- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതാതീത ആത്മീയത പഠിപ്പിച്ച ഗുരുദേവനെ വർഗീയ കൂടാരത്തിൽ തളക്കുന്നതിനേക്കാൾ വലിയ പാതകമാണോ പ്രതീകാത്മകമായ ഒരു ഫ്ളോട്ട് നിർമ്മാണം? കുരിശിൽ തറയ്ക്കപ്പെടുന്നത് അത്രമേൽ അപമാനിക്കപ്പെടേണ്ട കാര്യമാണോ? മനോരമയും കൗമുദിയും അറിയാൻ സ്നേഹപൂർവ്വം ചില കാര്യങ്ങൾ
സ്വാതന്ത്ര്യത്തിന് മുൻപേ സജീവമായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ നീങ്ങുകയാണ്. കാൽനൂറ്റാണ്ടിൽ അധികം ഭരണം നടത്തിയ ബംഗ്ലാളിൽ പാർട്ടി ഇപ്പോൾ മൂന്നാമതോ നാലാമതോ ആയി പിന്തള്ളപ്പെട്ടിരിക്കുന്നു. ഒരുവേള യുഡിഎഫ് അടുത്തവേള എൽഡിഎഫ് എന്ന രീതിയിൽ ഭരിച്ചിരുന്ന കേരളത്തിൽ സ്ഥിതി ഇപ്പോൾ സ
സ്വാതന്ത്ര്യത്തിന് മുൻപേ സജീവമായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ നീങ്ങുകയാണ്. കാൽനൂറ്റാണ്ടിൽ അധികം ഭരണം നടത്തിയ ബംഗ്ലാളിൽ പാർട്ടി ഇപ്പോൾ മൂന്നാമതോ നാലാമതോ ആയി പിന്തള്ളപ്പെട്ടിരിക്കുന്നു. ഒരുവേള യുഡിഎഫ് അടുത്തവേള എൽഡിഎഫ് എന്ന രീതിയിൽ ഭരിച്ചിരുന്ന കേരളത്തിൽ സ്ഥിതി ഇപ്പോൾ സിപിഎമ്മിന് ഒട്ടും അനുകൂലമല്ല എന്നാണ് സൂചന. സിപിഐ(എം) നേതൃത്വത്തിന്റെ ധാർഷ്ഠ്യം, ജനങ്ങളിൽ നിന്നും അകന്നു പോയ പ്രാദേശിക നേതൃത്വം, ടിപി എന്ന സമുന്നതനായ വിമത നേതാവിന്റെ കൊലപാതകം, വി എസ് അച്യുതാനന്ദൻ ഉയർത്തുന്ന വിമത ശബ്ദം, അനാവശ്യമായ ന്യൂനപക്ഷ പ്രീണനം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഇതിനു കാരണമായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വളരെ പ്രത്യക്ഷത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് രണ്ട് കാര്യങ്ങൾ ആണ്. കേന്ദ്രത്തിൽ ശ്രദ്ധേയമായ ഭരണം കാഴ്‌ച്ച വയ്ക്കുന്ന നരേന്ദ്ര മോദിയുടെ സ്വാധീനവും മോദി നയിക്കുന്ന ബിജെപിയോടുള്ള താൽപ്പര്യവും ആണ് ആദ്യത്തേത്. യുഡിഎഫ് സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ഇടതുപക്ഷത്തിന്റെ മൗനവുമാണ് രണ്ടാമത്തേത്.
