

എന്നിട്ടും ഈ പ്രയത്‌നത്തിൽ നിന്നും പിന്മാറാതെ ഞങ്ങൾ നിലപാടിൽ ഉറച്ചു മുന്നോട്ടു പോവുകയാണ്. വായനക്കാരുടെ പ്രതികരണം വളരെ വികാരപരമായതുകൊണ്ടാണ് എന്തുകൊണ്ടാണു ഞങ്ങൾ ഇത്തരം ഒരു ഉറച്ച നിലപാട് എടുക്കുന്നത് എന്നു വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത്. ഞങ്ങൾ മുന്നോട്ടു വച്ച കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഭൂമി പ്രശ്‌നത്തിൽ നിയമവാഴ്ചയുമായി ബന്ധപ്പെട്ട ഒരുപാടു തലങ്ങൾ ഉണ്ട്. പണവും അധികാരവും ഇരു മുന്നണികളിലെ സ്വാധീനവും മാദ്ധ്യമങ്ങളിലെ ഹീറോയും ആണെങ്കിൽ ജനപിന്തുണയോടെ എന്തു വെട്ടിപ്പും നടത്താം എന്നതിനുള്ള ഉത്തമ ഉദാഹരണമായി തന്നെയാണ് ഈ സംഭവത്തെ ഞങ്ങൾ കൈകാര്യം ചെയ്യന്നത്. യൂസഫലിയുടെ കാര്യത്തിൽ മാത്രമല്ല രവിപിള്ളയെപ്പോലെയുള്ള പ്രമാണിമാരുടെ കാര്യത്തിലും ഈ ഇടത്-വലതു-മാദ്ധ്യമ മാഫിയ നന്നായി കഷ്ടപ്പെടുന്നുണ്ട്. ഇത്തരക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ എടുത്തുകാട്ടി ജനസമ്മതി ഉണ്ടാക്കി വലിയ തോതിലുള്ള വെട്ടിപ്പും തട്ടിപ്പും നടത്തുമ്പോൾ അതിന്റെ പേരിൽ ലഭിക്കുന്ന നക്കാപ്പിച്ച പോക്കറ്റിൽ ഇട്ടു സ്തുതി പാടുന്നതല്ല മാദ്ധ്യമപ്രവർത്തനം എന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്. അടുത്ത ആഴ്ച മുതൽ ആരംഭിക്കാനിരിക്കുന്ന പുതിയ മാദ്ധ്യമ സംസ്‌കാരത്തിലേക്കുള്ള കിളിവാതിൽ ആയിത്തന്നെയാണ് ഈ വിഷയത്തെ ഞങ്ങൾ കൈകാര്യം ചെയ്യുന്നത്.

വല്ലാർപാടത്തിന്റെ പേരിൽ മാത്രം, ഒരിക്കലും നികത്താൻ കഴിയാത്ത ഭൂമി നികത്തുകയും ചുളുവിലയിൽ അതു യൂസഫലി കൈക്കലാക്കുകയും കെട്ടിട സമുച്ചയങ്ങൾ നിർമിക്കാൻ അനുമതി നേടുകയും ചെയ്തത് എല്ലാവരും മറച്ചുവയ്ക്കാൻ ശ്രമിക്കുമ്പോഴും പുറത്തു കൊണ്ടുവരാൻ തന്റേടം കാട്ടിയ ഞങ്ങളെ അഭിനന്ദിക്കാതെ അപമാനിക്കുന്നവർ മറന്നു പോകുന്നത് ഈ ഇടപാടിലെ കോടികളുടെ അഴിമതിയാണ്. ഞങ്ങൾ യുദ്ധം ചെയ്യുന്നതു യൂസഫലിയെപ്പോലുള്ള സംരംഭകർക്കെതിരേയല്ല. അവരുടെ ആതിഥേയത്വവും സമ്പത്തും കൈപ്പറ്റി ഓശാന പാടുന്ന ആത്മാഭിമാനമില്ലാത്ത ഇടത്തും വലത്തുമുള്ള രാഷ്ട്രീയ നേതൃത്വത്തെയാണ്.

