സൗദിയിലെ സ്‌കൂളുകൾക്ക് ഇനി പുതിയ പുതിയ തൊഴിൽ വിസകൾ അനുവദിക്കേണ്ടെന്ന് മന്ത്ര്‌ലായം. വിദ്യാഭ്യാസ മേഖലയിലെ പ്രധാന തസ്തികകൾക്കൂടി സൗദി വത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്താനും മന്ത്രാലയം നിർദ്ദേശം നൽകി.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപന, അനാധ്യാപന ജോലികൾ സ്വദേശിവത്കരിക്കാൻ മന്ത്രാലയം നേരത്തെ തന്നെ ആലോചിച്ചിരുന്നു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തസ്തികകൾ നിലവിൽ സൗദിവൽക്കരിക്കപ്പെട്ടതാണ്. ഇതിന് പുറമെയാണ് പ്രധാനപ്പെട്ട ചില തസ്തികകൾകൂടി സ്വദേശിവൽക്കരിക്കാനൊരുങ്ങുന്നത്. വിദ്യാർത്ഥികളുടെ സൂപ്പർവൈസിങ്, അഡ്‌മിനിസ്‌ട്രേറ്റീവ് തുടങ്ങിയ ജോലികളിൽ സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിർദ്ദേശം. വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അൽ ഈസാ പ്രത്യേക സർക്കുലർ വഴിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഈ അധ്യായന വർഷത്തിന്റെ ആദ്യപാദത്തിൽ പൂർത്തിയാക്കാനും നിർദേശമുണ്ട്.

സ്റ്റുഡൻസ് കൗൺസിലർ, ആക്ടിവിറ്റി കോർഡിനേറ്റർ എന്നീ തസ്തികകളും സ്വദേശിവത്ക്കരണത്തിൽ ഉൾപ്പെടും. വിദ്യാർത്ഥികൾക്കിടയിൽ ദേശീയതാബോധം ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസ മൂല്യം ഉയർത്തികൊണ്ട് വരലുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു. യോഗ്യരായ സ്വദേശികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ പുതിയ വിസകൾ അനുവദിക്കുകയുള്ളൂ. ഇക്കാര്യം അതത് പ്രവശ്യകളുടെ ചുമതലയുള്ള വിദ്യാഭ്യാസ ഡയരക്ടർമാർ ഉറപ്പ് വരുത്തണം. ഇത് പരിശോധിക്കാനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.