- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള പഠനം നടത്താൻ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓൺലൈൻ കൗൺസിലിങിന് സ്ഥിരം സംവിധാനം; വിദ്യാർത്ഥികൾക്ക് 2 ലക്ഷം ലാപ്ടോപ്പുകൾ വായ്പയിലൂടെ വാങ്ങാം; ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പത്ത് കോടിയും; കോവിഡിൽ വിദ്യാഭ്യാസത്തിനും കരുതൽ
തിരുവനന്തപുരം: കോവിഡ് കാലത്തെ വിദ്യാഭ്യാസത്തിനും കെ എൻ ബാലഗോപാലിന്റെ ബജറ്റിൽ കരുതൽ. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താൻ ബജറ്റിൽ 10 കോടി വകയിരുത്തി. വിദ്യാർത്ഥികൾക്ക് 2 ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ലാപ്ടോപ്പും മൊബൈലും ഇല്ലാത്തതു കൊണ്ട് പല കുട്ടികൾക്കും പഠനം അസാധ്യമാകുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഇതിനുള്ള പരിഹാരമാണ് ഈ പ്രഖ്യാപനം. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളോടൊപ്പം അതത്ത് വിദ്യാലയങ്ങളിലെ അദ്ധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ സംവിധാനം സൃഷ്ടിക്കും. ഇതിനായി പത്തുകോടി രൂപ അനുവദിക്കും.
കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓൺലൈൻ കൗൺസിലിങിന് സ്ഥിരം സംവിധാനം, സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി, ബജറ്റിൽ വിദ്യാഭ്യാസ മേഖലയെ പരിഗണിച്ചത് വലിയ തോതിലാണ്. അദ്ധ്യാപകരും സഹപാഠികളും ചേർന്ന ആനന്ദകരമായ സ്കൂൾ അന്തരീക്ഷത്തിൽനിന്ന് വീട്ടിലെ നാലുചുമരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെട്ട കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ കർമ്മപരിപാടികൾ നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് സംസ്ഥാന ബജറ്റ് വ്യക്തമാക്കുന്നു. ഈ വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.
കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർധിപ്പിക്കുന്നതിനായി യോഗ, മറ്റ് വ്യായാമ മുറകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫിസിക്കൽ എജ്യുക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി അവരുടെ സൃഷ്ടികൾ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കുട്ടികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ്ങിനു സംവിധാനം ഉണ്ടാക്കും.
കോവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. ഉന്നതവിദ്യാഭ്യാസ സംവിധാനത്തെ പരിശോധിച്ച് പുനഃസംഘാടനത്തിന് പ്രായോഗിക നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് മൂന്നുമാസത്തിനകം സമർപ്പിക്കാൻ ഉന്നതാധികാരമുള്ള കമ്മിഷനെ നിയോഗിക്കാനുള്ള നടപടികൾ സ്വീകരിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ അടിസ്ഥാന വികസനത്തിനായി 10 കോടിയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
കോവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിങ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കും. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കും.
മറുനാടന് മലയാളി ബ്യൂറോ