കോവളം കൊട്ടാരത്തിന്റെയും ഐടിഡിസി ഹോട്ടലിന്റെയും പേരിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നടന്ന കോടികളുടെ ഇടപാട് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സമ്പന്നതയുടെയും സ്വാധീനത്തിന്റെയും അടയാളമായി മലയാളിക്ക് അഭിമാനത്തോടെ പറയാൻ ഒരുപേര് എന്നതിനപ്പുറം യൂസഫലി വഴി കേരളത്തിന് എടുത്തുപറയത്തക്ക നേട്ടങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. കൊച്ചിയിൽ കോടാനുകോടികളുടെ മാളുകൾ പണിത് തുച്ഛമായ ശമ്പളത്തിൽ കുറച്ചുപേർക്ക് പണി കൊടുക്കുന്നതു യൂസഫലി ലാഭമുണ്ടാക്കാൻ വേണ്ടി മാത്രമാണ്. എല്ലാ സംരംഭകരും ചെയ്യുന്നതും അതുതന്നെയാണ്. അതുകൊണ്ടുതന്നെ യൂസഫലി നൽകുന്ന ജോലിയുടെ എണ്ണം ഇത്രമാത്രം പ്രധാനമാണോ എന്ന ചോദ്യം ബാക്കിയാണ്. അങ്ങനെയെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ മലയാളികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിൽ ഒന്ന് ബ്രിട്ടണിലെ എൻഎച്ച്എസ് ആണ്. ഏതാണ്ട് 20,000 ത്തോളം മലയാളികൾ എൻഎച്ച്എസിൽ ജോലി ചെയ്യുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ആ കണക്ക് പറഞ്ഞ് ചുളുവിലയിൽ ഭൂമി വേണം എന്നു പറഞ്ഞ് എൻഎച്ച്എസ് ഇവിടെയെത്തിയാൽ കയ്യഴിച്ച് നമ്മൾ കൊടുക്കുമോ?

അതിനെക്കാൾ പ്രധാനപ്പെട്ട ചില ചില ചോദ്യങ്ങൾ ഈ സംവാദം അവശേഷിപ്പിക്കുന്നുണ്ട്. 71 കോടി വാങ്ങി 25 ഏക്കർ കായലും തീരവും കൊടുക്കാൻ തയാറായാൽ നാളെ പത്ത് യൂസഫലിമാർ ചേർന്ന് 71 കോടി വച്ചു കൊച്ചി കായലും തീരവും മൊത്തം വാങ്ങിയാൽ എന്താകും കൊച്ചിയുടെ സ്ഥിതി? നൂറു യൂസഫലിമാർ ചേർന്ന് 7100 കോടി മുടക്കി കൊച്ചി നഗരം മുഴുവൻ തീറെഴുതി വാങ്ങിയാൽ കേരളത്തിന്റെ അവസ്ഥ എന്താകും? നല്ല ലാഭമുണ്ടാക്കുന്ന ബിസിനസുകാരനാണെന്ന് കരുതി അവർക്ക് മുമ്പിൽ നമ്മുടെ ജീവിതവും നമ്മുടെ മാനവും പണയം വച്ചാൽ വികസനമാകുമോ?

എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാണ് നിയമം. അതു ചിലർക്കു മുമ്പിൽ വഴിമാറുന്നത് ശരിയല്ല. ഈ ഒരു കാര്യം മാത്രമാണ് ഞങ്ങൾ ഇവിടെ അടിവരയിട്ട് പറയാൻ ആഗ്രഹിക്കുന്നത്.