കേരളത്തിലെ കോൺഗ്രസ്സ് നയിക്കുന്ന മുന്നണി ക്രിസ്റ്റ്യൻ - മുസ്ലിം ന്യൂനപക്ഷങ്ങളോട് കാട്ടുന്ന അമിതമായ വിധേയത്വം ഇവിടുത്തെ ഹിന്ദു ഭൂരിപക്ഷത്തിൽ ഉണ്ടാക്കിയ ആശങ്ക വെറുതെ തള്ളിക്കളയേണ്ട ഒന്നല്ല. യുഡിഎഫ് നേതൃത്വം സമുദായ നേതാക്കളുടെ കാൽക്കൽ അടിയറവ് വച്ച് കഴിയുമ്പോൾ അൽപ്പമെങ്കിലും പ്രതീക്ഷയോടെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ നോക്കിയിരുന്നത് ഇടത് പക്ഷത്തേക്കായിരുന്നു. നിർഭാഗ്യവാശാൽ ന്യൂനപക്ഷ പ്രീണനം എന്ന നയത്തിൽ നിന്നും മാറി ചിന്തിക്കാൻ പലപ്പോഴും സിപിഎമ്മിന് കഴിഞ്ഞില്ല. യുഡിഎഫ് ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾ അമിതമായി അവകാശങ്ങൾ പിടിച്ചുവാങ്ങുന്നു എന്ന തോന്നൽ അഞ്ചാം മന്ത്രി വിവാദം മുതൽ വിദ്യാഭ്യാസ വകുപ്പിലെ അഴിച്ചു പണികൾ വരെയുള്ള വിവാദങ്ങളിൽ കൂടി സാധാരണക്കാരായ ഹിന്ദുക്കൾക്ക് പോലും തോന്നി. ഇതിനെ ഫലപ്രദമായി ചെറുക്കാൻ സിപിഎമ്മിന് കഴിയാതെ വന്നപ്പോൾ സ്വാഭാവികമായും ബിജെപിക്ക് അനുകൂലമായ ഒരു സാഹചര്യം രൂപപ്പെട്ട് വന്നു.
കേരളത്തിൽ ബിജെപി വളരുന്നത് അപകടകരമാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞങ്ങൾ. മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളെ പോലെ ബിജെപിക്കും ഇവിടെ വേരുപിടിപ്പിക്കാനുള്ള അവകാശം ഉണ്ട്. മോദി അധികാരത്തിൽ വന്നാൽ ഇവിടുത്തെ ന്യൂനപക്ഷങ്ങൾ എല്ലാം അറബി കടലിൽ ചാടി മരിക്കേണ്ടി വരുമെന്ന് പ്രചരിപ്പിച്ചിട്ട് ഇതുവരെ എന്തെങ്കിലും സംഭവിച്ചോ? ചില നേതാക്കളുടെ ഒറ്റപ്പെട്ട പ്രസ്താവനകൾ ഒഴിച്ചാൽ അത്തരത്തിലുള്ള സൂചനകൾ പോലും എങ്ങുമില്ല എന്ന് മറക്കരുത്. അഴിമതിയിൽ ആറാടി നിന്ന രാജ്യത്തിന് ഒരു പ്രത്യേക ദിശാബോധം നൽകാൻ മോദി സർക്കാരിന് ഇതുവരെ കഴിഞ്ഞു എന്നു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. എന്നാൽ അതൊന്നും ബിജെപി ദുർബലമായ കേരളത്തിൽ പാർട്ടി വളർത്താൻ ഇവിടുത്തെ നേതൃത്വം എടുക്കുന്ന വാർഗ്ഗീയത നിറഞ്ഞ നിലപാടിന് ന്യായീകരണമാകുന്നില്ല എന്ന് പറയട്ടെ.
