ദോഹ: ഖത്തറിൽ വർധിക്കുന്ന ജീവിതചെലവുകൾക്ക് മേൽ ഇരട്ടിഭാരവുമായി വിദ്യാഭ്യാസ ചെലവുകളും ഉയരുന്നതായി റിപ്പോർട്ട്. 2013-നു ശേഷം ഖത്തറിലെ വിദ്യാഭ്യാസ ചെലവുകൾ 11.4 ശതമാനം കൂടി വർധിച്ചുവെന്നാണ് കണക്ക്.

രാജ്യത്തെ മൊത്തത്തിലുള്ള നാണ്യപ്പെരുപ്പത്തിനേക്കാൾ അധികമായാണ് വിദ്യാഭ്യാസ ചെലവുകൾ ഉയരുന്നത്. ഖത്തറിൽ ഒരു കുട്ടിയുടെ വിദ്യാഭാസ ചെലവുകൾ 2012-13 കാലഘട്ടത്തിൽ ശരാശരി 13,026 റിയാൽ ആയിരുന്നത് കഴിഞ്ഞ വർഷം 10,208 ആയാണ് വർധിച്ചിരിക്കുന്നതെന്ന് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ (എസ്ഇസി) വ്യക്തമാക്കി. 2015-16 വർഷത്തേക്ക് സ്‌കൂളുകൾ ഫീസ് ഘടന പ്രസിദ്ധപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കണക്കുകൾ പുറത്തായിരിക്കുന്നത്.

ഖത്തറിൽ സ്‌കൂളുകൾ ട്യൂഷൻ ഫീ വർധിപ്പിക്കണമെങ്കിൽ സുപ്രിം എഡ്യൂക്കേഷൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചേ മതിയാകൂ. വിദ്യാഭ്യാസ ചെലവുകളിൽ അടിക്കടി വന്നുകൊണ്ടിരിക്കുന്ന വർധനയ്ക്ക് തടയിടുന്നതിനായി കൗൺസിൽ ചില നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. ഫീസ് വർധിപ്പിക്കുന്നതിന് സ്‌കൂളുകൾ അനുമതി ആവശ്യപ്പെടുമ്പോൾ എസ്ഇസിയുടെ അഞ്ചു നിർദേശങ്ങൾ പാലിച്ചിരിക്കണമെന്ന് കഴിഞ്ഞ മേയിൽ കൗൺസിൽ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ ഫീസ് വർധിപ്പിക്കണമെന്ന ആവശ്യവുമായി കൗൺസിലിനെ സമീപിച്ച എഴുപതു ശതമാനത്തോളം സ്‌കൂളുകളുടെ ആവശ്യം എസ്ഇസി തള്ളിക്കളഞ്ഞുവെന്ന് വക്താവ് അറിയിച്ചു. ഫീസ് വർധിപ്പിക്കാൻ സ്‌കൂൾ അധികൃതരെ നിർബന്ധിതരാക്കുന്ന ഘടകങ്ങൾ നിരത്തിക്കാണിക്കാൻ പരാജയപ്പെട്ടതാണ് ഇവരുടെ ആവശ്യം തള്ളാൻ ഇടയാക്കിയത്. സ്‌കൂളുകൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയോ നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയോ ചെയ്യാതെ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ.

അടുത്തകാലത്തായി വാടകയിനത്തിൽ വൻ വർധന നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ സ്‌കൂൾ ഫീസ് ഇനത്തിലും ചെലവുകൾ വർധിക്കുന്നത് പ്രവാസികൾ അടക്കമുള്ളവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. വാടക വർധനയും സ്‌കൂൾ ഫീസ് വർധനയും ഖത്തറിലെ ജീവിത ചെലവ് ആകാശം മുട്ടുവോളം ഉയർത്തുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നാണ് പറയപ്പെടുന്നത്.