കൊച്ചി ബോൾഗാട്ടി ദ്വീപിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലം യൂസഫലിക്കു വെറും 71 കോടി രൂപയ്ക്കു പാട്ടത്തിനു കൊടുക്കുകയായിരുന്നു. അവിടെ 572 അപ്പാർട്ട്‌മെന്റുകൾ ഉള്ള കെട്ടിട സമുച്ചയവും 3400 ഇരിപ്പിടങ്ങൾ ഉള്ള കൺവെൻഷൻ സെന്ററും 217 മുറികളുള്ള ആഡംബര ഹോട്ടലുകളും ഒക്കെയാണ് നിർമിക്കുവാനുദ്ദേശിക്കുന്നത്. മുന്നു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് മറൈൻ ഡ്രൈവ് ഭാഗത്ത് ഒന്നരക്കോടി രൂപ മുതൽ രണ്ടു കോടിയോളം വരും മാർക്കറ്റ് വില. വില അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. അവ വിറ്റ് ആയിരം കോടിയോളം രൂപ യൂസഫലിക്കു ലാഭമുണ്ടായെന്നു കരുതി നമ്മുടെ നാടിന് വികസനമുണ്ടാകില്ല. നല്ല തുക വാടക കൊടുത്താൻ കൺവെൻഷൻ സെന്റർ നമുക്കുപയോഗിക്കാം. പോക്കറ്റിൽ നല്ല കനമുണ്ടെങ്കിൽ അവിടെ ഉയരാൻ പോകുന്ന വമ്പൻ ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കാം. അവയൊന്നും വികസനത്തിനു ഹേതുവാകുന്നില്ല. ഇമ്മാതിരി ബിസിനസ് സംരംഭങ്ങൾക്കു തടയിടണമെന്നല്ല പറയുന്നത്. നമ്മുടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ സ്ഥലം തുറമുഖ സംബന്ധമായ വികസനങ്ങൾക്കു പകരം റിയൽ എസ്റ്റേറ്റ് കച്ചവടം ലക്ഷ്യമിട്ടു വിട്ടു കൊടുത്തപ്പോൾ തീരദേശ പരിപാലന നിയന്ത്രണ - പരിസ്ഥിതി നിയമങ്ങൾ ലംഘിക്കപ്പെടുകയായിരുന്നു.

വ്യവസായ-വികസന പ്രേമികൾക്കു പരിസ്ഥിതി എന്നു കേൾക്കുമ്പോൾ പുച്ഛമാണെന്നറിയാം. പക്ഷേ, മഴയും വെള്ളവും വൈദ്യുതിയും ഇല്ലാതെ വ്യവസായങ്ങൾ ഇപ്പോൾ തകർന്നുകൊണ്ടിരിക്കുന്നതിന് കാരണം ഒരു പരിധിവരെ അവർ തന്നെയല്ലേ. തങ്ങളുടെ മക്കളും ഈ ഭൂമിയിൽ ജീവിക്കേണ്ടതാണെന്ന് ഒരു നിമിഷത്തേക്കെങ്കിലും അവർ ഓർക്കേണ്ടതല്ലേ.

ഇവിടെ നടന്ന കച്ചവടം ഒട്ടുംതന്നെ സുതാര്യമായിരുന്നില്ല. സെന്റിന് അഞ്ച് ലക്ഷം രൂപ ആദ്യം വിലയിട്ട സ്ഥലത്തിനു കൊച്ചിൻ പോർട്ടിലെ ഉത്തരവാദപ്പെട്ടവർ ഇടപെട്ട് വില്ലേജ് ഓഫീസറെക്കൊണ്ട് രണ്ടു ലക്ഷമാക്കി. കൊച്ചി എംജി റോഡിലെ സ്ഥലം റയിൽവേ ആവശ്യങ്ങൾക്ക് ഏറ്റെടുത്തപ്പോൾ പോലും സെന്റിന് 60 ലക്ഷമായിരുന്നു വില. കൊച്ചിൻ പോർട്ട് ട്രസ്റ്റ് വിട്ടുകൊടുത്ത സ്ഥലം അതിലും എത്രയോ പ്രാധാന്യമുള്ളതാണ്. അവിടെ നിയമവിധേയമായ വികസന പ്രവർത്തനങ്ങൾ നടത്തി പോർട്ട് ലാഭകരമാക്കാൻ നേരത്തേ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം ഒരു നിർദ്ദേശം വച്ചിരുന്നു. അതു പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു. പോർട്ടിലെ പ്രമുഖരും ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിയുടെ ഓഫീസിൽ അന്നുണ്ടായിരുന്ന ഉത്തരവാദപ്പെട്ടയാളുടെ ഒത്താശയോടെയുമാണ് ഈ കച്ചവടം നടന്നത്.