ഈ അദ്ധ്യായത്തിലെ ഏറ്റവും ഭീതിതവും ആശങ്ക ജനകവുമായ അദ്ധ്യായമാണ് ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ചു കൊണ്ടുള്ള ഫ്‌ലോട്ട് ഓണാഘോഷത്തിന് അവതരിപ്പിച്ച സിപിഐ(എം) നേതൃത്വത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും പ്രചാരണങ്ങളും. വിഎച്ച്പിയുമായി പല തവണ ചർച്ച നടത്തുകയും അപ്പനും മകനും സ്ഥാനങ്ങൾ ചോദിക്കുകയും ചെയ്യുന്ന എസ്എൻഡിപി നേതൃത്വം ഇക്കാര്യത്തിൽ കാട്ടിയ ധൃതിയിൽ യാതൊരു അത്ഭുതവുമില്ല. സംഘപരിവാറിനോട് അടുത്തു കൊണ്ടുള്ള എസ്എൻഡിപി നേതൃത്വത്തിന്റെ സമീപനത്തിനെതിരെ ശക്തമായ പ്രതികരണങ്ങൾ നടത്തുന്ന സിപിഎമ്മിനെ കൂട്ടിൽ കയറ്റാൻ കാത്തിരിക്കുന്ന വെള്ളാപ്പള്ളിക്കും മകനും ഇതൊരു വലിയ ആയുധമായിരുന്നു. അതുകൊണ്ട് അവരത് നന്നായി പ്രയോഗിച്ചു.[BLURB#1-H]
ഓണാഘോഷം നടന്ന ദിവസം തന്നെ വിവാദ ചിത്രം വെളിയിൽ വന്നെങ്കിലും അതിനെ അർത്ഥഗർഭമായ ഒരു കലാവിഷ്‌കാരമായേ ആളുകൾ കരുതുകയുള്ളൂ. പിറ്റേദിവസം ഇറങ്ങിയ മലയാള മനോരമയാണ് ഗുരുദേവനെ അവഹേളിച്ചു എന്ന രീതിയിൽ ഇതു വലിയ വാർത്തയാക്കിയതും ഈഴവവികാരം കത്തി ജ്വലിപ്പിക്കാൻ ഇടം ഒരുക്കിയതും. ഈഴവ രാഷ്ട്രീയത്തോട് ഏറെ താൽപ്പര്യമുള്ള കേരള കൗമുദിയിയും ഇതൊരു സമുദായ വിഷയമായി മാറ്റിയപ്പോൾ പെട്ടന്ന് തന്നെ കേരളത്തിലെ ഈഴവർ ഒറ്റക്കെട്ടായി എസ്എൻഡിപി നേതൃത്വത്തിന് ഒപ്പം നിൽക്കുകയായിരുന്നു. അത്ര വികാരപരമായാണ് വെള്ളാപ്പള്ളിയും മകനും ഇതിനോട് പ്രതികരിച്ചത്. പിണറായി വിജയൻ പ്രസംഗിക്കുന്നിടത്ത് ഇടിച്ചു കയറിയും മറ്റും അവരത് വിജയകരമാക്കി. മഹാഭൂരിപക്ഷം വരുന്ന ഈഴവർക്കും എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഗുരുദേവനെ അവഹേളിക്കാനായി സിപിഐ(എം) നേതൃത്വം കുരിശിൽ തറച്ചു എന്നാണ് അവർ വിശ്വസിക്കുന്നത്. ഒട്ടും വർഗീയതയ്ക്ക് വശപ്പെടാത്ത പല എഴുത്തുകാരും ഈ വിഷയം വികാരപരമായി സമീപിക്കുന്നതു കാണുമ്പോൾ മനസിലാക്കുന്നത് ഒരു നിസാര പ്രശ്‌നത്തെ വർഗീയവത്കരിക്കാനുള്ള അജണ്ട അതിന്റെ പൂർണ അർത്ഥത്തിൽ വിജയിച്ചു എന്നു തന്നെയാണ്.