മറ്റൊരു കാര്യം പോർട്ട് ട്രസ്റ്റ് യൂസഫലിയുമായുണ്ടാക്കിയ പാട്ടക്കരാർ പ്രകാരം പണത്തിനായി പാട്ടഭൂമി യൂസഫലിക്ക് ബാങ്കിൽ പണയം വയ്ക്കാം. തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ബാങ്കിന് സ്ഥലം ഏറ്റെടുക്കാം. അതോടെ പോർട്ട് ട്രസ്റ്റിന് അതിന്മേലുള്ള അവകാശം നഷ്ടപ്പെടാം.

ഇടത്-വലത്--മാദ്ധ്യമ മാഫിയ ഇതിനു മുമ്പ് കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം കൂട്ടുകച്ചവടങ്ങൾ നടത്തുകയും അതിനെ എതിർത്തവരെ ജനങ്ങളെക്കൊണ്ട് കൂവിഓടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് ഇതൊക്കെ പൊതു സമൂഹത്തിന്റെ പേരിൽ ചിലരുടെ മാത്രം കീശ വീർപ്പിക്കാനുള്ള സമ്പ്രദായമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ കോട്ടയത്തിന്റെ അഭിമാനമായിരുന്ന കുമരകത്തിന് സംഭവിച്ചതും വാഗമണിനു സംഭവിച്ചുകൊണ്ടിരിക്കുന്നതും എന്തെന്നു മാത്രം പരിശോധിക്കുക. കോട്ടയത്തുകാർക്ക് കുമരകം ടൂറിസ്റ്റ് കോപ്ലക്‌സ് മാത്രമായിരുന്നു ആകെയുള്ള വിനോദ സഞ്ചാര കേന്ദ്രം. ബേക്കർ സായിപ്പിന്റെ പഴയ ബംഗ്ലാവ്, പക്ഷിസങ്കേതം, കായൽ ഭംഗി ആസ്വദിക്കാൻ പറ്റിയ തീരം... പതിനഞ്ച് വർഷം മുമ്പ് അതിന്റെ ചങ്കും കരളും ഹൃദയവുമൊക്കെ സ്വന്തമാക്കാൻ ടാറ്റാ എന്ന വമ്പൻ എത്തിയപ്പോൾ നാട്ടുകാരും വികസനം സ്വപ്നം കണ്ടു.

ഫലമോ? അവിടെ ഇപ്പോൾ താജ് വിവാൻഡ എന്ന വൻകിട ഹോട്ടൽ. സർക്കാരിന് പങ്കാളിത്തം. ബേക്കർ സായിപ്പിന്റെ കൊട്ടാരം അവർക്കു സ്വന്തം. പക്ഷിസങ്കേതത്തിന്റെ കണ്ണായ ഭാഗങ്ങൾ അവരുടെ കയ്യിൽ. കായൽ തീരങ്ങൾ അവർ കൊട്ടിയടച്ചു. കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്കു മുന്നിൽ വലിയൊരു മതിൽ. എത്തിനോക്കാൻ ശ്രമിച്ചാൽ കാവൽക്കാർ ഓടിച്ച് തല്ലിയെന്നു വരും. അകത്തേക്കു നോക്കാൻ പോലും ഭയം തോന്നും, ആകെയൊരു ദുരൂഹത. നമുക്ക് അയിത്തമുള്ള സ്ഥലം എന്ന അപകർഷതാബോധം നമുക്കുണ്ടാകും. വമ്പന്മാർക്ക് മാത്രമേ അവിടെ പ്രവേശിക്കാനാകൂ. സായിപ്പുമാർക്കും വടക്കേ ഇന്ത്യൻ പണച്ചാക്കുകൾക്കും തീന്മുട്ട് തീർക്കാം. നാട്ടിലെ അപൂർവം ചില പ്രമാണിമാർക്കും താരസൂപ്പർസ്റ്റാറുകൾക്കും രഹസ്യമായി താവളമടിക്കാം. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ആർക്കും അതിനകത്ത് കയറാനാകില്ല.