ലോക നീതിന്യായ വ്യവസ്ഥയിലെ അടിസ്ഥാന നിയമം ആണ് മെൻസിറായ എന്നത്. എന്നു വച്ചാൽ ഒരാൾ ഒരു പ്രവർത്തി ചെയ്താൽ അത് കുറ്റമാകുന്നത് ദുരുദ്ദേശത്തോടെ ചെയ്തു എന്ന് തെളിയുമ്പോൾ ആണ് എന്നതാണ് ഇത്. ശ്രീനാരായണ ഗുരുവിനെ അധിഷേപിക്കുക എന്ന ഉദ്ദേശം ഒരു കാരണവശാലും ഇത് അവതരിപ്പിച്ചവർക്ക് ഇല്ലായിരുന്നു എന്ന് വ്യക്തമാണ്. ഈ നീതിബോധം ഒന്നും സിപിഎമ്മിനെ വിചാരണ ചെയ്യുന്നവർക്കില്ല എന്നതാണ് കഷ്ടം. സിപിഐ(എം) ഗുരുദേവനെ അവഹേളിച്ചു എന്നു അവർ ഒരുമിച്ച് ഓരിയിടുകയാണ്. അതേറ്റ് പാടാൻ പാവപ്പെട്ട കുറെ അനുയായികളും രംഗത്തുണ്ട് എന്നതാണ് ഏറെ വേദനാജനകം. സമുദായ സംഘടനകളിലൂടെ മാത്രം മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് ഒരു എൻട്രി പ്രതീക്ഷിച്ചിരുന്ന ബിജെപി നല്ല നിയലിൽ കാര്യങ്ങൾ മുതലെടുക്കുകയാണ്. ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറയ്ക്കുന്ന ചിത്രം എടുത്തു എല്ലാ ഈഴവ വീടുകളിലും എത്തിച്ച് ധാർമിക രോഷം വ്യക്തമാക്കാനാണ് ബിജെപി നേതൃത്വം ഏറ്റവും ഒടുവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
[BLURB#2-VL]എന്നാൽ എന്താണ് കണ്ണൂരിലെ സിപിഎമ്മുകാർ ചെയ്ത തെറ്റ്? ശ്രീനാരായണ ഗുരുദേവനെ സംഘപരിവാർ സ്വന്തമാക്കുന്നു എന്ന അർത്ഥം വരുന്ന ഒരു നിശ്ചല ഛായചിത്രം അവതരിപ്പിച്ചു. പാർട്ടിയുടെ ജില്ലാ നേതൃത്വം പോലും അറിയാതെ കലാപരമായി ഒരു ബ്രാഞ്ച് കമ്മറ്റി അവതരിപ്പിച്ച നിർദോഷമായ ഫ്‌ലോട്ടായിരുന്നു അത്. ഇത്തരം ഫ്‌ലോട്ടുകൾ പണ്ടും സിപിഐ(എം) അവരുടെ സാംസ്‌കാരിക പരിപാടികളിൽ അവതരിപ്പിക്കാറുണ്ട്. ശ്രീനാരയണ ഗുരുവും യേശു ക്രിസ്തുവും ഇക്കാര്യത്തിൽ അവരുടെ സ്ഥിരം കഥാപാത്രങ്ങൾ ആണ്. ആ നിശ്ചല ചിത്രത്തിൽ എന്താണ് ഒരു പിശകുള്ളത്? നീതിമാനായ ഗുരുദേവനെ കുരിശിൽ തറച്ചു സംഘപരിവാർ സായൂജ്യം അടയുന്ന കാര്യം ഇതിലും ഭംഗിയായി എങ്ങനെയാണ് അവതരിപ്പിക്കാൻ കഴിയുന്നത്? മതാതീത ആത്മീയതയ്ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഗുരുവിനെ ഹിന്ദുമതം അല്ലാതെ ഒന്നും സത്യമല്ല എന്ന വിശ്വസിക്കുന്ന സംഘപരിവാറിന്റെ കൊടിക്ക് കീഴെ കെട്ടിയിടാൻ എസ്എൻഡിപി നേതൃത്വം നടത്തുന്ന ഇടപെടലിനെതിരെ ഇതിലും ശക്തമായി എങ്ങനെ പ്രതികരിക്കാൻ സാധിക്കും. ഇത്തരം അർത്ഥസമ്പുഷ്ടമായ ഒരു ഫ്‌ലോട്ട് വിഭാവനം ചെയ്ത കലാകാരനെ ആദരിക്കുന്നതിന് പകരം സിപിഎമ്മിനു അവസാന ആണ് ആയി മാറ്റാൻ ആണ് ചിലർ ശ്രമിക്കുന്നത്. പിണറായി വിജയൻ മാത്രമാണ് ചെറുതായെങ്കിലും ആ സത്യം വിളിച്ചു പറഞ്ഞത്. സമുദായ നേതാക്കളുടെ ഹാലിളകലിൽ പേടിച്ചു മാപ്പു പറഞ്ഞു തടി ഊരാൻ ശ്രമിക്കുന്ന സിപിഎമ്മിനെയാണ് പിന്നീട് കണ്ടത്.
ഗുരുദേവനെ വെറും ഒരു ബിംബം ആക്കി മാറ്റി അതിന് ചുറ്റിനും സ്വജനപക്ഷപാതവും താൻപോരിമയും സാധിച്ചെടുക്കാൻ പറ്റുന്ന തരത്തിൽ ശക്തമായ ഒരു സമുദായം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളിയും കൂട്ടരും നടത്തുന്നത്രയും രൂക്ഷമായ ഗുരുനിന്ദ ആരാണ് നടത്തുന്നത്? എസ്എൻഡിപി എന്ന സംഘടനയ്ക്ക് ശക്തി പകരാൻ വെള്ളാപ്പള്ളിയുടെ ഇടപെടലിനു സാധിച്ചിട്ടുണ്ട് എന്നു സമ്മതിക്കുമ്പോഴും രാഷ്ട്രീയ ബോധമുള്ള ഒരു സമൂഹത്തെ വർഗീയതയുടെയും വംശീയതയിലേക്കും നയിച്ചത് എങ്ങനെ അംഗീകരിക്കപ്പെടാൻ സാധിക്കും? ഗുരുദേവന്റെ ഏതെങ്കിലും പാഠങ്ങൾ വെള്ളാപ്പള്ളിയും മകനും വായിച്ചിട്ടുണ്ടോ എന്നറിയില്ല. ദൈവദശകം എന്ന മഹാകാവ്യം മനസിരുത്തി ഒന്നു വായിച്ചാൽ മാത്രം മതി ഗുരുദേവന്റെ മഹത്വം തിരിച്ചറിയാൻ. മതാതീയമായ ആത്മീയതയെ കുറിച്ച് മാത്രം ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഗുരുദേവനെ അനുനിമിഷം ആക്ഷേപിക്കുകയാണ് ഈ അപ്പനും മകനും. എസ്എൻഡിപിയിൽ അംഗത്വം ഈഴവർക്ക് മാത്രമാണ് എന്ന് ഈയിടെ തുഷാർ പ്രഖ്യാപിച്ചിരുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ ഗുരുദേവനെയാണ് വർഗ്ഗീയ ഫാസിസത്തിന്റെ വണ്ടിയിൽ കെട്ടാൻ ഇവർ ശ്രമിക്കുന്നത്.
ഇനി മറ്റൊരു കാര്യം ചോദിക്കട്ടെ. ക്രൂശിൽ തറയ്ക്കപ്പെടുന്നു എന്ന് പറയുന്നത് എങ്ങനെയാണ് ഇത്രമേൽ അപമാനിക്കപ്പെടുന്ന സംഗതിയാകുന്നത്. കുരിശ് എന്നത് ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ ആദരവോടെയും സ്‌നേഹത്തോടെയും കാണുന്ന ഒരു മത ചിഹ്നമാണ്. അനേകം പേരാണ് കുരിശ് നെഞ്ചിൽ തൂക്കി നടക്കുന്നത്. യേശു ക്രിസ്തുവിനെ വധിക്കുന്നത് വരെ കുരിശ് മോശം പ്രതീകമായിരുന്നു. യേശുവിന്റെ മരണത്തോടെ കുരിശ് പ്രതീക്ഷയുടെ പ്രതീകമായി മാറി. കുരിശിൽ തറയ്ക്കുക എന്നതിനർത്ഥം നീതിമാനായ ഒരാളെ അനാവശ്യമായി ക്രൂശിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ക്രൂശിൽ തറയ്ക്കപ്പെടുന്നവർ യേശുവിനോടൊപ്പം ഉയർത്തപ്പെടുകയാണ്. ഈ അർത്ഥത്തിൽ ഗുരുദേവനെ കുരിശിൽ തറച്ചു എന്നു സൂചിപ്പിക്കുന്നതു ലോകം ആദരിക്കുന്ന ഏറ്റവും വലിയ ആത്മീയ നേതാവായ യേശുക്രിസ്തുവിനൊപ്പം ഗുരുദേവനെ ഉയർത്തി കാട്ടുകയാണ് ചെയ്യുന്നത്. കാർക്കിച്ചു തുപ്പി അല്ലെങ്കിൽ കഴുത്തു വെട്ടി എന്നൊക്കെ പറയുന്നതുപോലെ അവഹേളിക്കപ്പെടുന്ന ഒരു പ്രവർത്തിയല്ല കുരിശിൽ തറയ്ക്കുക എന്നത്. ഈ സത്യം മറന്നാണ് കുരിശ് ഒരു മ്ലേച്ഛ വസ്തു ആണ് എന്ന രീതിയിൽ വിമർശം ഉയർത്തപ്പെടുന്നത്.