ഇപ്പോൾ നാട്ടുകാർ ഞങ്ങൾ കുമരകത്തു വന്നാൽ കവണാറിന്റെ ഓരം ചേർന്ന് ഒതുങ്ങി നടന്നു പോയാൽ കായലിന്റെ ഒരു മൂലകാണാം. പതിനായിരങ്ങൾ കൊടുത്താൽ ഹൗസ്‌ബോട്ടിൽ ഒരു കറക്കം, തീർന്നു കുമരകം.

താജ് വിവാൻഡയിൽനിന്നുള്ള ലാഭമൊക്കെ താജ് ഗ്രൂപ്പുകാർ വാരിപ്പെറുക്കിക്കൊണ്ട് പോകുന്നു. ഓഹരി പങ്കാളിത്തം പറഞ്ഞു മേനി നടിച്ച സർക്കാരിനു നാളിതുവരെ അഞ്ചു പൈസ കൊടുത്തിട്ടില്ല അവർ. പത്തോ ഇരുപതോ കുമരകത്തുകാർക്ക് അവിടെ താൽക്കാലിക ജോലി കിട്ടിയതൊഴിച്ചാൽ നാടിനു യാതൊരു ഗുണവും ലഭിച്ചിട്ടില്ല. അവിടുത്തെ മാലിന്യം മിച്ചം.

ഇനിയുള്ളതു വാഗമൺ. ഏറ്റവും വലിയ ആകർഷണം അവിടുത്തെ മൊട്ടക്കുന്നുകൾ. അതെന്നാണ് ഏതെങ്കിലും വമ്പൻ വന്നു സ്വന്തമാക്കുന്നതെന്നറിയില്ല. അതോടെ ആ വിനോദവും തീർന്നു. ഇപ്പോൾ പ്രവേശനത്തിന് അഞ്ച് രൂപ കൊടുക്കേണ്ടിടത്ത് അഞ്ഞൂറ് രൂപ വേണ്ടി വരും. നാടിന് ഏതെങ്കിലും തരത്തിൽ വികസനം ഉണ്ടാകുമോ?

വിനോദകേന്ദ്രങ്ങളുടെ കാര്യം മറക്കാം. സർക്കാർ ഭൂമി എന്നുവച്ചാൽ നമ്മൾ പൊതുജനങ്ങളുടെ ഭൂമി ഓരോന്നായി സ്വാധീനമുള്ള വമ്പന്മാർ നിയമവിരുദ്ധമായി കൈയടക്കി കച്ചവടം നടത്തി ലാഭം കൊയ്തു സ്വന്തം പോക്കറ്റിലിട്ട് കൊണ്ടുപോയാൽ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും? ആയിരം ഏക്കറിലേറെ സർക്കാർ ഭൂമിയാണ് സംസ്ഥാനത്ത് വ്യവസായ വികസനത്തിനെനെ്ന പേരിൽ ചില സ്വകാര്യ സംരംഭകർ തീറെഴുതിയെടുത്തിരിക്കുന്നത്. അവയൊക്കെ അവരുടെ മാത്രം പോക്കറ്റ് നിറയ്ക്കാനുള്ളതല്ലാതെ നമ്മൾ നാട്ടുകാർക്കു യാതൊരു വികസനവും ഉണ്ടാക്കില്ലെന്നു സസൂക്ഷ്മം പഠിച്ചാൽ മനസിലാകും. പൊതുസ്വത്ത് വൻകിടക്കാർക്ക് എത്തിച്ചുകൊടുക്കാൻ വിലയൊരു മാഫിയയും ഇവിടുണ്ട്. നമ്മുടെ ചില നേതാക്കളാണ് മാഫിയയ്ക്കു നേതൃത്വം കൊടുക്കുന്നത്. അവരിൽ പലരും പതിവായി വിദേശത്ത് പോകുന്നത് ഈ വൻകിടക്കാരുടെ ചെലവിലാണ്.

ഈ മാഫിയയെ നാം പ്രോത്സാഹിപ്പിക്കാൻ പാടില്ല. നമ്മൾ പൊതുജനങ്ങളുടെ സ്വത്താണ് അവർ തട്ടിയെടുത്ത്# ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് ജനവും നമ്മുടെ നാടും എന്തെങ്കിലും നേടുന്നുണ്ടോ എന്നു നോക്കണം. അറുപതിനായിരത്തോളം ഏക്കർ സർക്കാർ ഭുമി കൈവശം വച്ചനുഭവിക്കുന്ന ഹാരിസണെപ്പോലുള്ളവർ എതിർക്കപ്പെടേണ്ടവർതന്നെ. മറുനാടൻ മലയാളി അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ചരിത്രപരമായ ഒരു വലിയ ചുമതലയാണ് ഞങ്ങൾ ഏറ്റെടുക്കുന്നത്. അതിന്റെ തുടക്കം വിഗ്രഹങ്ങളെ തകർത്തു തന്നെ വേണമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഇടത്-വലത്--മാദ്ധ്യമ കൂട്ടായ്മയുടെ തണലിൽ തഴച്ചു വളരുന്ന മാഫിയകൾക്കെതിരെ ആയിരിക്കും ഞങ്ങളുടെ ആദ്യ പോരാട്ടം. അതിന്റെ ചെറിയ ചലനം കണ്ട് തുടങ്ങുന്നുണ്ട്. ഇതിനിടയിൽ ഇടപ്പള്ളി മേൽപാല നിർമ്മാണം ഡിഎംആർസിക്കുതന്നെ നൽകാനുള്ള സർക്കാരിന്റെ കഴിഞ്ഞ ദിവസത്തെ തീരുമാനം മറുനാടൻ മലയാളിയുടെ ഇംപാക്ട് എന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരമായി വീക്ഷിക്കുന്ന ഒരു മാദ്ധ്യമം എന്ന നിലയിൽ ചെറിയ തോതിൽ എങ്കിലും ഇതു സ്വാധീനിച്ചിട്ടുണ്ടാകും എന്നാണ് ഞങ്ങൾ കരുതുന്നത്. ഈ വലിയ മാഫിയകൾക്കെതിരായുള്ള ഞങ്ങളുടെ പോരാട്ടത്തിന് പ്രിയ വായനക്കാരെ നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമുണ്ട്. അത് മാത്രമാണ് ഞങ്ങൾ നിങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നത്. ജാതിയോ രാഷ്ട്രീയമോ മാനദണ്ഡമാക്കി ആർക്കെങ്കിലും എതിരെ മനപൂർവം കെണിയൊരുക്കുന്നവരുടെ കൂട്ടത്തിലല്ല ഞങ്ങൾ. പൂർണ്ണമായും സത്യസന്ധവും നിഷ്പക്ഷവുമായ നവ മാദ്ധ്യമ സങ്കൽപമാണ് ഞങ്ങൾ കെട്ടിപ്പടുക്കുന്നത്. ഞങ്ങളുടെ ഒപ്പം നിൽക്കുക.