ഈ വിവാദത്തിന്റെ അത്യന്തികമായ ലക്ഷ്യം സിപിഎമ്മിനെ ഇല്ലാതാക്കുക എന്ന പലരുടെയും അജണ്ട മാത്രമാണ്. സിപിഎമ്മിനെ കാലപുരിക്കയയ്ക്കാൻ അരനൂറ്റാണ്ട് മുൻപ് മനോരമ എടുത്ത ശപഥം ഉണ്ട്. അതിന്റെ ഭാഗമായാണ് തികച്ചും നിർദ്ദോഷകരമായ ഒരു ഫ്‌ലോട്ട് ഇത്രയും വലിയ വിവാദമായി കത്തി പടർത്തുന്നത്. സിപിഎമ്മിനോടുള്ള വിരോധം തീർക്കാൻ സമുദായിക വികാരം ഉണർത്തിയ മനോരമ തന്നെയാണ് ഈ വിഷയത്തിലെ ഒന്നാം പ്രതി. യാതൊരു ആലോചനയുമില്ലാതെ മനോരമയ്ക്ക് ഓശാന പാടിയ കേരള കൗമുദി ചെയ്തതും ഗുരുതരമായ തെറ്റാണ്. അധ:കൃത സമൂഹത്തിന്റെ ശബ്ദമായി നിന്ന് കേരളീയ സമൂഹത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന ചെയ്ത കേരള കൗമുദിയുടെ ഈ ചാഞ്ചാട്ടം ഏറെ വേദനിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്.[BLURB#3-H]
അന്ധമായ സിപിഐ(എം) വിരോധം മൂലം ഇറങ്ങിപ്പുറപ്പെട്ടവർ അറിയേണ്ടത് സിപിഐ(എം) ഇല്ലാത്ത ഒരു കേരളം നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അനായാസമായിരിക്കില്ല എന്നതാണ്. ഇന്നു നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയത ആണെന്നിരിക്കെ വർഗീയതയ്‌ക്കെതിരെ അൽപ്പമെങ്കിലും ശബ്ദം ഉയർത്താൻ പറ്റുന്ന ഒരു സംഘടന ഇല്ലാതാവുന്നത് എങ്ങനെയാണ് നല്ലതാവുമെന്നത് എന്ന തത്വമാണ് ഞങ്ങൾക്ക് മനസിലാകാത്തത്? താൽക്കാലിക നേട്ടത്തിന് വേണ്ടി ഇത്തരം വിഷവിത്തുകൾ വിതയ്ക്കുന്നവർ അറിയേണ്ടത് സിപിഎമ്മിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം നിങ്ങൾ കുറുക്കു വഴിയിലൂടെ നേടിയാലും ഈ സമൂഹത്തോടും അതിന്റെ ചരിത്രത്തോടും നിങ്ങൾ ചെയ്ത ദ്രോഹം കാലം മറക്കുകയില്ല എന്നതാണ്. കേരളീയ സമൂഹത്തിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള സിപിഎമ്മിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നവർക്ക് തങ്ങൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം മനസിലാകണമെങ്കിൽ അവരുടെ പ്രവർത്തി പൂർത്തിയാവുക തന്നെ വേണം. അത്തരം ഒരു ദുരന്തം കേരളത്തിനു ഉണ്ടാവുകയില്ല എന്നാണ് ഞങ്ങൾ ഇപ്പോഴും കഠിനമായി വിശ്വസിക്കുന്നതും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതും.